Watched Oru Kuprasidha Payyan കുപ്രസിദ്ധനായ് കടന്നുവന്ന് പ്രേക്ഷക പ്രിയങ്കരനായ് മാറി പ്രസിദ്ധനായൊരു പയ്യൻ. പതിയെ തുടങ്ങി സിരകളെ ചൂടുപിടിപ്പിച്ചു മിഴികൾ നിറപ്പിച്ച് സന്തോഷത്തോടെ അവസാനിപ്പിച്ച മനം നിറച്ചൊരു മനോഹര ചിത്രം. തലപ്പാവിനും ഒഴിമുറിക്കും ശേഷം മധുപാൽ എന്ന സംവിധായകനിൽ നിന്നും ലഭിച്ച മറ്റൊരു മികച്ച സിനിമ. ഇത്തവണ ഒരു ത്രില്ലറുമായാണ് അദ്ദേഹം പ്രേക്ഷകന് മുൻപിലേക്ക് എത്തിയത്. ഒരു കൊലപാതകവും അതിന് ശേഷം നടക്കുന്ന കുറച്ച് സംഭവങ്ങളും അതാണ് ചിത്രം പറയുന്നത്. ഈ ചിത്രം കൊലപാതകത്തിന്റെ ചുരുളഴിക്കൊന്നൊരു കഥയല്ല പറയുന്നത് മറിച്ച് ചെയ്യാത്ത കുറ്റത്തിന് അറസ്റ്റിലാകപ്പെടുന്ന അജയൻ എന്നൊരു യുവാവിന്റേയും അവനെ രക്ഷപ്പെടുത്താൻ വളരെ യാദൃശ്ചികമായി അവന്റെ ജീവിതത്തിലേക്ക് എത്തിപ്പെടുന്നൊരു വക്കീലിന്റേയും കഥയാണ് ചിത്രം പറയുന്നത്. യഥാർത്ഥ കുറ്റവാളിയെ അന്വേഷിച്ചു പിടിക്കാനോ മറ്റുമൊന്നും മുതിരാതെ അജയനിൽ മാത്രം ഫോക്കസ് ചെയ്യുന്നൊരു കഥ. വളരെ മനോഹരമായി തന്നെ ശ്രീ Madhupal ചിത്രം അണിയിച്ചൊരുക്കിയിട്ടുണ്ട്. ഓരോ സീനിൽ വരുന്ന കഥാപാത്രങ്ങൾക്ക് പോലും വ്യക്തമായ പ്രാധാന്യം കൊടുത്തിട്ടുണ്ട്. ആരേയും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകൻ മറക്കില്ല. ഏതൊരു തരം പ്രേക്ഷകനും ഏറ്റവും നന്നായി ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ.... ഏറ്റവും നന്നായി ഫീൽ ചെയ്യുന്ന വിധത്തിൽ.... നന്നായി ത്രില്ലടിപ്പിക്കുന്ന തരത്തിൽ മധുപാൽ ചിത്രം ഒരുക്കിയിരിക്കുന്നു. കൈയ്യടക്കമുള്ള മികവുറ്റ സംവിധാനം. ഒരു സംവിധായകന്റെ മുദ്രയുള്ള സിനിമ. ജീവൻ ജോബ് തോമസിന്റെ അച്ചടക്കമുള്ള മികച്ച രചന. ഔസേപ്പച്ചന്റെ മനോഹരമായ സംഗീതം നൗഷാദ് ഷെരീഫിന്റെ മികവുറ്റ ഛായാഗ്രഹണം വി. സാജന്റെ ഉജ്ജ്വലമായ എഡിറ്റിംഗ് Tovino Thomas കാഴ്ച്ചയിൽ നിഗൂഢത തോന്നുന്ന ഒറ്റപ്പെട്ടു നടക്കുന്ന നിഷ്കളങ്കതയുടെ പര്യായമായ അജയൻ എന്ന യുവാവിന്റെ വേഷം ടോവിനോയുടെ കൈകളിൽ ഭദ്രമായിരുന്നു. പ്രത്യേകതരം മാനറിസങ്ങളോടും മറ്റും ഇതുവരെ കാണാത്ത ഒരു ടോവിനോയെ കാണാനായി. പ്രേക്ഷകന് അത്രയേറെ ഇഷ്ടമാവുന്ന അതോടൊപ്പം അത്രയേറെ പാവം തോന്നുന്ന അജയനെന്ന കഥാപാത്രത്തെ അത്രയേറെ ഉൾക്കൊണ്ടുകൊണ്ട് ടോവിനോ അവതരിപ്പിച്ചിട്ടുണ്ട്. ഓരോ ചിത്രങ്ങൾ കഴിയുന്തോറും ഒരുപാട് മികവേറി വരുന്നൊരു കലാകാരൻ. പ്രേക്ഷകന്റെ മനസ്സിൽ തറച്ചു കയറും വിധം അജയനെ ടോവിനോ മനോഹരമാക്കി. Anu Sithara അജയനെ ഒരുപാട് സ്നേഹിക്കുന്ന അവനെ മനസ്സിലാക്കിയ ജീവിച്ചിരിക്കുന്ന ഒരേയൊരാളാണ് ജലജ. അവന്റെ സന്തോഷങ്ങളിൽ ചിരിക്കാനും അവന്റെ സങ്കടങ്ങളിൽ കണ്ണീരൊഴുക്കാനും അവന് താങ്ങായി നിൽക്കാനുമുള്ള ഒരേയൊരാൾ. ഒരുപാട് പാവവും ഒപ്പം അത്യാവശ്യം ബോൾഡുമായ ജലജയെന്ന വേഷം Anu Sitharaയുടെ കൈകളിൽ ഭദ്രമായിരുന്നു. അതിമനോഹരമായി തന്നെ അവര് ആ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. Nimisha Sajayan ഈ ചിത്രത്തിൽ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചൊരു കഥാപാത്രം. ഹന്ന എലിസബത്ത് എന്ന വക്കീലായി നിമിഷ ജീവിച്ചു എന്ന് വേണം പറയാൻ. ഒരുപാട് വാശിയുള്ള എന്നാൽ അതിനേക്കാൾ പേടിയുള്ള കഥാപാത്രം. നിനച്ചിരിക്കാത്ത നേരത്ത് പെട്ടന്ന് തന്നിലേക്കെത്തിയ ഒരു കേസ്.... താൻ ആദ്യമായി വാദിക്കാൻ പോകുന്നൊരു കേസ്. ആദ്യമായി വാദിക്കാൻ പോകുന്നൊരു വക്കീലിന്റെ പേടിയും വെപ്രാളവും അത്ഭുതവും ആശ്ചര്യവും സന്തോഷവും എല്ലാം എന്ത് മനോഹരമായാണ് നിമിഷ അവതരിപ്പിച്ചത്. തന്നെ നിരന്തരം വേട്ടയാടുന്ന തന്റെ സീനിയർ വക്കീലിനോടുള്ള ദേഷ്യവും വാശിയും അയാളുടെ മുൻപിൽ തോൽക്കില്ലെന്നുള്ള ദൃഡ നിശ്ചയവും തന്റെ കക്ഷിയെ രക്ഷിക്കാനുള്ള തത്രപ്പാടും എല്ലാം നിമിഷ അവസമരണീയമാക്കി. വളരെ ബോൾഡ് ആയ ഒപ്പം തൊട്ടാവാടിയായ ഹന്നയായി വാക്കുകൾക്കതീതമായ പ്രകടനമായിരുന്നു നിമിഷയുടേത്. ഓരോ ചെറിയ ചലനത്തിലും ഭാവത്തിലും പോലും അത്രയേറെ അവര് മികച്ചു നിന്നു. നിമിഷങ്ങൾക്കകം മിന്നിമറിയുന്ന മനോഹരഭാവങ്ങളാൽ സമ്പന്നമായിരുന്നു ഹന്ന. ശരിക്കും അനുഗ്രഹീത കലാകാരി. എന്തൊരു അനായാസമായ പ്രകടനം. എന്തൊരു സ്വാഭാവികമായ പ്രകടനം. മലയാള സിനിമയ്ക്ക് അഭിമാനമായി മാറും ഈ കലാകാരി തീർച്ച. ഈ ചിത്രം നിമിഷയുടെ പേരിലായിരിക്കും അറിയപ്പെടാൻ പോകുന്നത്. Sharanya Ponvannan തനിക്ക് കിട്ടുന്ന കഥാപാത്രങ്ങൾ എത്രത്തോളം മികവുറ്റതാക്കാൻ പറ്റുമോ അത്രത്തോളം മികവുറ്റതാക്കുന്ന ഒരു അത്ഭുത കലാകാരി. ചെമ്പകമ്മാൾ എന്ന കഥാപാത്രം അവര് മനോഹരമാക്കി. നെടുമുടി വേണുവിന്റെ Adv സന്തോഷ് നാരായണൻ എന്ന കഥാപാത്രത്തെ കാണുന്നത് സിനിമയാണെന്ന് മറന്ന് പ്രേക്ഷകൻ തെറിവിളിക്കുന്നൊരു കാഴ്ച്ച കാണാനായി. കാരണം ആ നെഗറ്റീവ് റോളിൽ അദ്ദേഹം അത്രയേറെ മികച്ചു നിന്നു. സിദ്ദിഖ്, ബാലു വർഗ്ഗീസ്, അലൻസിയർ, ദിലീഷ് പോത്തൻ, ഉണ്ണിമായ, ശ്വേത മേനോൻ, Maala Parvathi,സുധീർ കരമന, സുജിത് ശങ്കർ, Sibi Thomas Thomas,ശ്രീലക്ഷ്മി, സുരേഷ് കുമാർ, Etc. തുടങ്ങിയ അഭിനേതാക്കളെല്ലാം തന്നെ മികച്ചു നിന്നു. ടോവിനോ പോത്തിനെ പിടിക്കുന്ന രംഗത്തോടും സംഘട്ടന രംഗത്തോടും മാത്രം അല്പം അതൃപ്‌തി തോന്നി. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് ഓർമ്മപ്പെടുത്തുന്നു ചിത്രം. അഭിനേതാക്കളുടെ മികവുറ്റ പ്രകടനങ്ങൾ കൊണ്ടും സംവിധാന മേന്മ കൊണ്ടും മികച്ചു നിൽക്കുന്നൊരു മനോഹരമായ ചിത്രം. കുപ്രസിദ്ധനായ് കടന്നുവന്ന് പ്രേക്ഷക പ്രിയങ്കരനായ് മാറി പ്രസിദ്ധനായൊരു പയ്യൻ. (അഭിപ്രായം തികച്ചും വ്യക്തിപരം)