Watched ThamaashaMovie തമാശ പറഞ്ഞ "കാര്യം" അഥവാ തമാശയിലൂടെ പറഞ്ഞ "കാര്യം" മറ്റുള്ളവന്റെ കുറവുകളേയും കൂടുതലുകളേയും തമാശയാക്കിയും അവഹേളനമാക്കിയും വ്യക്തിഹത്യയാക്കിയും കൊണ്ടാടുന്ന ഒരു വലിയ കൂട്ടം ആളുകൾ തന്നെ നമുക്കിടയിലുണ്ട്..... ആ നികൃഷ്ട ജീവികൾക്കുള്ള കരണമടക്കിയുള്ള പ്രഹരമാണ് തമാശ. ഒപ്പം തങ്ങളുടെ കുറവുകളിലും കൂടുതലുകളിലും വ്യാകുലതയനുഭവിക്കുന്ന.... മനക്കട്ടിയില്ലാത്തവർക്കുള്ള വലിയ പ്രചോദനവും ധൈര്യവും. എനിക്ക് ഈ ചിത്രത്തെ എന്റെ ജീവിതവുമായി ചേർത്ത് വെക്കാനാണ് ഇഷ്ടം.... അല്ലേൽ എന്റെ ജീവിതവുമായി ഏറെ ചേർന്ന് നിൽക്കുന്ന ഒരു സിനിമയാണ് തമാശ. കാരണം..... തമാശയിൽ ശ്രീനിവാസൻ മാഷിന് തന്റെ കഷണ്ടിയും ചിന്നുവിനെ തന്റെ തടിയും ആണ് ജീവിതത്തിൽ പരിഹാസ്യരാക്കുന്നത് എങ്കിൽ എന്നെ എന്റെ പല്ല്.... എന്റെ പല്ലുകൾ ആണ് പലപ്പോഴും പലരുടെ മുൻപിലും എന്നെ പരിഹാസ്യനാക്കിയിട്ടിട്ടുള്ളത്.... എന്തിനേറെ പറയുന്നു കൂട്ടുകാർക്കിടയിൽപ്പോലും. എന്റെ പല്ലുകൾ എല്ലാം നല്ല രീതിയിൽ ഇടവിട്ടിട്ടാണുള്ളത് ഈയൊരു കാര്യം കൊണ്ട് സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് സമൂഹത്തിന്റെ നാനാഭാഗത്ത് നിന്നും പലതരത്തിലുള്ള കളിയാക്കലുകൾക്ക് വിധേയനായിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. ഒരിക്കൽ പഠിപ്പിക്കുന്ന ഒരു അധ്യാപകൻ ക്ലാസ്സിൽ എന്തോ തമാശ പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ച കൂട്ടത്തിൽ ഞാനും ചിരിച്ചു അപ്പൊ എന്നെനോക്കി അദ്ദേഹം പറഞ്ഞത് "ഫുട്ബോൾ പോകാനുള്ള ഗ്യാപ്പ് ഉണ്ടല്ലോടാ പല്ലുകൾക്കിടയിൽ ദയവ് ചെയ്തു ചിരിക്കാതെ വാ അടച്ചു വെക്ക്" എന്നാണ്. അത് കേട്ട് ഞാൻ ഒഴികെ ബാക്കിയെല്ലാവരും ആർത്ത് ചിരിച്ചു.... ഒരിക്കൽ ക്രിക്കറ്റ് കളിക്കാൻ പോയ സമയത്ത് ഗ്രൗണ്ടിൽ നിന്ന് എന്തോ തമാശ കേട്ട് ചിരിക്കുമ്പോൾ ഒരുപാട് ആളുകൾക്കിടയിൽ നിന്ന് എന്റെ ടീമിൽ കളിക്കുന്ന ഒരുത്തൻ പറഞ്ഞു "ചേട്ടാ നിങ്ങളുടെ മുഖം ഒക്കെ okയാണ് ദയവ് ചെയ്ത് നിങ്ങൾ വാ തുറക്കരുത് വാ തുറന്നാൽ കക്കൂസ് പോലെയാണ് നിങ്ങളുടെ മുഖം" എന്നാണ്.... ഈയടുത്ത് ഒരു കൂട്ടുകാരന്റെ കൂട്ടുകാരൻ പറഞ്ഞത് നീ ഏതേലും പെൺകുട്ടിയോട് ഇഷ്ടമാണ് എന്ന് പറയാൻ പോകുമ്പോഴോ പെണ്ണ് കാണാൻ പോകുമ്പോഴോ ദയവ് ചെയ്തു ചിരിക്കരുത് ബാക്കി ഒക്കെ okയാണ് പക്ഷേ നീ ചിരിച്ചാൽ മാർക്കറ്റ് പോയി" എന്നാണ്.... ഇതൊക്കെ ചുരുക്കം ചില ഉദാഹരണങ്ങൾ മാത്രം.... കാലങ്ങളായി സമൂഹത്തിന്റെ നാനാ ഭാഗത്ത് നിന്നും ഈയൊരു കാര്യത്തിന്റെ പേരിൽ കളിയാക്കലുകൾ അനുഭവിച്ചു വരുന്നൊരു വ്യക്തിയാണ് ഞാൻ. ഫോട്ടോ എടുക്കുമ്പോൾ ചിരിക്കാറില്ല..... കൂട്ടുകാരുമൊത്ത് സെൽഫി എടുക്കുമ്പോൾ ഞാൻ മാത്രം വാ അടച്ച് പിടിച്ചു നിൽക്കും.... എല്ലാവരും പല്ല് പുറത്ത് കാണിച്ച് ചിരിക്കുന്നത് പോലെ ചിരിക്കാൻ എനിക്കും ആഗ്രഹമുണ്ട്.... ഒരാളെ പരിചയപ്പെടുമ്പോൾ.... അല്ലേൽ സംസാരിക്കുമ്പോൾ അവര് ഇങ്ങോട്ട് ചിരിച്ചു പെരുമാറുന്നത് പോലെ തിരിച്ചും അതുപോലെ പെരുമാറാൻ ആഗ്രഹമുണ്ട്.... തമാശകേൾക്കുമ്പോൾ പരിസരം മറന്ന് പൊട്ടിച്ചിരിക്കാൻ ആഗ്രഹമുണ്ട്.... പക്ഷേ കാലങ്ങളായി ഈ അനുഭവിച്ചു പോരുന്ന അവഹേളനങ്ങൾ എന്നെ പുറകോട്ട് വലിക്കും. ഫോട്ടോയുടെ കാര്യം എടുക്കുകയാണേൽ ഇന്നത്തെ കാലത്ത് മിക്കവരും ഫോട്ടോ എടുത്ത് കഴിഞ്ഞാൽ സോഷ്യൽ മീഡിയയിൽ പങ്കു വെക്കും അങ്ങനെ വരുമ്പോൾ എന്നെപ്പോലുള്ള മനക്കട്ടി തീരെയില്ലാത്തവരുടെ അവസ്ഥ എന്തായിരിക്കും..... നമ്മുടെ വിഷമങ്ങളിൽ സന്തോഷം കണ്ടെത്തുന്ന നമ്മുടെ കുറവുകളെ തമാശയാക്കി ആഘോഷമാക്കുന്ന ഒരു വലിയ വിഭാഗം തന്നെയുണ്ട് നമുക്കിടയിൽ.... ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് ഈ സോഷ്യൽ മീഡിയ കൊടി കുത്തി വാഴുന്ന കാലത്ത് പലരും അതിനെ നല്ല കാര്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്നതിലും കൂടുതൽ മോശം കാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്..... ഒരു പരിചയവും ഇല്ലാത്ത ആളുകളെ തെറി പറയുക.... സമൂഹത്തിൽ അറിയപ്പെടുന്ന ആളുകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ കൈ കടത്തി അവരുടെ പ്ലാറ്റ് ഫോമിൽ പോയി പൊങ്കാല എന്ന പേരിൽ അസഭ്യ വർഷം നടത്തുക.... ഒരാൾ അയാളുടെ അഭിപ്രായം പറഞ്ഞാൽ അല്ലേൽ അയാൾ/അവൾ കൂട്ടുകാരനോ കൂട്ടുകാരിക്കോ ഒപ്പമുള്ള ഒരു ചിത്രം പങ്കുവച്ചാൽ..... സദാചാരം പറഞ്ഞു ഒരുപാട് ആങ്ങളമാർ ഇറങ്ങും വേറെ ചിലർ രണ്ടുപേരുടേയും നിറങ്ങൾ താരതമ്യം ചെയ്ത് കളിയാക്കലുകൾ തുടങ്ങും മറ്റു ചിലർ ഉയരം നോക്കി കളിയാക്കും കഷണ്ടിയുള്ളവൻ ആണേൽ അത് പിടിച്ചാവും അവഹേളനം.... തടി കൂടിയാൽ അതിന്റെ പേരിൽ ആവും അവഹേളനം.... ഇത് ഇങ്ങനെ തുടർന്ന് കൊണ്ടേയിരിക്കും.... ഇതുകൊണ്ട് ഒക്കെ ഈ കൂട്ടർക്ക് എന്ത് നേട്ടമാണ് ഉള്ളത് എന്ന് അവർക്ക് പോലും അറിയില്ല.... മറ്റൊരാളെ കുത്തി നോവിക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കാതെ ഒരു കൂട്ടം ആളുകൾ. ആർക്കും ഒരു ഉപദ്രവവും ഇല്ലാതെ ഒരാൾ അയാളുടെ ഒരു പേർസണൽ പ്ലാറ്റ് ഫോമിൽ അയാളുടെ സന്തോഷത്തിന് പങ്കു വെക്കുന്ന അയാളുടെ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ എങ്ങെനെയാണ് ഈ കൂട്ടരെ അസ്വസ്ഥരാക്കുന്നത് എന്ന് മനസ്സിലാകാത്ത കാര്യമാണ്. ഇത്തരത്തിലുള്ള നികൃഷ്ട ജീവികൾക്കുള്ള മുഖമടച്ചുള്ള പ്രഹരമാണ് തമാശ..... ഒപ്പം എന്നെപ്പോലുള്ള കുറവുകളെ ഭയന്ന് ജീവിക്കുന്നവർക്കുള്ള വലിയ പ്രചോദനവും ധൈര്യവും. Ashraf Hamzaയെന്ന നവാഗതൻ മനോഹരമായി രചിച്ച് അതിമനോഹരമായി അണിയിച്ചൊരുക്കിയ ഒരു അതിമനോഹര ദൃശ്യാനുഭവമാണ് തമാശ. ഒരു തുടക്കക്കാരന്റെ പതർച്ചയേതുമില്ലാതെ എന്ത് മനോഹരമായാണ് അദ്ദേഹം തമാശ ഒരുക്കിയിരിക്കുന്നത്.... മലയാളത്തിലെ മികച്ച ഫീൽഗുഡ് സിനിമകളുടെ നിരയിൽ മുൻപന്തിയിൽ തന്നെയായിരിക്കും തമാശയുടെ സ്ഥാനം. മലയാള സിനിമയ്ക്ക് പ്രതീക്ഷയായ് മറ്റൊരു മികച്ച സംവിധായാകൻ കൂടെ പിറവിയെടുത്തിരിക്കുന്നു. Sameer C Thahir തന്റെ സ്വസിദ്ധമായ ശൈലിയിൽ ഓരോ ഫ്രയിമുകളിലും എത്തവണത്തേയും പോലെ പുതുമകൾ കൊണ്ട് വന്ന് ഇത്തവണയും ഞെട്ടിച്ചിരിക്കുന്നു സമീർ. ചിത്രത്തിനെ ഇത്രമേൽ മനോഹരമാക്കിയതിൽ സമീറിന്റെ ഛായാഗ്രഹണം വഹിച്ച പങ്ക് ചെറുതല്ല. മനോഹരം.... അതിമനോഹരം..... Rex Vijayanഉം Shahabaz Amanഉം ചേർന്നൊരുക്കിയ സംഗീതം ചിത്രത്തോട് ഏറെ ചേർന്ന് നിൽക്കുന്നവയായിരുന്നു എന്ന് മാത്രമല്ല അത്രമേൽ മനോഹരവുമായിരുന്നു. ഈയടുത്ത് കേട്ടിട്ടുള്ള അതിമനോഹരമായ ഗാനങ്ങളിൽ ഒന്നാണ് "പാടി ഞാൻ.... " എന്ന ഗാനം. ഷഹബാസ് അമന്റെ ആ മാജിക്കൽ വോയിസ് ഒരിക്കൽ കൂടെ മനം കവർന്നെടുത്തു. Shafique Mohamed Aliയുടെ എഡിറ്റിംഗ് മികവും എടുത്ത് പറയേണ്ടുന്ന ഒന്നാണ്.... ഒട്ടും ബോറടിപ്പിക്കാത്ത തരത്തിൽ അദ്ദേഹം ചിത്രത്തെ കൂട്ടി ചേർത്ത് വെച്ചിട്ടുണ്ട്.... Vinay Forrt ഇദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരിക്കും ശ്രീനിവാസൻ എന്ന കഥാപാത്രം. വിമൽ സർ സിംപിൾ ആയിരുന്നേൽ ശ്രീനിവാസൻ മാഷും സിംപിൾ ആണ്..... പക്ഷേ പ്രകടനം കൊണ്ട് പവർ ഫുൾ ആണ്..... എന്ത് അനായാസമായാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്.... അത്രമേൽ ഗംഭീരവും മനോഹരവുമായ സ്വാഭാവികമായ പ്രകടനം..... Chinnu Chandni അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച പ്രകടനം..... ഒരു തുടക്കാരിയാണോ ചിന്നു എന്ന സംശയം മാത്രമാണ് ബാക്കി.... കാരണം ഇരുത്തം വന്നൊരു അഭിനേത്രിയെപ്പോലെ ചിന്നു ചിന്നുവായി അങ്ങ് ജീവിക്കുകയായിരുന്നു..... എന്ത് അനായാസമായാണ് ഈ കലാകാരി ആ കഥാപാത്രം കൈകാര്യം ചെയ്തത്..... ചിന്നുവിന്റെ ചിരിക്ക് ഒരു പ്രത്യേക ഭംഗിയാണ് ആ ഭംഗിതന്നെയുണ്ട് അവരുടെ പ്രകടനത്തിനും. ഒരുപാട് പ്രതീക്ഷ നൽകുന്ന ഒരു അഭിനേത്രി. Divyaprabha PG തനിക്ക് കിട്ടുന്ന കഥാപാത്രങ്ങൾ വലുതോ ചെറുതോ ആയിക്കൊള്ളട്ടെ അത് സ്വാഭാവികമായി അങ്ങേയറ്റം മനോഹരമാക്കുന്നൊരു കലാകാരിയാണ് ദിവ്യ പ്രഭ. ബബിത ടീച്ചറേയും ആ പതിവ് തെറ്റിക്കാതെ ദിവ്യ അതി മനോഹരമാക്കി. Grace Antony ഹാപ്പി വെഡ്‌ഡിങ് എന്ന ചിത്രത്തിൽ പ്രകടനം കൊണ്ട് വേറിട്ടു നിന്നൊരു അഭിനേത്രിയാണ് ഗ്രേസ് ആന്റണി.... പിന്നീട് കുമ്പളങ്ങി നൈറ്റ്സിലെ സിമി എന്ന കഥാപാത്രമായും അവര് മികവുറ്റ പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്.... സിമിയിൽ നിന്നും തമാശയിലെ സഫിയയിലേക്ക് എത്തിയപ്പോഴും ആ സ്വാഭാവികമായ മികവുറ്റ പ്രകടനത്തിന് കോട്ടമൊന്നും തട്ടിയിട്ടില്ല അല്പം തിളക്കം കൂടിയിട്ടേയുള്ളു. Navas Vallikkunnu ശ്രീനിവാസൻ മാഷ് ആയി Vinay Forrt തകർത്തടുക്കുമ്പോൾ അദ്ദേഹത്തോട് കട്ടയ്ക്ക് പിടിച്ചു നിന്ന പ്രകടനമായിരുന്നു നവാസിന്റെ റഹീം എന്ന കഥാപാത്രത്തിന്റേത്..... ചില സ്ഥലങ്ങളിൽ പ്രകടനം കൊണ്ടും കൗണ്ടർ കൊണ്ടും ശ്രീനിവാസൻ മാഷിനേക്കാൾ മുകളിൽ ആയിരുന്നു റഹീമിന്റെ സ്ഥാനം. എന്ത് സ്വാഭാവികമായാണ് നവാസ് അഭിനയിക്കുന്നത്.... ശരിക്കും അനുഗ്രഹീതനായ ഒരു കലാകാരൻ. Arun Kurianന്റെ കമൽ എന്ന കഥാപാത്രവും പ്രകടനം കൊണ്ട് മികച്ചു നിന്നു. Arya Salim, Mashar Hamsa, രൂപ ലക്ഷ്മി, ശ്രീലക്ഷ്മി ഗോപിനാഥൻ, രാജലക്ഷ്മി ഗോപിനാഥൻ, RJ മുരുകൻ, അംബിക റാവു, ആനന്ദ ജ്യോതി, മുബീന ഹംസ, ജോൺ ക്ലാരിനെറ്റ്, ഷാഹിദ് ഷമീം, ഉമ. കെ.പി, etc തുടങ്ങിയ അഭിനേതാക്കളെല്ലാം തന്നെ ഓരോ സീനിൽ ആണേൽ പോലും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി വൃത്തിയായി തന്ന അവതരിപ്പിച്ചു. ചിത്രത്തിന്റെ സമസ്ത മേഘലകളും ഒന്നിനൊന്ന് മികച്ചു നിന്നപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് മനോഹരമായൊരു ചിത്രത്തെയാണ്..... ഒരു അതിമനോഹര ഫീൽഗുഡ് ദൃശ്യാനുഭവത്തെയാണ്. നേരിട്ട് മുഖാമുഖം സംസാരിച്ചു തീർക്കേണ്ട കാര്യങ്ങളെ പോലും സോഷ്യൽ മീഡിയ വഴി മെസ്സേജ് ആയും മറ്റും ആ സംസാരത്തെ മാറ്റിയ ഇന്നത്തെ കാലത്തെയൊക്കെ മനോഹരമായി തന്നെ ചിത്രത്തിലൂടെ അഷ്‌റഫ് പറയുന്നുണ്ട്..... സോഷ്യൽ മീഡിയ ആളുകളിൽ വരുത്തിയിട്ടുള്ള മാറ്റവും മറ്റും ശക്തിമായി തന്നെ പറഞ്ഞിട്ടുണ്ട്.... ഇതുപോലെ ഒരുപാട് കാര്യങ്ങൾ ചിത്രം പറയുന്നു.... മറ്റുള്ളവന്റെ കുറവുകളെ തമാശയായി കണ്ട് അതിൽ ആനന്ദം കണ്ടെത്തുന്ന ഒരു കൂട്ടം ആളുകൾക്കുള്ള ശക്തമായ പ്രഹരം തന്നെയാണ് തമാശ ഒപ്പം കുറവുകളെ ഭയന്ന് ജീവിക്കുന്ന എന്നെപ്പോലുള്ളവർക്ക് പ്രചോദനവും ധൈര്യവുമാണ് തമാശ..... എന്നെപ്പോലുള്ളവരുടെ വിഷമങ്ങൾ തമാശയായി കാണുന്നവർക്ക് മുൻപിലേക്ക് ഞങ്ങളുടെ ഒരു പ്രതിനിധിയായി ശ്രീനിവാസൻ മാഷിനേയും ഞങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ പറയാൻ മറ്റൊരു പ്രതിനിധിയായി ചിന്നുവിനേയും സൃഷ്ടിച്ച അഷ്‌റഫിനും തമാശയുടെ അണിയറപ്രവർത്തകർക്കും നന്ദി ഇങ്ങനൊരു ദൃശ്യാനുഭവം ഒരുക്കി തന്നതിന് ഒരു സിനിമാ സ്നേഹി എന്ന നിലയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി ❤️❤️ തമാശ പറഞ്ഞ "കാര്യം" അഥവാ തമാശയിലൂടെ പറഞ്ഞ "കാര്യം" (അഭിപ്രായം തികച്ചും വ്യക്തിപരം)