അടുത്തിടെ ഇറങ്ങിയ നിവിൻ പോളി സിനിമകളെല്ലാം വളരെ നിലവാരം പുലർതിയവയായിരുന്നു.എങ്കിലും ഈ സിനിമയ്ക്കുള്ള പ്രതീക്ഷയ്ക്കുള്ള മാറ്റ് കൂട്ടിയത് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്നു എന്ന കാര്യമാണ്. ഒരു കുടുംബ ചിത്രമാണ് എന്ന കാര്യം വിളിച്ചോതുന്ന തരത്തിലുള്ള ട്രൈലറും പോസ്ടരുകളും ആണ് അണിയറക്കാർ പുറത്തുവിട്ടിരുന്നത്.അത് അന്വർത്ഥമാക്കും വിധമാണ് സിനിമയുടെ കഥയും.. ഇത് ജേക്കബിന്റെ(രഞ്ജി പണിക്കർ ) കുടുംബത്തിന്റെ കഥയാണ് . (ഓരോരുത്തരുടെയും സ്വർഗ്ഗം അവരവരുടെ കുടുംബം തന്നെയാണ് എന്ന സന്ദേശം സിനിമയിൽ പ്രതിപാദിക്കുന്നുമുണ്ട്). ജേക്കബിന്റെ മൂത്തമകൻ ജെറിയായി നിവിൻ പോളിയും രണ്ടാമത്തെ മകൻ എബിനായി ശ്രീനാഥ് ഭാസിയും എത്തുന്നു.ജേക്കബിന്റെ ഭാര്യയുടെയും ഇളയ മക്കളായ അമ്മു,മുത്ത് എന്ന് വിളിക്കുന്ന കൃഷിന്റെയും കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് പുതുമുഖങ്ങളാണ് . ജേക്കബിന്റെ പ്രധാന കൂട്ട് മൂത്തമകൻ ജെറിയായിട്ടാണ്. അദ്ധേഹത്തിന്റെ ഉപദേശങ്ങളും കാഴ്ചപ്പാടുകളും എല്ലാം മൂത്തമകൻ ജെറിയിൽ ഇടയ്ക്കിടെ പകർന്നുകൊടുക്കുന്നു.എല്ലാ കഥകളിലെയും പോലെ ആദ്യപകുതിയുടെ പകുതി വരെ സന്തുഷ്ട കുടുംബം . സാമ്പത്തിക മാന്ദ്യത്തെതുടർന്ന് ജേക്കബിന്റെ ജീവിതത്തിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാകുന്നതും അതിൽ നിന്നും ആ കുടുംബം കര കയറുന്നതുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തമെങ്കിലും വളരെ പുതുമയുളവാക്കുന്ന രീതിയിൽ യാതൊരു ക്ലീഷേകളുമില്ലാതെ വിനീത് ഈ സിനിമയും ഗംഭീരമായിത്തന്നെ അവതരിപ്പിച്ചു. ഇതുവരെ ഉത്തരവാദിതത്വങ്ങൾ ഒന്നും ഇല്ലാത്ത അടിപൊളി യുവാവായി തിളങ്ങിയിട്ടുള്ള നിവിൻ പോളിക്ക് ഇത്തവണ ഉത്തരവാദിത്വങ്ങൾ എല്ലാം ഏറ്റെടുക്കേണ്ടി വരുന്ന യുവാവിന്റെ വേഷമാണ് ചെയ്യേണ്ടിവന്നത്.അതിൽ അദ്ദേഹം വിജയിക്കുക തന്നെ ചെയ്തു. എല്ലാ സിനിമകളിലും രഞ്ജി പണിക്കർ തിളങ്ങാറുണ്ട് ഈ തവണയും അത് തന്നെ സംഭവിച്ചു. അദ്ദേഹം ജേക്കബായി ജീവിച്ചു. ശ്രീനാഥ് ഭാസിയുടെയും സായികുമാറിന്റെയും കുറെ കാലത്തിനു ശേഷം കണ്ട മികച്ച കഥാപാത്രങ്ങൾ ആയിരുന്നു ഈ സിനിമയിലേത്. പുതുമുഖങ്ങളടക്കം അഭിനയിച്ചവരെല്ലാം നന്നായി ചെയ്തിട്ടുണ്ട്. പാട്ടുകൾ,ഛായാഗ്രഹണം തുങ്ങിയവയ്ക്കൊക്കെ ഇടാനുള്ളത് ഫുൾ മാർക്ക് മാത്രം. മുഴുവൻ സമയം ചിരിച്ചു ഇളകിമറിഞ്ഞു അല്ലെങ്കിൽ അവിഹിത ഗർഭം പ്ലസ് ബ്ലഡ് ക്യാൻസർ വിത്ത് കരച്ചിൽ ആൻഡ് പിഴിച്ചിൽ കുടുംബ ചിത്രം പ്രതീക്ഷിക്കുന്നവർക്ക് ഇഷ്ടപ്പെടില്ല ഈ ജേക്കബിന്റെ സ്വർഗരാജ്യം. ഈ വിഷുവിനു അൽപ്പം സന്ദേശങ്ങളും മനസ്സിൽ പ്രചോദനം തോന്നിക്കുന്ന അനുഭൂതിയും നൽകുന്ന ഒരു കുടുംബ ചിത്രം കാണാൻ നിങ്ങൾക്കിഷ്ടമാണെങ്കിൽ കാണുക ഈ സ്വർഗ്ഗരാജ്യം ..