Watched Koode കഥാപാത്രങ്ങളുടെ "കൂടെ" അവരിലൊരാളായി അവർക്ക് കൂട്ടായി താനറിയാതെ ഒരു മന്ദമാരുതനെപ്പോലെ പ്രേക്ഷകനും സഞ്ചരിച്ചു പോകുന്നൊരു മനോഹരമായ ദൃശ്യാനുഭവം. തിയ്യേറ്ററിൽ നിന്ന് മനസ്സിന്റെ "കൂടെ" ഇറങ്ങിപോന്ന് വല്ലാത്തൊരു ഫീൽ തന്നുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങൾ. ഹൃദയത്തെ വളരെ ആഴത്തിൽ സ്പർശിച്ച.... രണ്ടരമണിക്കൂറു കൊണ്ട് ഒത്തിരി സന്തോഷവും മനസ്സിന് അല്പം നൊമ്പരവും സമ്മാനിച്ച ഏറെ നന്മയുള്ളൊരു ഭംഗിയേറിയ അതിമനോഹര ചിത്രം. Anjali Menon എന്ന സംവിധായികയുടെ കൈയ്യൊപ്പ് വളരെ വ്യക്തമായി പതിഞ്ഞൊരു ചിത്രമാണ് കൂടെ. അതിമനോഹരമായ മേക്കിങ്ങ്. സച്ചിൻ കുണ്ടൽകാർന്റെ കഥയ്ക്ക് അഞ്ജലിയുടെ തൂലികയിൽ പിറന്ന മനോഹരമായ തിരക്കഥയും അതിമനോഹരമായ സംഭാഷണണങ്ങളും. മലയാളിക്ക് അത്രകണ്ട് സുപരിചിതമല്ലാത്തൊരു വിഷയത്തെ.... പുതുമയുള്ളൊരു സബ്ജെക്ടിനെ..... പുതുമകൾ നിറഞ്ഞ മനോഹരമായ തന്റെ സംവിധാന ശൈലിയിലൂടെ അഞ്ജലി മികവുറ്റൊരു സിനിമയാക്കി..... മനോഹരമായൊരു അനുഭവമാക്കി..... അണിയിച്ചൊരുക്കിയിരിക്കുന്നു. അഞ്ജലിയിലൂടെ മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനിക്കാവുന്ന അനവധി മികച്ച ചിത്രങ്ങൾ ഇനിയും പ്രതീക്ഷിക്കാം. Littil Swayamp എന്ന ചെറുപ്പക്കാരന്റെ ഛായാഗ്രഹണം സത്യം പറഞ്ഞാൽ വർണ്ണനകൾക്ക് അതീതമാണ്. "പറക്കാൻ വെമ്പി നിൽക്കുന്ന ഒരു ഭംഗിയേറിയ പക്ഷിക്ക് ലഭിച്ച അതിമനോഹരമായ ചിറകുകൾ" അങ്ങനെയാണ് ഈ സിനിമയിലെ അദ്ദേഹത്തിന്റെ ഛായാഗ്രഹണ മികവിനെ വിശേഷിപ്പിക്കാൻ എനിക്ക് ഇഷ്ടം. ഒറ്റവാക്കിൽ പറഞ്ഞാൽ അവിശ്വസനീയം..... അതിമനോഹരം. Nazriya Nazim ജെന്നിയെന്ന സിനിമയുടെ നട്ടെല്ലായ കഥാപാത്രം എത്രത്തോളം മികവുറ്റതാക്കാൻ പറ്റുമോ അത്രത്തോളം മികവുറ്റതാക്കിയിരിക്കുന്നു. ആ കഥാപാത്രം കൈകാര്യം ചെയ്യുന്നതിൽ തെല്ലൊന്ന് പിഴച്ചിരുന്നെങ്കിൽ ഒരുപക്ഷേ സിനിമയുടെ ഗതി തന്നെ മറ്റൊന്നായേനേ. അവർക്ക് മാത്രം ചെയ്യാൻ സാധിക്കുന്നൊരു കഥാപാത്രം എന്ന് നിസംശ്ശയം പറയാം. തിരിച്ചു വരവിൽ മലയാളിയുടെ മനസ്സിനെ സ്‌നേഹം കൊണ്ട് കീഴ്പ്പെടുത്തിയ ഒരു മികച്ച കഥാപാത്രം സമ്മാനിക്കാൻ ഈ കലാകാരിക്ക് കഴിഞ്ഞിരിക്കുന്നു. ജെന്നി മനസ്സിൽ നിന്നും മായാത്തൊരു താരകമായി തിളങ്ങി നിൽക്കുന്നു. Prithviraj Sukumaran ജോഷ്വാ എന്ന ശക്തമായ കഥാപാത്രം പൃഥ്വിവിയുടെ കൈകളിൽ ഭദ്രമായിരുന്നു. നാളുകൾക്ക് ശേഷം അദ്ദേഹത്തിന്റെ കൈവിട്ടുപോയിരുന്ന ആ മികവേറിയ അഭിനയശൈലി ജോഷ്വായിൽ കാണാനായി. ജോഷ്വായിലൂടെ പറഞ്ഞു പോകുന്ന കഥയിൽ കഥാപാത്രത്തിന്റെ പ്രകടനത്തിൽ ഒരു നാടകീയത കടന്നു വന്നിരുന്നെങ്കിൽ ഒരുപക്ഷേ ഈ ചിത്രം ഇത്രമേൽ ഹൃദയഹാരിയായ ഒരു അനുഭവമായി മാറില്ലായിരുന്നു തീർച്ച. അവിടെ പൃഥ്വിരാജ് എന്ന അനുഭവസ്ഥനായ കലാകാരന്റെ പ്രകടനം എടുത്തുപറയേണ്ട ഒന്നായി മാറുന്നു. Parvathy ദൈർഖ്യം കുറവായിരുന്നെങ്കിലും സോഫി എന്ന കഥാപാത്രം ജെന്നിയോടും ജോഷ്വായോടും ഒപ്പം തന്നെ പ്രാധാന്യമുള്ളൊരു കഥാപാത്രം ആയിരുന്നു. ശക്തമായ മനസ്സിനുടമയും എന്നാൽ മനസ്സിൽ ഒരുപാട് വിങ്ങലുകളുമായി നടക്കുന്ന സോഫിയെന്ന കഥാപാത്രമായി മനോഹരമായ പ്രകടനം തന്നെയാണ് പാർവ്വതി കാഴ്ച്ച വെച്ചിരിക്കുന്നത്. പാർവ്വതിയുടെ പക്വതയാർന്ന പ്രകടനം. Ranjith Balakrishnan ജോഷ്വായുടേയും ജെന്നിയുടേയും പിതാവായ അലോഷി എന്ന കഥാപാത്രം ശ്രീ രഞ്ജിത്ത് അവിസ്മരണീയമാക്കി. മികച്ച ഒരു എഴുത്തുകാരനും മികച്ച ഒരു സംവിധായകനും മാത്രമല്ല മികച്ചൊരു അഭിനേതാവ് കൂടെയാണ് താൻ എന്ന് അദ്ദേഹം ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുന്നു. സ്നേഹനിധിയായ അലോഷി അദ്ദേഹത്തിന്റെ കൈയ്യിൽ ഭദ്രമായിരുന്നു. Maala Parvathi ജോഷ്വാ -ജെന്നി സഹോദരങ്ങളുടെ മാതാവ് ലില്ലിയായി മാല പാർവ്വതി മികച്ചു നിന്നു. Roshan Mathew കൃഷ്ണ എന്ന കഥാപാത്രമായി മിന്നും പ്രകടനം കാഴ്ച്ചവെച്ചിരിക്കുന്നു റോഷൻ. ദേവൻ,പോളി വത്സൻ, ബേസിൽ, പ്രജ്വൽ പ്രസാദ്, വിനോദ് കോവൂർ, സന്തോഷ് കീഴാറ്റൂർ, സജിത മഠത്തിൽ,അതുൽ കുൽക്കർണ്ണി, സിദ്ദാർത്ഥ് മേനോൻ, Etc.... തുടങ്ങിയ അഭിനേതാക്കളെല്ലാം തന്നെ അവരവരുടെ വേഷങ്ങളിൽ മികച്ചു നിന്നു. ജോഷ്വായുടെ (പൃഥ്വിയുടെ) ചെറുപ്പകാലം അവതരിപ്പിച്ച പയ്യന്റെ അഭിനയം എടുത്ത് പറയേണ്ട ഒന്നാണ്. എം.ജയചന്ദ്രനും രഘു ദീക്ഷിതും ചേർന്നൊരുക്കിയ ഗാനങ്ങളെല്ലാം തന്നെ സിനിമയോട് ചേർന്ന് നിൽക്കുന്നവയായിരുന്നു. മനോഹരമായ ഗാനങ്ങൾ. ഒപ്പം രഘു ദീക്ഷിത് ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തോട് നൂറ് ശതമാനം നീതിപുലർത്തി. പ്രവീൺ പ്രഭാകറിന്റെ എഡിറ്റിങ്ങും മികച്ചു നിന്നു. വേഗത കുറഞ്ഞ കഥപറച്ചിൽ മികച്ച ഫീൽ തരുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സിനിമയുടെ കാസ്റ്റിംഗ് എടുത്ത് പറയേണ്ട ഒന്നാണ് നസ്രിയ, പൃഥ്വിരാജ്, പാർവ്വതി, രഞ്ജിത്ത്, Etc. രഞ്ജിത്തിന്റെ കഥാപാത്രം ശരിക്കും അത്ഭുതപ്പെടുത്തി. അദ്ദേഹം ആയതുകൊണ്ടാവാം വല്ലാത്തൊരു പുതുമ തോന്നിയ പ്രകടനം. ടെക്ക്‌നീഷ്യൻസിന്റെ കാര്യമായാലും അങ്ങനെ തന്നെ. എല്ലാ വിഭാഗത്തിലും സംവിധായികയുടെ കൈയ്യൊപ്പും നേതൃപാടവവും വ്യക്തമായി പതിഞ്ഞിരിക്കുന്നു. ജെന്നിയുടേയും ജോഷ്വായുടേയും സോഫിയുടേയും യാത്രയിൽ "കൂടെ" ഒരു മന്ദമാരുതനെപ്പോലെ പ്രേക്ഷകനും അവനറിയാതെ ഓളത്തിൽ മനോഹരമായി പറന്നു നടക്കുന്നൊരു ഹൃദയസ്പർശിയായ ദൃശ്യാനുഭവം. തിയ്യേറ്ററിൽ നിന്ന് ഇറങ്ങിയിട്ടും മനസ്സിന്റെ "കൂടെ" ഇറങ്ങിപ്പോന്ന...... വല്ലാത്തൊരു ഫീൽ തന്നുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങൾ. "കൂടെ" ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റാണ് ഈ ടൈറ്റിൽ. ചിത്രത്തോട് ഇത്രയേറെ ചേർന്നു നിൽക്കുന്നൊരു പേര്. അതെന്ത് കൊണ്ടാണെന്ന് ചിത്രം കണ്ടുകഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകും. ഇത്രയേറെ ഹൃദയഹാരിയായ ഒരു മനോഹര അനുഭവം സമ്മാനിച്ച കൂടെയുടെ അണിയറപ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ നന്ദി. (അഭിപ്രായം തികച്ചും വ്യക്തിപരം)