Watched Theevandi "പുകവലി" ആരോഗ്യത്തിന് ഹാനികരം "തീവണ്ടി ആരോഗ്യത്തിന് അത്യുത്തമം" നർമ്മത്തിലൂടെ അതിമധുരം പകർന്ന് പറഞ്ഞുപോയൊരു മനോഹരമായ ദൃശ്യാനുഭവം..... ശക്തമായൊരു ഓർമ്മപ്പെടുത്തൽ. തീവണ്ടി ഓടി തുടങ്ങുകയാണ് അങ്ങുമിങ്ങും തട്ടിത്തടഞ്ഞു മുഷിപ്പിച്ചു പോകുന്ന പാസഞ്ചറായല്ല ഒട്ടും മുഷിപ്പിക്കാതെ കുതിച്ചു പായുന്ന സൂപ്പർ എക്സ്പ്രസ്സ് ആയി തന്നെ. ഇന്നത്തെ യുവാക്കൾക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒന്നാണ് ഉപദേശം..... അതിപ്പോ ഇഷ്ടതാരത്തിന്റെ സിനിമയിലാണേൽപ്പോലും മികച്ച സിനിമയാണേൽപ്പോലും ഈ ഉപദേശം അവർക്ക് ദഹിക്കില്ല. അവിടെയാണ് തീവണ്ടിയുടെ വിജയം.... സിഗരറ്റ് വലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ഉപദേശമല്ല മറിച്ച് ശക്തമായി ഓർമ്മപ്പെടുത്തുകയാണ് ഈ ചിത്രം. അതും ഓർമ്മപ്പെടുത്തലായോ ഉപദേശമായോ തോന്നിപ്പിക്കാത്ത തരത്തിൽ പ്രേക്ഷകനെ ആസ്വാദനത്തിന്റെ മൂർദ്ധന്യത്തിൽ എത്തിച്ച് നർമ്മത്തിൽ ചാലിച്ച് അവർക്ക് പറയാനുള്ളത് ശക്തമായി ഏതൊരു കൊച്ചു കുഞ്ഞിനും മനസ്സിലാകുന്ന തരത്തിൽ വ്യക്തതയോടെ അവര് പറഞ്ഞിരിക്കുന്നു. അതും സിഗരറ്റിന് കാലങ്ങളായി അടിമപ്പെട്ടു കിടക്കുന്നവരെക്കൊണ്ട് പോലും കൈയ്യടിപ്പിക്കുന്ന രീതിയിൽ തന്നെ പറഞ്ഞിരിക്കുന്നു. സിഗരറ്റ് എന്നല്ല ഏതൊരു ലഹരിക്കും അടിമപ്പെട്ടു കിടക്കുന്നവനെക്കൊണ്ടും ചിരിപ്പിച്ചു കൊണ്ട് മുഷിപ്പിക്കാതെ ശക്തമായി ചിന്തിപ്പിക്കുന്ന ഒരു സിനിമയാണ് തീവണ്ടി. തന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്ന് പലർക്കും ഒരു മനോഹരമായ പ്രതിബിംബം മുന്നിൽ വെച്ചുകൊണ്ട് കാണിച്ചു കൊടുക്കുന്ന രീതി. ചിരിപ്പിക്കാൻ വേണ്ടി തമാശപറയുകയല്ല സിറ്റിവേഷൻ ഹ്യൂമാറാണ് ചിത്രത്തിലുടനീളം അതുകൊണ്ട് തന്നെ അതിന് അല്പം ചന്തം കൂടുതലാണ് ഒപ്പം ചിരിയുടെ നീളവും കൂടുന്നു. ഇടയിലൂടെ അല്പം മികച്ച രീതിയിലുള്ള ആക്ഷേപ ഹാസ്യവും കടന്നു വരുന്നു. Fellini Tp എന്ന നവാഗത സംവിധായകന് ഒരു സ്വപ്നതുല്ല്യമായ തുടക്കവും തന്റെ ആദ്യ സംവിധാന സംരഭത്തിന് അത്യുജ്ജലമായ സ്വീകരണവുമാണ് ലഭിച്ചിരിക്കുന്നത്. ഒരു നവാഗതന്റെ യാതൊരു പതർച്ചയുമില്ലാതെ അതിമനോഹരമായി തന്നെ അദ്ദേഹം ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നു. മികച്ച സംവിധാനം. Vini Viswa Lal ന്റെ രചനയെ ഒറ്റവാക്കിൽ വിശേഷിപ്പിച്ചാൽ അതിമനോഹരം. ഇത്രയും പ്രസക്തമായൊരു..... പലരും പറയാൻ ആഗ്രഹിക്കുന്നൊരു വിഷയം ഒരു ഉപദേശമായോ ഓർമ്മപ്പെടുതലായോ തോന്നിപ്പിക്കാതെ എന്നാലൊട്ട് എല്ലാവരുടെ തലയിലും കയറുന്ന രീതിയിൽ തന്നെ ഏവരേയും ആസ്വദിപ്പിക്കുന്ന രീതിയിൽ പേന ചലിപ്പിച്ചിരിക്കുന്നു. സാധാരണക്കാരിൽ സാധാരണക്കാരുടെ കഥ മണ്ണിന്റെ മണത്തോടെ തന്നെ അതിമനോഹരമായി രചിച്ചിരിക്കുന്നു. Tovino Thomas ബിനീഷ് ദാമോദർ എന്ന തീവണ്ടിയായി ജീവിക്കുകയായിരുന്നു കക്ഷി. എന്ത് അനായാസമായാണ് എത്ര മനോഹരമായാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. ഏതൊരു കലാകാരനും കൊതിച്ചു പോകുന്ന തരത്തിലുള്ള പെർഫോമൻസ്. Samyuktha Menon ഒരു പുതുമുഖത്തിന്റെ യാതൊരു പതർച്ചയുമില്ലാതെ അതിമനോഹരമായി ദേവി എന്ന കഥാപാത്രമായി സംയുക്ത സിനിമയിലുടനീളം നിറഞ്ഞാടുകയായിരുന്നു. അതിമനോഹരം ഈ പ്രകടനം. ചിരിപ്പിക്കുന്ന കാര്യത്തിൽ മുന്നിൽ നിന്നത് Aneesh Gopalന്റെ സഫർ എന്ന കഥാപാത്രമായിരുന്നു ശരിക്കും ഒരു അഴിഞ്ഞാട്ടമായിരുന്നു അദ്ദേഹത്തിന്റേത്..... പൊളിച്ചടുക്കിയിട്ടുണ്ട് കക്ഷി. Suraj Venjaramoodu, Saiju Govinda Kurup, Surabhi Lakshmi, സുധീഷ്, ഷമ്മി തിലകൻ, നീന കുറുപ്പ് തുടങ്ങിയവരും ഒപ്പം പേരറിയാത്ത ഒരുപിടി കലാകാരന്മാരും ഗംഭീര പ്രകടനമായിരുന്നു സിനിമയിലുടനീളം. യാതൊരു വിധ ഏച്ചുകെട്ടലുകളും തോന്നിപ്പിക്കാതെ എല്ലാവരും സ്വാഭാവികാഭിനയം കാഴ്ച്ച വെച്ചു. Kailas Menon ശരിക്കും ഞെട്ടിച്ചു ഓരോ ഗാനങ്ങളും മികച്ചു നിന്നു എന്ന് മാത്രമല്ല ഗംഭീര പശ്ചാത്തല സംഗീതവും.മലയാള സിനിമയിലേക്ക് വൈകി വന്ന വസന്തമെന്നേ പറയാനുള്ളൂ.... ഇദ്ദേഹത്തിൽ നിന്നും ഒരുപാട് മികച്ച ഗാനങ്ങൾ നമുക്ക് കിട്ടും എന്നതിൽ തെല്ലും സംശയമില്ല. Gautham Sankarന്റെ ഛായാഗ്രഹണവും മനോഹരമായിരുന്നു. മികച്ച ദൃശ്യവിരുന്നൊരുക്കാൻ സാധിച്ചു അദ്ദേഹത്തിന്. എഡിറ്റിംഗ്, ഗാനരചന തുടങ്ങി എല്ലാ വിഭാഗങ്ങളും ഒന്നിനൊന്ന് മികച്ചു നിന്നു. മണ്ണിൽ നിന്നുകൊണ്ട് സാധാരണക്കാരിൽ സാധാരണക്കാരന്റെ ജീവിതത്തിലൂടെ പറഞ്ഞു പോയ ഈ കഥയ്ക്ക് ഭംഗി ഏറെയാണ്. ഓരോ വിഭാഗങ്ങളും മത്സരിച്ചു പ്രവർത്തിച്ച ഒരു മികച്ച ടീം വർക്ക്. തീവണ്ടി ഒരു സിനിമയായി തോന്നില്ല നമുക്ക് ചുറ്റുമുള്ള കുറച്ച് ജീവിതങ്ങളുടെ നേർക്കാഴ്ച്ചയായേ തോന്നൂ..... നാമറിയാതെ നമ്മളും കഥാപാത്രങ്ങളിലൊരാളായി മാറിയ ഒരു മികച്ച അനുഭവം. തീവണ്ടി കുതിക്കും യാതൊരു തടസ്സങ്ങളുമില്ലാതെ തന്നെ. "എരിയുന്ന ആയിരം സിഗരറ്റുകളേക്കാൾ നല്ലതാണ് അഴകുള്ള പെണ്ണിന്റെ ആദ്യ ചുംബനം" Tovino Thomas ഇങ്ങനെയൊക്കെ അഭിനയിച്ചാൽ കണ്ണ് തട്ടും മനുഷ്യാ.... സിഗരറ്റിനെ വലിച്ചു തുടങ്ങി ഇപ്പൊ സിഗരറ്റ് നിങ്ങളെ വലിച്ചു തുടങ്ങിയ എല്ലാ ബിനീഷുമാർക്കും സമർപ്പിതം. ഏതെങ്കിലും ഒരാൾ ഈ സിനിമ കണ്ടിട്ട് തന്നെ വലിച്ചുകൊണ്ടിരിക്കുന്ന സിഗരറ്റിനെ ജീവിതത്തിൽ നിന്നും തുടച്ചു നീക്കിയാൽ അതാണ് ഈ ചിത്രത്തിന് കിട്ടുന്ന ഏറ്റവും വലിയ അവാർഡ്. അങ്ങനെയുള്ള ഒരുപാട് അവാർഡുകൾ ഈ ചിത്രം കരസ്ഥമാക്കുമെന്ന് തീർച്ചയാണ്. "പുകവലി" ആരോഗ്യത്തിന് ഹാനികരം "തീവണ്ടി" ആരോഗ്യത്തിന് അത്യുത്തമം. (അഭിപ്രായം തികച്ചും വ്യക്തിപരം)