ലോകപ്രശസ്ത സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണന്‍ 8 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് പിന്നെയും. ദിലീപ്, കാവ്യ എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. അടൂര്‍ തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പ്രശസ്ത ഛായാഗ്രഹകന്‍ എം ജി രാധാകൃഷ്ണനാണ്. ഇന്ദ്രന്‍സ്, ശൃദ്ധ, നെടുമുടി വേണു, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കഥ പ്രണയവിവാഹം കഴിച്ചവരാണ്പുരുഷോത്തമന്‍ നായരും ഭാര്യ ദേവിയും. അവര്‍ക്ക് ഒരു മകളുമുണ്ട്. പുരുഷോത്തമന്‍ നായര്‍ക്ക് ഇതുവരെ ഒരു സ്ഥിരവരുമാനമുള്ള ജോലി കിട്ടിയിട്ടില്ല. അതിന്റെ എല്ലാത്തരം വിഷമതകളും അയാളുടെ കുടുംബത്തിനുണ്ട്. അങ്ങനെയിരിക്കെ പുരുഷോത്തമന്‍ നായര്‍ക്ക് ഗള്‍ഫിലേക്ക് പോകാനായിട്ട് ഒരു വിസ ലഭിക്കുന്നു. ഇനിയങ്ങോട്ട് കഥയുടെ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്നത് രസചരട് പൊട്ടിക്കും എന്നതിനാല്‍ അതിനു മുതിരുന്നില്ല. പ്രത്യേകിച്ച് ഈ സിനിമയുടെ പ്രചോദനം സുകുമാരക്കുറുപ്പിന്റെ തിരോധനമാണെന്ന് സംവിധായകന്‍ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തില്‍...!!! വിശകലനം സ്വയംവരം മുതലുള്ള അടൂര്‍ സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്കറിയാം ഒരു അടൂര്‍ സിനിമ എങ്ങനെ ആയിരിക്കും എന്ന്. ഇനി അടൂര്‍ സിനിമകള്‍ കണ്ടിട്ടില്ലാത്തവരും കോമഡി സ്കിറ്റുകള്‍ പോലുള്ള പ്രോഗ്രാം വഴി സമാന്താര സിനിമകളുടെ സ്വഭാവം എന്താണെന്ന് തിരിച്ചറിഞ്ഞിട്ടുള്ളവരാണ്. കഴിഞ്ഞ 50 വര്‍ഷത്തെ സിനിമ ജീവിതത്തിനിടയ്ക്ക് 12 സിനിമകളാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്തിട്ടുള്ളത്. അതില്‍ 11 എണ്ണവും രാജ്യാന്തര പ്രശസ്തി നേടിയവയാണ്. എന്നാല്‍ ഇവയൊന്നും തിയറ്ററുകളില്‍ വിജയം കണ്ടിട്ടില്ലാത്തവയാണ്. തന്റെ സിനിമകള്‍ക്ക് നല്ല വിതരണക്കാരെ കിട്ടാത്തത് കൊണ്ടാണ് തന്റെ സിനിമകള്‍ ജനങ്ങള്‍ കാണാഞ്ഞത് എന്നും 70തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന പിന്നെയും എന്ന സിനിമയാണ് തന്റെ ഏറ്റവും മികച്ച സിനിമ എന്നും ഇത് തിയറ്ററില്‍ നന്നായി ഓടും എന്നുമൊക്കെ സാക്ഷാല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ തന്നെ പറയുമ്പോള്‍ അവിടെയാണ് ഒരു കച്ചവട സിനിമ എന്ന നിലയില്‍ ഈ സിനിമയെ വിശകലനം ചെയ്യുന്നതിലുള്ള പ്രസക്തി. അല്ലായിരുന്നെങ്കില്‍ അടൂര്‍ സിനിമ ഒരു സാധാരണ പ്രേക്ഷകന്റെ വിലയിരുത്തലുകള്‍ക്ക് അപ്രാപ്യമായിരുന്നല്ലോ..!! വെറുമൊരു പ്രണയകഥയല്ല പിന്നെയും എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. ശരിയാണ് പിന്നെയും വെറുമൊരു പ്രണയകഥ മാത്രമല്ല. കാലഘട്ടം പരാമര്‍ശിക്കാതെ പറയുന്ന ഈ കഥയില്‍ മനുഷ്യ മനസ്സുകളുടെ വിവിധ തലങ്ങളിലെ വിവിധ വികാരങ്ങളെ ആവിഷ്ക്കരിച്ചിരിക്കുന്നു. ദിലീപ് എന്ന നടന്‍ ആദ്യമായി അടൂര്‍ സിനിമയില്‍ എന്ന് കേള്‍ക്കുമ്പോളുള്ള കൗതുകം കഥാവശേഷന്‍ പോലെ അവാര്‍ഡ് ലക്ഷ്യമിട്ട് സ്വയം നിര്‍മ്മിച്ച് അപഹാസ്യനായ ഒരു നടന്റെ അഭിനയ ജീവിതത്തിലെ ശക്തമായ വെല്ലുവിളി കാണാനുള്ളത് കൂടിയാണെന്നിരിക്കെ പോസ്റ്ററുകളിലും പ്രോമോഷനുകളില്ലും നിറഞ്ഞ് നിന്ന ദിലീപ് സിനിമയില്‍ തീരെ ചെറുതായി പോയി എന്ന് എടുത്ത് പറയേണ്ടതാണ്. ദൈന്യത നിറഞ്ഞ കഥാപാത്രങ്ങള്‍ അഭിനയിക്കുമ്പോള്‍ അഭിനയകാലം തുടങ്ങിയ അന്നു മുതല്‍ക്കേ ഉള്ള സ്ഥായി മുഖഭാവം കൈമുതലാക്കി പുരുഷോത്തമന്‍ നായര്‍ എന്ന കഥാപാത്രത്തെ ദിലീപ് അവതരിപ്പിച്ചു. നാളെ ചരിത്രത്തില്‍ അടൂര്‍ സിനിമയില്‍ അഭിനയിച്ചു എന്ന് ഒന്ന് രേഖപ്പെടുത്തി വെക്കാം എന്നല്ലാതെ ഈ കഥാപാത്രം ദിലീപിനു ഒരു ഗുണവും ചെയ്യുന്നില്ല. അടൂര്‍ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്കെല്ലാം ശക്തമായ ഒരു അവതരണ രീതിയുണ്ട്.ഇവിടെയും കാവ്യ മാധവന്‍ അവതരിപ്പിച്ച ദേവി എന്നകഥാപാത്രം മുന്‍ അടൂര്‍ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളെ പോലെ മികച്ച് നിന്നു. വിജയരാഘവന്‍, നെടുമുടി വേണു, ഇന്ദ്രന്‍സ് തുടങ്ങിയ വലിയ നടന്മാരുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ഇന്ദ്രന്‍സിന്റെ കഥാപാത്രം മാത്രമായിരുന്നു. അടൂര്‍ സിനിമകളില്‍ പ്രതീക്ഷിക്കാവുന്ന ശാന്തത ഈ സിനിമയിലും കാണാം. എം ജി രാധാകൃഷന്റെ ഫ്രയിമുകളുടെ കൃത്യത സിനിമയുടെ മാറ്റ് കൂട്ടുന്നുണ്ട്. എന്നാല്‍ സംഭാഷണങ്ങളിലെ അതി നാടകീയത സിനിമ ആസ്വാദനത്തിനു ഏല്‍പ്പിക്കുന്ന കല്ലുകടി ചെറുതല്ല. അമല്‍ നീരദ്സിനിമകളിലെ സ്ലോമോഷനുകളോട് പൊരുത്തപ്പെട്ട പുതിയ കാലത്തിലെ പ്രേക്ഷകര്‍ക്ക് പിന്നെയുടെ ആഖ്യാന രീതി ഒരു അത്ഭുതമാകാന്‍ ഇടയില്ല. കരുത്തുറ്റ രചനകളായിരുന്നു അടൂര്‍ സിനിമകളുടെ മുഖമുദ്ര. യതാര്‍ത്ഥ ജീവിതത്തിനോട് ഇഴകി ചേര്‍ന്നു നില്ക്കുന്ന അത്തരം തിക്കഥകളുടെ ശക്തി കൊണ്ടാണ് ഇന്നും കൊടിയേറ്റം എന്ന സിനിമയൊക്കെ കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകം. എന്നാല്‍ പിന്നെയും എന്ന സിനിമയില്‍ ആ ടച്ച് നഷ്ടമായത് പോലെ അനുഭവപ്പെടും. സംവിധാന മികവ് കൊണ്ട് ആ കുറവ് കുറെയേറെ നികത്താനായെങ്കിലും വീണ്ടുമൊരിക്കല്‍ കൂടി കാണാനുള്ള സിനിമയാക്കി പിന്നെയും മാറ്റാന്‍ കഴിഞ്ഞില്ല. ആദ്യമായി ഒരു കോമേഴ്സ്യല്‍ സിനിമ ചെയ്യുന്നതിന്റെ പരിചയക്കുറവ് എന്ന് 50 വര്‍ഷം സിനിമയില്‍ അനുഭവ സമ്പത്തുള്ള അടൂരിനെ കുറിച്ച് പറയുന്നത് ശരിയല്ല എന്നറിയാം എങ്കിലും പൊതു ജനം കാണുക എന്ന ലക്ഷ്യത്തോടെ ആണ് അങ്ങ് ഈ സിനിമ എടുത്തിരിക്കുന്നതെങ്കില്‍ ആ ഉദ്യമത്തില്‍ അങ്ങ് പരാജിതനായിരിക്കുന്നു എന്ന് കൂടി പറഞ്ഞ് കൊണ്ട് അവസാനിപ്പിക്കുന്നു.. !! പ്രേക്ഷക പ്രതികരണം അടൂര്‍ സിനിമ തിയറ്ററില്‍ കണ്ടിട്ടില്ലാത്ത ഒരു തലമുറയില്‍ നിന്ന് എന്താവും പ്രതികരണം..? ബോക്സോഫീസ് സാധ്യത അങ്ങ് തലസ്ഥാനത്ത് ഈ സിനിമ ഹൗസ് ഫുള്‍. ഇങ്ങ് ഈ തിയറ്ററില്‍ 8 പേരും. റേറ്റിംഗ്: അടൂര്‍ സിനിമയ്ക്ക് ഒക്കെ റേറ്റിംഗ് ഇടാന്‍ നമ്മളില്ലേ... അടിക്കുറിപ്പ്: മനസ്സിലാവാത്തതിനെ മഹത്തരം എന്ന് പറഞ്ഞ് നടക്കുന്ന നാട്ടില്‍ ഇതല്ല ഇതിനപ്പുറവും നടക്കും.. !!