1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Finals - My Review !!!

Discussion in 'MTownHub' started by Adhipan, Sep 6, 2019.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Watched Finals Movie

    സാധാരണക്കാരന്റെ ശബ്ദമായി.... ആവേശമുണർത്തി പ്രചോദനമായി കരുത്ത് പകർന്നു തരുന്നൊരു ഹൃദയഹാരിയായ ദൃശ്യാനുഭവം.

    നാടിന് അഭിമാനമായി മാറുന്നവരാണ് കായിക താരങ്ങൾ.... നമ്മുടെ യശ്ശസ്സ് വാനോളമുയർത്തുന്നവർ..... പക്ഷേ നാട്ടുകാർക്കിടയിലാണേലും കായിക മേഖലയിൽ നിന്നാണെങ്കിലും ജീവൻ പണയം വെച്ച് നാടിന്റെ അഭിമാനമായി മെഡലുകൾ വാരിക്കൂട്ടുന്ന ഈ പ്രതിഭകൾക്ക് അർഹിച്ച അംഗീകാരങ്ങൾ ലഭിക്കാറുണ്ടോ...? ഇല്ല.... അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കാൻ പറ്റാറുണ്ടോ..? ഇല്ല...... ക്രിക്കറ്റ്‌ കളിക്കാരുടെ പേരും നാളും ചോദിച്ചാൽ നമ്മളിൽ പലരും പറയും എന്തിന് അവര് കഴിക്കുന്ന അവരുടെ പ്രിയപ്പെട്ട ഭക്ഷണം വരെ പലർക്കും അറിയാം.... ഇതേ ചോദ്യങ്ങൾ ഒരു ബോക്ക്സറെ പറ്റി ചോദിച്ചാലോ.... ഒരു ഓട്ടക്കാരൻ/ഓട്ടക്കാരിയെ പറ്റി ചോദിച്ചാലോ.... സൈക്ലിങ്ങുകാരെ പറ്റി ചോദിച്ചാലോ.... നമുക്ക് അറിയില്ല.... ക്രിക്കറ്റ്‌ കളിക്കാരൻ രാജ്യത്തിന് നേടിത്തരുന്ന പേരും പ്രശസ്തിയും അഭിമാനവും തന്നെയാണ് ഈ പറഞ്ഞവരും നമുക്ക് നേടി തരുന്നത് പക്ഷേ അവരിൽ മിക്കവരും നമുക്ക് അപരിചിതർ.... കേട്ട് കേൾവി പോലും ഇല്ലാത്തവർ.

    അറിയപ്പെടാതെ പോകുന്ന കായിക താരങ്ങളുടെ പ്രയത്നങ്ങളും കഷ്ടപ്പാടുകളും ത്യാഗങ്ങളും നമുക്കിടയിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ് ഫൈനൽസ് എന്ന ചിത്രം ഒപ്പം കായിക മേഖലകളിലെ അഴിമതികളും ദിനംപ്രതി വർദ്ധിച്ചു വരുന്ന താരങ്ങൾ നേരിടുന്ന പീഡനങ്ങളും എല്ലാം തുറന്നു കാണിച്ചു തരികയാണ് അരുണും സംഘവും. നാടിന് വേണ്ടി മത്സരിക്കാൻ ഇറങ്ങുന്നവർക്ക് പലപ്പോഴും അതാത് ഫെഡറേഷൻ പോലും യാതൊരു വിലയും നൽകാറില്ല അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കി കൊടുക്കാറില്ല.... വൃത്തിഹീനമായ ഹോസ്റ്റലുകളും ഭക്ഷണങ്ങളുമൊക്കെയാണ് പലപ്പോഴും അവർക്ക് ലഭിക്കുന്നത്.... യാത്രാസൗകര്യങ്ങൾ പോലും ഒരുക്കി കൊടുക്കാറില്ല എന്ന് സാരം.... മത്സര ശേഷം വിശ്രമിക്കാൻ പോലും സ്ഥലം കിട്ടാതെ ക്ഷീണത്തോടെ അവര് യാത്ര ചെയ്യുന്നത് ട്രെയിനിൽ ആളുകൾ തിക്കും തിരക്കും കൂട്ടി കഴിയുന്ന ജനറൽ കമ്പാർട്ട്മെന്റുകളിലാണ്.... അവരുടെ പ്രയത്നങ്ങൾക്കും കഷ്ടപ്പാടുകൾക്കും ആരും യാതൊരു വിലയും കല്പിക്കാറില്ല.പലരും വരുന്നത് സാധരണക്കാരിൽ സാധാരണക്കാരായ കുടുംബങ്ങളിൽ നിന്നാണ്.... സ്വന്തമായി വീട് പോലും ഇല്ലാത്തവർ.... മക്കളുടെ കഴിവിനെ പട്ടിണി കിടന്നും കടം മേടിച്ചും ലോൺ എടുത്തും പ്രോത്സാഹിപ്പിക്കുന്നവരാണ് അവരിൽ പലരും. കൊണ്ട് വരുന്ന മെഡലുകളും മറ്റും തൂക്കിയിടാൻ ഒരു ചുവര് പോലും ഇല്ലാത്തവർ.... ഇത്രയേറെ കഷ്ടപ്പാടുകളിൽ നിന്നും വരുന്ന അവർക്ക് അതിലും വലിയ കഷ്ടപ്പാടുകളാണ് അധികാരപ്പെട്ടവരും മറ്റും പലപ്പോഴും ഒരുക്കി കൊടുക്കുന്നത്.... അതിനെയൊക്കെ തരണം ചെയ്ത് അവര് വിജയത്തിന്റെ കൊടി പാറിച്ചാലും പണത്തിന്റെ മുകളിൽ ആ പതാക പാറില്ല.... അർഹിച്ച സ്ഥാനങ്ങളും മറ്റും കാശിന്റെ പേരിൽ മറിഞ്ഞ് അർഹതയില്ലാത്തവരുടെ കൈയ്യിൽ ഒട്ടും കഷ്ടപ്പെടാതെ എത്തും.... ഈ കാര്യങ്ങൾ ഒക്കെ പലപ്പോഴും വാർത്തകളിലും മറ്റും നമ്മൾ കാണാറുള്ളതുമാണ്. ഇത്തരം അഗ്നി പരീക്ഷകളെ നേരിടുന്ന കായിക പ്രതിഭകൾക്കുള്ള ഊർജ്ജമാണ്.... ആവേശമാണ്.... പ്രചോദനമാണ്.... കരുത്താണ് അവർക്ക് വേണ്ടിയുള്ള ശബ്ദമാണ് ഫൈനൽസ് എന്ന സിനിമ. ഈ പറഞ്ഞ സകല വില്ലന്മാർക്കുമുള്ള നല്ല അസ്സൽ പ്രഹരവും.

    Arun Pr ഏവരുടേയും മനസ്സിൽ ആഴ്ന്നിറങ്ങും വിധമാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്.... ശക്തമായ തന്റെ രചനയെ അദ്ദേഹം മികച്ച രീതിയിൽ തന്നെ അണിയിച്ചൊരുക്കിയിട്ടുണ്ട്.... ഒരു നവാഗത സംവിധായകന്റെ പതർച്ചയേതുമില്ലാതെയാണ് അദ്ദേഹം ചിത്രം ഒരുക്കിയിരിക്കുന്നത്.

    Sudeep Elamon.... ഈ ചിത്രത്തിലെ ഹീറോ ശരിക്കും ഇദ്ദേഹമാണ്..... കാരണം ക്യാമറ കൊണ്ട് ഈ മനുഷ്യൻ എന്തൊക്കെ മാജിക്ക് ആണ് കാണിച്ചു വെച്ചിരിക്കുന്നത് എന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ.... പല ഷോട്ടുകളും കണ്ടിട്ട് വായും പൊളിച്ച് ഇരുന്നു പോയി.... കട്ടപ്പനയുടേയും വാഗമണിന്റേയുമെല്ലാം സൗന്ദര്യം മുക്കും മൂലയും വിടാതെ ഒപ്പിയെടുത്ത് വെച്ചത് ഒരു ഭാഗത്ത്‌..... മനുഷ്യന്റെ കിളി പറത്തുന്ന ടൈപ്പ് ഷോട്ടുകൾ മറ്റൊരു ഭാഗത്ത്‌.... ശരിക്കും ഞെട്ടിച്ച ഛായാഗ്രഹണം..... മലയാള സിനിമയിൽ ക്യാമറ കൊണ്ട് ഇദ്ദേഹം പല അത്ഭുതങ്ങളും കാണിക്കും തീർച്ച. മനോഹരം, ഗംഭീരം എന്നീ വാക്കുകളൊന്നും പോരാ അദ്ദേഹത്തിന്റെ വർക്കിനെ വർണ്ണിക്കാൻ.

    Kailas Menon.... മനോഹരമായ ഗാനങ്ങളും ചിത്രത്തിനോട് ഏറെ ചേർന്ന് നിൽക്കുന്ന പശ്ചാത്തല സംഗീതവും ഒരുക്കി ചിത്രത്തെ പ്രേക്ഷകനിലേക്ക് അടുപ്പിച്ചതിൽ കൈലാസിന്റെ പങ്ക് വളരെ വലുതാണ്.

    Jith Joshie മികച്ച രീതിയിൽ തന്നെ ചിത്രത്തെ ഒതുക്കി ചേർത്ത് വെച്ചിട്ടുണ്ട്....

    Rajisha Vijayan.... രജിഷയുടെ ഗംഭീര പെർഫോമൻസ് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകകളിലൊന്ന്.... ആലീസ് എന്ന കഥാപാത്രമാകാൻ വേണ്ടി.... അതിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ആ കഥാപാത്രം എന്തൊക്കെ ത്യാഗങ്ങളാണോ സഹിക്കുന്നത് അതിന് സമാനമായി തന്നെ രജിഷയും ഒരുപാട് വേദനകൾ അനുഭവിച്ചിട്ടുണ്ട്.... ഷൂട്ടിങ് സമയത്ത് പറ്റിയ അപകടങ്ങളും മറ്റും അതിന് ഉദാഹരണങ്ങൾ.... ആ കഷ്ടപ്പാടുകളുടെ ഫലമാണ് ആലീസ് എന്ന കഥാപാത്രത്തെ പ്രേക്ഷകന് പ്രിയപ്പെട്ടതാക്കുന്നത്.... രജിഷ സഹിച്ച വേദനകളാണ് ആ കഥാപാത്രത്തിന്റെ തിളക്കം.... ക്വാളിറ്റി..... ശരിക്കും മനസ്സറിഞ്ഞു അഭിനന്ദിക്കേണ്ട ഒരു കലാകാരി. ഇങ്ങനെയൊക്കെ കഥാപാത്രങ്ങൾക്ക് വേണ്ടി റിസ്ക് എടുക്കുന്ന കലാകാരന്മാർ ചുരുക്കമേ കാണൂ.... ആലീസ് രജിഷയുടെ അഭിനയ ജീവിതത്തിൽ എന്നും തിളങ്ങി നിൽക്കുന്നൊരു കഥാപാത്രം തന്നെയായിരിക്കും.

    Suraj Venjaramoodu.... വർഗ്ഗീസ് മാഷ് ആയി ജീവിക്കുകയായിരുന്നു എന്ന് വേണം പറയാൻ.... ആദ്യാവസാനം മറ്റുള്ളവരെ നിഷ്പ്രഭമാക്കി സ്കോർ ചെയ്ത കഥാപാത്രം.... കണ്ണെടുക്കാതെ നോക്കിയിരുന്നു പോകുന്ന പ്രകടനം..... അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിൽ മുൻപന്തിയിൽ തന്നെയാണ് വർഗ്ഗീസ് മാഷിന് സ്ഥാനം.

    Niranj.... മാനുവൽ എന്ന കഥാപാത്രത്തെ മോശമാക്കാതെ അവതരിപ്പിച്ചിട്ടുണ്ട് നിരഞ്ജ്.... പാളിപ്പോയാൽ സിനിമയുടെ ഗതി തന്നെ മാറ്റാൻ കഴിവുള്ളൊരു കഥാപാത്രത്തെ പക്വതയോടെ തന്നെ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത കഥാപാത്രമാണെന്ന് വ്യക്തം.

    Tini Tomന്റെ തോമസ് Sona Nairടെ മിനി Kunchanന്റെ അസീസ് Nisthar Ahammedന്റെ രാമ ശേഷൻ Muthumaniയുടെ വർധ Maniyanpilla Rajuവിന്റെ ശിവശങ്കര പിള്ള തുടങ്ങിയ കഥാപാത്രങ്ങളും പ്രകടനം കൊണ്ട് മികച്ചു നിന്നു. മറ്റുള്ള അഭിനേതാക്കളും തങ്ങളുടെ റോളുകളോട് നീതി പുലർത്തിയിട്ടുണ്ട്.

    ചിത്രത്തിലെ മേക്കപ്പ് മാൻ വലിയ രീതിയിൽ തന്നെ അഭിനന്ദനങ്ങൾ അർഹിക്കുന്നു പ്രത്യേകിച്ച് രണ്ടാം പകുതിയിലെ രജിഷയുടെ രംഗങ്ങളിൽ എല്ലാം.....

    ആലീസ് എന്ന കഥാപാത്രത്തിലൂടെ അരുൺ പറയുന്നത് ഒരുപാട് ആലീസുമാരുടെ അനുഭവങ്ങളാണ്..... അതിലൂടെ കാണിച്ചു തരുന്നത് അവരുടെ കഷ്ടപ്പാടുകളാണ്.... ജീവിതാവസ്ഥകളാണ്..... അവർക്ക് വേണ്ടിയുള്ള ശബ്ദമാണ് ഫൈനൽസ്. ആളുകളുടെ മനസ്സിലേക്ക് പെട്ടന്ന് ഇറങ്ങി ചെല്ലാൻ കഴിവുള്ള മാധ്യമമാണ് സിനിമ.... ഇത്തരത്തിലുള്ള സമൂഹത്തിലെ അവസ്ഥകൾ ജനങ്ങളിലേക്ക് എത്തിക്കാൻ സിനിമയേക്കാൾ നല്ലൊരു ഓപ്ഷൻ വേറെയില്ല..... വെറുമൊരു ഉപദേശമാക്കാതെ ഒരു ഡോക്യുമെന്ററിയായി പോകാതെ ആളുകൾക്ക് ദഹിക്കുന്ന രീതിയിൽ അവരെ പിടിച്ചിരുത്തുന്ന തരത്തിൽ സിനിമ ഒരുക്കാൻ കഴിഞ്ഞാൽ പെട്ടന്ന് തന്നെ അത് ചർച്ചാ വിഷയമാകും. ഒരാളെങ്കിൽ ഒരാൾ പ്രതികരിച്ചാൽ.... മാറി ചിന്തിച്ചാൽ അത് തന്നെയാണ് ഏറ്റവും വലിയ വിജയവും. ആ ഉദ്യമത്തിൽ അരുൺ പരിപൂർണ്ണമായി വിജയിച്ചു എന്ന് നിസ്സംശയം പറയാം.

    പതിയെ പറഞ്ഞു പോകുന്നൊരു കഥയാണ് ഫൈനൽസിന്റേത്. ഹൃദയഹാരിയായ ഒരുപാട് മുഹൂർത്തങ്ങളാൽ സമ്പന്നം.... ആവേശമുണർത്തും എന്നൊക്കെ പറയുമ്പോൾ എല്ലാവരും ഭയങ്കര വേഗത്തിൽ കഥപറയുന്നൊരു സിനിമയാണ് എന്ന് കരുതരുത്.... പതിയെ താളത്തിൽ പറഞ്ഞു പോകുന്ന ശൈലിയാണ് സിനിമയ്ക്ക്.... ആ മെല്ലെ പറച്ചിലാണ് അതിന്റെ ഏറ്റവും വലിയ സൗന്ദര്യം. ആലീസിന്റേയും മാനുവലിന്റേയും സ്വപ്‌നങ്ങളും പ്രണയവും വീഴ്ച്ചകളും പോരാട്ടവും അതിജീവനവുമെല്ലാം ഒരു സ്ലോ പോയ്സൺ പോലെ പ്രേക്ഷകനിലേക്ക് കുത്തിയിറക്കുകയാണ് അരുൺ ചെയ്തിരിക്കുന്നത്.... സിനിമ കഴിയുമ്പോഴേക്കും പ്രേക്ഷകൻ അതിൽ ലയിച്ചു ചേർന്നിട്ടുണ്ടാവും. ക്ലൈമാക്സ്‌ രംഗങ്ങളും മറ്റും സിനിമാറ്റിക്ക് ആയിട്ടാണ് പറഞ്ഞിരിക്കുന്നത് എങ്കിലും മോശം എന്ന് തോന്നാത്ത തരത്തിൽ വിശ്വസനീയമായ രീതിയിൽ തന്നെ പ്രേക്ഷകനിലേക്ക് എത്തിക്കാൻ അരുണിന് സാധിച്ചിട്ടുണ്ട്. അതിനുള്ള വിത്ത് അദ്ദേഹം തുടക്കത്തിൽ തന്നെ പാകിയിരുന്നു എന്ന് വേണം പറയാൻ. മാധ്യമങ്ങളുടെ ഇരട്ടത്താപ്പിന് എതിരേയും അരുൺ ശക്തമായ പ്രഹരം നൽകിയിട്ടുണ്ട്.... ഒരു തെറ്റായ വാർത്ത നൽകാൻ അവര് കാണിക്കുന്ന ആവേശം അത് തെറ്റാണ് എന്നറിഞ്ഞാൽ തിരുത്താൻ അവര് കാണിക്കാറില്ല.... അതുമൂലം തകർന്ന ഒരുപാട് കുടുംബങ്ങൾ.... കലാകാരന്മാർ.... കായിക പ്രതിഭകൾ എല്ലാം നമുക്കിടയിലുണ്ട്.... അതിനെതിരെയെല്ലാം അരുൺ തന്റെ പേന പടവാളാക്കിയിട്ടുണ്ട്.

    ഏതൊരു കായിക താരത്തിനും ആവേശവും പ്രചോദനവും ഊർജ്ജവും കരുത്തും ആയിരിക്കും ഈ ചിത്രം.

    ഫൈനൽസ് ഒരു ഓർമ്മപ്പെടുത്തലാണ്.... സമൂഹത്തിന് നേരെ തിരിച്ചു വെച്ചൊരു കണ്ണാടിയാണ്.... പലർക്കുമുള്ള മുഖമടച്ചുള്ള പ്രഹരമാണ്..... നമ്മുടെ അഭിമാനങ്ങളായവർക്ക് വേണ്ടിയുള്ള ശബ്ദമാണ്.

    എന്നെ സംബന്ധിച്ച് ഫൈനൽസ് ഒരു അറിവാണ്.... ആവേശമാണ്.... തിരിച്ചറിയലാണ്.... പ്രചോദനമാണ്....

    അവസാനം ഷൈനി സൈലസ് എന്ന വിടരും മുൻപേ കൊഴിഞ്ഞുപോയ റിയൽ ലൈഫിലെ ആലീസിനുള്ള സമർപ്പണമാണ്.... അവരുടെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ചെയ്ത ചിത്രമാണ് എന്ന് അറിഞ്ഞപ്പോൾ അറിയാതെ തന്നെ കണ്ണ് നനഞ്ഞു.... കൈകൂപ്പി..... പ്രിയപ്പെട്ട അരുൺ ഇത്തരമൊരു അനുഭവം ഒരുക്കി തന്നതിന്.... പലതിൽ നിന്നും ഉണർത്തിയതിന്.... മനസ്സിൽ മാറാല പിടിച്ചു കിടന്നിരുന്ന ചില മറകൾ നീക്കി തന്നതിന്.... ഒരുപാട് അറിവുകൾ പകർന്നു തന്നതിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി.... ഇങ്ങനൊരു വിഷയം മനോഹരമായൊരു ദൃശ്യാനുഭവമാക്കിയതിന് എഴുന്നേറ്റ് നിന്ന് കൊണ്ട് താങ്കൾക്കൊരു സല്യൂട്ട്. ❤️

    ഫൈനൽസ്..... സാധാരണക്കാരന്റെ ശബ്ദമായി.... ആവേശമുണർത്തി പ്രചോദനമായി കരുത്ത് പകർന്നു തരുന്നൊരു ഹൃദയഹാരിയായ ദൃശ്യാനുഭവം.

    ഇത്തരം കലാസൃഷ്ടികൾ ഒക്കെ തിയ്യേറ്ററിൽ നിന്ന് തന്നെ കാണണം.... വലിയ വിജയമാകണം.....

    ഓണം റിലീസുകളിലെ ഏറ്റവും മികച്ച സിനിമ....

    (അഭിപ്രായം തികച്ചും വ്യക്തിപരം )

    Rajisha Vijayan Niranj Kailas Menon Muthumani Somasundaran ❤️❤️
     
    David John likes this.
  2. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
    Adhipan likes this.

Share This Page