രാപ്പകൽ എന്ന സിനിമയിൽ ഗീതു മോഹൻദാസിന്റെ കഥാപാത്രം മമ്മൂക്കയുടെ കൃഷ്ണൻ എന്ന കഥാപാത്രത്തിന് കൊടുത്ത ഒരു വിശേഷണം 'എന്റെ മുറ്റത്തെ നന്മ മരം ' എന്നായിരുന്നു . മമ്മുക്കയുടെ ഇന്ന് റിലീസ് ചെയ്ത കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയ്ക് ആ പേരായിരുന്നു ഇടേണ്ടിയിരുന്നത് . അല്ലെങ്കിൽ 'ഹരിയേട്ടൻ വരും എല്ലാം ശരിയാകും ' എന്നും ഇടാമായിരുന്നു . സിനിമയെക്കുറിച്ച് ഞാൻ കൂടുതലൊന്നും പറയുന്നില്ല . മമ്മുക്ക എന്നത്തേയും പോലെ ഈ സിനിമയിലും സുന്ദരൻ . നല്ല കളറുള്ള ഷർട്ടുകൾ ഇടുന്നുണ്ട് . bmw ,സ്പോർട്സ് ബൈക്ക് ,ബോട്ട് എന്നിവ ഡ്രൈവ് ചെയ്യുന്നുണ്ട് കൂടാതെ എല്ലാവരുടെയും പ്രശ്നങ്ങൾക്ക് എളുപ്പം പരിഹാരം കാണുന്നുണ്ട് . ഹരിയേട്ടൻ അങ്ങനാണ് വെറുതെ ഇരിക്കുമ്പോ കുറെ നന്മ ചെയ്യും വേണേൽ പോലീസിനെയും സഹായിക്കും . രാജസ്ഥാനിലെ ആളുകൾ ഇപ്പോഴും പണ്ട് സാമൂഹ്യ പാഠം ടെക്സ്റ്റ് പുസ്തകത്തിൽ കൊടുത്തിരുന്ന ഫോട്ടോയിൽ ഉള്ളത് പോലെ പഴയ പാരമ്പര്യ വേഷത്തിലാണ് പുറത്തിറങ്ങി നടക്കാറ് എന്ന് ഈ സിനിമ കണ്ടപ്പോഴാണ് മനസ്സിലായത് . പണ്ട് മുതലേ കുറച്ച് സിനിമകളൊക്കെ കാണുന്ന ആളുകൾക്ക് ഊഹിക്കാവുന്ന കഥാ സന്ദർഭങ്ങൾ സമ്മാനിച്ചുകൊണ്ട് അത്തരം പ്രേക്ഷകരെ ഉത്ക്കണ്ഠപെടുത്താതെ വേണമെങ്കിൽ മൊബൈലിൽ നോക്കിവരെ സിനിമ ആസ്വദിക്കാവുന്ന തരത്തിൽ വളരെ സിംപിളായിട്ടാണ് സിനിമയെടുത്തിരിക്കുന്നത് .... നന്മയുടെ ഡീലർമാരായി സൂപ്പർ സ്റ്റാറുകൾ ഇനിയും പ്രത്യക്ഷപ്പെടണം . പേരന്പും യാത്രയും പോലുള്ള സിനിമകളിലൂടെ അന്യഭാഷയിലെ സിനിമാ പ്രേക്ഷകർ മമ്മൂട്ടി എന്ന മഹാ നടനെ കാണട്ടെ ....