Watched Njan Prakashan പ്രകാശമേറെയുള്ളവൻ ഈ പ്രകാശൻ. മനസ്സും കണ്ണും നിറച്ച നന്മ നിറഞ്ഞ ഒരു അതിമനോഹര ദൃശ്യാനുഭവം. പ്രകാശന്റെ കൈ നനയാതെ ജീവിക്കാനുള്ള വേലത്തരങ്ങളും അതിൽപ്പെട്ടു പോകുന്ന കുറച്ച് പേരുടെ വെപ്രാളങ്ങളുമായി ചിരിപ്പിച്ചു മുന്നേറിയ ആദ്യപകുതിയും പ്രകാശനെ പ്രകാശമുള്ളവനാക്കിയ അതിമനോഹരമായ രണ്ടാം പകുതിയും.... പ്രകാശൻ ഒരു പാഠമാണ് മനോഹരമായി വായിച്ചു തീർക്കാവുന്ന ഒരു പാഠം..... ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച എന്ന കണ്ണിലെ മഞ്ഞളിപ്പ് മാറ്റാനുള്ള ഒരു മികച്ച പാഠം. Sathyan Anthikad എന്ന ലെജൻഡ് കുറച്ചു കാലങ്ങൾക്ക് ശേഷം തന്റെ പഴയ ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു ശ്രീനിവാസൻ എന്ന മറ്റൊരു ലെജൻഡ് ഒരുപാട് കാലങ്ങൾക്ക് ശേഷം ഏവർക്കും ഇഷ്ടപ്പെടുന്ന തരത്തിൽ തന്റെ പേന ചലിപ്പിച്ചിരിക്കുന്നു. പഴയ ശ്രീനിവാസൻ രചനകളോട് കിടപിടിക്കാനാകുന്നൊരു എഴുത്തൊന്നും അല്ലെങ്കിലും സമീപ കാലത്ത് വന്ന അദ്ദേഹത്തിന്റെ മികച്ച രചന തന്നെയാണ് ഞാൻ പ്രകാശൻ. തന്റെ സ്വസിദ്ധമായ ആക്ഷേപ ഹാസ്യവും സഹപ്രവർത്തകർക്കിട്ടുള്ള തമാശരൂപേണയുള്ള കുഞ്ഞ് കുഞ്ഞ് തലക്കിട്ട് കൊട്ടലുകളും കുറച്ച് തമാശയും അതിലേറെ നന്മയുമുള്ളോരു തിരക്കഥ. ആ കുഞ്ഞു സ്‌ക്രിപ്പിറ്റിനെ ശ്രീ സത്യൻ അന്തിക്കാട് അതിമനോഹരമായി അണിയിച്ചൊരുക്കിയിരിക്കുന്നു. വ്യക്തമായി പറഞ്ഞാൽ ഒരു ശരാശരി തിരക്കഥ തന്റെ സംവിധാന മേന്മ കൊണ്ട് സത്യൻ സർ മികച്ചൊരു ദൃശ്യാനുഭവമാക്കി മാറ്റി എന്ന് വേണം പറയാൻ. കുറച്ചു കാലമായി സത്യൻ സാറിന്റെ സിനിമകളിൽ രണ്ടാം പകുതി കൈവിട്ട് പോകാറായിരുന്നു പതിവ് പക്ഷെ ഇത്തവണ ഏറ്റവും മനോഹരമായത് രണ്ടാം പകുതിയാണ്. വീണ്ടും ഒരു സത്യൻ അന്തിക്കാട് ബ്രില്ല്യൻസ് കാണാനായി. മനോഹരം എന്നേ ആ സംവിധാനത്തെ വിശേഷിപ്പിക്കാനാവൂ. എസ്. കുമാറിന്റെ ക്യാമറക്കണ്ണുകൾക്ക് എന്തോ പ്രത്യേക സൗന്ദര്യം ആയിരുന്നു.... പ്രകാശന്റെ ജീവിതം അത്രമേൽ മനോഹരമായി അദ്ദേഹം ഒപ്പിയെടുത്തിട്ടുണ്ട്. മനോഹരമായ ഛായാഗ്രഹണം. കെ.രാജഗോപാൽ മികച്ച രീതിയിൽ തന്നെ സൗന്ദര്യം ഒട്ടും ചോരാതെ അടുക്കും ചിട്ടയിലും വൃത്തിയായി പ്രകാശനെ കൂട്ടിച്ചേർത്ത് വെച്ചിട്ടുണ്ട്. മികവുറ്റ എഡിറ്റിംഗ്. Shaan Rahman ഒരുക്കിയ ഗാനങ്ങൾ എല്ലാം നിലവാരം പുലർത്തി..... പ്രകാശന് ഏറ്റവും അനുയോജ്യമായ പശ്ചാത്തല സംഗീതവും അദ്ദേഹം ഒരുക്കി. Fahadh Faasil പറയാൻ വാക്കുകളില്ലാത്ത പ്രകടനം.... പ്രകാശനായി ജീവിക്കുകയായിരുന്നു ഫഹദ്. ശരിക്കും വിസ്മയിപ്പിച്ചു എന്ന് തന്നെ പറയാം.... എന്തൊരു മനുഷ്യനാണ് ഇദ്ദേഹം.... ലാലേട്ടന് ശേഷം ഇത്രയും നാച്ചുറലായി അഭിനയിക്കുന്ന ഒരു നടനെ വേറെ കണ്ടിട്ടില്ല.... അഭിനയിക്കുന്ന എന്ന് പറഞ്ഞാൽ അത് വലിയ തെറ്റാവും.... ശരിക്കും ജീവിക്കുകയാണ് അദ്ദേഹം. എടുത്ത് പറയാനാണേൽ സിനിമ മൊത്തം പറയേണ്ടി വരും. തമാശ രംഗങ്ങളിൽ ആണേലും സീരിയസ് രംഗങ്ങളിൽ ആണേലും ശരിക്കും ഞെട്ടിച്ചു ഈ മനുഷ്യൻ.ശ്രീനിവാസൻ സർ ആയിട്ടുള്ള കോമ്പിനേഷൻ സീനുകളെല്ലാം ചിരിയുടെ പെരുമഴയായിരുന്നു. ക്ലൈമാക്സ് രംഗങ്ങളെ പറ്റിയൊന്നും വർണ്ണിക്കാൻ കൈയ്യിൽ വാക്കുകളില്ല.... അത്ഭുത പ്രതിഭ. Nikhila Vimal സലോമിയെന്ന കഥാപാത്രം നിഖിലയുടെ കൈയ്യിൽ ഭദ്രമായിരുന്നു. മനോഹര പ്രകടനം. Anju Kurian ശ്രുതിയെന്ന കഥാപാത്രമായി മികച്ച പ്രകടനമായിരുന്നു അഞ്ജു. ശ്രീനിവാസൻ സർന്റെ കൈയ്യിൽ ഗോപാൽജി സുരക്ഷിതമായിരുന്നു അതിമനോഹര പ്രകടനം. പിന്നെ എടുത്ത് പറയേണ്ടത് "ടീന" എന്ന കഥാപാത്രമായി ജീവിച്ച ആ കുട്ടിയെ പറ്റിയാണ്.... "ദേവിക സഞ്ജയ്" പുതുമുഖത്തിന്റെ യാതൊരു പതർച്ചയും ഇല്ലെന്ന് മാത്രമല്ല ഫഹദ് ഒക്കെയായിട്ട് കട്ടയ്ക്ക് പിടിച്ചു നിന്നു ആ മിടുക്കി കുട്ടി ശരിക്കും അഭിനന്ദനം അർഹിക്കുന്ന പ്രകടനം. കെ.പി.എ.സി.ലളിത, അനീഷ്.ജി.മേനോൻ, വീണ നായർ, സബിത ആനന്ദ്,Etc തുടങ്ങിയ എല്ലാ അഭിനേതാക്കളും തങ്ങളുടെ റോളുകളോട് നീതി പുലർത്തി. സത്യം പറഞ്ഞാൽ എല്ലാവരും ഗംഭീര പ്രകടനങ്ങൾ തന്നെയായിരുന്നു തമ്മിൽ ഒരു മത്സരം പോലെ.... പക്ഷേ പ്രകാശന്റെ 1000 വാട്സ് പ്രകാശമേറിയ പ്രകടനത്തിന് മുൻപിൽ മറ്റുള്ളവരുടെ പ്രകടനങ്ങളുടെ വെളിച്ചം മങ്ങിപ്പോയി എന്നതാണ് സത്യം. സത്യൻ അന്തിക്കാട് - ശ്രീനിവാസൻ കൂട്ടുകെട്ടിലെ ഈ തിരിച്ചു വരവ് വെറുതെയായില്ല.... മലയാളികൾക്ക് ഒരു മനോഹര ചിത്രം കൂടെ ആ കൂട്ടുകെട്ടിൽ നിന്നും ലഭിച്ചിരിക്കുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കണ്ണ് നനയിച്ചും വീണ്ടുമൊരു നന്മ നിറഞ്ഞ അന്തിക്കാടൻ വസന്തം. ആകാശത്ത് നിന്നും താഴെയിറങ്ങി പ്രകാശൻ പ്രകാശമുള്ളവനായപ്പോൾ.... ശരിക്കും മനസ്സറിഞ്ഞു യാന്ത്രികമായാണ് കൈയ്യടിച്ചു പോയത് അത്രയേറെ മികച്ചൊരു മനോഹരമായ ദൃശ്യാനുഭവമാണ് എന്നെ സംബന്ധിച്ച് "ഞാൻ പ്രകാശൻ". പ്രകാശമേറെയുള്ളവൻ ഈ പ്രകാശൻ. (അഭിപ്രായം തികച്ചും വ്യക്തിപരം)