Watched Captain വി. പി. സത്യനെന്ന ഇതിഹാസത്തിന്റെ വിസ്മയകരമായ കായിക ജീവിതം ഒരു പ്രതിബിബത്തിൽ നോക്കി കാണുന്ന മനോഹാരിതയോടെ അണിയിച്ചൊരുക്കിയ ഹൃദയസ്പർശിയായ കലാസൃഷ്ടിയാണ് ക്യാപ്റ്റൻ. മലയാളം കണ്ട ഏറ്റവും മികച്ച ബയോപിക്. സിനിമ കഴിഞ്ഞ് തിയ്യേറ്റർ വിട്ടിട്ടും ഒരു നോവായ് മനസ്സിനെ വേട്ടയാടുന്നു വി.പി. സത്യനെന്ന വാഴ്ത്തപ്പെടാതെ പോയ ഇതിഹാസം. Prajesh Sen G എന്ന നവാഗത സംവിധായകന്റെ വർഷങ്ങളുടെ കഷ്ടപ്പാടും അധ്വാനവും വെറുതെയായില്ല.... ഒരു സാധാരണ സിനിമയെടുക്കുന്നതിലും ഒരുപാട് ബുദ്ധിമുട്ടും റിസ്‌ക്കുമുണ്ട് മറ്റൊരാളുടെ ജീവിതം സിനിമയാക്കുമ്പോൾ. പലർക്കും പരിചിതനായ ഒരാളുടെ ജീവിതം സിനിമയാക്കി പറിച്ചു നടുമ്പോൾ ഏതെങ്കിലും ഒരു ഭാഗം അൽപ്പം ഒന്ന് വ്യതിചലിച്ചാൽ നാനാനാഭാഗത്തു നിന്നും ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരും. പ്രജേഷ് എന്തായാലും ഒരിക്കലും അതിനൊന്നും ഇരയാവില്ല കാരണം അത്രമേൽ മികച്ചു നിൽക്കുന്നു അദ്ദേഹത്തിന്റെ രചനയും സംവിധാനവും. ഒരു നവാഗതന്റെ യാതൊരു തരത്തിലുള്ള ഇടർച്ച എവിടേയും കാണാനായില്ല എന്നതാണ് വാസ്തവം. മലബാറുകാരുടെ പ്രത്യേകിച്ച് മലപ്പുറത്തുകാരുടെ കളിപ്രാന്തും മറ്റും മനോഹരമായി പറഞ്ഞു പോയിട്ടുണ്ട് പ്രജേഷ്. ഫുട്ബോൾ രംഗങ്ങൾ എല്ലാം തന്നെ ആവേശം ഒട്ടും ചോർന്നുപോവാത്ത രീതിയിൽ രോമകൂപങ്ങൾക്ക് ചലനമുണ്ടാക്കുംവിധം എടുത്തിട്ടുണ്ട്. സത്യന്റെ ജീവിതം മനോഹരമായി തന്നെ തന്റെ തൂലികയിൽ നിന്ന് പേപ്പറിലേക്കും അവിടെ നിന്ന് മികച്ച രീതിയിൽ തിരശ്ശീലയിലേക്കും പ്രജേഷ് പകർത്തിയിരിക്കുന്നു. അച്ചടക്കത്തോടെയുള്ള കൈയ്യടക്കമുള്ള സംവിധാനം. ചില vfx രംഗങ്ങളിൽ മാത്രം അതൃപ്‌തി തോന്നിയിരുന്നെങ്കിലും സത്യനിൽ ലയിച്ചപ്പോൾ പിന്നീട് അതെല്ലാം മറന്നു. ഒരു മികച്ച സംവിധായകനെക്കൂടി മലയാള സിനിമയ്ക്ക് ലഭിച്ചിരിക്കുന്നു. Jayasurya വിപി സത്യനെന്ന ഇതിഹാസത്തിന് തിരശ്ശീലയിൽ ജീവൻ പകർന്നു കൊണ്ട് മറ്റൊരു വിസ്മയപ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. നോട്ടം കൊണ്ടും ഭാവം കൊണ്ടും സംസാരം കൊണ്ടും എന്തിന് ഓരോ ചലനത്തിൽ പോലും സത്യനായി ജീവിച്ചു അദ്ദേഹം. സിനിമയിലുടനീളം ഞെട്ടിക്കുന്ന പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട് ഈ അനുഗ്രഹീത കലാകാരൻ. അവിസ്‌മരണീയ പ്രകടനം..... വാക്കുകൾക്കതീതം. Anusithara വി.പി. സത്യന്റെ സഹധർമ്മിണി അനിതയെ അതിമനോഹരമാക്കിയിരിക്കുന്നു ഈ അഭിനേത്രി. ജയസൂര്യയുടെ പ്രകടനത്തിനോട് കിടപിടിച്ചു കൊണ്ട് തന്റെ വേഷം ഗംഭീരമാക്കിയിരിക്കുന്നു അനു സിത്താര. സത്യന്റെ മരണവാർത്ത അറിയുമ്പോഴുള്ള അനിതയുടെ ഭാവങ്ങൾ ഞെട്ടിക്കും വിധമാണ് അനു അവതരിപ്പിച്ചിട്ടുള്ളത്. മനസ്സറിഞ്ഞു കൈയ്യടിച്ച നിമിഷം. "രാമന്റെ ഏദൻ തോട്ടത്തിലെ" മാലിനിക്ക് ശേഷം അല്ലെങ്കിൽ അതിനേക്കാൾ മുകളിൽ നിൽക്കുന്ന പ്രകടനം. ഈ അഭിനേത്രിയുടെ പ്രായത്തിലുള്ള പലർക്കും സ്വപ്നം പോലും കാണാൻ പറ്റാത്ത പ്രകടനമാണ് ഈ കലാകാരിയുടെ ഭാഗത്ത് നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരുപാട് എക്സ്പീരിയൻസ് ഉള്ള കലാകാരികൾ പോലും നോക്കി നിന്നുപോകുന്ന തരത്തിലുള്ള പ്രകടനം. അനു സിത്താര മലയാള സിനിമയ്ക്ക് തീർച്ചയായും ഒരു മുതൽകൂട്ട് തന്നെയാണ്. Siddique അവതരിപ്പിച്ച മൈതാനം എന്ന കഥാപാത്രവും രഞ്ജി പണിക്കർ അവതരിപ്പിച്ച കോച്ച് ജാഫറും പ്രകടനം കൊണ്ട് മികച്ചു നിന്നു. ദീപക് പറമ്പോൽ, ലക്ഷ്മി ശർമ്മ, തലൈവാസൽ വിജയ്, സൈജു കുറുപ്പ്, നിർമ്മൽ പാലാഴി, ശ്രീലത നമ്പൂതിരി, സന്തോഷ് കീഴാറ്റൂർ, ലീഡർ ആയി എത്തിയ ജനാർദ്ദനൻ ചേട്ടൻ, അദ്വൈത് ജയസൂര്യ, അന്ന എ സ്മിത്ത്, etc തുടങ്ങിയവരെല്ലാം തന്നെ അഭിനയത്തിൽ നിലവാരം പുലർത്തി. Gopi Sunder ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും മികച്ചു നിന്നു.... സിനിമയോട് ചേർന്ന് നിൽക്കുന്ന സംഗീതം. ശ്രേയാ ഘോഷാൽ അവരുടെ മനോഹര ശബ്ദത്തിൽ ആലപിച്ച "പാൽത്തിര പാടും " എന്ന് തുടങ്ങുന്ന ഗാനം കൂട്ടത്തിൽ മികച്ചു നിന്നു. റോബി വർഗ്ഗീസ് രാജ് തന്റെ ക്യാമറക്കണ്ണിലൂടെ സത്യന്റെ മനോഹര ജീവിതം ഭംഗിയൊട്ടും കൂടാതെ ഒപ്പിയെടുത്തിട്ടുണ്ട്. ബിജിത്ത് ബാലയുടെ എഡിറ്റിംഗും ചിത്രത്തിന്റെ മാറ്റ് കൂട്ടി. മമ്മൂക്കയുടെ cameo appearance ചിത്രത്തിന് തിളക്കം കൂട്ടി. വി.പി.സത്യൻ അഥവാ വട്ട പറമ്പത്ത് സത്യൻ കണ്ണൂർ ജില്ലയിലെ ചൊക്ലിക്കടുത്ത് മേക്കുന്നിൽ ജനിച്ച് ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാനവും അഹങ്കാരവുമായി വളർന്ന കാൽപന്ത് കളിയിൽ വിസ്മയം തീർത്ത ഇതിഹാസം. ഗോളടിക്കുന്നതിലല്ലായിരുന്നു ഈ ഇതിഹാസത്തിന് താൽപ്പര്യം എതിർ ടീമിനെക്കൊണ്ട് ഗോളുകൾ അടിപ്പിക്കാതിരിക്കുന്നതിലായിരുന്നു ഇഷ്ടം. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഡിഫൻഡർ. ഫുട്ബോൾ ജീവനായിക്കണ്ട് അതിനായി ജീവിതം മാറ്റിവെച്ച ഈ ഇതിഹാസം പക്ഷേ പാടിപ്പുകഴ്ത്തപ്പെടാതെ പോയൊരു വിസ്മയമായിരുന്നു. ക്യാപ്റ്റൻ സത്യന്റെ ജീവിതം ഒരു സിനിമയാക്കി മാറ്റി ആരായിരുന്നു വി.പി. സത്യൻ എന്ന് ഇന്നത്തെ തലമുറയ്ക്ക് പറഞ്ഞു തന്ന പ്രജേഷിനിരിക്കട്ടെ നന്ദിയും സല്യൂട്ടും. ഇങ്ങനൊരു ഇതിഹാസം നമ്മുടെ കേരളത്തിൽ ജീവിച്ചിരുന്നു എന്നത് ശരിക്കും വലിയൊരു അഭിമാനമായിക്കാണുന്നു. സത്യനും അനിതയും രത്നങ്ങളാണ് രത്നങ്ങൾ. മലയാളം കണ്ട ഏറ്റവും മികച്ച ബയോപിക്. അഭിനേതാക്കളുടെ അവിസ്മരണീയ പ്രകടനം കൊണ്ടും മികച്ച സംവിധാനം കൊണ്ടും മനോഹരമായി തീർന്ന ഇതിഹാസത്തിന്റെ വിസ്മയ ജീവിതത്തിന്റെ സിനിമാക്കാഴ്ച്ച. അതാണ് എനിക്ക് ക്യാപ്റ്റൻ. ഒരു സിനിമാ സ്‌നേഹി എന്ന നിലയ്ക്ക് ഇങ്ങനൊരു അനുഭവം ഒരുക്കി തന്നതിന് ഒരുപാട് നന്ദി....... പ്രജേഷ്, Jayasurya Jayan Anu Sithara Gopi Sunder (അഭിപ്രായം തികച്ചും വ്യക്തിപരം)