------------------------------------------------------- സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായി ഒരു കമ്മ്യൂണിസ്റ്റുകാരന്റെ കഥ പറയുന്ന സിനിമയാണ് സഖാവ് . ഈ മലയാള മണ്ണിൽ ചുവപ്പിനും വിപ്ലവത്തിനും സഖാക്കൾക്കും എന്നും ഒരു മാർക്കറ്റുണ്ട്. ഇവിടുത്തെ മറ്റേതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും അവകാശപ്പെടാൻ കഴിയാത്ത ഒന്നാണത് .എങ്കിലും മലയാളത്തിൽ വന്നിട്ടുള്ള ചില രാഷ്ട്രീയ സിനിമകൾ പ്രത്യക്ഷത്തിൽ ഇടതു പക്ഷത്തിൻെറതാണെന്ന് തോന്നുമെങ്കിലും നിലവിലുള്ള ഇടത് രാഷ്ട്രീയത്തെ കരിവാരി തേക്കുന്നവയായിരുന്നു. ഈ സിനിമ കാണിച്ചു തരുന്നത് രണ്ട് സഖാക്കന്മാരുടെ സ്വഭാവത്തിലേയും കാഴ്ചപ്പാടിലെയും വൈരുദ്ധ്യമാണ് .(ആ വൈരുദ്ധ്യം രണ്ട് വ്യക്തികൾ തമ്മിലുള്ളത് മാത്രമായാണ് സിനിമയിൽ കാണിച്ചിട്ടുള്ളത് .അല്ലാതെ മറ്റു പല സിനിമകളിലേയും പോലെ പണ്ടത്തെ കമ്യൂണിസം ബെസ്ററ് കമ്യൂണിസം എന്ന് പറയാൻ വേണ്ടി ഇവിടെ യാതൊരു ശ്രമവും നടത്തുന്നില്ല .) കഥയിലെ നായകൻ കൃഷ്ണകുമാർ എന്ന പുതിയ തലമുറയിൽപ്പെട്ട വെള്ളിമൂങ്ങ കമ്യൂണിസ്റ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയുടെ ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്. യുവജന വിഭാഗം വഴി പാർട്ടി മെമ്പര്ഷിപ്പെടുത്ത് മന്ത്രി സ്ഥാനം വരെ മോഹിക്കുന്ന കക്ഷി ഒരു പ്രത്യേക സാഹചര്യത്തിൽ പാർട്ടിക്ക് വേണ്ടി ജീവിക്കുന്ന സഖാവ് കൃഷ്ണനെക്കുറിച്ച് അറിയാനിടയാകുന്നു. സ : കൃഷ്ണന്റെ ജീവിതവും കൃഷ്ണകുമാറിന് തുടർന്നുണ്ടാകുന്ന മാറ്റങ്ങളുമാണ് സിനിമയിൽ തുടർന്ന് കാണിക്കുന്നത് . # കമ്യൂണിസ്ററ് നേതാക്കന്മാരെ മുഴുവൻ കാണിച്ചുകൊണ്ടുള്ള ടൈറ്റിൽ കാർഡ് ആവേശം ജനിപ്പിക്കുന്നതായിരുന്നു .(ഞങ്ങളുടെ തിയേറ്ററിൽ ഏറ്റവും കയ്യടി കിട്ടിയത് സ: വി എസ് നെ കാണിച്ചപ്പോഴായിരുന്നു.) # സഖാവ് കൃഷ്ണനായും കൃഷ്ണ കുമാറായും നിവിൻ പോളി നല്ല പ്രകടനം കാഴ്ചവെച്ചു. # സിനിമകളിലെ ഡയലോഗുകൾ സമീപകാലത്ത് ഇറങ്ങിയയിട്ടുള്ള എല്ലാ മലയാള സിനിമകളിലേക്കാളിലും മികച്ചതായി തോന്നി. # തീപ്പന്തം ഉപയോഗിച്ചുള്ള സംഘട്ടന രംഗം വളരെ ഗംഭീരമായിരുന്നു # ക്യാമറ,പാട്ടുകൾ,BGM,കോമഡി സീനുകൾ നല്ലതായിരുന്നു ... # സഖാവിന് സമയ ദൈർഖ്യം ഒരൽപം കൂടുതലാണ് # ക്ലൈമാക്സ് വത്യസ്തമായിട്ടുണ്ട് .പക്ഷേ പലരും ക്ലൈമാക്സ് മുഴുവനാകുന്നതിന് മുൻപ് തീർന്നു എന്ന് കരുതി എഴുന്നേറ്റ് പോകുന്നത് കണ്ടു .(അവർക്ക് നല്ല കുറച്ച് രംഗങ്ങൾ കൂടി നഷ്ടപ്പെടും ) അവസാന വാക്ക് : എല്ലാ സഖാക്കൾക്കും വിപ്ലവം ഉള്ളിൽ ഉള്ളവർക്കും നല്ല സിനിമകൾ ഇഷ്ടപ്പെടുന്നവർക്കും ഇഷ്ടപ്പെടാവുന്ന സിനിമയാണ് സഖാവ് ...