അസുര വിത്ത് എന്ന ചിത്രത്തിനു ശേഷം ഏകെ സാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് മമ്മൂട്ടി നായകനായി പുറത്തിറങ്ങുന്ന സിനിമയാണു പുതിയ നിയമം. നയൻ താരയാണു ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക. കഥ ലൂയിസ് പോത്തൻ എന്ന വക്കീലിന്റെ കുടുബത്തിൽ നിന്നാണു പുതിയ നിയമം ആരംഭിക്കുന്നത്. വക്കീലാളൊരു സെലിബ്രിറ്റിയാണു. ടിവിയിൽ കത്രിക എന്ന പേരിൽ ഒരു സിനിമ റിവ്യു പരിപാടി അവതരിപ്പിക്കുകയും ന്യൂസ് ചാനലുകളിൽ ചർച്ചകളിൽ പങ്കെടുക്കയും ചെയ്യുന്നതാണു കക്ഷിയുടെ ഇഷ്ട വിനോദം. ഡൈവേഴ്സ് കേസുകളാണു എൽ പി എന്ന ലൂയിസ് പോത്തൻ കൈകാര്യം ചെയ്യുന്നത്. ലൂയിസ് പോത്തന്റെ ഭാര്യയാണു വസുകി. ഇവരുടേത് പ്രണയ വിവാഹം ആയിരുന്നു. അതു കൊണ്ട് തന്നെ എൽ പിയുടെ അമ്മച്ചി വസുകിയെ അംഗീകരിച്ചിട്ടില്ല. വസുകി ഒരു കഥകളി ആർട്ടിസ്റ്റാണു. അരങ്ങിൽ രാവണ വേഷം കെട്ടുന്ന രണ്ടേ രണ്ട് സ്ത്രീകളിൽ ഒരാൾ. ഇവർക്കുള്ള മകളാണു ചിന്ത. സ്കൂൾ വിദ്യാർഥിയാണു. എൽ പിയുടെയും കുടുംബത്തിന്റെയും ജീവിതം കുറച്ച് കാലം മുൻപ് വരെയ്ക്കും സന്തോഷകരമായി മുന്നോട്ട് പോയികൊണ്ടിരിക്കുകയായിരുന്നു. എന്നാൽ പെട്ടെന്ന് വസുകിയുടെ സ്വഭാവത്തിൽ ഒരു വലിയ മാറ്റം വരുന്നു. എൽ പിക്ക് അത് മനസ്സിലാവുന്നില്ലെങ്കിലും മകൾക്ക് അത് കൃത്യമായി അനുഭവപ്പെടുന്നുണ്ട്. ആയിടക്ക് നഗരത്തിൽ പുതിയ അസി. പോലീസ് കമ്മീഷ്ണർ ചാർജ്ജ് എടുക്കുന്നു. ജീന ബായി ഐപിസ്. സ്ത്രീകൾക്ക് നേരെ വരുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കണം എന്ന വാദഗതികാരിയാണു ജീന ഐപിസ്. വസുകിക്ക് ജീനയോട് ഒരു രഹസ്യം പറയാനുണ്ടായിരിന്നു. ജീനയുടെ നമ്പർ എൽ പിയുടെ ഫോണിൽ നിന്നെടുത്ത് വസുകി വിളിക്കുന്നു. എന്നിട്ട് ആ ഞെട്ടിപ്പിക്കുന്ന രഹസ്യം തുറന്ന് പറയുന്നു. പുതിയ ലോകം പുതിയ മനുഷ്യർ പുതിയ നിയമം അവിടെ തുടങ്ങുന്നു...!! വിശകലനം രൺജി പണിക്കരുടെയും രഞ്ജിത്തിന്റെയുമത്ര പ്രശസ്തി ഇല്ലെങ്കിലും ഏകെ സാജൻ പേരു കേട്ട ഒരു തിരകഥകൃത്ത് തന്നെയാണു. സ്റ്റോപ് വയലൻസും നാദിയ കൊല്ലപ്പെട്ട രാത്രിയും ചിന്താമണി കൊലക്കേസും ക്രൈം ഫയലുമൊക്കെ അതിനുദാഹരണങ്ങളുമാണു. എന്നാൽ ലങ്ക , ദ്രോണ , അസുരവിത്ത് തുടങ്ങിയ നാണക്കേടിന്റെ കൂമ്പാരം തലയ്ക്കുമുകളിൽ മായാതെ നില്ക്കുന്നത് കൊണ്ടാവണം മമ്മൂട്ടി നായകനായി ഒരു ത്രില്ലർ സിനിമ വരുന്നു എന്ന വാർത്ത കേട്ടിട്ടും ഒരു വൻ പ്രതീക്ഷ പ്രേക്ഷകരിൽ ഉള്ളവാകാഞ്ഞത്. ഒരു തരത്തിൽ പറഞ്ഞാൽ അത് ഈ സിനിമയ്ക്ക് ഗുണകരമായി എന്നു വേണം പറയാൻ. അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ വന്ന് മലയാളത്തിലെ ഏറ്റവും വലിയ വിജയമായി തീർന്ന ഒരു ചിത്രമുണ്ട് ദൃശ്യം. ഏതാണ്ട് അതേപാത പിന്തുടരുകയാണു പുതിയ നിയമവും. എന്നാൽ ദൃശ്യം എന്ന ഒരു സിനിമയുമായുള്ള താരതമ്യം ഈ സിനിമയ്ക്ക് ദോഷകരമാവും എന്നതിനാൽ പുതിയ നിയമത്തെ വേറിട്ട് വീക്ഷിക്കാം. ലൂയിസ് പോത്തൻ എന്ന വക്കിൽ മമ്മൂട്ടിക്ക് ഒരു ചലഞ്ചിംഗ് റോൾ ഒന്നുമല്ല എന്ന് തോന്നിപ്പിച്ച് അവസാനം ഇത് മമ്മൂട്ടിക്ക് മാത്രം ചെയ്യാൻ കഴിയുന്ന വേഷം എന്ന തലത്തിലേക്ക് എത്തിച്ചതിലാണു എകെ സാജന്റെ വിജയം. പത്തേമാരിക്ക് ശേഷം വീണ്ടുമൊരു വിജയം മമ്മൂട്ടിയെ തേടിയെത്തുന്നു. നയൻ താരയുടെ ദുരൂഹതകൾ നിറഞ്ഞ് വസുകി എന്ന വേഷം ആ നടി ഗംഭീരമാക്കി. ഡബിംഗ് സ്വയം ചെയ്തതിലെ പാളിച്ചകൾ മാറ്റി നിർത്തിയാൽ വസുകിയായി നയൻസ് മികച്ച പ്രകടനം കാഴ്ച്ചവെച്ചു. എബാം പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന സിനിമകളിലെല്ലാം കാണുന്ന ഒരു നടിയുണ്ട് മലയാളത്തിൽ. അഭിനയം പഠിച്ചു വരുന്ന ആ നടി എന്തോ ഭാഗ്യത്തിനു ഈ സിനിമയിൽ തരക്കേടില്ലാത്ത തരത്തിൽ അഭിനയിച്ചിട്ടുണ്ട്. അജു വർഗീസിന്റെ നമ്പറുകൾ വേണ്ടപോലെ ഫലിച്ചില്ല. ആദ്യ പകുതിയിൽ സിനിമ ലളിതമായ നർമ മുഹൂർത്തുങ്ങളിലൂടെ കടന്ന് പോകുമ്പോഴും രണ്ടാം പകുതിയിൽ വരാനിരിക്കുന്ന ഞെട്ടിപ്പിക്കുന്ന സംഭവ മുഹൂർത്തങ്ങളുടെ സൂചന നിലനിർത്തുന്നുണ്ട്. രണ്ടാം പകുതിയിൽ ത്രസിപ്പിക്കുന്ന അപ്രതീക്ഷീത വഴിത്തിരിവുകൾ ഉണ്ടായില്ലെങ്കിൽ പോലും പുതിയ നിയമം നിരാശപ്പെടുത്തുന്നില്ല. സങ്കേതിക വിഭാഗത്തിന്റെ പരിപൂർണ്ണ പിന്തുണ ഏകെ സാജനിലെ സംവിധായകനിലെ പിഴവുകളെ മറച്ച് പിടിക്കാൻ വലിയ ഒരളവിൽ സഹായിച്ചിട്ടുണ്ട്. പലയിടങ്ങളിലും അല്ലറ ചിലറ കുഴപ്പങ്ങൾ ഉണ്ടെങ്കിലും സമീപകാലത്തെ നല്ല മമ്മൂട്ടി ചിത്രമായി പുതിയ നിയമത്തെ വിലയിരുത്താം. അധികമാരുടെയും ശ്രദ്ധയിൽ പെടാത്ത ഒരു സമൂഹ്യ പ്രശ്നത്തിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കുന്ന സിനിമ അ എന്ന നിലയ്ക്ക് വിലയിരുത്തുമ്പോൾ തന്നെ സിനിമ നല്കുന്ന സന്ദേശത്തിന്റെ അപകടകരമായ സാധ്യതയിൽ എതിർപ്പുള്ളവരുണ്ടാകാം എന്നത് വരും ദിവസങ്ങളിൽ ഈ സിനിമയെ പറ്റിയുള്ള വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി തെളിയിക്കാം. പ്രേക്ഷക പ്രതികരണം സമ്പാറും ചോറും പ്രതീക്ഷിച്ച് എത്തിയവർ ചിക്കൻ ബിരിയാണി കഴിച്ച പ്രതീതിയോടെ പുറത്തിറങ്ങി. ബോക്സോഫീസ് സാധ്യത ഓവർസീസിന്റെ കണക്ക് പറയാതെ കളക്ഷൻ റിപ്പോർട്ട് ഇടാൻ അങ്ങനെ ഇക്കാക്കും കിട്ടി ഒരു പടം റേറ്റിംഗ് : 3/5 അടിക്കുറിപ്പ്: അഭിഭാഷകന്റെ കേസ് ഡയറിയുടെ നിലവാരമുള്ള ഒരു സിനിമയെ സമീപ കാലത്തെ മമ്മൂട്ടിയുടെ മികച്ച ചിത്രം എന്ന് വിശേഷിപ്പിക്കുമ്പോൾ അതിനെ അലങ്കാരമായോ അപമാനമായോ എടുക്കുക എന്നത് കേൾക്കുന്നവന്റെ മനോധർമ്മം