പ്രശസ്ത സംവിധായകന്‍ ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത സിനിമയാണ് മോഹവലയം. ജോയ് മാത്യു, മൈഥിലി, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. പൂര്‍ണ്ണമായും ബഹറിനില്‍ വെച്ച് ചിത്രീകരിച്ച ആദ്യ മലയാള സിനിമ എന്ന പ്രാധാന്യം ഈ ചിത്രത്തിനുണ്ട്. ഭൂമിയുടെ അവകാശികള്‍ എന്ന സിനിമക്ക് ശേഷം ടി വി ചന്ദ്രന്‍ തിരകഥയെഴുതി സംവിധാനം ചെയ്ത സിനിമയുടെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് രാധാകൃഷ്ണനാണ്. കഥ ജോസ് സെബാസ്റ്റ്യന്‍ എന്ന സംവിധായകന്റെ കഥയാണ് മോഹവലയത്തിലൂടെ പറയുന്നത്. തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം ബഹറിനില്‍ വരുമ്പോളാണ് പ്രമീളയെ പരിചയപ്പെടുന്നത്. പ്രമീള ഒരു നാടക നടിയായിരുന്നു. എന്നാല്‍ വിവാഹശേഷം കുടുബപ്രാരാബ്ന്ധങ്ങള്‍ കാരണം പ്രമീളയ്ക്ക് ബഹറിനിലേക്ക് ജോലിയ്ക്കായി വരേണ്ടിവരുന്നു. ബഹറിനില്‍ ഒരു ഡാന്‍സ് ബാറില്‍ നര്‍ത്തകിയായാണ് പ്രമീളയ്ക്ക് ജോലി ലഭിക്കുന്നത്. ഈ ഡാന്‍സ് ബാറിലെ സന്ദര്‍ശകനായ ജോസ് സെബാസ്റ്റ്യനു പ്രമീളയില്‍ താല്പര്യം ജനിക്കുന്നു. അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പങ്ങളുടെ കഥയാണ് മോഹവലയം പറയുന്നത്. ജോലിയുടെയും വരണ്ട നിയമങ്ങളുടെയും മടുപ്പില്‍ സൌദിയില്‍ നിന്നും ബഹറിനിലേക്ക് ജീവിതം ആഘോഷിക്കാന്‍ എത്തുന്ന മലയാളിയുടെ കഥ കൂടിയാണ് ഈ സിനിമ. വിശകലനം പണ്ടൊരു കാലമുണ്ടായിരുന്നു സംവിധായകന്റെ പേരുനോക്കി തിയറ്ററില്‍ ആളുകയറിയിരുന്ന കാലം. ഐ വി ശശി, ജോഷി, സത്യന്‍ അന്തിക്കാട്, ഷാജി കൈലാസ് മുതല്‍ അമല്‍ നീരദ് വരെ അതിനുദാഹരണങ്ങളാണ്. എന്തിനു പറയുന്നു നമ്മുടെ സാക്ഷാല്‍ വിനയന്‍ വരെ അങ്ങനെ ആളെ കയറ്റിയിട്ടുണ്ട് പലവട്ടം. അന്ന് നായകന്‍ ആരാണെന്നുള്ളത് പ്രസക്തിയേ അല്ലായിരുന്നു. സംവിധായകന്‍ നടന്റെ മുകളില്‍ നിന്നിരുന്ന സുവര്‍ണ്ണ കാലം. എന്നാല്‍ പിന്നീട് കാലം മാറിയപ്പോള്‍ സൂപ്പര്‍ താരങ്ങളുടെ ചുറ്റും മലയാള സിനിമ വട്ടം കറങ്ങാന്‍ തുടങ്ങിയപ്പോള്‍ താരമൂല്യമുള്ള നടന്മാരുടെ സിനിമകള്‍ക്കേ ആളുകയറു എന്ന അവസ്ഥയായി. ഇതില്‍ രക്തസാക്ഷിയായ ഒരുപാട് സിനിമകളുമുണ്ട്. ഇത്രയും പറഞ്ഞ് വന്നത് പ്രേക്ഷകരെ തിയറ്ററിലേക്ക് ആകര്‍ഷിക്കാന്‍ തക്കതായ ഒരു താരവും മോഹവലയത്തിലില്ല. ടി വി ചന്ദ്രന്‍ എന്ന പേരു ന്യൂജനറേഷന്‍ പിള്ളേര്‍ക്ക് അത്രകണ്ട് പരിചയവുമല്ല. അതുകൊണ്ട് തന്നെ മോഹവലയം എന്ന പേരുകേള്‍ക്കുമ്പോള്‍ മലയാളത്തില്‍ വീണ്ടുമൊരു നീലതരംഗത്തിന്റെ ആരംഭമോ എന്ന് ആരെങ്കിലും ചിന്തിച്ചുപോയാലും ആരെയും കുറ്റംപറയാന്‍ പറ്റില്ല. എന്നാല്‍ പ്രേക്ഷക ശ്രദ്ധ കിട്ടാത്ത എന്ന കാരണം കൊണ്ട് തിയറ്ററുകളില്‍ പരാജയപ്പെട്ട് പോകേണ്ട ഒരു സിനിമയല്ല മോഹവലയം. ടി വി ചന്ദ്രന്‍ സമാന്തര സിനിമകളില്‍ തന്റേതായ പാതവെട്ടിതെളിച്ച് യാത്ര തുടങ്ങിയ സിനിമക്കാരന്‍. പൊന്തന്‍ മാട ,ഡാനി, സൂസന്ന തുടങ്ങിയ സിനിമകളിലൂടെ നല്ല സിനിമകളെ സ്നേഹിക്കുന്നവരെ ഏറെ സന്തോഷിപ്പിച്ച ഈ കാലാകാരന്റെ ഏറ്റവും മികച്ച സിനിമകളിലൊന്നായി മോഹവലയത്തെ വിലയിരുത്താം. മൈഥിലിയുടെ അഭിനയ ജീവിതത്തിലെ മനോഹരമായ വേഷമാണ് ഇതിലെ പ്രമീള. ഇത്ര കഴിവുള്ള നടിയെ എന്ത് കൊണ്ട് മലയാള സിനിമ വേണ്ടത്ര പരിഗണിക്കുന്നില്ല എന്നത് ചര്‍ച്ച ചെയ്യപ്പടേണ്ടത് തന്നെയാണ്. ജോസ് സെബാസ്റ്റ്യന്‍ എന്ന സിനിമക്കാരനില്‍ നമുക്ക് പല സംവിധായകരുടേയും ആത്മാവിഷ്ക്കാരം കാണാം. അത്തരമൊരു കഥാപാത്രത്തെ കുറ്റമറ്റതാക്കാന്‍ ഇന്ന് മലയാള സിനിമയില്‍ ജോയ് മാത്യു മാത്രമേ ഉള്ളു എന്നറിയുമ്പോഴാണ് ആ നടന്റെ പ്രസക്തി നാം മനസ്സിലാക്കേണ്ടത്. സിദ്ദിഖ്, ഷൈന്‍ ടോം, രണ്‍ജി പണിക്കര്‍ തുടങ്ങിയ നടന്മാര്‍ തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കിയിട്ടുണ്ട്. ഒരു ടി വി ചന്ദ്രന്‍ സിനിമ എന്ന രീതിയില്‍ വീക്ഷിക്കുമ്പോള്‍ തന്റെ സിനിമകള്‍ ഇഷ്ടപ്പെടുന്നവരെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്താന്‍ മോഹവലയത്തിലൂടെ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. ബഹറിനിലെ മനോഹരമായ ലൊക്കേഷന്‍ എന്ന് അവകാശപ്പെടാനൊന്നുമില്ലെങ്കിലും തിരുവനന്തപുരം എന്ന ജില്ലയുടെ അത്രമാത്രം വലുപ്പമുള്ള ഒരു രാജ്യത്തില്‍ പൂര്‍ണ്ണമായും ചിത്രീകരണം നടത്തുമ്പോള്‍ ഉണ്ടാകുന്ന കുറവുകളെയെല്ലാം അതിജീവിക്കാന്‍ സങ്കേതിക പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പശ്ചാത്തല സംഗീതം അതിന്റെ മികവിന്റെ പാരമത്യത്തില്‍ എത്തി നില്‍ക്കേണ്ടിയിരുന്ന ഒരു സിനിമയില്‍ അത് ശരാശരിയില്‍ ഒതുങ്ങിയത് എടുത്തു പറയേണ്ട ന്യൂനത തന്നെയാണ്. മോഹവലയം ഒരു സമാന്തര സിനിമയാണ് എന്ന ഉത്തമ ബോധ്യത്തോടെ കാണുന്നവര്‍ക്ക് സിനിമയുടെ മന്ദഗതി അലോസരമുണ്ടാക്കില്ല. പക്ഷേ അങ്ങനെ ചിന്തിക്കാതെ ഇരിക്കുന്നവര്‍ക്ക് ഓരോ മിനിറ്റും ഒരോ മണിക്കൂറുകളായി ഇഴഞ്ഞ് നീങ്ങിയേക്കാം. പക്ഷേ ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്ക് വേണ്ടി സിനിമയെടുക്കാത്ത സംവിധായകരില്‍ ഒരാളായ ടി വി ചന്ദ്രനെ സംബന്ധിച്ചിടത്തോളം ഈ സിനിമ തീര്‍ച്ചയായും അഭിമാനാര്‍ഹമായ ഒന്ന് തന്നെയാണ്. പ്രേക്ഷകപ്രതികരണം ഈ സിനിമയുടെ സ്വഭാവം എന്താണെന്ന് മനസ്സിലാക്കി സിനിമ കാണുന്നവര്‍ക്ക് ഒരുപാടൊരുപാടിഷ്ടപ്പെടും. ബോക്സോഫീസ് സാധ്യത 10 ഇല്‍ താഴെ തിയറ്ററുകളില്‍ റിലീസ് ചെയ്തപ്പോഴെ ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒരു ബോക്സോഫീസ് സാധ്യത മുന്നില്‍ കണ്ടിട്ടില്ല എന്ന് വ്യക്തമാണ്. റേറ്റിംഗ്: 3 / 5 അടിക്കുറിപ്പ് തിയറ്ററുകളില്‍ പരാജയപ്പെട്ട് ഡിവിഡി ക്ലാസിക്ക് ആയിമാറുന്ന സിനിമകളുടേ കൂട്ടത്തിലേക്ക് ഒരുസിനിമകൂടി..!! മാറേണ്ടത് പ്രേക്ഷക സംസ്ക്കാരമാണ്...!!