Watched Joseph-Man With The Scar മനസ്സിനെ ആഴത്തിൽ സ്പർശിച്ചു കടന്നുപോയൊരു രണ്ടേകാൽ മണിക്കൂർ.... വളരെ വൈകാരികമായി മനസ്സിനെ സ്പർശിച്ചൊരു മനോഹരമായ ദൃശ്യാനുഭവം. ഏതൊക്കെയോ സിനിമകളിൽ പല തരത്തിൽ പറഞ്ഞു പോന്നിട്ടുള്ള ഒരു തീം തന്നെയാണ് ചിത്രത്തിന്റേത് എങ്കിലും (എങ്ങനെയൊക്കെ പറഞ്ഞാലും ആ വിഷയം അത്രമേൽ ശക്തമാണ്) അത് വളരെ വ്യത്യസ്ഥമായി പ്രധാന കഥാപാത്രത്തിന്റെ ജീവിതത്തിന്റെ വൈകാരിക തലങ്ങളിലൂടെ സഞ്ചരിച്ച് അതിഗംഭീരമായി ശക്തമായി പറഞ്ഞിരിക്കുന്നു. സിനിമയേക്കാൾ പതിന്മടങ് വലുതാണ് ജോസഫ് എന്ന കഥാപാത്രം. ജോസഫിലൂടെ തുടങ്ങി ജോസഫിലൂടെ അവസാനിക്കുന്നൊരു ചിത്രം. ചിത്രത്തിന്റെ 99 ശതമാനം ഭാഗങ്ങളിലും നിറഞ്ഞു നിൽക്കുന്നൊരു കഥാപാത്രം. ജോസഫ് ഒരു ഇമോഷണൽ ക്രൈം ത്രില്ലറാണ്. അണിയറയിലേക്ക് വന്നാൽ..... Padmakumar എന്ന പരിചയ സമ്പത്തുള്ള സംവിധായകന്റെ കൈയ്യടക്കമുള്ള മികച്ച നേതൃപാടവം ഈ ചിത്രത്തിൽ കാണാം. ഒരു സംവിധായകൻ എന്ന നിലയ്ക്ക് അദ്ദേഹം എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ട് എന്നതിന്റെ തെളിവാണ് ചിത്രത്തിന്റെ ക്വാളിറ്റി. അദ്ദേഹത്തിന്റെ കരിയർ നോക്കിയാൽ വാസ്തവത്തിന് ശേഷം അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തു വന്നൊരു ശക്തമായ മികച്ച സിനിമ. Shahi Kabirന്റെ വളരെ മികച്ച രചന. അച്ചടക്കമുള്ള മികവേറിയ എഴുത്ത്. Manesh Madhavanന്റെ ഛായാഗ്രഹണത്തെ അതിമനോഹരം എന്നേ വിശേഷിപ്പിക്കാനാകൂ.... ഓരോ ഫ്രെയിമുകളും അതിമനോഹരം. ചിത്രത്തെ മികവുറ്റൊരു അനുഭവമാക്കി മാറ്റിയതിൽ മനേഷിന്റെ ക്യാമറക്കണ്ണുകൾക്കുള്ള പങ്ക് വലുതാണ്. Ranjin Raj മലയാളി ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന "ഒടിയൻ" എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റേതായി ഇറങ്ങിയ ടീസറുകളിൽ ഒന്നിന്റെ bgm ആരാധകർക്കിടയിലും മറ്റും തരംഗമായിരുന്നു. ധാരാ ദേരാ എന്ന് തുടങ്ങുന്ന ആ bgmന്റെ സൃഷ്ടാവിനെ തപ്പി ഇറങ്ങിയപ്പോഴാണ് രഞ്ജിൻ രാജ് എന്ന പേര് ആദ്യമായി കേൾക്കുന്നത്. അന്നേ ഒരു ഉറപ്പുണ്ടായിരുന്നു ഒരുപാട് കഴിവുള്ള ഒരു വ്യക്തിയാണ് ഈ മനുഷ്യൻ..... അദ്ദേഹം വൈകാതെ സ്വാതന്ത്ര സംഗീത സംവിധായകനാകുമെന്ന്. ജോസഫ് എന്ന ചിത്രത്തെ ഇത്രമേൽ വൈകാരികമായി പ്രേക്ഷകനിലെത്തിക്കാൻ സാധിച്ചതിൽ രഞ്ജിന്റെ പാട്ടുകൾക്കുള്ള പങ്ക് വളരെ വലുതാണ്. ചിത്രം കണ്ടതിന് ശേഷം മ്യൂസിക് പ്ലെയറിന് റസ്റ്റ് ഇല്ലാതെ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു ഓരോ ഗാനങ്ങളും. അതിമനോഹരമായ സംഗീതം. Anil Johnson അനിലേട്ടന്റെ പശ്ചാത്തല സംഗീതത്തിന്റെ പ്രത്യേകത അവയെല്ലാം ഒരു ഇന്റർനാഷണൽ ക്വാളിറ്റി ഉള്ളവയായിരിക്കും. ജോസഫിലും അദ്ദേഹം ആ പതിവ് തെറ്റിച്ചിട്ടില്ല. അതി ഗംഭീരമായ പശ്ചാത്തല സംഗീതം. ജോസഫിന്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന ഓരോ അവസ്ഥകളും പ്രേക്ഷകന്റെ മനസ്സിൽ വ്യക്തമായി പതിപ്പിച്ചതിൽ bgmന്റെ പങ്ക് വളരെ വലുതായിരുന്നു. അതി ഗംഭീരമായ പശ്ചാത്തല സംഗീതം. Kiran Dasന്റെ എഡിറ്റിംഗ് ചിത്രത്തിനെ അതിന്റെ പൂർണ്ണതയിലെത്തിച്ചു. ചിത്രത്തോട് വളരെയധികം ചേർന്നു നിന്ന ചിത്രസംയോജനം. Joju george ഈ പ്രകടനത്തെ വർണ്ണിക്കാൻ വാക്കുകളില്ല എപ്പോഴും പറയുന്നത് പോലെ ഒരു ക്ലീഷേ വാചകം കടമെടുത്താൽ ജോസഫ് എന്ന കഥാപാത്രമായി അദ്ദേഹം ജീവിച്ചു എന്ന് തന്നെ പറയാം. ഓരോ നോട്ടത്തിലും ഭാവത്തിലും ചലനത്തിലും എന്തിനേറെ പറയുന്നു ചെറിയ ഞെരക്കങ്ങളിൽ പോലും വളരെ സ്വാഭാവികമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ബുദ്ധിമാനായ പോലീസുകാരൻ ജോസഫ് ആയും സ്നേഹ സമ്പന്നനായ കാമുകൻ ജോസഫ് ആയും ഭർത്താവ് ജോസഫ് ആയും അച്ഛൻ ജോസഫ് ആയും കൂട്ടുകാരൻ ജോസഫ് ആയും. മുരടനായ ജോസഫ് ആയും.... കുടുംബം തകർന്ന് അതിന്റെ വേദനയനുഭവിച്ച് മദ്യത്തിൽ അപയം തേടി നരകിച്ച് ജീവിക്കുന്ന ജോസഫ് ആയും ജോജു പകർന്നാടുകയായിരുന്നു. അനുഗ്രഹീത കലാകാരന്റെ അവിസ്മരണീയ പ്രകടനം. കഥാപാത്രത്തെ അത്രമേൽ ഉൾക്കൊണ്ട് കൊണ്ട് നടത്തിയ പരകായപ്രവേശം. ഏതൊരു അഭിനേതാവും കൊതിക്കുന്ന തരത്തിലുള്ള കഥാപാത്രവും പ്രകടനവും. Dileesh Pothan പീറ്റർ എന്ന കഥാപാത്രമായിട്ടായിരുന്നു പോത്തേട്ടൻ എത്തിയത്. ജോജുവിന്റെ പ്രകടനം മാറ്റി നിർത്തിയാൽ പിന്നീട് സ്കോർ ചെയ്തത് പോത്തൻ ആയിരുന്നു. ചില സ്ഥലങ്ങളിൽ ജോജുവിനേക്കാൾ ഗംഭീരം എന്ന് തന്നെ പറയാം. ശരിക്കും ഞെട്ടിച്ചു അദ്ദേഹം. Sudhhy Kopa ഓരോ സിനിമകൾ കഴിയുന്തോറും ഒരുപാട് ഒരുപാട് മികവേറി വരുന്നൊരു കലാകാരൻ. രൂപത്തിലും പ്രകടനത്തിലുമെല്ലാം ഒരു പൊലീസുകാരനായി മാറി സുധി. Madhuri,Athmiya,Malavika menon,Irshad Ali,James Elia,Jaffar Idukki,Bitto Davis,Jhony Antony, Nedumudi Venu,Idavela Babu, Etc. തുടങ്ങിയ താരങ്ങളുടെ മനോഹരമായ പ്രകടനങ്ങളാൽ സമ്പന്നമാണ് ചിത്രം. എടുത്ത് പറയേണ്ട മറ്റൊരു കാര്യം ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റിനെ പറ്റിയാണ് Roshan Ng ജോസഫിനെ ഇത്ര ഗംഭീരമാക്കിയതിൽ ഇദ്ദേഹത്തിന്റെ പങ്ക് അത്രയേറെ വലുതാണ്. ജോസഫ് എന്താണ് എന്ന് ഒറ്റ നോട്ടത്തിൽ പ്രേക്ഷകന് മനസ്സിലാക്കിച്ചു തരുന്നത് റോഷന്റെ കഴിവ് ഒന്നുകൊണ്ട് മാത്രമാണ്.... അതിഗംഭീരം. ശക്തമായൊരു വിഷയത്തെ വൈകാരികമായി പറഞ്ഞുകൊണ്ട് പ്രേക്ഷകന്റെ മനസ്സിനൊരു ചലനമുണ്ടാക്കാൻ ചിത്രത്തിന് സാധിച്ചു. ജോസഫ് ഒരു ഓർമ്മപ്പടുത്തലാണ്.... ഒരു പാഠമാണ്. സംവിധാനവും രചനയും ഛായാഗ്രഹണവും സംഗീതവും പശ്ചാത്തല സംഗീതവും ചിത്രസംയോജനവും അഭിനേതാക്കളുടെ പ്രകടനവും എന്ന് വേണ്ട ഓരോ വിഭാഗങ്ങളും ഒന്നിനൊന്ന് മികച്ചു നിന്നപ്പോൾ.... ഓരോ വിഭാഗങ്ങളിൽ ഉള്ളവരും തങ്ങളുടെ വ്യക്തിമുദ്ര ശക്തമായി പതിപ്പിച്ചപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് മനോഹരമായൊരു ശക്തമായ ദൃശ്യാനുഭവമാണ്. താരങ്ങളല്ല സിനിമയാണ് താരം എന്ന് ഊട്ടിയുറപ്പിക്കുന്ന മറ്റൊരു ഉദാഹരണം. ഈ ചിത്രം ടോറന്റിൽ വാഴ്ത്തപ്പെടേണ്ട... ഒതുങ്ങിപ്പോവേണ്ട.... ഒന്നല്ല തിയ്യേറ്ററിൽ നിറഞ്ഞ സദസ്സിൽ നിറ കൈയ്യടികളോടെ ശതകം തികയ്ക്കാൻ.... വലിയൊരു വിജയമാകാൻ നൂറ് ശതമാനം അർഹതയുള്ളൊരു സിനിമയാണ്. നിങ്ങൾ താരങ്ങളുടെ മുഖവും പവറും മാത്രം നോക്കി സിനിമയ്ക്ക് കയറുന്ന ആളുകളല്ലെങ്കിൽ.... നല്ല സിനിമ നോക്കി കാണാൻ ശ്രമിക്കുന്ന ആളുകളാണെങ്കിൽ തീർച്ചയായും ഈ ചിത്രം തിയ്യേറ്ററിൽ നിന്നും മിസ്സ് ചെയ്യരുത് അത് നിങ്ങൾക്ക് ഒരു നഷ്ടമായിരിക്കും തീർച്ച. ജോസഫ്..... മനസ്സിനെ എല്ലാ അർത്ഥത്തിലും ആഴത്തിൽ സ്പർശിച്ചൊരു മനോഹരമായ..... ഗംഭീരമായ..... ശക്തമായ.... ദൃശ്യാനുഭവം. (അഭിപ്രായം തികച്ചും വ്യക്തിപരം)