റോഷന്‍ ആന്‍ഡ്രൂസ് ബോബി സഞ്ജയ് കൂട്ടു കെട്ടില്‍ നിന്ന് പുറത്ത് വന്ന ഏറ്റവും പുതിയ ചിത്രമാണു സ്കൂള്‍ ബസ്. ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, അപര്‍ണ്ണ ഗോപിനാഥന്‍ എന്നിവര്‍ക്ക് പുറമേ പുതുമുഖങ്ങളായ ബാലതാരങ്ങള്‍ ആകാശ് മുരളീധരനും, ആഞ്ചലീന റോഷനും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രശസ്ത ബോളിവുഡ് ഛായാഗ്രഹകന്‍ ആയ സി കെ മുരളീധരനാണു ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. എ വി അനൂപ് ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണു സ്കൂള്‍ ബസ്. കഥ അജോയും ആഞ്ചലീനയും ചേട്ടനും അനിയത്തിയുമാണു. രണ്ട് പേരും ട്രിനിറ്റി ഇന്റര്‍നാഷ്ണല്‍ സ്കൂളിലാണു പഠിക്കുന്നത്. ഇവരുടെ മാതാപിതാക്കളാണു ജോസഫും അപര്‍ണ്ണയും. ജോസഫ് ഒരു ബിസിനസ്സുകാരനാണു അപര്‍ണ സ്വന്തമായി ഒരു ടെക്സ്റ്റയില്‍ ഷോപ്പ് നടത്തുന്നു. വളരെ കണിശക്കാരനായ ഒരു അപ്പനാണു ജോസഫ്. മക്കളോട് അമിതമായ സ്നേഹപ്രകടനങ്ങളില്ല. ആരെങ്കിലും എന്തെങ്കിലും സമ്മാനങ്ങള്‍ മക്കള്‍ക്ക് കൊടുത്താല്‍ അതിന്റെ പൈസ അവര്‍ക്ക് തിരിച്ച് കൊടുക്കണം എന്ന് വരെ ശഠിക്കുന്ന ഒരപ്പന്‍. അമ്മയായ അപര്‍ണ്ണയാകട്ടെ ചില നേരങ്ങളിള്‍ സ്നേഹവും ചില സമയങ്ങളില്‍ ദേഷ്യവും ആണു. അജോയ് സ്കൂളിലെ തന്റെ കൂട്ടുകാരുമൊത്ത് ഒരു തേനീച്ച കൂട് മരത്തിനു മുകളില്‍ നിന്നെടുത്ത് അതിലെ തേന്‍ കുടിക്കണമെന്ന പരിശ്രമത്തിലാണു. ഇവരുടെ വീട്ടിലെ വേലക്കാരിയുടെ മകനായ കണന്‍ കൊടുക്കുന്ന ഒരു കത്തി വെച്ച് അതിനു ശ്രമിക്കുന്നതിനിടയില്‍ കൂടെ സഹായത്തിനു നവനീത് എന്ന ഒരു കുട്ടിയും കൂടുന്നു. എന്നാല്‍ തേനീച്ച കൂട് ഇളകി തേനീച്ചകള്‍ ആക്രമിക്കുന്ന ഘട്ടത്തില്‍ നവനീതിനു സാരമായ പരിക്കേല്ക്കുന്നു. അടുത്ത ദിവസം മാതാപിതാക്കളുമായി സ്കൂളില്‍ വന്നാല്‍ മതി എന്ന് പ്രിന്‍സിപ്പാള്‍ പറയുന്നു, വീട്ടില്‍ ജോസഫും അപര്‍ണ്ണയും ജോസഫിന്റെ ചേട്ടനുമായുള്ള വസ്തു തര്‍ക്കത്തിന്റെ ഇടയിലാണു. നവനീതിന്റെ അഛന്‍ ഒരു വലിയഗുണ്ടായാണെന്നും അജോയിനെ കൈയ്യില്‍ കിട്ടിയാല്‍ ശരിയാക്കി കളയുമെന്നുമുള്ള കൂട്ടുകാരുടെ പേടിപ്പെടുത്തലുകള്‍ കാരണം അജോയും ആഞ്ചലീനയും ഒരു തിരുമാനമെടുക്കുന്നു..!!!!!!! വിശകലനം. നമ്മുക്കെല്ലാവര്‍ക്കും ഉണ്ടായിരുന്നു ഒരു കുട്ടികാലം. അറിഞ്ഞോ അറിയാതേയോ ചെയ്തു പോയ ഒരു തെറ്റിന്റെ ഭാരവുമായി വീട്ടിലെത്തി നാളെ സ്കൂളില്‍ ചെല്ലുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന പുകിലുകളും വീട്ടില്‍ ഇതറിഞ്ഞാല്‍ ഉണ്ടാകുന്ന കോലാഹലങ്ങളുമെല്ലാം ആലോചിച്ച് ഇന്നു ലോകം അവസാനിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ച് പുതപ്പിനിടയില്‍ മൂടി പേടിച്ച് വിറച്ച് കിടന്നിരുന്ന ഒരു ബാല്യകാലം. തിരിഞ്ഞ് നോക്കുമ്പോള്‍ ചെറു പുഞ്ചിരിയോടെ നാം ഓര്‍ക്കും അന്നത്തെ ടെന്‍ഷനും വേവലാതിയുമെക്കെ വെറുതെ ആയിരുന്നുവെന്ന്. അഛനോട് അല്ലെങ്കില്‍ അമ്മയോട് ചേര്‍ന്ന് നിന്ന് കുറ്റബോധത്തോടെ മുഖം താഴ്ത്തി വിവരിച്ചാല്‍ അവര്‍ക്ക് എളുപ്പത്തില്‍ പരിഹാരം കാണാമായിരുന്ന തെറ്റുകളെ അന്നു നമ്മള്‍ ചെയ്തിട്ടുള്ളു. പക്ഷെ എന്നിട്ടും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രമേ പലരും മാതാപിതാക്കളെ സമീപിച്ചുള്ളു. മിക്കവരും സ്വന്തം നിലയ്ക്ക് ആ പ്രശനങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ച് കൂടുതല്‍ വഷളാക്കിയവരുമാണു. എത്ര സ്നേഹം ഉള്ളിലുണ്ടെങ്കിലും മക്കള്‍ക്കൊരു വിഷമത വരുമ്പോള്‍ അവര്‍ ആദ്യം സമീപിക്കേണ്ടത് അവരുടെ മാതാപിതാക്കളെയാണു അവരത് ചെയ്യുന്നില്ലെങ്കില്‍ ആ മാതാപിതാക്കള്‍ പരാജയപ്പെട്ടവരാണു എന്ന് പറഞ്ഞു വെയ്ക്കുകയാണു സ്കൂള്‍ ബസ് എന്ന സിനിമ. ഇത്തരമൊരു പ്രമേയം ഒരുപാട് വട്ടം മലയാള സിനിമയില്‍ വന്നിട്ടുള്ളതാണു എങ്കിലും അത് ഒരു റോഷന്‍ - ബോബി സഞ്ജയ് ശൈലിയില്‍ ആവിഷ്ക്കരിക്കുകയാണു സ്കൂള്‍ ബസില്‍. ഒരു മണിക്കൂര്‍ 57 മിനുറ്റാണു ചിത്രത്തിന്റെ ദൈര്‍ഘ്യം. ആദ്യ പകുതിയില്‍ രസകരമായി മുന്നോട്ട് നീങ്ങുന്ന സിനിമ രണ്ടാം പകുതിയില്‍ ഉദ്ദ്വേഗ ജനകമായി മാറുന്നു. ബോളിവുഡ് ഛായാഗ്രഹകന്‍ മുരളീധരന്റെ ക്യാമറ ഒരു വലിയ പരിധി വരെ ഇത്തരമൊരു മൂഡ് നിലനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. അഭിനേതാക്കളില്‍ ബാല താരങ്ങളായ ആകാശും ആഞ്ചലീനയും മികവ് പുലര്‍ത്തിയിട്ടുണ്ട്. ഒരമ്മയുടെ വിവിധഭാവങ്ങള്‍ മുഖത്ത് വരുത്താന്‍ അപര്‍ണ്ണ ഗോപിനാഥിനും സാധിച്ചു. ആദ്യമായി പോസ്റ്റിംഗ് കിട്ടുന്ന എസ് ഐ ആയി കുഞ്ചാക്കോയും തിളങ്ങിയെങ്കിലും സ്കൂള്‍ ബസില്‍ എടുത്ത് പറയേണ്ട പ്രകടനം കാഴ്ച്ചവെച്ചത് ജയസൂര്യയാണു. മലയാള സിനിമയില്‍ മറ്റേത് യുവതാരത്തേക്കാളും മികച്ച നടനാണു താനെന്ന് വീണ്ടും വീണ്ടും ജയസൂര്യ തെളിയിച്ചു കൊണ്ടിരിക്കുന്നു. കണ്ണുള്ളവര്‍ കാണട്ടേ..!! റോഷന്‍- ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ ഏറ്റവും ചിലവ് ചുരുങ്ങിയ ചിത്രമായിരിക്കണം സ്കൂള്‍ ബസ്. ആഘോഷങ്ങളിലാതെ ആരവങ്ങളിലാതെ തിയറ്ററുകളിലേക്കെത്തിയ ഈ ചിത്രം ലക്ഷ്യം വയ്ക്കുന്നത് കുട്ടികളെയും അവരുടെ മാതാപിതാക്കളെയുമാണു. അതില്‍ ഒരു വലിയ അളവില്‍ അവര്‍ വിജയിച്ചു എന്ന് തന്നെ വേണം പറയാം. ബോബി സഞ്ജയുടെ തിരകഥ അവരുടെ സ്ഥിരം നിലവാരത്തില്‍ എത്തിയിട്ടില്ലെങ്കിലും ഒരു സീനില്‍ പോലും വരാതെ വെറും പരാമര്‍ശം കൊണ്ട് മാത്രം പ്രേക്ഷകരെ കൈയ്യടിപ്പിക്കുന്ന സുധീര്‍ കരമനയുടെ കളക്ടര്‍ വേഷമെല്ലാം ആ തൂലികയുടെ ശക്തിയെ തെളിയിക്കുന്നതാണു. റോഷന്‍ ആന്‍ഡ്രൂസ് വലിയ കാന്‍വാസില്‍ മാത്രം സിനിമ ചെയ്യുന്ന ആളല്ല എന്ന് സ്കൂള്‍ ബസിലൂടെ തെളിയിക്കാന്‍ അദ്ദേഹത്തിനായി..!! ഈ വേനലവധിയുടെ അവസാന ദിനങ്ങളില്‍ കുട്ടികളുമൊത്ത് കാണാന്‍ പറ്റുന്ന ചിത്രം തന്നെയാണു സ്കൂള്‍ ബസ്. സിനിമ മുന്നോട്ട് വെയ്ക്കുന്നത് നല്ലൊരു സന്ദേശമാണു എന്നത് കൊണ്ട് ഇതില്‍ സംഭവിച്ചിട്ടുള്ള പാളിച്ചകള്‍ക്ക് നേരെ നമുക്ക് സൗകര്യപൂര്‍വ്വം കണ്ണടയ്ക്കാം. അല്ലെങ്കിലും സിനിമ കണ്ടത് കൊണ്ട് ഒരു സമൂഹവും നന്നാവാനും പോണില്ല നശിക്കാനും പോണില്ല എന്നാണല്ലോ..!!! പ്രേക്ഷക പ്രതികരണം സംവിധായകനിലും തിരകഥാകൃത്തുകളിലുമുള്ള വിശ്വാസം കെടാതെ പ്രേക്ഷകര്‍ തിയറ്റര്‍ വിട്ടിറങ്ങി. ബോക്സോഫീസ് സാധ്യത ടാര്‍ജറ്റഡ് ഓഡിയന്‍സ് ഏറ്റെടുത്താല്‍ സ്കൂള്‍ ബസ് ഒരോട്ടം ഓടും..! റേറ്റിംഗ്: 3/5 അടിക്കുറിപ്പ്: അയ്യേ ഇത് പിള്ളേരുടെ പടമല്ലേ..!! ഇതിനൊക്കെ ആരെങ്കിലും കയറുമോ എന്ന് പുച്ഛിക്കുന്നവര്‍ മറക്കാതിരുന്നാല്‍ നന്ന്. ഒരുകാലത്ത് എല്ലാവരും കുട്ടികളായിരുന്നു എന്ന്....!!!