ചാപ്പ കുരിശ്, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്നീ ചിത്രങ്ങൾക്ക് ശേഷം സമീർ താഹിർ സംവിധാനം ചെയ്യുന്ന സിനിമയാണു കലി. യുവാക്കളുടെ ഹരമായ ദുല്ക്കർ സല്മാൻ ആണു ചിത്രത്തിലെ നായകൻ. പ്രേമം നായിക സായ് പല്ലവി കലിയിൽ ദുല്ക്കറിനു ജോഡിയായെത്തുന്നു. രാജേഷ് ഗോപിനാഥൻ തിരകഥ രചിച്ചിരിക്കുന്ന കലിയുടെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഗിരീഷ് ഗംഗാധരനാണു. കഥ സിദ്ധു, സിദ്ധാർഥൻ മൂക്കിന്റെ തുമ്പത്താണു ദേഷ്യം. തൊട്ടതിനും പിടിച്ചതിനുമൊക്കെ പൊട്ടിത്തെറിക്കുന്ന സിദ്ധുവിനെ പ്രേമിക്കാനും ആളുണ്ട്. അഞ്ജലി. അഞ്ജലിക്ക് സിദ്ധുവിന്റെ ഈ ചൂടൻ സ്വഭാവം ഒട്ടും ഇഷ്ട്ടമല്ലെങ്കിലും പതിയെ ശരിയായിക്കോളും എന്ന വിശ്വാസക്കാരിയാണു. ഇവരുടെ പ്രണയത്തിനു വീട്ടുകാർ എതിരാണു. അതു കൊണ്ട് തന്നെ രണ്ടാളും റജിസ്റ്റർ വിവാഹം നടത്തി ഒരുമിച്ച് താമസിക്കുന്നു. സിദ്ധുവിനു ഒരു ബാങ്കിൽ ജോലി കിട്ടുന്നു. സിദ്ധുവിന്റെ മുൻ കോപം പല പ്രശ്നങ്ങൾക്കും വഴി തെളിയിക്കുന്നുണ്ടെങ്കിലും എല്ലാം പരമാവധി അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോകാൻ അഞ്ജലി തയ്യാറാവുന്നു. പതിയെ പതിയെ വീട്ടുകാരുടെ എതിർപ്പ് കുറയുകയും രണ്ട് വീട്ടുകാരും സിദ്ധുവിനോടും അഞ്ജലിയോടും രമ്യതയിലാവുകയും ചെയ്യുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അഞ്ജലിയുടെ അനിയന്റെ വിവാഹ കാര്യങ്ങൾക്കായി അഞ്ജലിയും സിദ്ദുവും അഞ്ജലിയുടെ മസനഗുഡിയിലെ വീട്ടിലേക്ക് പോകുന്നു. ആ യാത്രയ്ക്കിടയിൽ അയാൾ അവരുടെ ജീവിതത്തിലേക്ക് ഒരു നാഷ്ണൽ പെർമിറ്റ് ലോറിയിൽ കടന്നു വരുന്നു...!!! വിശകലനം ആണുങ്ങൾക്ക് പൊതുവേ കോപം കൊടുതലാണു. എന്നാൽ മുൻ കോപികളായ ചിലരുണ്ട്. എന്താണു ശരി എന്താണു തെറ്റ് എന്ന് തിരിച്ചറിയുന്നതിനു മുൻപേ എടുത്ത് ചാടി ദേഷ്യപ്പെടുന്നവർ. അവർക്ക് ദേഷ്യം ഉള്ളിൽ ഒതുക്കാൻ കഴിയില്ല. കോപം എന്നത് ഒരു വികാരം ആണെന്നിരിക്കെ സന്തോഷവും ദുഃഖവും വരുമ്പോൾ അത് പ്രകടിപ്പിക്കുന്നത് പോലെ തന്നെ പ്രകടിപ്പിക്കേണ്ട ഒന്നാണു കോപവും. എന്നാൽ അത് മറ്റുള്ളവരെ മുറിവേല്പ്പിക്കും എന്നുള്ളത് കൊണ്ടാണു മിക്കവരും കോപം ഉള്ളിലൊതുക്കുന്നത്. ഉള്ളിലൊതുക്കാതെ ദേഷ്യം വരുന്ന മുറയ്ക്ക് അത് പ്രകടിപ്പിക്കുന്ന ഒരു നായകന്റെ കഥയാണു കലി പറയുന്നത്. തന്റെ മുൻ കോപം നിയന്ത്രിക്കാൻ പല വഴികളും അയാൾ നോക്കുന്നുണ്ടെങ്കിലും ഒന്നും ഫലവത്താവുന്നില്ല. എന്നാൽ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ അയാൾക്ക് അനുഭവങ്ങളിലൂടെ തിരിച്ചറിവുണ്ടാവുകയാണു. പ്രതികരിക്കേണ്ടതില്ലാത്തതും പ്രതികരിക്കേണ്ടതുമായ സന്ദർഭങ്ങൾ മനസിലാക്കി പെരുമാറണമെന്ന് ജീവിതം അയാളെ പഠിപ്പിക്കുകയാണു. ഇല്ലെങ്കിൽ അതിനു നല്കേണ്ടി വരുന്ന വില വളരെ വലുതാണെന്നും. ഇത്തരമൊരു സന്ദേശം പകരുക എന്ന ലക്ഷ്യമൊന്നും ഈ സിനിമയുടെ അണിയറക്കാർക്ക് ഇല്ലെങ്കിൽ പോലും അറിഞ്ഞോ അറിയാതെയോ പറയാതെ പറഞ്ഞ് പോകുന്നുണ്ട് ഇത് സിനിമയിൽ. അങ്ങനെ ഒരു ശ്രമം നടത്തിയതിൽ കലി ഒരു വിജയമാണു. എന്നാൽ ഒരു ടോട്ടൽ സിനിമ എന്ന നിലയിൽ എല്ലാ തരം ആളുകളെയു ം ആകർഷിക്കാൻ കഴിയുന്നില്ല എന്ന ദുല്കർ സല്മാന്റെ മുൻ ചിത്രങ്ങളുടെ വിധി കലിയിലും ആവർത്തിക്കപ്പെടുന്നു. കേരളത്തിലും കേരളത്തിനു പുറത്തും ഏറ്റവും കൂടുതൽ ആരാധകരുള്ള യുവതാരമാണു ദുല്കർ. ഇന്ന് മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ. ആദ്യ ദിവസം തന്നെ ദുല്ക്കർ സിനിമ കാണാൻ എത്തുന്ന പ്രേക്ഷകരുടെ ശരാശരി പ്രായമെടുത്താൽ അത് 13 വരും. സ്കൂൾ പിള്ളേർ വരെ ഇരമ്പിയാർത്ത് എത്തുന്ന ഇനീഷ്യൽ പവർ. എന്നാൽ ഈ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാൻ തക്കവണമൊരു സിനിമ ഇതു വരെ ദുല്ക്കർ സല്മാനിൽ നിന്നുണ്ടായിട്ടില്ല എന്ന് വേണം പറയാൻ അത്തരമൊരു സിനിമ ഇറങ്ങിയാൽ എല്ലാ ബോക്സോഫീസ് റൊക്കോർഡുകളും പഴങ്കഥകളാകുമെന്നത് വേറെരു വശം. ദുല്ക്കറിന്റെ മാസ്മരിക പ്രകടനം കാണാൻ കാത്തിരുന്ന ആരാധക വൃന്ദം ഇത്തവണയും നിരാശരായി. ആരാധകരെ ഇളക്കി മറിക്കുന്ന ഒന്നും തന്നെ കലി എന്ന സിനിമ മുന്നോട്ട് വെക്കുന്നില്ല. മുൻ കോപിയായ സിദ്ധു എന്ന ചെറുപ്പക്കാരനെ തരക്കേടിലാതെ അവതരിപ്പിക്കുക മാത്രമേ ദുല്ക്കർ ഈ ചിത്രത്തിൽ ചെയ്തിട്ടുള്ളു. ഭാവങ്ങളേല്ലാം പഠിച്ചെടുക്കാൻ വർഷങ്ങൾ ഇനിയുമൊരുപാട് വേണ്ടി വരും. സായ് പലവിയുടെ രണ്ടാമത്തെ ചിത്രത്തിലെ പെർഫോർമൻസ് മോശമായില്ല. ഡബ്ബിംഗിനെ കുറ്റം പറയുന്നവർ മനസ്സിലാക്കേണ്ട കാര്യം അഞ്ജലി ഇതിൽ തമിഴ് മലയാളി ആണു. അപ്പോൾ ആ കഥാപത്രം ഇങ്ങനെയെ മലയാളം പറയു. ഇടവേളയിൽ എത്തുന്നസസ്പെൻസ് കഥാപത്രവും സൗബിനും വിനായകനുമെല്ലാം ശരാശരി പ്രകടനങ്ങളിൽ ഒതുങ്ങി. ആദ്യ പകുതി ക്യാരക്ടർ ബിൽഡ് അപ്പും പ്രത്യേകിച്ച് ഒരു കഥയുമില്ലാതെ മുന്നോട്ട് നീങ്ങി രണ്ടാം പകുതി പ്രേക്ഷകനെ ഒരു നിമിഷം പോലും ശ്വാസം വിടാൻ അനുവദിക്കാതെ സീറ്റിൽ പിടിച്ചിരുത്തുന്ന ഒരു ഒന്നാന്തരം ത്രില്ലറും എന്നായിരിക്കണം അണിയറപ്രവർത്തകർ ഉദ്ദേശിച്ചിരിക്കുന്നത്. എന്നാൽ എല്ലായ്പ്പോഴും എല്ലാ ഉദ്ദേശങ്ങളും അതേ പോലെ നടക്കണമെന്നില്ലല്ലോ. ക്യാമറ മാൻ സംവിധായകനായപ്പോൾ ഉണ്ടാകുന്ന ദൃശ്യ ചാരുത ഈ സിനിമയിൽ കാണില്ല. കാരണം ഇതിലെ ഭൂരിഭാഗവും സീനുകളും നൈറ്റിൽ ആണു ഉള്ളത്. എങ്കിലും ഗിരീഷ് ഗംഗാധരന്റെ ക്യാമറ മുഷിപ്പിക്കുന്നില്ല. തന്റെ മുന്നാമത്തെ ചിത്രത്തിൽ എത്തി നില്ക്കുന്ന സമീറിനു അഭിമാനിക്കാവുന്ന വക നല്കുന്ന ഒരു സിനിമയല കലി. രാജേഷ് ഗോപിനാഥന്റെ ചെറിയ ഒരു ത്രഡിനെ ഒരു മണിക്കൂർ 56 മിനുറ്റുള്ള ഒരു സിനിമയാക്കി മാറ്റാൻ കഴിഞ്ഞെങ്കിലും ഒരു ഗംഭീര സിനിമ എന്ന സങ്കല്പം കാതങ്ങൾക്കും അകലെയായി പോയി. പ്രതീക്ഷകളെ സാധൂകരിക്കാതെ പോയ സിനിമകളുടെ കൂട്ടത്തിൽ എഴുതി ചേർക്കാൻ ഒരു സിനിമ കൂടി. പ്രേക്ഷക പ്രതികരണം മുൻ കോപികൾക്ക് ഈ സിനിമ തീർച്ചയായും ഇഷ്ടപ്പെടും. ഒട്ടും കോപിക്കാൻ അറിയാത്തവർക്കും ഇഷ്ടപ്പെടും. ഇത് രണ്ടുമല്ലാത്തവരുടെ കാര്യമാണു കഷ്ടം. ബോക്സോഫീസ് സാധ്യത ഫേസ്ബുക്കിലുള്ള ദുല്ക്കർ സല്മാന്റെ ലക്ഷക്കണക്കിനു വരുന്ന ആരാധകർ മാത്രം ഒരു തവണ കണ്ടാൽ മതി ഈ സിനിമ ഹിറ്റ് ആവാൻ. ഈ കടുത്ത ചൂടിനെ അവഗണിച്ച് ഫേസ്ബുക്കിൽ നിന്നിറങ്ങി അവർ ഈ സിനിമ കാണുമായിരിക്കും.. ലേ....!!! റേറ്റിംഗ് : 2.5 /5 അടിക്കുറിപ്പ്: മലയാളത്തിൽ മുൻ കോപിയായ ചെറുപ്പക്കാരന്റെ വേഷം അവതരിപ്പിക്കാൻ ഏറ്റവും യോഗ്യനായ നടൻ മമ്മൂട്ടിയുടെ മകനായ ദുല്ക്കർ സല്മാൻ തന്നെയാണു എന്ന് പറയാൻ പറഞ്ഞു