ആധുനികം എന്ന് വിശേഷിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ പോലും സാനിറ്ററി പാഡ് ,ആർത്തവം എന്നൊക്കെയുള്ളത് എന്തോ ഒളിച്ചു പറയേണ്ട സംഗതിയായിട്ടാണ് കരുതപ്പെടുന്നത് .ഒരിക്കൽ ആർത്തവവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ഷെയർ ചെയ്തതിന് എന്റെ അടുത്ത് നീ എന്തിനാ ഈ പെണ്ണുങ്ങളുടെ മറ്റേ കാര്യമൊക്കെ ഫേസ്‌ബുക്കിലൂടെ ഇടുന്നത് എന്ന് ഒരാൾ എന്നോട് നേരിട്ട് ചോദിച്ചിട്ടുണ്ട് .വീണ്ടും വീണ്ടും അത്തരം പോസ്റ്റുകൾ ഇട്ടിട്ടും ഷെയർ ചെയ്തിട്ടുമായിരുന്നു ഞാൻ അയാൾക്ക് മറുപടി കൊടുത്തത് . ഇന്നത്തെ കാര്യങ്ങൾ ഇങ്ങനെ ആണെങ്കിൽ വർഷങ്ങൾക്ക് മുൻപ് ഒരു കുഗ്രാമത്തിൽ കുറഞ്ഞ വിലയ്ക്ക് സാനിറ്ററി പാഡുകൾ ഉണ്ടാക്കാൻ ശ്രമിച്ച അരുണാചലം മുരുഗാനന്ദം എത്രയേറെ കളിയാക്കലുകളും അവഗണകളും അനുഭവിച്ചിട്ടുണ്ടായിരിക്കും ? സ്വന്തം ഭാര്യ ആർത്തവ സമയത്ത് വൃത്തിയിലാത്ത തുണികൾ ഉപയോഗിക്കുന്നത് കണ്ട് കുറഞ്ഞ വിലയ്ക്ക് സാനിറ്ററി പാഡുകൾ ഉണ്ടാക്കാനുള്ള മാർഗ്ഗങ്ങൾ പരീക്ഷിച്ച് വീടും നാടും ഉപേക്ഷിക്കേണ്ടിവരികയും പിന്നീട് അതിൽ വിജയിച്ച് പത്മശ്രീ വരെ വാങ്ങുകയും ചെയ്ത അരുണാചലം മുരുഗാനന്ദം എന്ന വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സിനിമയാണ് പാഡ് മാൻ . സിനിമയിൽ അരുണാചലത്തെ ലക്ഷ്മിപ്രസാദ് ചൗഹാൻ എന്ന കഥാപാത്രമായി അവതരിപ്പിക്കുന്നു .ലക്ഷ്മി പ്രസാദായി അക്ഷയ് കുമാറും ഭാര്യ ഗായത്രിയെ രാധികാ ആപ്തെയും ലക്ഷ്മിയെ സഹായിക്കുന്ന നഗരവാസിയായ യുവതിയായി സോനം കപൂറും അഭിനയിക്കുന്നു . സിനിമ ആസ്വാദ്യകരമാക്കാനുള്ള എല്ലാ രസച്ചരടുകളും ചേർത്താണ് R ബാൽകി സിനിമയൊരുക്കിയിട്ടുള്ളത് .പാട്ടുകളും കൊള്ളാം . സിനിമ കാണുന്ന ഒരു പ്രേക്ഷകർക്കും നിരാശ തോന്നില്ല . എനിക്ക് സിനിമ ഇഷ്ടമായി . ആർത്തവത്തെക്കുറിച്ച് ഉറക്കെ സംസാരിക്കുന്നത് എന്തോ കൂടിയ പാപമാണെന്ന് കരുതുന്നവരുടെ നാട്ടിൽ അരുണാചലത്തെ പോലുള്ള ഒരാളുടെ ജീവിത കഥ സിനിമയാക്കിയ പാഡ് മാൻ ടീമിനിരിക്കട്ടെ കയ്യടികൾ ....