കുറച്ചു കാലമായി മലയാള സിനിമയിൽ മാസ്സ് മസാല സിനിമകൾ റിലീസ് ചെയ്യുന്നത് പണ്ട് കാലത്തെ അപേക്ഷിച്ച് വളരെ കുറവാണ് . കൽക്കി മാസ്സ് മസാല കാറ്റഗറിയിൽ പെടുന്ന തരം സിനിമയാണ് . ഒരു തെലുങ്ക് സിനിമയുടേത് പോലുള്ള ട്രീറ്റ്‌മെന്റാണ് സിനിമയ്ക്ക് നൽകിയിരിക്കുന്നത് . എല്ലാ പോലീസ് സിനിമകളിലെയും പോലെ പ്രശ്നബാധിതമായ ഒരു സ്റ്റേഷൻ പരിധിയിലേക്ക് സ്ഥലം മാറിവരുന്ന ധീരോദാത്തനായ നായകനും അവിടുത്തെ രാഷ്ട്രീയ നേതാവും കച്ചവടക്കാരനും സർവ്വോപരി ക്രൂരനുമായ വില്ലനുമായുള്ള നിരന്തര സംഘട്ടനത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത് . രാഷ്ട്രീയ ആധിപത്യം നേടാൻ വേണ്ടി ഒരു വിഭാഗം ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന പാർട്ടിയാണ് വില്ലന്റെ പാർട്ടി .എവിടെയോ എന്തോ ശിവസേനയ്ക്ക് ഇട്ട് കൊട്ടിയ പോലെ തോന്നിച്ചു . ക്ളീഷേകളൊക്കെ ഇത്തരം സിനിമകളിൽ ഒരുപാട് ഉണ്ടാകും അതൊന്നും സൂക്ഷ്മ ദർശിനി വെച്ച് നോക്കി കണ്ടുപിടിച്ച് വിലയിരുത്തേണ്ട ആവശ്യമുള്ളതായി തോന്നുന്നില്ല . ബോറടിപ്പിക്കാതെ രണ്ടര മണിക്കൂർ ഹീറോയിസവും അടിപൊളി സംഘട്ടന രംഗങ്ങളുമായി സിനിമ മുൻപോട്ട് പോകുന്നുണ്ട് . പോലീസ് വേഷത്തിലുള്ള ടോവിനോ തോമസിന്റെ സ്ക്രീൻ പ്രസൻസ് എടുത്ത് പറയേണ്ട കാര്യമാണ് . അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിയും സംഘട്ടന രംഗങ്ങളിലെ മെയ്‌വഴക്കവും ഗംഭീരമായിട്ടുണ്ട് . സംയുക്ത മേനോന് വില്ലൻ കുടുംബത്തിലെ ഒരംഗം എന്നല്ലാതെ കാര്യമായി ചെയ്യാൻ ഒന്നും ഉണ്ടായിരുന്നില്ല .സൈജുക്കുറുപ്പും നല്ല പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത് ... സിനിമയിലെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് എല്ലാം നാന്നായിട്ടുണ്ടായിരുന്നു . ചുരുക്കി പറയുകയാണെങ്കിൽ , ഒരു പക്കാ തെലുങ്ക് മോഡൽ മാസ്സ് മസാല എന്റെർറ്റൈനർ ആസ്വദിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ധൈര്യമായി ടിക്കറ്റെടുക്കാവുന്ന സിനിമയാണ് കൽക്കി . ഞാൻ അത്തരം സിനിമകൾ ആസ്വദിക്കുന്ന ആളായതിനാൽ എനിക്ക് സിനിമ ഇഷ്ടപ്പെട്ടു ....