മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടായ പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ഗീതാഞ്ജലിക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ഒപ്പം. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിനു തിരക്കഥ പ്രിയദര്‍ശന്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. നെടുമുടി വേണു , അനുശ്രീ , വിമലരാമന്‍, ബേബി മീനാക്ഷി എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. കഥ ഒപ്പം ജന്മനാ അന്ധനായ ജയരാമന്‍ എന്ന മദ്ധ്യവയസിലേക്ക് കടക്കുന്ന ഒരു യുവാവിന്റെ കഥയാണ്. അന്ധത കാരണം താന്‍ മറ്റുള്ളവര്‍ക്ക് ഒരു ഭാരമായി തീരരുത് എന്ന് നിര്‍ബന്ധ ബുദ്ധി ഉള്ളത് കൊണ്ട് സ്പര്‍ശനം കൊണ്ടും സാമീപ്യം കൊണ്ടും മണം കൊണ്ടുമെല്ലാം കാഴ്ചയുള്ളവരെക്കാള്‍ നന്നായി തിരിച്ചറിവ് ഉണ്ടാക്കാന്‍ ജയരാമന്‍ ചെറുപ്പം മുതലേ പരിശ്രമിച്ച് അതില്‍ വിജയം കണ്ടെത്തിയ ആളാണ്. ഇപ്പോള്‍ പുള്ളിക്കാരന്‍ ഒരു ലിഫ്റ്റ് ഓപ്പറേറ്ററായാണ് ജോലി ചെയ്യുന്നത്. അങ്ങനെയിരിക്കെ ആ ഫ്ലാറ്റിലെ ഒരു കൊലപാതകത്തിനു ജയരാമനു സാക്ഷിയാകേണ്ടി വരുന്നു. കാഴ്ചയില്ലാത്ത ജയരാമന്‍ എങ്ങനെ സാക്ഷിയാകും എന്ന സംശയം ഉയര്‍ന്നു വന്നേക്കാം എന്നുള്ളത് കൊണ്ട് കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പിടിക്കുക എന്ന പൊതു തത്വം പ്രകാരം സംശയത്തിന്റെ മുന ജയരാമനിലേക്ക് നീളുന്നു. തന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് തന്റെ മാത്രം ആവശ്യമായത് കൊണ്ട് കണ്ണില്ലാത്ത ജയരാമന്‍ കണ്ടിട്ടില്ലാത്ത കൊലയാളിയെ കണ്ടു പിടിക്കാനായി ഇറങ്ങുകയാണ്. അതെ എന്റെ ഒപ്പം എല്ലാവരുമുണ്ട്, അവന്റെ ഒപ്പം ഞാനുമുണ്ട്..!!!!!! വിശകലനം. ഒരിക്കലും മടുക്കില്ലാത്ത ഒരുപിടി സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഒരു കൂട്ടുകെട്ട് വീണ്ടുമൊരുമിക്കുമ്പോള്‍ വലിയ ഒരു വിജയം സിനിമ ലോകം പ്രതീക്ഷിക്കുന്നതാണ് പതിവ്. എന്നാല്‍ പ്രിയദര്‍ശന്‍ എന്ന സംവിധായകന്റെ അവസാനത്തെ പടങ്ങളുടെ ഒരു നിലവാരം വെച്ച് അളക്കപ്പെടുമ്പോള്‍ അങ്ങനെയൊരു മിഥ്യാധാരണ സാമാന്യ ബുദ്ധി ഉള്ള ഒരു പ്രേക്ഷകന്‍ വെച്ചു പുലര്‍ത്തില്ല എന്നതാണ് സത്യം. 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ചന്ദ്രലേഖയാണ് ഈ കൂട്ടുകെട്ടില്‍ രസിപ്പിച്ച അവസാനത്തെ സിനിമ എന്നുള്ളപ്പോള്‍ പ്രത്യേകിച്ചും..! എന്നാല്‍ അപ്രതീക്ഷിതം എന്ന് പറയട്ടെ അവിചാരിതം എന്ന് പറയട്ടെ എല്ലാ മുന്‍ വിധികളെയും തകിടം മറിച്ചു കൊണ്ട് ഒപ്പം ഒരു നല്ല സിനിമ ആയി മാറുകയാണ് ഉണ്ടായത്. ഒരു ഓണക്കാലത്ത് വെക്കേഷന്‍ അടിച്ചു പൊളിക്കാന്‍ കുട്ടികളും കുടുബങ്ങളുമൊക്കെയായെത്തി കോമഡി കണ്ട് ആര്‍ത്തുല്ലസിച്ച് കാണാവുന്ന സിനിമ അല്ല ഒപ്പം. ഇതൊരു സസ്പെന്‍സ് ത്രില്ലര്‍ ആണ്. കോമഡിയുടെ ആധിക്യമില്ലാതെ തന്നെ സസ്പെന്‍സ് ചേരുവകള്‍ വേണ്ട രീതിയില്‍ ഉപയോഗിച്ച് പ്രേക്ഷകനെ പിടിച്ചിരുത്താന്‍ ഒപ്പത്തിനു സാധിക്കുന്നു. മോഹന്‍ലാല്‍ എന്ന നടന്റെ പ്രകടനം അന്യഭാഷ മൊഴി മാറ്റ ചിത്രങ്ങളില്‍ കണ്ട് നിര്‍വൃതി അടയാന്‍ വിധിക്കപ്പെട്ട ആരാധകര്‍ക്ക് ഒരു ആഘോഷം തന്നെയാണ് ഈ സിനിമ. തന്റെ കൈയിലെ സ്റ്റോക്ക് തീര്‍ന്നു എന്ന വിമര്‍ശനങ്ങള്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി പ്രിയദര്‍ശന്‍ തിരിച്ചു വന്നിരിക്കുന്നു. പ്രിയദര്‍ശന്റെ മെഗാഹിറ്റ് സിനിമകള്‍ പരിശോധിച്ചാല്‍ തിരക്കഥ രചിച്ചിരിക്കുന്നത് മറ്റ് പലരുമാണ് എന്ന് മനസ്സിലാക്കാം. എന്നാല്‍ തന്റെ സംവിധാന മികവ് കൊണ്ട് ആ ക്രെഡിറ്റും കൂടി സ്വന്തം പേരിലാക്കാന്‍ കഴിവുണ്ടായിരുന്ന ആ വലിയ സംവിധായകന്‍ പിന്നീട് ബോളിവുഡിലേക്ക് ചേക്കേറി മലയാളത്തില്‍ നിന്ന് കോപ്പിയടിച്ച് ഹിന്ദിയില്‍ കൊണ്ട് പോയി അവിടെ നിന്ന് ഇങ്ങോട്ട് കോപ്പി ചെയ്ത് അങ്ങനെ അഴകൊഴമ്പ് പരുവമാക്കിയ നിരവധി സിനിമകളുണ്ട്. അതു കൊണ്ട് തന്നെയാണ് തിരകഥ എഴുതുന്നത് പ്രിയദര്‍ശന്‍ ആയത് കൊണ്ട് സംശയ ദൃഷ്ടിയോടെ എല്ലാവരും വീക്ഷിച്ചത്. എന്നാല്‍ ഒപ്പം സിനിമയുടെ തിരക്കഥ വേറെ ഏതെങ്കിലും സിനിമയുടെ അടിച്ചുമാറ്റല്‍ ആണെന്ന് തെളിയിക്കപ്പെടുന്നത് വരെയെങ്കിലും ഇതൊരു നല്ല സൃഷ്ടി തന്നെയാണ്. മനോഹരമായ ദൃശ്യങ്ങളും ഗാനങ്ങളും എന്നും പ്രിയദര്‍ശന്‍ സിനിമകളുടെ മുതല്‍ കൂട്ടായിരുന്നു ഒപ്പത്തില്‍ അത് ആവര്‍ത്തിക്കപ്പെട്ടു. ട്രെയിലര്‍ എഡിറ്റ് ചെയ്തത് അല്‍ഫോന്‍സ് പുത്രന്‍ ആയത് കൊണ്ട് സിനിമയും അല്‍ഫോന്‍സ് ആയിരിക്കും എന്ന് കരുതുന്നവര്‍ ആ ധാരണ തിരുത്തുക. സിനിമയുടെ എഡിറ്റിംഗ് വൃത്തിയായി അയ്യപ്പന്‍ നായര്‍ ചെയ്തിട്ടുണ്ട്. മോഹന്‍ലാലിന്റെ കരിയറില്‍ ഒരു മുതല്കൂട്ടാവാനുള്ള അഭിനയ സാധ്യത ഒന്നും ഒപ്പത്തിലില്ല എങ്കിലും തന്റെ പേരില്‍ ഒരു സൂപ്പര്‍ ഹിറ്റ് എഴുതി ചേര്‍ക്കാന്‍ ഒപ്പത്തിലൂടെ ലാലിനു കഴിഞ്ഞു. സഹനടന്മാരുടെ ശക്തമായ സപ്പോര്‍ട്ട് ഒപ്പത്തിനെ മികച്ചതാക്കുന്നു. പ്രത്യക്ഷത്തില്‍ എടുത്ത് പറയേണ്ടതായ ന്യൂനതകളൊന്നും ചിത്രത്തിനില്ല എങ്കിലും ഒരു മഹത്തായ ത്രില്ലര്‍ സിനിമ ആയില്ല എന്ന് വിലപിക്കേണ്ടവര്‍ക്ക് അങ്ങനെയും ആവാം..!! പ്രേക്ഷക പ്രതികരണം ആമയും മുയലും ഗീതാഞ്ജലിയുമൊക്കെ കണ്ട് ഹൃദയം തകര്‍ന്ന പ്രേക്ഷകര്‍ ഈ സിനിമ കണ്ട് മനസ്സ് നിറഞ്ഞു. ബോക്സോഫീസ് സാധ്യത ഈ ഓണം ലാലേട്ടനോടൊപ്പം. റേറ്റിംഗ് : 3.5 / 5 അടിക്കുറുപ്പ്: കുട്ടികള്‍, കുടുബം, പഴതൊലി തമാശ, പൊട്ടിച്ചിരി അതാണുദ്ദേശമെങ്കില്‍ കുറച്ചങ്ങോട്ട് മാറി നില്ക്കുക.. !!!