Watched Aravindante Athidhikal ഫീൽഗുഡ് സിനിമകളുടെ കൂട്ടത്തിലെ തലതൊട്ടപ്പന്മാരുടെ നിരയിൽ ഏറ്റവും മുൻപിൽ സ്ഥാനം കൊടുക്കാവുന്നൊരു അതിമനോഹര ചിത്രം. ഒരു സിനിമകാണുകയാണെന്ന തോന്നൽ ഒരിക്കൽപ്പോലും ഉണ്ടായിരുന്നില്ല അരവിന്ദന്റെ അതിഥികളുടെ കൂട്ടത്തിലെ ഒരാളായി അവരോടൊപ്പം മൂകാംബിക കറങ്ങി നടന്ന് ആസ്വദിച്ചും അവരുടെ തമാശകളിൽ ഒപ്പം ചേർന്ന് പൊട്ടിച്ചിരിച്ചും അരവിന്ദന്റെ വിഷമങ്ങളിൽ കണ്ണീരണിഞ്ഞും അവർക്കൊപ്പം ജീവിക്കുന്നതായേ തോന്നിയിട്ടുള്ളൂ.... അത്രയ്ക്ക് മനോഹരമായ ഒരു അനുഭവമായിരുന്നു ഈ ചിത്രം. Vineeth Sreenivasan ചേട്ടന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ഈ ചിത്രത്തിലാണ്. എഴുത്തിലും സംവിധാനത്തിലും ആലാപനത്തിലും കക്ഷിയുടെ വലിയ ആരാധകനാണ് ഞാൻ പക്ഷേ ഒരു അഭിനേതാവ് എന്ന നിലയ്ക്ക് അദ്ദേഹത്തിനോട് ഇതുവരെ ഒരു ഇഷ്ടം തോന്നിയിട്ടില്ലായിരുന്നു ഈ സിനിമ കാണുന്നത് വരെ. ഇപ്പൊ അദ്ദേഹത്തിലെ അഭിനേതാവിനെക്കൂടി ഞാൻ ആരാധിക്കുന്നു. അരവിന്ദൻ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കൈയ്യിൽ ഭദ്രമായിരുന്നു. വരദ എന്ന കഥാപാത്രമായെത്തിയ Nikhila Vimal മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്..... തന്റെ കഥാപാത്രം വളരെ തന്മയത്വത്തോട് കൂടെ നിഖില അവതരിപ്പിച്ചു. തന്റെ ആദ്യ ചിത്രത്തിലും ഈ കലാകാരി വളരെ മികച്ച പ്രകടനമായിരുന്നു കാഴ്ച്ച വെച്ചത് അതേ പറ്റി ആരും ഒന്നും പറയുന്നതും കേട്ടില്ല പിന്നെ ഇവരെ വേറെ സിനിമകളിൽ കണ്ടതുമില്ല. ഒരുപാട് ഭംഗിയുള്ള അഭിനയിക്കാൻ ഒട്ടും അറിയാത്ത ഒരുപാട് നായികമാരെ ഇവിടെ പലരും പൂവിട്ട് പൂജിക്കുന്നു..... പക്ഷേ അഭിനയമാണേലും ഭംഗിയാണേലും ഈ പറഞ്ഞവരേക്കാൾ ഒരുപാട് മുകളിൽ നിൽക്കുന്ന ഈ കലാകാരിയെപ്പറ്റി അധികമാരും സംസാരിക്കുന്നത് കേട്ടിട്ടില്ല. സംവിധായകരും മറ്റും ഇവരെ പരിഗണിച്ചാൽ ഒരുപാട് കഥാപാത്രങ്ങൾ തന്റെ അഭിനയം കൊണ്ട് ഇവര് മികവുറ്റതാക്കും എന്നത് തീർച്ചയാണ്. ശ്രീനിവാസൻ ചേട്ടൻ മാധവൻ എന്ന കഥാപാത്രമായെത്തി മനം കവർന്നു. ഒരുപാട് നാളുകൾക്ക് ശേഷം ഉർവ്വശി ചേച്ചിയുടെ മികച്ച പ്രകടനം കാണാനായി. ഗിരിജ എന്ന കഥാപാത്രമായി വന്ന് ഒരുപാട് ചിരിപ്പിച്ചു. അതുപോലെ തന്നെ പ്രേംകുമാർ ചേട്ടനും ഒരുപാട് കാലങ്ങൾക്ക് ശേഷം നന്നായി ചിരിപ്പിച്ചു. അജു വർഗ്ഗീസ്, ബിജു കുട്ടൻ, ശ്രീജയ നായർ, കോട്ടയം നസ്സീർ,ബൈജു, സ്നേഹ ശ്രീകുമാർ, സന്തോഷ് കീഴാറ്റൂർ, ശാന്തി കൃഷ്ണ, ദേവൻ, etc.... തുടങ്ങിയ അഭിനേതാക്കളും അവരുടെ വേഷങ്ങൾ ഭംഗിയാക്കി. എം. മോഹൻ സാറിന്റെ മികവുറ്റ സംവിധാനവും സ്വരൂപ് ഫിലിപ്പിന്റെ മൂകാംബികയുടെ ഭംഗി ഒപ്പിയെടുത്ത ഛായാഗ്രഹണവും രഞ്ജൻ എബ്രഹാമിന്റെ എഡിറ്റിംഗും രാജേഷ് രാഘവന്റെ രചനയും ബി.കെ ഹരിനാരായണന്റേയും Manu Manjithന്റേയും വരികളും Shaan Rahmanന്റെ മനോഹരമായ സംഗീതവും ചിത്രത്തെ മികച്ച ഒരനുഭവമാക്കി തീർക്കുന്നതിൽ ഒരുപോലെ പങ്ക് വഹിച്ചിട്ടുണ്ട്. ക്ലൈമാക്സ് സീനുകളോട് അടുക്കുന്ന സമയത്ത് എന്റെ തൊട്ടടുത്തിരിക്കുന്ന ചേട്ടൻ ഇടയ്ക്കിടയ്ക്ക് കണ്ണ് തുടക്കുന്നത് കണ്ടു വിശദമായി ഒന്ന് നോക്കിയപ്പോൾ ഒട്ടുമിക്ക ആളുകളുടേയും അവസ്ഥ ഇതുതന്നായിരുന്നു. കാരണം അത്രയ്ക്ക് ആഴത്തിൽ ഈ സിനിമ അവരിലേക്കെത്തിയിട്ടുണ്ട്. മൂകാംബിക യാത്രയുടെ മനോഹാരിത പോലെ ചിരിപ്പിച്ചും കണ്ണ് നനയിച്ചും മനോഹരമായൊരു അനുഭൂതിയിൽ മനം നിറച്ചൊരു ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. കുടുംബത്തോടൊപ്പം വളരെയധികം ആസ്വദിച്ച് കാണാവുന്നൊരു അനുഭവം. ഈ സിനിമ നിങ്ങളിലെ പ്രേക്ഷകനെ ഒരിക്കലും നിരാശനാക്കില്ല. കഴിവതും തിയ്യേറ്ററിൽ പോയി തന്നെ കണ്ട് ആസ്വദിക്കുക.... ഈ സിനിമയൊക്കെ വലിയ വിജയം അർഹിക്കുന്നു. സിനിമ കഴിഞ്ഞപ്പോൾ കഥാപാത്രങ്ങളും നമുക്കൊപ്പം ഇറങ്ങിപ്പോന്ന് മനസ്സിൽ ഇങ്ങനെ ഒരു കുളിരോടെ നിറഞ്ഞു നിൽക്കുന്ന നന്മയുള്ളൊരു..... നിഷ്കളങ്കമായൊരു..... മധുരമുള്ള അനുഭവം. (അഭിപ്രായം തികച്ചും വ്യക്തിപരം )