Watched Sarkar - Tamil movie ചിത്രത്തിലേക്ക് കടക്കുന്നതിന് മുൻപ് കേരളത്തിലെ വിജയ്‌യുടെ ഫാൻ ബേസിനെ കുറിച്ച് രണ്ട് വാക്ക് പറയാൻ ആഗ്രഹിക്കുന്നു. പ്രവചനാതീതമാണ് ആ മനുഷ്യന് കേരളത്തിൽ കിട്ടുന്ന സപ്പോർട്ട്. വലിയ ഉത്സവം പോലാണ് ആളുകൾ അദ്ദേഹത്തിന്റെ ചിത്രത്തെ വരവേൽക്കുന്നത്. ആരാധകരുടെ ഒത്തൊരുമയും ഓർഗനൈസിംഗും എല്ലാം ശരിക്കും അത്ഭുതപ്പെടുത്തുന്ന തരത്തിലാണ്. മറ്റുള്ള ആരാധക സംഘടനകളിലൊന്നും ഇത്തരത്തിലുള്ള കൈയ്യടക്കവും അച്ചടക്കവും കാണാൻ കഴിഞ്ഞിട്ടില്ല. ശരിക്കും അഭിനന്ദനങ്ങൾ അർഹിക്കുന്നു ഇവര്. ഓരോ ചിത്രങ്ങൾ കഴിയുന്തോറും അത്രയേറെ മികച്ചു വരുന്നൊരു സംഘടന. ചിത്രത്തിലേക്ക് വന്നാൽ മികച്ചൊരു വിഷയമെടുത്ത് അതിനെ ദുർബലമായ രീതിയിൽ അവതരിപ്പിച്ച ഒരു ശരാശരി സിനിമ അനുഭവം. രാഷ്ട്രീയത്തിനുള്ളിൽ നടക്കുന്ന പല കാര്യങ്ങളും ശക്തമായി തന്നെ പറയാൻ ശ്രമിച്ചിട്ട് എങ്ങുമെത്താതെ പോയി എന്നുവേണം പറയാൻ. ചിത്രത്തിലൂടെ പറയാൻ ശ്രമിച്ച കാര്യങ്ങളെല്ലാം തന്നെ മികച്ചു നിൽക്കുന്നവയായിരുന്നു പക്ഷേ എടുത്ത് വന്നപ്പോൾ കൈയ്യിൽ നിന്നും പോയി. ഊതി വീർപ്പിച്ച് അവസാനം കാറ്റുപോയ ബലൂണിന്റെ അവസ്ഥയായി. AR മുരുഗദോസ് എന്ന സംവിധായകന്റെ ഓവർ കോൺഫിഡൻസ് ആണ് ഈ സിനിമ. ഗംഭീരമായൊരു അനുഭവമാക്കാമായിരുന്ന ചിത്രത്തെ അയഞ്ഞുപോയ രചനകൊണ്ടും അലസമായ സംവിധാനം കൊണ്ടും വെറുമൊരു ശരാശരിയിൽ ഒതുങ്ങിയ അനുഭവമാക്കി മാറ്റി മുരുഗദോസ്. പറയാൻ ശ്രമിച്ച ശക്തമായ വിഷയത്തെ മികച്ച രീതിയിൽ പ്രേക്ഷകനിൽ എത്തിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടിരിക്കുന്നു. ഓരോ ചിത്രം കഴിയുന്തോറും ഗ്രാഫ് താഴ്ന്നു വരുന്നൊരു സംവിധായകനായി മാറിയിരിക്കുന്നു അദ്ദേഹം. ശക്തമായൊരു തിരിച്ചു വരവ് ആഗ്രഹിക്കുന്നു. ചിത്രത്തിലൂടെ അദ്ദേഹം പറയാൻ ശ്രമിച്ച കാര്യങ്ങൾ അതിന്റെ പൂർണ്ണതയിൽ എത്തിയില്ലെങ്കിലും പറയാൻ ശ്രമിച്ച ആ വിഷയത്തിനും ആ ധൈര്യത്തിനേയും അഭിനന്ദിച്ചേ മതിയാകൂ. AR റഹ്മാന്റെ സംഗീതവും നിരാശപ്പെടുത്തി ഗാനങ്ങളായാലും പശ്ചാത്തല സംഗീതമായാലും ശരാശരിയിൽ ഒതുങ്ങി. ചില സീനുകളിലൊക്കെ bgm മറ്റാരെങ്കിലും ചെയ്തിരുന്നെങ്കിലെന്ന് ഒരുപാട് ആഗ്രഹിച്ചു. ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണം പോരായ്മകൾക്കിടയിൽ മികച്ചു നിന്നു. നല്ല രീതിയിൽ അദ്ദേഹം അദ്ദേഹത്തിന്റെ ജോലി നിർവ്വഹിച്ചിട്ടുണ്ട്. ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗ് അത്ര മികവുറ്റതായി തോന്നിയില്ല. വിജയ്.... മറ്റു പോരായ്മകൾക്കിടയിൽ പ്രേക്ഷകനെ പിടിച്ചിരുത്തിയത് ഈ മനുഷ്യന്റെ സാന്നിധ്യമൊന്ന് മാത്രമായിരുന്നു. തന്റെ സ്വസിദ്ധമായ ശൈലിയിൽ പ്രകടനം കൊണ്ട് ആരാധകരുടെ കൈയ്യടി ഏറ്റുവാങ്ങി മുന്നേറിയ പ്രകടനം പക്ഷേ ചിത്രത്തിന്റെ അവസാനമായപ്പോഴേക്കും ഒരുപാട് നാടകീയത നിഴലിച്ചു നിന്ന പ്രകടനമായി മാറി. ക്ലൈമാക്സിനോടടുക്കുമ്പോൾ ഉള്ള കുറച്ച് രംഗങ്ങൾ എല്ലാം കൈവിട്ടു പോയ തരത്തിലുള്ള പ്രകടനമായിരുന്നു. തുപ്പാക്കിയിലും, കത്തിയിലും, തെറിയിലും, മെർസലിലും കണ്ട ആ മനോഹരമായ വിജയ് മാജിക്.... ആ എനെർജറ്റിക്ക് പ്രകടനങ്ങൾ ഈ ചിത്രത്തിൽ കാണാനായില്ല എന്നത് വേറെ കാര്യം. അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ കാര്യമെടുത്താൽ പടിക്കൽ കൊണ്ടുപോയി കലമുടച്ച അവസ്ഥയായിരുന്നു തരക്കേടില്ലാതെ പോയിരുന്ന പ്രകടനത്തെ അവസാനം വരെ അതേ രീതിയിൽ നിലനിർത്താൻ അദ്ദേഹത്തിനായില്ല ക്ലൈമാക്സ് സീനുകളിലെ നാടകീയമായി മാറിയ പ്രകടനം വലിയ കല്ലുകടി തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ഒരു നല്ല ഡാൻസ് നമ്പർ പോലും ഒരുക്കാൻ മുരുഗദോസും സംഘവും ശ്രമിച്ചില്ല. സംഘട്ടന രംഗങ്ങൾ പോലും ഒരു ok ലെവലിൽ ഒതുങ്ങി. കീർത്തി സുരേഷ്..... നായകന്റെ സൗന്ദര്യവും ഹീറോയിസവും കണ്ട് അതിൽ മയങ്ങി നായകന്റെ പിന്നാലെ വെറുതേ നിലാവത്ത് അഴിച്ചു വിട്ട കോഴിയെപ്പോലെ ഇങ്ങനെ നടക്കാൻ മാത്രം മുരുഗദോസ് സൃഷ്ടിച്ച കഥാപാത്രം. അവർക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു വെറുതേ പേരിനൊരു നായിക. വരലക്ഷ്മി ശരത്കുമാർ...... വരലക്ഷ്മിയുടെ കഥാപാത്രത്തിന്റെ വരവോടു കൂടിയായിരുന്നു ശരിക്കും ചിത്രത്തിന്റെ രണ്ടാം പകുതിക്ക് ഒരു ഉണർവ്വ് വെച്ചത്. പാപ്പ(കോമളവല്ലി)യെന്ന പ്രതിനായിക വേഷം അവരുടെ കൈയ്യിൽ ഭദ്രമായിരുന്നു. ചിത്രത്തിൽ നായകകഥാപാത്രത്തിന് പോലും ലഭിക്കാത്ത തരത്തിലുള്ള ഒരു മാസ്സ് ഷോട്ട് പോലും അവരുടെ കഥാപാത്രത്തിന് ഉണ്ടായിരുന്നു. മികച്ചു നിന്ന പശ്ചാത്തല സംഗീതവും അവരുടെ എൻട്രിക്ക് ആയിരുന്നു. രാധാ രവി, യോഗി ബാബു, Pala. Karuppiah, തുളസി ശിവമണി, Etc തുടങ്ങിയവരുടേത് നിലവാരമുള്ള പ്രകടനങ്ങളായിരുന്നു. തമിഴ്നാട്ടിൽ ഒരുപക്ഷേ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയേക്കാവുന്ന പല കാര്യങ്ങളും ചിത്രത്തിലുണ്ട്.... വിജയ്‌യുടെ പൊളിറ്റിക്കൽ എൻട്രി താമസിയാതെ ഉണ്ടാവുമെന്നാണ് അദ്ദേഹത്തിന്റെ സമീപകാല ചിത്രങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. പലരും കളിയാക്കി വിളിക്കുന്ന ആ "രക്ഷകൻ" റോൾ തമിഴ്‌നാടിന്റെ രക്ഷകൻ റോൾ അദ്ദേഹം ഏറ്റെടുക്കുമോ അതോ ഇതൊക്കെ വെറും ഊഹാപോഹങ്ങൾ മാത്രമാണോ എന്നുള്ളത് കാത്തിരുന്ന് കാണാം. ശക്തമായൊരു വിഷയത്തെ അതിന്റെ പ്രാധാന്യത്തോട് കൂടി ശക്തമായൊരു ദൃശ്യാനുഭവമാക്കി മാറ്റാൻ മുരുകദോസിന് കഴിയാതെ പോയി. ശരാശരിയിൽ ഒതുങ്ങിയ ഒരു സിനിമാനുഭവമാണ് എന്നെ സംബന്ധിച്ച് സർക്കാർ. അറ്റ്ലീ - വിജയ് കോമ്പോ ആണ് ഇപ്പൊ പ്രിയം ആ കൂട്ടുകെട്ടിലെ അടുത്ത ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നു. അറ്റ്ലീക്ക് അറിയാം വിജയ്‌യെ എങ്ങനെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കണം എന്നുള്ളത്. സർക്കാർ ഒരു ശരാശരിയിൽ ഒതുങ്ങിയ സിനിമാനുഭവം. (അഭിപ്രായം തികച്ചും വ്യക്തിപരം )