Watched Porinju Mariyam Jose അതികായൻ വിശ്വരൂപം വീണ്ടെടുത്തപ്പോൾ ലഭിച്ച മറ്റൊരു ചടുലതയാർന്ന കാതലുള്ള മാസ്സ് ആക്ഷൻ എന്റെർറ്റൈനർ. ഒന്നോ രണ്ടോ സിനിമകൾ മോശമായാൽ ജോഷി ചതിച്ചാശാനേ എന്ന നിലവിളിയുമായി അദ്ദേഹത്തിന്റെ കാലം കഴിഞ്ഞു എന്ന് മുദ്ര കുത്തുന്ന ചില ആളുകളുണ്ട് നമുക്കിടയിൽ.... അത് അദ്ദേഹത്തിന്റെ കാതിൽ എത്തിയാൽ ഒരു സടകുടഞ്ഞ് എഴുന്നേൽക്കലുണ്ട് പുള്ളിക്ക് അത് ഇത്തവണയും സംഭവിച്ചു.... തന്റെ കാലം കഴിഞ്ഞു എന്ന് മുദ്ര കുത്തിയവർക്കുള്ള കരണം നോക്കിയുള്ള അതിശക്തമായ പ്രഹരമാണ് പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം. Abhilash N Chandranന്റെ ദൃഢമായ രചനയെ ജോഷിയെന്ന മാന്ത്രികൻ..... മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ അതിഗംഭീരമായി അണിയിച്ചൊരുക്കി.... ഓരോ ഷോട്ടുകളിലും ജോഷി എന്ന അതികായന്റെ കൈയ്യൊപ്പ് വ്യക്തമായി പതിഞ്ഞിട്ടുണ്ട്. അതിഭീകരമാം വിധം ഗംഭീരമായ സംവിധാനം. ജോഷി എന്ന മാന്ത്രികന്റെ മനസ്സിന്റെ കണ്ണാടിയെന്നപോലെ Ajay David Kachappilly ഓരോ ഷോട്ടുകളും അതിമനോഹരമായി തന്നെ ഒപ്പിയെടുത്തു.... തന്റെ ക്യാമറക്കണ്ണുകളിലൂടെ ഓരോ ഫ്രയിമുകളിലും പുതുമ നിറക്കാൻ അജയ്‌ക്ക് സാധിച്ചിട്ടുണ്ട്.... മനോഹരമായ ഛായാഗ്രഹണം. Jakes Bejoy ഒരുക്കിയ പശ്ചാത്തല സംഗീതം രോമാഞ്ചമുളവാക്കിയവയായിരുന്നു.... ഓരോ മാസ്സ് സീനുകളിലും ബിജിഎം തന്നിട്ടുള്ള ഫീൽ ചെറുതല്ല. ഗാനങ്ങളും നിലവാരം പുലർത്തിയിട്ടുണ്ട്. ചിത്രത്തെ കൈയ്യടക്കത്തോടെ വെട്ടിയൊതുക്കി വെച്ചിട്ടുണ്ട് Shyam Sasindran.... ആദ്യാവസാനം ഒറ്റ രംഗത്തിൽ പോലും മുഷിപ്പുളവാക്കാതെ പിടിച്ചിരുത്തിയതിൽ എഡിറ്റിങ്ങിന്റെ പങ്ക് ചെറുതല്ല. കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് Joju George നടത്തിയിരിക്കുന്നത്.... എടുത്ത് പറയേണ്ട ഒരു പ്രധാന കാര്യം അദ്ദേഹത്തിന്റെ സ്ക്രീൻ പ്രെസൻസ്സിനെ പറ്റിയാണ്.... നിറഞ്ഞു നിൽക്കുകയായിരുന്നു ആ മനുഷ്യൻ. ജോസഫിന് ശേഷം ലഭിച്ച മറ്റൊരു ശക്തമായ വേഷം. ആക്ഷൻ സീനുകളും മറ്റും മനോഹരമായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. ആലപ്പാട്ട് മറിയം.... സിനിമ ഇറങ്ങുന്നതിന് മുൻപ് ആകെയുണ്ടായിരുന്ന ഒരു സംശയം ഇത്രയും ശക്തമായൊരു കഥാപാത്രം നൈല എങ്ങനെ അവതരിപ്പിക്കും എന്നുള്ളതായിരുന്നു.... പക്ഷേ ആ സംശയങ്ങളെയെല്ലാം കാറ്റിൽ പറത്തിയ പ്രകടനമായിരുന്നു Nyla Ushaയുടേത്..... "മറിയം അവള് വെറുതേ അങ്ങട് നിന്നാ മതി അതന്നെ ഒരു പെരുന്നാളാ" ചിത്രത്തിലെ ഒരു സംഭാഷണമാണത്.... ആ സംഭാഷണത്തെ അർത്ഥവത്താക്കുന്ന തരത്തിലായിരുന്നു അവരുടെ പ്രകടനവും.... സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും നൈല ഒരുപോലെ തിളങ്ങി നിന്നു. കരുത്തുകൊണ്ടും സൗന്ദര്യം കൊണ്ടും തൃശ്ശൂരിനെ കീഴടക്കിയ പെൺകരുത്ത്.... മറിയം..... പ്രേക്ഷകന്റെ മനസ്സും അതുപോലെ കീഴടക്കി. പുത്തൻപള്ളി ജോസ്..... ചെമ്പനെക്കൊണ്ട് മാത്രം ചെയ്യാൻ പറ്റുന്നൊരു കഥാപാത്രം എന്ന് നിസ്സംശയം പറയാം.... പൊറിഞ്ചുവിന്റെ റോളിൽ പോലും നമുക്ക് പലരേയും സങ്കല്പിക്കാം പക്ഷേ ജോസിന്റെ റോൾ അത് ചെമ്പനെക്കൊണ്ട് മാത്രേ ഇപ്പൊ പറ്റൂ.... ശരിക്കും ഒരു അഴിഞ്ഞാട്ടം എന്നൊക്കെ വിശേഷിപ്പിക്കാം.... Chemban Vinod Jose ന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്ന്. Sudhhy Kopa ചിത്രത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട പ്രകടനം സുധിയുടെ ഡിസ്കോ ബാബുവിന്റേതായിരുന്നു.... ശരിക്കും ഞെട്ടിച്ച പെർഫോമൻസ്.... ഇമോഷണൽ രംഗങ്ങൾ കൈകാര്യം ചെയ്യാനുള്ള തന്റെ കഴിവ് എത്രത്തോളമാണെന്ന് സുധി ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുന്നു. കണ്ണ് നനയിച്ച പ്രകടനം. Rahul Madhavന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് ചിത്രത്തിൽ.... പ്രിൻസ് എന്ന കഥാപാത്രമായി ഗംഭീരപ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെച്ചത്. Vijaya Raghavan ഐപ്പ് എന്ന കഥാപാത്രത്തെ തന്റെ സ്വസിദ്ധമായ പ്രകടനം കൊണ്ട് തിളക്കമേറിയ കഥാപാത്രമാക്കി മാറ്റി. Salim Kumar, T.G.Ravi, Nandhu,Maala Parvathi, Radhika Venugopal, Swasika, Kalabhavan Niyas, Sarasa Balussery, Malavika menon, Jayaraj Warrier, Disney James, Anil Nedumangad, Amal Shah, Govind Motte CL, മറിയത്തിന്റെ ചെറുപ്പം അഭിനയിച്ച കുട്ടി (പേര് അറിയില്ല), Abhishek Raveendran, Nisthar Sait, Sinoj Varghese, I.M. Vijayan, Remya Panicker Etc തുടങ്ങി ഓരോ സീനിൽ വന്നവർ പോലും വ്യക്തമായ ഐഡന്റിറ്റി പ്രേക്ഷകന്റെ മനസ്സിൽ പതിപ്പിച്ചിട്ടുണ്ട്. കൂട്ടത്തിൽ കലാഭവൻ നിയാസിന്റെ പ്രകടനം എടുത്ത് പറയേണ്ടുന്ന ഒന്നാണ്. സൗഹൃദം, പ്രണയം, പ്രതികാരം ഇതാണ് പൊറിഞ്ചു മറിയം ജോസ്.... എൺപതുകളിൽ തൃശ്ശൂരിൽ നടക്കുന്നൊരു കഥ.... എൺപതുകളിലെ കാലഘട്ടവും അമ്പ് പെരുന്നാളുമൊക്കെ മനോഹരമായി ഒരുക്കിയതിന് ആർട്ട് ഡിപ്പാർട്ടിമെന്റ് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.... ജോഷിയുടെ പരിചയ സമ്പത്തും വലിയ രീതിയിൽ ആ കാര്യങ്ങൾക്ക് മുതൽകൂട്ടായിട്ടുണ്ട്. അഭിലാഷിന്റെ ശക്തമായ രചനയിലെ ഓരോ കഥാപാത്രങ്ങളേയും രചനയുടെ ശക്തി ഒട്ടും ചോരാതെ തന്നെ വ്യക്തമായി ആഴത്തിൽ തന്നെ പ്രേക്ഷകന്റെ മനസ്സിലേക്ക് പ്ലേസ് ചെയ്തിട്ടുണ്ട് ജോഷി സർ. പൊറിഞ്ചുവിന്റേയും മറിയത്തിന്റേയും ജോസിന്റേയും ആത്മാർത്ഥമായ സൗഹൃദവും പൊറിഞ്ചുവിന്റേയും മറിയത്തിന്റേയും ആഴമുള്ള പ്രണയവും അവരിലെ അതേ അനുഭൂതിയോടെ തന്നെ ഒരു വിങ്ങലായി മനസ്സിൽ തങ്ങി നിൽക്കുന്നു. എഴുത്തും സംവിധാനവും പ്രകടനവും ഒരുപോലെ മികച്ചു നിന്നപ്പോൾ തൃശ്ശൂരിനെ വിറപ്പിച്ച മൂവർ സംഘം തിയ്യേറ്ററിൽ നിന്നും മനസ്സിന്റെ കൂടെ ഒരു തുടിപ്പോടെ ഇറങ്ങിപ്പോന്നു.... ഒരു വിങ്ങലായ് അവര് ഇപ്പോഴും കൂടെയുണ്ട്. പൊറിഞ്ചു മറിയം ജോസ്.... അതികായൻ വിശ്വരൂപം വീണ്ടെടുത്തപ്പോൾ ലഭിച്ച മറ്റൊരു ചടുലതയാർന്ന കാതലുള്ള മാസ്സ് ആക്ഷൻ എന്റെർറ്റൈനർ. ആകെ തോന്നിയ ഒരു സങ്കടം പൊറിഞ്ചുവിന്റെ റോളിൽ ലാലേട്ടനെ കാണാൻ പറ്റിയില്ലല്ലോ എന്നതാണ് ജോജു മോശം എന്നല്ല.... കാട്ടാളൻ പൊറിഞ്ചുവായി ലാലേട്ടൻ ആയിരുന്നേൽ എന്ന് ഒരുപാട് ആഗ്രഹിച്ചു.... കാരണം എല്ലാ അർത്ഥത്തിലും അദ്ദേഹത്തിന് മറ്റൊരു തലത്തിൽ എത്തിക്കാൻ പറ്റിയൊരു കഥാപാത്രമായിരുന്നു അത്..... (അഭിപ്രായം തികച്ചും വ്യക്തിപരം)