Watched Thanneer Mathan Dinangal നർമ്മത്തിന്റെ മേമ്പൊടിയോടെ പൊടിപിടിച്ചു തുടങ്ങിയിരുന്ന കൗമാരം വിസ്മയകരമാക്കിയ ഓർമ്മകളെ പൊടിതട്ടിയെടുത്ത് ഗൃഹാതുരത്വത്തെ അതിന്റെ അത്യന്തമായ അവസ്ഥയിലെത്തിച്ച മാധുര്യമേറിയൊരു ലളിതമനോഹര ദൃശ്യാനുഭവം. നവാഗതനായ Girish A D താനും Dinoy Pauloseഉം ചേർന്ന് രചിച്ച ലളിതവും മനോഹരവുമായ രചനയെ ഒരു എക്സ്പീരിയൻസ്ഡ് ഡയറക്ടറുടെ മികവോടെ അതിന്റെ ഏറ്റവും മികച്ച ലെവലിൽ അണിയിച്ചൊരുക്കിയിട്ടുണ്ട്.... ഏറെ കഴിവുള്ളൊരു സംവിധായകനേയും എഴുത്തുകാരനേയും കൂടെ മലയാള സിനിമയ്ക്ക് ലഭിച്ചു എന്ന് സാരം. സിനിമയിൽ ഏറ്റവും വലിയ പാടുള്ള കാര്യങ്ങളിൽ ഒന്നാണ് പ്രേക്ഷകനെ മനംമറന്ന് ചിരിപ്പിക്കുക എന്നത്.... ആ ഒരു കാര്യത്തിൽ ഗിരീഷും കൂട്ടരും നൂറ് ശതമാനം വിജയിച്ചു എന്ന് ഉറപ്പിച്ചു പറയാം.... തമാശ രംഗങ്ങളിൽ സംഭാഷണങ്ങൾ ഉണ്ടേൽ തന്നെ പലപ്പോഴും ആളുകൾ ചിരിക്കാൻ പാടാണ് അങ്ങനെയുള്ളപ്പോൾ ഒട്ടേറെ പുതുമുഖങ്ങളെ വെച്ച് അതും കുട്ടികളെ വെച്ച് ആളുകളെ പൊട്ടിച്ചിരിപ്പിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്..... സംഭാഷണങ്ങൾ ഇല്ലാത്ത സീനുകളിൽ പോലും ഈ കാര്യത്തിൽ ഇവര് ഞെട്ടിച്ചിരിക്കുകയാണ്. പിന്നെ എടുത്ത് പറയേണ്ടത് ഒട്ടും നാടകീയത കലരാത്ത സംഭാഷണങ്ങളെ പറ്റിയാണ്.... സത്യം പറഞ്ഞാൽ നമ്മുടെയൊക്കെ ജീവിതം ആരോ നമ്മൾ അറിയാതെ ക്യാമറയിൽ പകർത്തി കാണിച്ചു തന്നൊരു ഫീൽ ആയിരുന്നു ചിത്രത്തിലുടനീളം. Jomon T johnഉം Vinod Illampallyയും ചേർന്നൊരുക്കിയ ഛായാഗ്രഹണത്തെ കാഴ്ച്ചയുടെ നിറവസന്തം എന്നേ പറയാനാകൂ ഒപ്പം Justin Vargheseന്റെ അതിമനോഹരമായ സംഗീതം കൂടെ ചേർന്നപ്പോൾ ചിത്രം പ്രേക്ഷകനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി എന്ന് വേണം പറയാൻ.... മികച്ച പശ്ചാത്തല സംഗീതവും മനോഹരമായ ഗാനങ്ങളും ചിത്രത്തിന്റെ നട്ടെല്ലുകളിൽ ഒന്ന് തന്നെയാണ്. "ജാതിക്ക തോട്ടം" എന്ന ഗാനത്തിനോട് ഇഷ്ടം കൂടുതൽ. Shameer Muhammed ചിത്രത്തെ ഏറ്റവും മികച്ച രീതിയിൽ തന്നെ വെട്ടിയൊതുക്കി കൂട്ടിച്ചേർത്ത് വെച്ചിട്ടുണ്ട്.... മികവുറ്റ എഡിറ്റിംഗ്. Mathew Thomas ന്റെ ജെയ്സൺ എന്ന കഥാപാത്രത്തിൽ പലപ്പോഴും എനിക്ക് എന്നെ തന്നെയാണ് കാണാൻ സാധിച്ചത്.... മൊബൈൽ ഫോണിന്റെ സ്ഥാനത്ത് പ്രേമലേഖനങ്ങളും മറ്റുമായിരുന്നു എന്ന വ്യത്യാസം മാത്രം.... മാത്യു ജെയ്‌സൺ എന്ന കഥാപാത്രമായിട്ട് അങ്ങ് ജീവിച്ചു തകർക്കുവായിരുന്നു.... എന്തൊരു കലാകാരനാണ് ഈ കുട്ടി.... ഈ ചെറുപ്രായത്തിൽ ആരേയും അമ്പരപ്പിക്കും വിധമാണ് അദ്ദേഹത്തിന്റെ പ്രകടനം. ശരിക്കും അനുഗ്രഹീതനായൊരു കലാകാരൻ. ചെറു ചലനങ്ങളിലും നോട്ടങ്ങളിലും പോലും ഞെട്ടിച്ചു കളഞ്ഞു മാത്യു. ഈയൊരു പ്രകടനം കൊണ്ട് അദ്ദേഹത്തിന്റെ ഒരു വലിയ ആരാധകനായി മാറി. Anaswara Rajan ഉദാഹരണം സുജാതയിലെ ആതിരക്ക് ശേഷം പ്രകടനം കൊണ്ട് അത്ഭുതപ്പെടുത്തി..... കീർത്തി എന്ന കഥാപാത്രമായി ഈ കൊച്ചുമിടുക്കി ചിത്രത്തിലുടനീളം ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്. കീർത്തി എന്ന കഥാപാത്രത്തെ അത്രമേൽ ഉൾക്കൊണ്ട് കൊണ്ടുള്ള പ്രകടനം.... മലയാള സിനിമയുടെ ഭാവി വാഗ്ദാനം. Naslen എന്ന പുതുമുഖമാണ് അത്ഭുതപ്പെടുത്തിയ മറ്റൊരു കലാകാരൻ.... ഈ സീരിയസ് ഫേസ് വെച്ച് ഡയലോഗ് അടിച്ച് മറ്റുള്ളവരെ ചിരിപ്പിക്കുക എന്നുള്ളത് വല്ലാത്തൊരു കഴിവുള്ള കാര്യമാണ്.... നമുക്കിടയിൽ ഒരുപാട് കാണും അതുപോലുള്ള ആളുകൾ.... അവര് സീരിയസ് ആയിപറയുന്ന കാര്യങ്ങൾ കേൾക്കുന്നവന് വലിയ തമാശയായി തോന്നും.... അത്തരത്തിലൊരു കഥാപാത്രമായിരുന്നു Naslenന്റേത്. ആശാൻ വാ തുറന്നാൽ ചിരിയുടെ പെരുമഴയായിരുന്നു തിയ്യേറ്റർ മുഴുവൻ. Vineeth Sreenivasan ന്റെ രവി പത്മനാഭനെ ജെയ്സൺ തല്ലിയില്ലേൽ പോലും മനസ്സുകൊണ്ട് ഇടിച്ച് പതം വരുത്തിയിരുന്നു.... തിയ്യേറ്ററിൽ എങ്ങാനും ആ മനുഷ്യൻ ഉണ്ടായിരുന്നേൽ ഉറപ്പായും ആരെങ്കിലും കൈയ്യും കാലും തല്ലിയൊടിച്ചേനെ..... ഒന്നാമത് കാണുന്നത് ഒരു സിനിമയാണ് എന്ന ബോധം ആർക്കും ഉണ്ടായിരുന്നിക്കാൻ ചാൻസ് ഇല്ല കാരണം മിക്കവരുടേയും ജീവിതം തന്നെയായിരുന്നിരിക്കണം സ്‌ക്രീനിൽ.... ആ കഥാപാത്രത്തിനോട് കാണുന്ന പ്രേക്ഷകന് തോന്നുന്ന ദേഷ്യം തന്നെയാണ് വിനീത് ഏട്ടന്റെ വിജയവും.... വിനീത് ശ്രീനിവാസൻ എന്ന അഭിനേതാവിനോട് ഒരു ഇഷ്ടം തോന്നിയത് അരവിന്ദന്റെ അഥിതികൾ എന്ന ചിത്രത്തിൽ ആയിരുന്നു.... ഇപ്പൊ ഇതും. ചില സീനുകളിൽ അല്പം ഓവർ ആയി തോന്നി എന്ന ഒരു കാര്യം ഒഴിച്ച് നിർത്തിയാൽ രവി പപ്പൻ മാസ്സ് ആയിരുന്നു. Binny Rinky Benjamin ന്റെ ടീച്ചർ കഥാപാത്രത്തോട് ആണ് മനസ്സുകൊണ്ട് ഒരുപാട് ഇഷ്ടം തോന്നിയത് അവരുടെ ആ മനോഹരമായ കഥാപാത്രത്തെ പക്വത നിറഞ്ഞ പ്രകടനം അവര് അതിമനോഹരമാക്കി. Sree Renjini തന്റെ സ്വസിദ്ധമായ സ്വാഭാവികാഭിനയത്തിലൂടെ തന്റെ കഥാപാത്രത്തെ പ്രേക്ഷകപ്രിയമാക്കി. Shabareessh Varma,Nisha Sarang, Irshad, Vineeth Vishwam, Kichu Tellus, Etc തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളെ പ്രകടനം കൊണ്ട് മികവുറ്റതാക്കി മാറ്റി.... പിന്നെ രചയിതാവ് Dinoyയുടെ ഏട്ടൻ കഥാപാത്രവും പ്രകടനം കൊണ്ട് തിളങ്ങി നിന്നു.... ക്ലൈമാക്സ് രംഗങ്ങളിൽ ഏറ്റവും കൂടുതൽ ചിരിച്ചത് അദ്ദേഹത്തിന്റെ കൗണ്ടറുകൾ കേട്ടിട്ടാണ്. ഇനി പറയാനുള്ളത് പേരറിയാത്ത ഒരു കൂട്ടം പുതുമുഖങ്ങളെ പറ്റിയാണ് ചിത്രത്തിന്റെ ആത്മാവ് ആയ കുറെയേറെ കലാകാരന്മാരും കലാകാരികളും..... അവരുടെ അഴിഞ്ഞാട്ടമായിരുന്നു ചിത്രം മുഴുവനും..... അതിലേറെയും കുട്ടികൾ ആയിരുന്നു എന്നതാണ് അത്ഭുതം.... നാടകീയതയുടെ ഒരു അംശം പോലും കലരാതെ ജീവിച്ചു കാണിച്ച ഒരു കൂട്ടം ആളുകൾ.... ജെയ്സൺ കൂട്ടുകാരുടെ ഗ്യാങ്ങും എതിർ ടീം ഗ്യാങ്ങും ബസ്സിലെ ചേട്ടന്മാരും അധ്യാപകരും മറ്റുള്ള വിദ്യാർത്ഥികളും എല്ലാവരും ഞെട്ടിച്ചു. തണ്ണീർ മത്തൻ ദിനങ്ങൾ എന്നെ സംബന്ധിച്ച് ഒരു തിരിച്ചു പൊക്കാണ്.... ജീവിതത്തിലെ ഏറ്റവും മനോഹരമായ മികച്ച കാലഘട്ടത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക് രണ്ട് രണ്ടര മണിക്കൂർ മനസ്സുകൊണ്ട് ജെയ്സനോടും കീർത്തിയോടും ഒപ്പം ഭാഗും തൂക്കി ആ ക്ലാസ്സ് റൂമിലും കവലകളിലും ഞാനും ഉണ്ടായിരുന്നു.... അല്ലേൽ അവരിലൂടെ ഞാൻ കണ്ടത് എന്നെ തന്നെയായിരുന്നു..... നേരത്തെ പറഞ്ഞത് പോലെ മൊബൈൽ ഫോണും മറ്റും ഒഴിച്ച് നിർത്തിയാൽ ഞങ്ങളുടെയൊക്കെ കൗമാരം തന്നെയായിരുന്നു ഈ ചിത്രം. ഏറ്റവും മനോഹരമായ രീതിയിൽ തന്നെ അവര് ഓർമ്മകളെ തിരികെ കൊണ്ട് വന്നിട്ടുണ്ട്.... ക്രിക്കറ്റ് കളിയും അടിയും പിടിയും തമാശകളും അധ്യാപകരും എല്ലാം ഒരു പ്രതിബിമ്പത്തിലെന്നോണം കണ്മുന്നിലൂടെ വന്ന് പോയി.... ഒപ്പം പ്രണയം എന്ന ഏറ്റവും മനോഹരമായ അവസ്ഥയും. ഒരുപാട് ചിരിപ്പിച്ച് ഓർമ്മകളിലൂടെ കടന്നു പോയപ്പോൾ അവസാനം കണ്ണുകൾ ഒന്ന് ഈറനണിഞ്ഞു... കാരണം തിരക്കുള്ള ഈ ജീവിതത്തിൽ ഒരുപാട് മിസ്സ് ചെയ്യുന്നു ആ കാലം എന്നുള്ളത് ഇതുപോലുള്ള സിനിമകളും മറ്റും കാണുമ്പോഴാണ് മനസ്സിലാകുന്നത്.... കാണുന്നത് ഒരു സിനിമയാണ് എന്നൊരു തോന്നൽ ഉണ്ടായാൽ അല്ലേ എന്തേലും കുറ്റങ്ങൾ ഒക്കെ കണ്ടുപിടിക്കാൻ പറ്റൂ.... ജീവിതം തന്നെയാണേൽ അതിന് പറ്റില്ലല്ലോ.... തണ്ണീർ മത്തൻ ദിനങ്ങൾ..... നർമ്മത്തിന്റെ മേമ്പൊടിയോടെ പൊടിപിടിച്ചു തുടങ്ങിയിരുന്ന കൗമാരം വിസ്മയകരമാക്കിയ ഓർമ്മകളെ പൊടിതട്ടിയെടുത്ത് ഗൃഹാതുരത്വത്തെ അതിന്റെ അത്യന്തമായ അവസ്ഥയിലെത്തിച്ച മാധുര്യമേറിയൊരു ലളിതമനോഹര ദൃശ്യാനുഭവം പൊടിപിടിച്ചു കിടന്നിരുന്ന ഓർമ്മകളെ തഴുകിയുണർത്തി ആ ഓർമ്മകളിലേക്ക് മനോഹരമായൊരു യാത്ര സമ്മാനിച്ചതിന് അണിയറപ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ നന്ദി.... ❤️❤️ (അഭിപ്രായം തികച്ചും വ്യക്തിപരം)