Watched Neerali നീരാളിയുടെ അയഞ്ഞുപോയ പിടുത്തം.... പാതി വെന്ത ഒരു ത്രില്ലെർ. ഒന്ന് രണ്ട് രംഗങ്ങൾ ഒഴിച്ച് നിർത്തിയാൽ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ആദ്യപകുതിയും ഒന്ന് രണ്ട് രംഗങ്ങൾ ഒഴിച്ച് നിർത്തിയാൽ ബോറടിപ്പിക്കുന്ന രണ്ടാം പകുതിയും അക്ഷമനായി കാത്തിരുന്ന പ്രേക്ഷകന് നേരെ അവസാനം കൊഞ്ഞനം കുത്തുന്ന ക്ലൈമാക്സുമാണ് എന്നെ സംബന്ധിച്ച് നീരാളി. അത്യാവശ്യം നല്ല രീതിയിൽ ത്രില്ലടിപ്പിച്ച് ഇരുത്തിയിട്ട് അപ്പൊ തന്നെ ആ മൂഡ് നശിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളും നിറച്ച് പാതി വെന്തൊരു ത്രില്ലർ ആക്കി മാറ്റിക്കളഞ്ഞിരിക്കുന്നു സിനിമ. ലാലേട്ടന്റേയും സുരാജേട്ടന്റേയും പ്രകടനങ്ങളും Stephen Devassyയുടെ ശരാശരിക്ക് മുകളിൽ നിൽക്കുന്ന സംഗീതവും മാത്രമാണ് എടുത്ത് പറയാനുള്ളതായി തോന്നിയിട്ടുള്ളത്. തിരക്കഥയിലെ പോരായ്മ സിനിമയിലുടനീളം നിഴലിച്ചു നിന്നു. സംവിധാനവും, എഡിറ്റിങ്ങും, ഛായാഗ്രഹണവും ശരാശരിയിൽ ഒതുങ്ങി VFX രംഗങ്ങളും മറ്റും നിരാശപ്പെടുത്തി. പാർവ്വതി നായർ, നാദിയ മൊയ്തു, ദിലീഷ് പോത്തൻ, നാസർ, മേഘ്‌ന മാത്യു, Etc.... തുടങ്ങിയ താരനിരയിൽ പാർവ്വതിയുടെ പ്രകടനം ഒഴികെ ബാക്കിയുള്ളവരെല്ലാം തന്നെ തങ്ങളുടെ വേഷങ്ങളോട് നിലവാരം പുലർത്തി. മലയാളത്തിൽ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കഥയാണെങ്കിലും ഒരുപാട് പോരായ്മാകൾ ആ പുതുമയെ ഇല്ലാതാക്കി എന്നുവേണം പറയാൻ. എന്നിലെ പ്രേക്ഷകനെ ഒട്ടും ആസ്വദിപ്പിക്കാൻ കഴിയാതെപോയൊരു സിനിമായാണ് നീരാളി. ഞെട്ടിച്ച ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഫാൻസുകാർക്കിടയിൽപ്പോലും യാതൊരുവിധ പ്രതീക്ഷയും ഇല്ലാതിരുന്നൊരു സിനിമയായിരുന്നു നീരാളി.... അങ്ങനൊരു സിനിമ കാണാൻ വളരെ കുറച്ച് ആളുകളെ മാത്രമേ പ്രതീക്ഷിച്ചുണ്ടായിരുന്നുള്ളൂ ഒന്നാമത് ഇടിച്ചു കുത്തി പെയ്യുന്ന കനത്തമഴയും. പക്ഷേ തിയ്യേറ്ററിലെ കാഴ്ച്ച ശരിക്കും ഞെട്ടിച്ചു. കോഴിക്കോട് കോർണേഷൻ പോലൊരു വലിയ തിയ്യേറ്ററിൽ കനത്ത മഴെയെപ്പോലും വകവെക്കാതെയുള്ള വലിയ ജനക്കൂട്ടം. കനത്തമഴയെ വകവെക്കാതെ ആളുകൾ ക്യു നിൽക്കുന്നു.... ആ വലിയ തിയ്യേറ്ററിലെ ആദ്യ ഷോ തന്നെ ഹൌസ് ഫുൾ. ഞാൻ താഴെ ഇരുന്നായിരുന്നു കണ്ടത്. തിയ്യേറ്റർ സ്റ്റാഫുകളോട് ചോദിച്ചപ്പോൾ ബാൽക്കണിയും ഫുൾ ആണെന്ന് പറഞ്ഞു. "മോഹൻലാൽ" എന്ന പേരുണ്ടെങ്കിൽ സിനിമയുടെ പേരോ അതിന്മേലുള്ള പ്രതീക്ഷ ഇല്ലായ്മയോ ഒന്നും മലയാളിക്കൊരു വിഷയമല്ലെന്ന് ഒന്നൂടെ മനസ്സിലായി. മലയാളികൾക്ക് അവരുടെ "ലാലേട്ടൻ" ആരാണെന്നുള്ളത് വീണ്ടും വീണ്ടും തെളിയിക്കുന്ന കാഴ്ച്ചകൾ. (അഭിപ്രായം തികച്ചും വ്യക്തിപരം )