Nostalgia...... ഗൃഹാതുരത്വം..... കഴിഞ്ഞ ദിവസം അനിയൻ റൂമിലിരുന്ന് ഗോപിനാഥ് മുതുകാടിന്റെ ഒരു പ്രസംഗം കേൾക്കുന്നത് കണ്ടു.... പരിചയമുള്ള ശബ്ദമായതിനാൽ ഞാനും കാതോർത്തിരുന്നു. മൊബൈൽ ഫോണുകളുടെയും മറ്റും ഉപയോഗം ഇപ്പോഴത്തെ യുവത്വത്തിന്റെ ജീവിതത്തിൽ വരുത്തിയ അല്ലേൽ വരുത്തിക്കൊണ്ടിരിക്കുന്ന ഒരു മാറ്റത്തെ പറ്റിയാണ് അദ്ദേഹം സംസാരിക്കുന്നത്.... അദ്ദേഹത്തിന്റെ സംസാരത്തിലെ ഒന്ന് രണ്ട് വരികൾ വല്ലാതെ ആകർഷിച്ചു.... "മൊബൈൽ ഫോണുകളുടെ അമിതമായ ഉപയോഗം മൂലം നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിൽ ഒന്നാണ് നമ്മുടെ കൈയ്യക്ഷരം.... എന്തിന് ഏറെ പറയുന്നു സ്വന്തം Signature വരെ നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു " ഇതാണ് അദ്ദേഹം പറഞ്ഞ വാക്കുകൾ.... അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്... എന്റെ കാര്യം തന്നെയെടുത്താൽ മൊബൈൽ ഫോണിന്റെ ഈ അമിതമായ ഉപയോഗം കാരണം എന്തേലും എഴുതാൻ ഇരുന്നാൽ അക്ഷരങ്ങൾ പോലും മറന്നു പോകുന്ന അവസ്ഥയാണ്.... മറവി കൂടിക്കൊണ്ടിരിക്കുന്നു.... പണ്ടൊക്കെ നമുക്ക് കണക്കിലും മറ്റും എന്തേലും ഒരു സംശയം വന്നാൽ എത്രയൊക്കെ കഷ്ടപ്പെട്ടിട്ടാണേലും നമ്മൾ തലപുകച്ചിരുന്ന് കൂട്ടിയും കുറച്ചും അത് കണ്ടുപിടിക്കും... ഇപ്പൊ അതിനൊന്നും മെനക്കെടാതെ മൊബൈൽ എടുത്ത് കാൽക്കുലേറ്റർ on ചെയ്ത് അതിന്റെ സഹായം തേടും എന്തിനും ഏതിനും ഒരു റോബോട്ടിനെപ്പോലെ മൊബൈൽ ഉണ്ട് ഇപ്പൊ കൈയ്യിൽ.... ആ സമയത്ത് തല.... ബ്രെയിൻ.... അത് ഉപയോഗ ശൂന്യമായി ഇങ്ങനെ ഇരിക്കുകയാണ്.... എല്ലാം യന്ത്രങ്ങൾക്ക് വിട്ട് കൊടുക്കുമ്പോൾ സ്വയം ചിന്തിക്കാനുള്ള ശേഷി വരെ നശിച്ചു വരുന്നു എന്ന് സാരം. അപ്പൊ പറയാൻ ഉദ്ദേശിച്ച കാര്യം നൊസ്റ്റാൾജിയ.... ഇന്നത്തെ കാലത്ത് എന്തൊക്കെ ഫങ്ക്ഷൻ തന്നെ ആയിക്കൊള്ളട്ടെ..... കൂട്ടുകാരുമൊത്തുള്ള നിമിഷങ്ങൾ ആയിക്കൊള്ളട്ടെ.... എന്തിന് വീട്ടിൽ ഇരിക്കുകയാണേൽ പോലും തമ്മിൽ സംസാരിക്കുന്നത് പോലും വളരെ ദുർലഭമായിരിക്കും.... എല്ലാവരും കഴുത്ത് താഴ്ത്തി വെച്ച് മൊബൈൽ സ്‌ക്രീനിൽ കണ്ണും നട്ടിരിക്കും.... റോഡ് ക്രോസ്സ് ചെയ്യുമ്പോൾ മൊബൈൽ, യാത്ര ചെയ്യുമ്പോൾ മൊബൈൽ, സംസാരിച്ചിരിക്കുമ്പോൾ മൊബൈൽ, ഭക്ഷണം കഴിക്കുമ്പോൾ മൊബൈൽ, എന്തിന് ടോയ്ലറ്റിൽ പോകുമ്പോൾ പോലും കൈയ്യിൽ മൊബൈൽ ആണ്. പണ്ടൊക്കെ വീട്ടിൽ ഇരിക്കുന്ന സമയത്ത് അമ്മയും അമ്മൂമ്മയും അടക്കമുള്ളവർ പറയുന്ന അവരുടെ പണ്ടുകാലത്തെ കഥകൾ.... അവരുടെ അനുഭവങ്ങൾ അവര് പറയുന്നത് ഇമവെട്ടാതെ കേട്ടിരിക്കുമായിരുന്നു നമ്മളിൽ പലരും.... ഇപ്പോ പലർക്കും അതൊക്കെ തള്ള്, കെട്ടുകഥ, വെറുപ്പിക്കൽ ഇങ്ങനൊക്കെയായാണ് അനുഭവപ്പെടുന്നത്. കൂട്ടുകാരുമൊത്തുള്ള നിമിഷങ്ങളിൽ ക്രിക്കറ്റ് കളികളും മറ്റുമൊക്കെ കഴിഞ്ഞ് ഒരുമിച്ച് ഇരിക്കുമ്പോൾ അവരുടെ തമാശകളും അനുഭവങ്ങളും പ്രണയകഥകളും അടിയും പിടിയുമായി ആഘോഷം ആയിരുന്നു.... ഇപ്പൊ വർഷങ്ങൾക്ക് ശേഷം ഒരു ഗെറ്റ് ടുഗെതർ വെച്ചാൽ പോലും ആർക്കും സംസാരിക്കാൻ സമയം കാണില്ല എല്ലാവരും മൊബൈലിൽ ആയിരിക്കും. എന്റെ അമ്മയ്ക്ക് ഇപ്പോഴും നിർബന്ധമുള്ള കുറച്ച് കാര്യങ്ങളുണ്ട്.... കുളിക്കാൻ വെള്ളം പൈപ്പിൽ നിന്ന് എടുക്കാൻ പാടില്ല.... കിണറ്റിൽ നിന്ന് കോരി കുളിച്ചോളണം.... കൈ കഴുകാൻ പൈപ്പ് ഉപയോഗിക്കരുത് വെള്ളം ബക്കറ്റിൽ കോരി കൊണ്ട് വെച്ച് അത് എടുക്കണം..... വീട്ടിൽ ഉള്ളപ്പോ തോന്നിയ നേരത്ത് ഭക്ഷണം കഴിക്കാൻ ചെല്ലാൻ പാടില്ല..... ഭക്ഷണം കഴിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല.... സന്ധ്യാ സമയത്ത് കിടക്കാൻ പാടില്ല..... സന്ധ്യാ സമയത്ത് ഭക്ഷണം കഴിക്കാൻ പാടില്ല.... എന്തേലും വിശേഷ ദിവസങ്ങൾ വന്നാൽ കുളിച്ച് അമ്പലത്തിൽ പോയി വന്നിട്ട് വേണം ഭക്ഷണം കഴിക്കാൻ.... അങ്ങനെ കുറച്ചു അധികം നിർബന്ധങ്ങൾ ഉണ്ട്.... പിന്നെ എന്തൊക്കെ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ ഉണ്ടായാലും ഇപ്പോഴും അമ്മ ആട്ടുകല്ലിലും അമ്മിക്കല്ലിലും ഒക്കെ അരച്ചിട്ടേ ഭക്ഷണം വെക്കൂ...... അറിയിക്കാതെ കയറി വരുന്ന അഥിതികൾ ഉള്ളപ്പോൾ മാത്രമാണ് മിക്ക്‌സിയും മറ്റുമൊക്കെ ഉപയോഗിക്കുന്നത്. ഇതൊക്കെ കണ്ടിട്ട് പലപ്പോഴും ഞാൻ മനസ്സിൽ പറഞ്ഞിട്ടുണ്ട് ഈ അമ്മയ്ക്ക് ഇത് എന്തിന്റെ കേടാ....? വെള്ളം കോരി മനുഷ്യന്റെ കൈ വേദനയെടുക്കുന്നു.... സന്ധ്യാ സമയത്ത് കിടന്നാൽ എന്താ....? സന്ധ്യക്ക് ഭക്ഷണം കഴിച്ചാൽ എന്താ.... എന്തിനാ ഇപ്പൊ രാവിലെ ഒരുങ്ങി കെട്ടി അമ്പലത്തിൽ പോകുന്നത്....? അമ്മയ്ക്ക് മിക്ക്‌സിയും മറ്റും ഉപയോഗിച്ചാൽ എന്താ....? എന്റെ ചോദ്യങ്ങൾക്കൊന്നും യാതൊരുവിധ പ്രസക്തിയും ഇല്ലാ എന്നൊക്കെ ഞാൻ വളരെ വൈകിയാണ് മനസ്സിലാക്കിക്കൊണ്ടിരുന്നത്.... ആ അടുക്കും ചിട്ടകളും അവരുടെയൊക്കെ ജീവിതം എത്ര ഉന്മേഷമായാണ് അവരെ നയിക്കാൻ സഹായിക്കുന്നത്..... ആട്ടുകല്ലിലും മറ്റും അരച്ചുണ്ടാക്കുന്ന ടേസ്റ്റ് ഏത് യന്ത്രത്തിൽ പാകം ചെയ്യുന്ന ഭക്ഷണത്തിന് തരാനാകും.... ദിവസങ്ങളോളം ടാങ്കിൽ കെട്ടി കിടക്കുന്ന ചൂട് പിടിച്ച വെള്ളത്തിന് കിണറ്റിൽ നിന്നും കോരി കുളിക്കുന്ന വെള്ളത്തിന്റെ പവർ ഉണ്ടാവോ... ഇല്ലാ.... തോന്നിയ നേരത്ത് ഭക്ഷണം കഴിക്കുന്നതിൽ ആരോഗ്യത്തിന് എന്ത് അർത്ഥമാണുള്ളത്.... രാവിലെ കുളിച്ച് അമ്പലത്തിൽ പോകുന്നത് ഭക്തി എന്നൊരു കാര്യം കൊണ്ട് മാത്രമല്ല ആ ഒരു സമയത്ത് കിട്ടുന്ന ഒരു അനുഭൂതി വേറെ എവിടന്ന് കിട്ടും.... ഈ പഴമക്കാരുടെ ജീവിതം ശരിക്കും ഒരു വിസ്മയം തന്നെയാണ്.... പലപ്പോഴും തോന്നിയിട്ടുണ്ട് വലുതാവേണ്ടായിരുന്നു എന്ന്.... കാരണം കുട്ടിക്കാലത്തെ ജീവിതമായിരുന്നു ജീവിതം.... യാതൊരു ടെൻഷനും ഇല്ലാതെ.... മനസ്സിൽ യാതൊരു കളങ്കവും ഇല്ലാതെ എല്ലാത്തിനേയും സ്നേഹിച്ചു മാത്രം കഴിഞ്ഞൊരു കാലം..... രാവിലെ കുളിച്ചൊരുങ്ങി കണ്ട കാക്കയോടും പൂച്ചയോടും എല്ലാം വർത്താനവും പറഞ്ഞ് ആണെന്നോ പെണ്ണെന്നോ വേർതിരിവ് ഇല്ലാതെ ജാതിയോ മതമോ എന്താണെന്ന് പോലും അറിയാതെ ഒത്തൊരുമിച്ച് ആടിയും പാടിയും അടി കൂടിയും സ്കൂളിൽ പോയ കാലം..... സ്കൂളിലെ അങ്കം കഴിഞ്ഞ് തോട്ടിലും വയലിലും ഇറങ്ങി കൈയ്യിലെ കുട നിവർത്തി മീൻ പിടിച്ചും മഴവെള്ളം ദേഹത്തേക്ക് തട്ടി തെറുപ്പിച്ചും..... മാങ്ങക്ക് എറിഞ്ഞും പുളി എടുത്ത് തിന്നും.... കൈയ്യിൽ കിട്ടുന്ന പത്തും ഇരുപതും അമ്പതും പൈസയ്ക്ക് നാരങ്ങ മിഠായി അടക്കം വാങ്ങി തിന്നും മഴയത്ത് കുട നിവർത്താതെ നനഞ്ഞും കുളിച്ചും.... മഴ തോർന്നു പുല്ലുകളിൽ ബാക്കിയായ വെള്ളം എടുത്ത് കണ്ണിൽ ഒഴിച്ചും കന്നു കൂട്ടിന് പോയി തിരിച്ചു വരുന്നത് പോലെ സ്കൂളിൽ നിന്ന് വീട്ടിൽ എത്തി അമ്മയുടെ കൈയ്യിൽ നിന്ന് നല്ല അസ്സൽ നുള്ളും വാങ്ങി കുളിച്ച് നാമം ജപിച്ച് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ വായനയും എഴുത്തും കഴിഞ്ഞ് ഊണ് കഴിച്ച് അടുത്ത ദിവസമാകാനുള്ള കാത്തിരിപ്പും..... ശനിയാഴ്ച്ചകളിൽ നേരവും കാലവും ഇല്ലാതെ പാടത്തും പറമ്പിലും ക്രിക്കറ്റ് കളിച്ചു നടന്നും ക്രിക്കറ്റ് കളിക്കാരുടെ പടമുള്ള കാർഡുകൾ വാങ്ങിയുള്ള കളികളും ഗോലി കളിയും കണ്ണ് പൊത്തി കളിയും രക്ഷകളിയും വായനശ്ശാലയിലും ക്ലബുകളിലും ഒരുമിച്ച് ഇരുന്ന് ലോകകപ്പ് കാണലും സച്ചിൻ ഔട്ട് ആവാതിരിക്കാനുള്ള കണ്ണടച്ചുള്ള പ്രാർത്ഥനകളും.... കുളത്തിലും പുഴയിലും പോയിട്ടുള്ള കുളികളും നീന്തൽ പടിക്കലും ഓണത്തിനും വിഷുവിനും ക്രിസ്തുമസ്സിനും പെരുന്നാളിനും കിട്ടുന്ന ലീവിന് കുടുംബക്കാരുടെ പ്രത്യേകിച്ച് മാമന്റെ വീട്ടിൽ പോകലും.... ആഘോഷങ്ങളും.... ഒരുമിച്ചുള്ള ബീച്ചിൽ പോക്കും സിനിമയ്ക്ക് പോകലും... സ്കൂൾ തുറന്ന് പുത്തനുടുപ്പ് എല്ലാരേം കാണിക്കാനുള്ള കാത്തിരിപ്പും.... തുടങ്ങി സന്തോഷം മാത്രം നിറഞ്ഞ ബാല്യവും.... ഹൈസ്കൂൾ ജീവിതത്തിലേക്ക്.... പുതിയ സ്കൂളിൽ ഒക്കെ ചേർന്ന് അല്പം പേടിയോടെയുള്ള ആദ്യ ദിവസങ്ങളിലെ സ്കൂൾ ജീവിതവും പിന്നീട് എല്ലാവരുമായി ഇണങ്ങി അടിച്ചു പൊളിച്ച് ലേശം കുരുത്തക്കേടുകളുമായുള്ള സമയം..... പ്രേമലേഖനം കൈമാറാനുള്ള ദൂതനായി.... ഏതേലും ഭംഗിയുള്ള ഒരുത്തിയെ കണ്ടു പിടിച്ച് അവളുടെ പിന്നാലെ നടന്ന്.... കൂട്ടുകാരെക്കൊണ്ട് ഇഷ്ടമാണെന്ന് പറയിപ്പിച്ച്.... പ്രേമലേഖനം കൊടുത്ത്... ക്രിക്കറ്റ് കളിച്ച് അടിയുണ്ടാക്കി... ബസ്സുകാരുടെ മെക്കിട്ട് കയറി... ലീവ് ദിവസങ്ങളെ ശപിച്ച്.... ക്ലാസ്സ് കട്ട് ചെയ്തു മതില് ചാടി സിനിമയ്ക്ക് പോയി.... ഹോം വർക്ക് ക്ലാസ്സിൽ നിന്ന് ചെയ്ത്.... അധ്യാപകർക്കും കൂട്ടുകാർക്കും ഇരട്ടപ്പേരൊക്കെയിട്ട്.... വിക്ക്സ് കണ്ണിൽ തേച്ച് തലവേദനയാണെന്ന് പറഞ്ഞ് ഹിന്ദി ക്ലാസ്സിൽ കിടന്ന്... ആർക്കേലും സുഖമില്ലാതായൽ അവന്റെ വീട് എനിക്കറിയാം സാറേ ഞാൻ കൊണ്ട് പൊക്കോളാം എന്ന് പറഞ്ഞു ചാടിപ്പുറപ്പെട്ട്.... സ്വന്തം കൈപ്പടയിൽ ലീവ് ലെറ്റർ എഴുതി കള്ള ഒപ്പ് ഇട്ട് കാണിച്ച്.... കോയിൻ ബോക്സ്സിൽ നിന്ന് കാമുകിയുടെ വീട്ടിലേക്ക് വിളിച്ച് പേന കൊണ്ട് വെട്ടി കളിച്ച്... ഡെസ്ക്കിൽ പ്രേമിക്കുന്നവളുടെ പേരിന്റെ ആദ്യ അക്ഷരവും നമ്മുടെ പേരിന്റെ ആദ്യ അക്ഷരവും പ്ലസ് നടുവിൽ ചേർത്ത് കൊത്തിവെച്ച്.... സ്പെഷ്യൽ ക്ലാസ്സ് ഉണ്ടെന്ന് പറഞ്ഞ് ശനിയാഴ്ച്ചകളിൽ വീട്ടിൽ നിന്ന് ഇറങ്ങി സ്കൂൾ ഗ്രൗണ്ടിൽ വന്നുള്ള വാശിയേറിയ ക്രിക്കറ്റ് കളിയും.... കൂട്ടുകാരികളോട് അപമര്യാദയായി പെരുമാറുന്ന പൂവാലന്മാരെ പോയി പഞ്ഞിക്കിട്ടും.... ഉച്ച സമയത്തെ അധ്യാപകരുടെ മിന്നൽ സെർച്ചിങ്ങിൽ പാട്ട് പുസ്തകം ഒളിപ്പിക്കാൻ പാട് പെട്ടും.... ചോദ്യം ചോദിക്കുന്ന സമയത്ത് ഒന്നും പഠിക്കാതെ ഇരുന്നിട്ട് പൊക്കാതിരിക്കാൻ എല്ലാം അറിയുന്നവനെപ്പോലെ അധ്യാപകരുടെ മുഖത്തേക്ക് ഒരു പ്രത്യേക തരത്തിൽ നോക്കിയിരുന്നും.... പരീക്ഷക്ക് കോപ്പിയടിച്ചും.... ഒഴിവ് സമയത്ത് അടങ്ങി ഇരിക്കാൻ പറഞ്ഞ് മിണ്ടിയാൽ ലീഡറോട് പേരെഴുതാൻ പറഞ്ഞ് മാഷ് പോകുമ്പോൾ കുറച്ചു നേരം അടങ്ങി ഇരുന്ന് പിന്നെ ബോർഡിൽ പേര് വരുമ്പോൾ ഞാൻ മാത്രമല്ല അവനും ഉണ്ട് എന്ന് പറഞ്ഞ് കൂട്ടുകാരന് പണി മേടിച്ചു കൊടുത്തും.... പരീക്ഷ പേപ്പർ കിട്ടുന്ന സമയത്ത് മാർക്ക് കുറഞ്ഞാൽ ചൂരൽ എടുത്ത് കൈ നീട്ടാൻ പറയുമ്പോൾ അടി വരുമ്പോൾ കൈ വലിച്ചും.... കിട്ടിയ അടി കൊണ്ട് പുളഞ്ഞു കൈ ഊതി പോയി കരയാതെ പിടിച്ച് ഇരുന്നും.... ചെറിയ പിള്ളേരുടെ മുൻപിൽ ഷൈൻ ചെയ്തും.... പെരുന്നാളിനും ഓണത്തിനും വിഷുവിനും ക്രിസ്തുമസ്സിനും വിളിക്കാതെ തന്നെ വീട്ടിൽ കയറി ചെന്ന് ഒരുമിച്ച് ആഘോഷമാക്കിയും... അമ്പലവും പള്ളികളും എന്ന വ്യത്യാസമില്ലാതെയുള്ള പ്രാർത്ഥനയും.... ലാലേട്ടന്റേയും മമ്മൂക്കയുടേയും പേരിൽ അടിപിടി കൂടിയും.... ഉറുമ്പിനെ കണ്ടാൽ ആനയാക്കി തള്ളിയും.... സെന്റോഫിന് ഉജാല കുടഞ്ഞും വാട്ടർ ബലൂൺ പലരുടേയും ദേഹത്ത് എറിഞ്ഞു പൊട്ടിച്ചും.... SSLC പരീക്ഷയുടെ തലേ ദിവസം വരെ അലമ്പ് കളിച്ചു നടന്നിട്ട് പരീക്ഷയുടെ അന്ന് മെനക്കെട്ടു പഠിച്ചും.... പരീക്ഷ കഴിയുന്ന ദിവസം കണ്ണിൽ വെള്ളം നിറച്ച് എവിടെയാണേലും കോൺടാക്ട് വെക്കണം എന്ന് പറഞ്ഞുള്ള പാലിക്കപ്പെടാത്ത വാക്കുകൾ നൽകിയും.... ഓട്ടോഗ്രാഫിൽ ഓർക്കാൻ മറന്നാലും മറക്കാൻ ശ്രമിക്കരുത് എന്ന് എഴുതി കൊടുത്തുമൊക്കെ അർമ്മാധിച്ച കൗമാരം. യുവത്വത്തിലേക്ക് കടന്നപ്പോൾ ഈ പറഞ്ഞ പലതും ഇല്ലാതായി.... അനാവശ്യ ടെൻഷനുകളും ചിലർക്ക് പല തരത്തിലുള്ള ദുശ്ശീലങ്ങളും ജീവിതത്തിലേക്ക് കടന്ന് വന്നു തുടങ്ങി.... അധികം കളവ് പറയാൻ തുടങ്ങി.... അങ്ങനെ പല പല സ്വഭാവങ്ങൾ.... അപ്പോഴേക്കും ഒരു ഭാഗത്ത് നിന്നും മൊബൈൽ പോലുള്ള ഉപകരണങ്ങൾ ജീവിതം കൈയ്യടക്കി തുടങ്ങി.... വൈകുന്നേരങ്ങളിൽ ലൈബ്രറികളും ക്ലബുകളും ഒഴിഞ്ഞു കിടന്നു.... അങ്ങാടികൾ നിശബ്ദമായി തുടങ്ങി.... തമ്മിൽ കണ്ടാൽ രണ്ട് വാക്ക് സംസാരിക്കാതെ അതെല്ലാം മെസ്സേജുകളുടെ രൂപത്തിൽ ആയിത്തുടങ്ങി.... നമ്മള് പോലും അറിയാതെ നമ്മുടെ ജീവിതം പലതിനും അടിമപ്പെട്ടു തുടങ്ങി..... സ്വന്തം സഹോദരിയുടെ നഗ്നത പോലും ക്യാമറയിൽ എടുത്ത് പ്രദർശ്ശിപ്പിക്കാൻ മാത്രം സമൂഹം അധഃപതിച്ചു തുടങ്ങി.... അയൽക്കാരന്റെ കാര്യങ്ങൾ പോലും അറിയാത്ത അവസ്ഥ വന്നു തുടങ്ങി. നാടോടുമ്പോൾ നടുവേ ഓടേണ്ട എന്നും കാലം മാറുമ്പോൾ കോലം മാറേണ്ട എന്നൊന്നും പറയുന്നില്ല.... പോയ കാലം ഒരിക്കലും തിരിച്ചു വരില്ല എന്നും അറിയാം.... പക്ഷേ നമുക്ക് തിരിച്ചു അങ്ങോട്ട് പോകാമല്ലോ.... ഈ പറഞ്ഞ സാധനങ്ങളുടെയെല്ലാം ഉപയോഗം ആവശ്യത്തിന് മാത്രമായി ചുരുക്കി..... നാലാള് കൂടുമ്പോൾ മൊബൈൽ ഫോൺ എടുത്ത് പോക്കറ്റിൽ ഇട്ട്..... ഒഴിവ് സമയങ്ങളിൽ പണ്ടത്തെ പോലെ തമാശ പറഞ്ഞും മറ്റും അങ്ങാടികളിലും മറ്റും ഇരുന്ന്.... ഒഴിവ് ദിവസങ്ങൾ ആഘോഷമാക്കി നടന്നൂടെ..... കുളവും പുഴയും തോടും വയലും എല്ലാം നാമാവശേഷമായി കൊണ്ടിരിക്കുന്നു..... നമ്മുടെ പറമ്പിൽ നമുക്ക് ആവശ്യമുള്ളത് കൃഷി ചെയ്തു ഉണ്ടാക്കിക്കൂടെ..... ആളെ പെട്ടന്ന് കൊല്ലുന്ന ഫാസ്റ്റ് ഫുഡുകളും മറ്റും കഴിവതും ഒഴിവാക്കിക്കൂടെ.... നമ്മുടെ സ്വർഗ്ഗം നമുക്ക് തിരിച്ചു കൊണ്ട് വരാവുന്നതേയുള്ളൂ.... ജാതിയും മതവും പറഞ്ഞ് തമ്മിൽ തല്ലുന്നത് നിർത്തി ഒറ്റക്കെട്ടായി ചെകുത്താന്റെ സ്വന്തം നാടായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ നാടിനെ പണ്ടത്തെ ദൈവത്തിന്റെ സ്വന്തം നാടായി തിരികെ കൊണ്ട് വന്നുകൂടെ.... മാവേലി നാടു വാണീടും കാലം മാനുഷ്യരെല്ലാരും ഒന്ന് പോലെ എന്ന് പാടി പഠിച്ചവരല്ലേ നമ്മൾ..... നട്ടെല്ല് വളയാത്ത ഒരു ബാല്യവും കൗമാരവും നമുക്ക് ഉണ്ടാക്കി തന്നത് നമ്മുടെ പൂർവ്വികരാണ്.... നമ്മള് നമ്മുടെ വരും തലമുറയ്ക്ക് വേണ്ടി എന്ത് ചെയ്തു....? നമ്മുടെ പൂർവ്വികര് ഒരുക്കി തന്ന സ്വർഗം നശിപ്പിച്ചു.... വരും തലമുറയെയെങ്കിലും നട്ടെല്ല് വളയ്ക്കാതെ ജീവിക്കാൻ പഠിപ്പിക്കണം..... നമ്മുടെയൊക്കെ ചെറുപ്പകാലത്ത് അന്നത്തെ യുവത്വം അവരുടെ ഒഴിവ് സമയങ്ങൾ ചിലവഴിച്ചത് എങ്ങനെയാണെന്ന് ഓർമ്മയില്ലേ.... നാടും പരിസരവും വൃത്തിയാക്കിയും കൃഷി ചെയ്തും അവര് ഒരുമിച്ച് നടന്നു.... അകത്ത് കയറി ചടഞ്ഞു കൂടി ഇരിക്കാതെ അവര് ആരോഗ്യം നില നിർത്താൻ കബഡിയും ഫുട്ബോളും യോഗയും ക്രിക്കറ്റും അടക്കം അവരുടെ ദിന ചര്യയിൽ ഒന്നാക്കി മാറ്റി.... സൂര്യൻ ഉദിക്കുന്നതിന് മുൻപ് എഴുന്നേൽക്കുന്ന എത്ര പേരുണ്ട് ഇന്നിവിടെ... പലരും അപ്പോഴാവും മൊബൈൽ താഴെ വെച്ച് കിടന്നുറങ്ങുന്നത്.... നമ്മൾ കണ്ടു വളർന്നത് നട്ടെല്ല് വളക്കാത്ത നമ്മുടെ ചേട്ടന്മാരെയാണ് നമ്മുടെ മക്കള് വളരേണ്ടതും അങ്ങനെയുള്ള നമ്മളെ കണ്ടാണ് അല്ലാതെ പരസ്പരം നോക്കാതെ കുമ്പിട്ട് അഞ്ച് ഇഞ്ച് വെളിച്ചത്തെ തോണ്ടി കളിക്കുന്നതല്ല..... എല്ലാം വേണം വേണ്ട എന്നല്ല ആവശ്യത്തിന് മാത്രം വേണം. രണ്ട് കാലവും ആസ്വദിക്കാൻ പറ്റിയ.... അനുഭവിക്കാൻ പറ്റിയ..... കയ്പ്പും മധുരവും തിരിച്ചറിയാൻ പറ്റിയ..... ഒരു 90'sലെ കുട്ടിയുടെ ആഗ്രഹമാണ് മണ്ണെണ്ണ വിളക്കിലും LED ബൾബിലും വായിക്കാൻ സാധിച്ച.... ബ്ലാക്ക് and വൈറ്റ് ടീവിയിലും കളർ ടീവിയിലും LED ടീവിയിലും സിനിമ കാണാൻ സാധിച്ച..... റെഡിയോയിൽ ശബ്ദരേഖയും ക്രിക്കറ്റ് കമന്ററിയും റെഡ് FMലും റേഡിയോ മംഗോയിലും പാട്ടും കേൾക്കാൻ സാധിച്ച.... ഒരു കുട്ടിയുടെ ആഗ്രഹമാണ്.... സ്വപ്നമാണ്.... സംസാരിക്കുമ്പോൾ തല കുനിച്ചിരുന്ന് മറുപടി പറയുന്നവരെയല്ല മറിച്ച് കണ്ണിൽ നോക്കി സംസാരിക്കുന്ന ജനതയെയാണ് നമുക്ക് ആവശ്യം. അച്ഛനും അമ്മയും മൊബൈൽ ഫോണുകളിൽ സന്തോഷം കണ്ടെത്തുമ്പോൾ നഷ്ടപ്പെടുന്നത് കുട്ടികളുടെ ബാല്യമാണ്..... അവര് വളരേണ്ടത് അടച്ചിട്ട മുറിയിൽ കൊച്ചു ടീവി കണ്ടിട്ട് അല്ല വെയിലും മഴയും കൊണ്ട് മണ്ണിൽ കളിച്ചിട്ടാണ്. പോയ കാലം തിരികെ കൊണ്ട് വരാൻ ഒറ്റക്കെട്ടായി നിൽക്കാം നമുക്ക് ❤️❤️ തിരികെ വേണം ആ പഴയ സ്വർഗ്ഗമായ ദൈവത്തിന്റെ സ്വന്തം നാട്.