Watched Kodathi Samaksham Balan Vakkeel പാതിപോലും വേവിക്കാതെ വിളമ്പിയ അകം പൊള്ളയായ ഒരു മോശം സിനിമാനുഭവം. ബി -ഉണ്ണികൃഷ്ണൻ എന്ന വ്യക്തിയുടെ സംവിധാനത്തിലെ പോരായ്‌മകൾ ഒരുപാട് തവണ കണ്ടറിഞ്ഞിട്ടുള്ളതാണ് എന്നാലും ഉണ്ണികൃഷ്ണനിലെ എഴുത്തുകാരൻ മുഴുവനായിട്ട് ഇല്ലെങ്കിലും എവിടെയൊക്കെയോ മികച്ചു നിൽക്കാറുണ്ടായിരുന്നു ഈ ചിത്രത്തിൽ അതും കണ്ടില്ല എന്ന് സാരം. നല്ലൊരു ത്രെഡിനെ അമ്മാത്ത് നിന്ന് പോന്ന് ഇല്ലത്ത് എത്താത്ത അവസ്ഥയിലാക്കി എഴുതി അതേ രീതിയിൽ തന്നെ അതിനെ സംവിധാനവും ചെയ്തു വെച്ചിട്ടുണ്ട് ഉണ്ണികൃഷ്ണൻ. അദ്ദേഹത്തിന്റെ തന്നെ മുൻ സിനിമകളിലെ പല സീനുകളും കണ്ടുമടുത്ത മറ്റു ചിത്രങ്ങളിലെ പല രംഗങ്ങളും കൂട്ടി കുഴച്ച് വെച്ചിട്ടുണ്ട് ഉണ്ണികൃഷ്ണൻ.നന്നായിട്ട് എഴുതിയിരുന്നേൽ നല്ലൊരു അനുഭവമാക്കി മാറ്റാമായിരുന്ന ഒരു ചിത്രത്തെ ഒരു കൈയ്യടക്കവുമില്ലാതെ രചിച്ച് എടുത്ത് വെച്ചു അദ്ദേഹം. അസഹനീയമായ ആദ്യ പത്തിരുപത് മിനിട്ടുകൾക്ക് ശേഷം ഒന്ന് പിക്കപ്പ് ആയ സിനിമയെ വീണ്ടും കൊണ്ടുപോയി നിലത്തിട്ടു. ക്ലൈമാക്സ് രംഗങ്ങളൊക്കെ കാറ്റുപോയ ബലൂൺ കണക്കാക്കി മാറ്റി കളഞ്ഞു. വീണ്ടും നിരാശമാത്രം സമ്മാനിച്ചു ഉണ്ണികൃഷ്ണൻ. അഖിൽ ജോർജ്ജിന്റെ ഛായാഗ്രഹണവും വലിയ ഇമ്പാക്ട് ഒന്നും ഉണ്ടാക്കാതെ ശരാശരിയിൽ ഒതുങ്ങി. ഷമീർ മുഹമ്മദിന്റെ എഡിറ്റിങ്ങിനും കാര്യമായി സംഭാവനയൊന്നും നൽകാനില്ലായിരുന്നു. ഗോപി സുന്ദറും രാഹുൽ രാജും ചേർന്നൊരുക്കിയ ഗാനങ്ങളിൽ "ബാബുവേട്ടാ" എന്ന് തുടങ്ങുന്ന ഗാനം മാത്രം അസഹനീയമായി തോന്നി."തേൻ പനിമതിയേ" എന്ന ഗാനം മികച്ചു നിന്നപ്പോൾ മറ്റുള്ളവ നിലവാരം പുലർത്തി. പശ്ചാത്തല സംഗീതവും വലിയ മോശമായി ഫീൽ ചെയ്തില്ല. Dileep- വിക്കനായ ബാലൻ വക്കീലിനെ വളരെയധികം തന്മയത്വത്തോട് കൂടി തന്നെ അദ്ദേഹം അവതരിപ്പിച്ചു.... ആ കഥാപാത്രം അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമായിരുന്നു. ചിത്രത്തിലെ പ്രധാന പോസിറ്റീവ് വശങ്ങളിൽ ഒന്ന് ദിലീപ് തന്നെയാണ്. സിദ്ദിഖ് - ചിത്രത്തിൽ ഏറ്റവും കൂടുതൽ സ്കോർ ചെയ്ത കഥാപാത്രം സിദ്ദിഖ് അവതരിപ്പിച്ച ന്യൂ ജൻ ഫാദർ സോമശേഖര പിള്ളയായിരുന്നു. സിദ്ദിഖിന്റെ ഒരു അഴിഞ്ഞാട്ടം തന്നെയായിരുന്നു ചിത്രത്തിലുടനീളം. ഒരുപാട് ചിരിപ്പിച്ചു അദ്ദേഹം. മികച്ച പെർഫോമൻസ്. മംമ്ത മോഹൻദാസ് - അനുരാധയെന്ന കഥാപാത്രം മംമ്തയുടെ കൈകളിൽ ഭദ്രമായിരുന്നു. സുരാജ് വെഞ്ഞാറമൂട്- കുറേ സീനുകളിൽ ചിരിപ്പിച്ചും മറ്റും മികച്ചു നിന്നപ്പോൾ കുറച്ച് സീനുകളിൽ അദ്ദേഹത്തിന്റെ മോശം കാലത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു പ്രകടനം. അജു വർഗ്ഗീസും ഭീമൻ രഘുവും രണ്ട് പേരും സിനിമയിലുടനീളം നന്നായി വെറുപ്പിച്ചു. രഞ്ജി പണിക്കർ, ലെന, സൈജു കുറുപ്പ്, ബിന്ദു പണിക്കർ, കെ. ബി.ഗണേഷ് കുമാർ, രാജേഷ് ശർമ്മ, ഹാരിഷ് ഉത്തമൻ, അർജ്ജുൻ നന്ദകുമാർ, വീണ നായർ, etc..... തുടങ്ങിയവരെല്ലാം തന്നെ നിലവാരമുള്ള പ്രകടനങ്ങൾ കാഴ്ച്ച വെച്ചപ്പോൾ പ്രിയ ആനന്ദ്, കോട്ടയം പ്രദീപ്, തെസ്നി ഖാൻ, സാജിദ് യാഹിയ തുടങ്ങിയവർ അതിന് നേരെ വിപരീതവുമായിരുന്നു.... ചിലർ ഓരോ സീനുകളിൽ ആയിരുന്നെങ്കിൽ പോലും. എന്നെ സംബന്ധിച്ച് ദിലീപിന്റേയും സിദ്ദിഖിന്റേയും പ്രകടനങ്ങൾ ഒഴിച്ച് നിർത്തിയാൽ ഉള്ള് പൊള്ളയായി തോന്നിയ ഒരു മോശം അനുഭവമാണ് ബാലൻ വക്കീൽ. ഉണ്ണികൃഷ്ണൻ അടുത്ത സിനിമ ലാലേട്ടനെ വെച്ചാണെന്ന് കേട്ടു സമയമെടുത്ത് നന്നായി എഴുതി അത് മറ്റാരെക്കൊണ്ടെങ്കിലും സംവിധാനം ചെയ്യിച്ചാൽ അത്രയും നല്ലത്. കോടതി സമക്ഷം ബാലൻ വക്കീൽ പാതിപോലും വേവിക്കാതെ വിളമ്പിയ അകം പൊള്ളയായ ഒരു മോശം സിനിമാനുഭവം. (അഭിപ്രായം തികച്ചും വ്യക്തിപരം)