ഏതാണ്ട് രണ്ട് കൊല്ലം മുന്‍പ് ആസിഫ് അലി, രമ്യ കൃഷ്ണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി അനൗണ്‍സ് ചെയ്ത സിനിമയാണ് ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി. നവാഗതനായ മനോജ് പുലാടന്‍ സംവിധാനം ചെയ്ത ഈ സിനിമ പിന്നീട് ഇത് താന്‍ടാ പോലീസ് എന്ന് നാമകരണം ചെയ്ത് രമ്യാകൃഷ്ണനു പകരം അഭിരാമിയുമായി റിലീസ് ചെയ്തു. ജനനി അയ്യര്‍, സജനി മഠത്തില്‍, സുനില്‍ സുഗത, സുധീര്‍ കരമന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. കഥ ഏലത്തൂര്‍ എന്ന ഗ്രാമത്തിലെ വനിത പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടാണ് ഈ കഥ നടക്കുന്നത്. അവിടുത്തെ എസ് ഐ ആണ് അരുന്ധതി വര്‍മ്മ. ആളു ഭയങ്കര സ്റ്റ്രിക്ടാണ് അതു കൊണ്ട് തന്നെ സ്ഥലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമൊക്കെ ഒരു തലവേദനയുമാണ്. 6 മാസമായി ആ സ്റ്റേഷനില്‍ ഒരു ഡ്രൈവര്‍ ഇല്ല. അവിടേയ്ക്ക് പുതിയതായി എത്തുന്ന ഡ്രൈവര്‍ ആണ് രാമകൃഷ്ണന്‍. പുള്ളി ഒരു മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആണ്. ആദ്യം കിട്ടുന്ന ജോലിക്ക് പോണം എന്ന അമ്മയുടെ ആഗ്രഹം നിറവേറ്റാനായി പോലീസ് ജോലിയ്ക്ക് ചേര്‍ന്നതാണ് രാമകൃഷണന്‍. മെട്രോ റെയില്‍ ഉപദേഷ്ടാവ് മുകുന്ദന്‍ മേനോനും കുടുംബവും ഏലത്തൂര്‍ സ്റ്റേഷന്‍ പരിധിയിലാണ് താമസിക്കുന്നത്. അവര്‍ക്ക് നക്സല്‍ ഭീഷണിയുള്ളത് കൊണ്ട് അവരുടെ സംരക്ഷണ ചുമതലയും രാമകൃഷ്ണനുണ്ട്. അരുന്ധതി വര്‍മ്മയെ എങ്ങനെ ഒതുക്കണം എന്ന് സ്ഥലം സി ഐയും എക്സ് എം എല്‍ എയും കൂടി ആലോചിച്ച് പദ്ധതികള്‍ തയ്യാറാക്കുന്നു. അതനുസരിച്ച് അവര്‍ കരുക്കള്‍ നീക്കുന്നു. അതില്‍ നിന്ന് രാമകൃഷ്ണന്‍ എങ്ങനെ അരുന്ധതി വര്‍മ്മയെ രക്ഷിക്കുന്നു എന്നതാണ് സിനിമയുടെ ബാക്കി പത്രം. വിശകലനം ആസിഫ് അലി നായകനായി അഭിനയിച്ച സിനിമകള്‍ പരിശോധിച്ചാല്‍ ഒരു കാര്യം മനസ്സിലാവും. ഭൂരിഭാഗവും നിര്‍ഗുണ സിനിമകളാണ്. ആര്‍ക്കും ഒരു ഗുണവും ദോഷവും ഇല്ലാതെ കടന്നു പോകുന്ന സിനിമകള്‍. അങ്ങനെ സിനിമ നിര്‍മ്മിച്ച് നിര്‍മ്മാതക്കള്‍ക്ക് മടുത്തത് കൊണ്ടാവണം ഇപ്പോ ആസിഫ് തന്നെ സ്വയം നിര്‍മ്മാതാവിന്റെ റോളില്‍ ഇറങ്ങുന്നത്. ഏതായാലും ഇത് താന്‍ടാ പോലീസിന്റെ ഹതഭാഗ്യനായ നിര്‍മ്മാതാവിനു രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ സിനിമ വെളിച്ചം കാണാനുള്ള ഭാഗ്യമെങ്കിലും ഉണ്ടായി. ഒരു വനിത കോളേജിലേക്ക് ഒരു ആണ്‍കുട്ടി പഠിക്കാന്‍ വരുന്നു എന്ന കൗതുകകരമായ വാര്‍ത്തയുടെ അതേ രസം ഒരു വനിത പോലീസ് സ്റ്റേഷനില്‍ ചാര്‍ജ് എടുക്കാന്‍ വരുന്ന പോലീസുകാരന്‍ എന്ന വാര്‍ത്തയ്ക്കുമുണ്ട്. എന്നാല്‍ ആ രസത്തെ ഒരു നല്ല സിനിമയാക്കാന്‍ വേണ്ട ഒരു ശ്രമവും സംവിധായകന്റെ ഭാഗത്ത് നിന്നുണ്ടായില്ല എന്ന് വേണം പറയാന്‍. മനോഹരമായ ലൊക്കേഷനുകള്‍ ഉണ്ടെങ്കിലും അതില്‍ മനസ്സിനിണങ്ങുന്ന സീനുകള്‍ ചിത്രീകരിക്കുന്നതില്‍ ഛായാഗ്രാഹകനു പാളിച്ച പറ്റി. വെറുതെ ഒരു സീരിയല്‍ എടുക്കുന്നത് പോലെ ഒരു സിനിമ ഉണ്ടാക്കി വെച്ചതിലഭിനയിക്കാന്‍ ആസിഫ് അലി, അഭിരാമി പോലെയുള്ളവര്‍ കാണിച്ച തൊലിക്കട്ടി അപാരം തന്നെ. സജിത മഠത്തില്‍ പോലെയുള്ള അഭിനേതാക്കള്‍ വരെ ഈ വേഷം കെട്ടലിനു ഭാഗമാവാന്‍ തയ്യാറായി എന്നതിലാണു അത്ഭുതം. ആര്‍ക്കോ വേണ്ടി എന്തിനോ വേണ്ടി എടുത്ത പോലെ ഒരു സിനിമ. അതില്‍ കുറച്ച് പാട്ടും വളിച്ച കോമഡിയും. ഇനിയെങ്കിലും ഇതു പോലെയുള്ള സിനിമകളില്‍ അഭിനയിക്കുന്നത് അവസാനിപ്പിച്ചു കൂടെ ആസിഫ് അലി സാര്‍. അതല്ലങ്കില്‍ തിയറ്ററില്‍ റിലീസ് ചെയ്യുന്നത് അവസാനിപ്പിച്ച് ഡിവിഡി / ടെലിവിഷന്‍ റിലീസ് നടത്തണം. സഹിക്കാന്‍ പറ്റാത്തോണ്ടാ..!! പ്രേക്ഷക പ്രതികരണവും ബോക്സോഫീസ് സാധ്യതയും കുറച്ച് കാലം മുന്‍പ് വരെ ഈ സിനിമയെ കുറിച്ച് പറഞ്ഞ് കേട്ടത് ഇത് ആസിഫ് അലിക്ക് പോലും താല്പര്യമില്ലാത്ത ഒരു സിനിമ ആണെന്നാണ്. അങ്ങനെയൊരു സിനിമക്ക് എന്ത് പ്രതികരണം എന്ത് സാധ്യത. റേറ്റിംഗ്: 1/5 അടിക്കുറിപ്പ് സിനിമ മുഴുവനായും കണ്ട് കഴിഞ്ഞ് സ്ക്രീനില്‍ നോക്കി പ്രേക്ഷകര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്നെ... എന്നെ കൊല്ലാതിരുന്നു കൂടെ....!!!!