1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Virus - My Review !!!

Discussion in 'MTownHub' started by Adhipan, Jun 8, 2019.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Watched Virus Movie

    കോഴിക്കോട്ടുകാരുടെ ഭയത്തിന്റെ.... പോരാട്ടത്തിന്റെ..... അതിജീവനത്തിന്റെ പച്ചയായ ദൃശ്യാവിഷ്‌കാരം.

    കഴിഞ്ഞ വർഷം ഏകദേശം ഇതേ സമയം ഒരു രണ്ട് മാസത്തോളം ഞങ്ങൾ കോഴിക്കോട്ടുകാർ കടന്നു പോയത് വല്ലാത്തൊരു തരം അവസ്ഥയിലൂടെ ആയിരുന്നു.... ഓർക്കാൻ പോലും ഭയക്കുന്ന അവസ്ഥയിലൂടെ.... കുടിക്കുന്ന വെള്ളത്തെ പോലും സംശയിച്ച ഭീതിയുടെ ദിനങ്ങൾ.... കേട്ടുകേൾവി പോലും ഇല്ലാത്ത ഒരു മാരക വൈറസ് പടരുന്നു.... അതിനെ മീഡിയ അടക്കം പലരും പല തരത്തിൽ വ്യാഖ്യാനിക്കുന്നു.... പഴങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണം.... കിണറ്റിലെ വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കണം.... പുറത്ത് ഇറങ്ങുന്നത് മാക്സിമം ഒഴിവാക്കണം.... പനിയും ചുമയും വന്നാൽ പേടിക്കണം.... മെഡിക്കൽ കോളേജ് വഴി പോകുമ്പോൾ മാസ്ക് ധരിക്കണം....തുടങ്ങി പല തരത്തിലുള്ള മുന്നറിയിപ്പുകൾ.... പുറത്ത് ഇറങ്ങി ആരെങ്കിലും ചുമച്ചാൽ അയാൾക്ക് അടുത്ത് നിൽക്കുന്നവർക്ക് രോഗം പകരും.... രോഗം സ്ഥിരീകരിച്ച ആളുകളുമായി ഏതേലും തരത്തിൽ ഇടപഴകിയവർക്ക് എല്ലാം രോഗം പകരും.... യാത്ര ചെയ്തവർ എല്ലാം സൂക്ഷിക്കണം പ്രത്യേകിച്ച് പേരാമ്പ്ര ഭാഗത്തേക്ക് പോയവർ.... പുറത്ത് ഇറങ്ങുന്നവർ ആണേൽ പരസ്പരം സംസാരം ഇല്ല.... എത്ര പരിചിതർ ആണേലും അപരിചതരെപ്പോലെ മാറി നടക്കൽ..... ബസ്സിൽ ഒക്കെ സീറ്റിൽ ഒരാൾ എന്ന കണക്ക്..... കുറ്റ്യാടി ഭാഗത്തേക്കുള്ള സർവ്വീസ് പോലും നിർത്തിയ ബസ്സുകളും മറ്റു വാഹനങ്ങളും.... ചുരുക്കി പറഞ്ഞാൽ ഇരിക്കാനും നിൽക്കാനും വരെ പേടിക്കേണ്ട അവസ്ഥ. ഒന്ന് ചുമച്ചാൽ അപ്പൊ പേടിച്ച് വരളുന്ന അവസ്ഥ.... നിപ്പ വൈറസ്.... ഓരോ ദിവസങ്ങൾ കൂടുന്തോറും ഞങ്ങളെ വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു.... വവ്വാലിനെ വില്ലന്റെ സ്ഥാനത്ത്..... കാലന്റെ സ്ഥാനത്ത് കണ്ടു തുടങ്ങി.... കോഴിക്കോട്ടുകാരോട് വിളിച്ച കല്ല്യാണത്തിന് വരരുത് എന്ന് പറയാ കോഴിക്കോടിന് പുറത്ത് ജോലി ചെയ്യുന്ന കോഴിക്കോട്ടുകാരോട് നാട്ടിൽ പോയാൽ തിരിച്ചു വരേണ്ട എന്ന് പറയാ.... തുടങ്ങി പല തരത്തിലുള്ള ഒറ്റപ്പെടുത്തലുകൾ വേറെ.... അല്ല അവരെ പറഞ്ഞിട്ടും കാര്യമില്ലല്ലോ.... മരുന്ന് പോലും കണ്ടുപിടിക്കാത്ത ഒരു അസുഖം.... വന്ന് കഴിഞ്ഞാൽ മരണം ഉറപ്പ്.... ജീവനിൽ എല്ലാവർക്കും കൊതികാണുമല്ലോ.... നിപ്പ അങ്ങനെ ഞങ്ങളിൽ ഓരോരുത്തരേയും കാർന്ന് തിന്ന് കൊണ്ട് പോകാൻ തുടങ്ങി.... ലോകം കണ്ട ഏറ്റവും വലിയ ദുരന്തത്തിലേക്ക് എന്റെ നാട് നീങ്ങിക്കൊണ്ടിരുന്നു.... ഭൂരിഭാഗം ആളുകളും വാർത്തകൾക്ക് കാത് കൂർപ്പിച്ച് പ്രാർത്ഥനയോടെ വീടുകളിൽ തന്നെ ഒതുങ്ങി കൂടി.... സൂചി കുത്താൻ സ്ഥലം ഇല്ലാതിരുന്ന മെഡിക്കൽ കോളേജ് ഈച്ച പോലും വരാതെ ഒറ്റയ്ക്ക് ആയ ദിവസങ്ങൾ.... ശ്മശാന മൂകമായ കവലകൾ.... എന്ത് ചെയ്യും എന്ന് ഒരു എത്തും പിടിയുമില്ലാതെ നിലയറിയാ കയത്തിൽ അകപ്പെട്ട് വട്ടം തിരിഞ്ഞ ദിനങ്ങൾ....

    അങ്ങനെ ഞങ്ങൾക്ക് മുൻപിൽ ആരോഗ്യ മന്ത്രിയുടേയും ജില്ലാ കളക്ടറുടേയും കുറച്ച് ഡോക്ടർമാരുടേയും നേഴ്സ്മാരുടേയും എല്ലാം രൂപത്തിൽ കുറച്ച് മാലാഖമാർ അവതരിച്ച് വലിയ വലയം തീർത്തു.... ഞങ്ങൾക്ക് വേണ്ടി അവര് മുന്നിൽ നിന്ന് പൊരുതാൻ ആരംഭിച്ചു.... ജയിക്കും എന്ന് ഒരു ഉറപ്പും ഇല്ലാത്ത.... ഒരു ഉറപ്പും ഇല്ലാത്തൊരു യുദ്ധം.... എതിർ സ്ഥാനത്ത് മനുഷ്യനോ മൃഗങ്ങളോ അല്ല എവിടെ നിന്ന് വന്നു എങ്ങനെ വന്നു എന്ന് ഒരു നിശ്ചയവും ഇല്ലാത്ത ഒരു അദൃശ്യമായൊരു ശത്രു.... അവര് ഞങ്ങൾക്ക് വേണ്ടി ജീവൻ പണയം വെച്ച് പൊരുതാൻ ഇറങ്ങുമ്പോൾ ഞങ്ങൾ എങ്ങനെ കൈയ്യും കെട്ടി നോക്കി നിൽക്കും.... ഒരേ മനസ്സോടെ ഒരേ ചിന്തയോടെ.... തോൽക്കില്ല എന്ന ദൃഢനിശ്ചയത്തോടെ ഞങ്ങൾ ഒറ്റക്കെട്ടായി നിന്ന് പൊരുതി.... ഞങ്ങടെ മണ്ണിൽ നിന്നും ഞങ്ങളെ കാർന്ന് തിന്നാൻ എത്തിയ ആ ഭീകരനെ തുടച്ചു നീക്കാൻ. അവസരം മുതലെടുത്ത് പേടിപ്പെടുത്താനും അനാവശ്യ വാർത്തകൾ നൽകി ധൈര്യം ഇല്ലാതാക്കാനും കുഴിയിൽ ചെന്ന് ചാടിക്കാനും ഒരുപാട് കപട വൈദ്യന്മാരും മറ്റും തലപൊക്കിയപ്പോൾ അവരെയെല്ലാം നിയമപാലകർ നേരിട്ടു.... വ്യക്തമായ അറിവുകളും ചെയ്യേണ്ടുന്ന കാര്യങ്ങളും ഞങ്ങളുടെ മാലാഖമാർ ഞങ്ങൾക്ക് പകർന്നു തന്നു. അതിനിടയിൽ നാടിന് വേണ്ടി പൊരുതിയ "ലിനി"യെന്ന മാലാഖ ഞങ്ങളെ വിട്ട് യാത്രയായി..... ഇരുപതോളം സഹോദരീ സഹോദരന്മാരെ നിപ്പ കവർന്നെടുത്തപ്പോൾ ഇനിയൊരു ജീവൻ ഞങ്ങള് തരില്ല എന്ന ഞങ്ങളുടെ ചെറുത്ത് നില്പിന് മുന്നിൽ നിപ്പ കീഴടങ്ങി. സ്വന്തം ജീവൻ പോലും പണയം വെച്ച് രാപ്പകലില്ലാതെ അധ്വാനിച്ച മെഡിക്കൽ കോളേജിലെ ഡോക്ടർമാരും നേഴ്സ്മാരും അറ്റൻഡർമാരും അടങ്ങിയ വലിയൊരു ആരോഗ്യ സുരക്ഷാ വിഭാഗം.... അവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി ആരോഗ്യ മന്ത്രിയും ജില്ലാ കളക്ടറും അടങ്ങുന്ന മറ്റൊരു വിഭാഗം..... ആരംഭത്തിലേ അസുഖം തിരിച്ചറിഞ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോക്ടർ.... ആംബുലൻസ് ഡ്രൈവർമാർ.... പോലീസുകാർ.... ഹോസ്പിറ്റലിലേക്ക് ആവശ്യമായ സാധനങ്ങൾ കയറ്റി അയച്ച വ്യവസായ പ്രമുഖർ.... നാടിന് വേണ്ടി ഉറ്റവരുടെ മൃതദേഹങ്ങൾ വരെ വിട്ടുകൊടുത്ത വീട്ടുകാർ.... നിപ്പയുടെ പിടിയിൽ നിന്ന് പുറത്ത് വന്ന.... രക്ഷപ്പെട്ട നേഴ്സും മറ്റുള്ളവരും..... തുടങ്ങി ഒരുപാട് ആളുകൾ.... ഇവരെല്ലാം മുന്നിൽ നിന്ന് നയിച്ചപ്പോൾ കോഴിക്കോടിന് ലഭിച്ചത് രണ്ടാം ജന്മമാണ്..... വല്ലാത്തൊരു തരം ധൈര്യമാണ്. ഇതാണ് ഞങ്ങടെ നാടിന്റെ ഭയത്തിന്റെ.... പോരാട്ടത്തിന്റെ.... അതിജീവനത്തിന്റെ കഥ.

    Aashiq Abuവിന്റെ വൈറസിലേക്ക് വന്നാൽ മുകളിൽ പറഞ്ഞതിൽ നിന്നും വലിയ മാറ്റമൊന്നുമില്ല ഞങ്ങളുടെ ജീവിതം തന്നെയാണ് തിരശ്ശീലയിൽ ഒരു പ്രതിബിംബമെന്നോണം കാണാനായത്. ഒട്ടും സിനിമാറ്റിക്ക് ആക്കാതെ അദ്ദേഹം വൈറസ് അണിയിച്ചൊരുക്കി. പച്ചയായ ഒരു ദൃശ്യാവിഷ്‌കാരം എന്ന് തന്നെ പറയാം.... കുറച്ചൂടെ വ്യക്തമായി പറഞ്ഞാൽ നിപ്പ വൈറസ് പടർന്ന സമയത്ത് ആ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് അത് ബാധിക്കപ്പെട്ടവരുടെ അവസ്ഥകൾ ക്യാമറയിൽ ഒപ്പിയെടുത്തത് പോലെ.

    Suhas, Sharfu Amishaff, Muhsin Parari എന്നിവർ ചേർന്ന് അവരുടെ പേനയിലൂടെ കടലാസിലേക്ക് പകർത്തിയത് കേവലം ഒരു സിനിമയ്ക്ക് വേണ്ടിയുള്ള രചനയായിരുന്നില്ല.... ഒരുപാട് പഠിച്ച് മനസ്സിലാക്കി ഉൾക്കൊണ്ട് പേപ്പറിലേക്ക് പകർത്തിയത് ഇവിടത്തുകാരുടെ ജീവിതം തന്നെയായിരുന്നു.... അത്രയേറെ യാഥാർത്യത്തോട് ചേർന്ന് നിൽക്കും വിധമായിരുന്നു എഴുത്ത്. അത്രയേറെ മികച്ചു നിന്നു എന്ന് വേണം പറയാൻ.....

    അത്രയേറെ മികച്ചു നിന്ന രചനയെ ആഷിക് അബു ഒരു മജീഷ്യനെപ്പോലെയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്..... അസാധ്യം എന്നേ ആഷിക്കിന്റെ സംവിധാനപാടവത്തെ വിശേഷിപ്പിക്കാനാകൂ. ഇത്രയും വലിയൊരു ക്യാൻവാസിൽ ഇത്രയും വലിയൊരു താരനിരയെ അണിനിരത്തി ഇങ്ങനൊരു വിഷയം തന്നെ സിനിമയാക്കുക എന്ന് പറയുന്നത് വലിയൊരു ഉത്തരവാദിത്തം തന്നെയാണ്.... ഒന്ന് പാളിയാൽ നാനാഭാഗത്ത് നിന്നും വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങി കരിയർ തന്നെ അവതാളത്തിൽ ആവുമായിരുന്നു. ആ ഒരു ദൗത്യം ആഷിക് ഏറ്റെടുത്തത് നല്ല പ്ലാനിങ്ങോട് തന്നെയായിരുന്നു.... മികച്ച കാസ്റ്റിംഗ്.... അരങ്ങിൽ ആയാലും അണിയറയിൽ ആയാലും ഏറ്റവും മികച്ച ടീം തന്നെ ആഷിക് തിരഞ്ഞെടുത്തു. അതിന്റെ റിസൾട്ട്‌ ആണ് പടത്തിന്റെ ക്വാളിറ്റി. സിനിമാറ്റിക്ക് ആക്കി ആളുകളുടെ കൈയ്യടി വാങ്ങാം എന്ന ഉദ്ദേശം മാറ്റിവെച്ച് നടന്ന കാര്യങ്ങളെ 90% സത്യസന്ധമായി തന്നെ.... പച്ചയായി തന്നെ വരച്ചു കാട്ടിയിട്ടുണ്ട് ആഷിക് അബു. അതിഗംഭീര മേക്കിങ്.

    Rajeev Raviയുടേയും Shyju Khalidന്റേയും ഛായാഗ്രഹണ മികവ് ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിച്ചിട്ടുണ്ട് ഓരോ ഫ്രയ്മുകളും അത്രമേൽ ഗംഭീരമായിരുന്നു.... ശരിക്കും വിസ്മയിപ്പിച്ച വർക്കുകളിൽ ഒന്ന്.

    Sushin Shyam..... ചിത്രത്തെ എൻഗേജിങ് ആയി കൊണ്ട് പോയതിൽ സുഷിന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് വളരെ വലുതാണ്..... തുടക്കത്തിലെ ഒരു പത്ത് നാൽപ്പത് മിനുട്ട് അന്ന്യായം എന്നേ പറയാൻ ഒക്കൂ.

    Saiju Sreedharan ഏറ്റവും മികച്ച രീതിയിൽ ചിത്രസംയോജനം നടത്തിയപ്പോൾ ഒട്ടും ബോറടിക്കാതെ ആസ്വദിക്കാൻ പറ്റിയ ഒരു അനുഭവമായി വൈറസ് മാറി.

    Kunchacko Bobanന്റെ Dr സുരേഷ് രാജൻ, Asif Aliയുടെ വിഷ്ണു, Rashin Rahmanന്റെ Dr റഹിം, Tovino Thomasന്റെ ഡിസ്ട്രിക്ട് കളക്ടർ പോൾ കെ അബ്രഹാം, Sharaf U Dheenന്റെ സന്ദീപ്, Indransന്റെ റസാഖ്, Senthil Krishna Rajamaniയുടെ മിനിസ്റ്റർ സി.പി. ഭാസ്കരൻ, Shebin Bensonന്റെ യാഹിയ, Zakariya Mohammedന്റെ സക്കറിയ, Sudheeshന്റെ രാധാകൃഷ്ണൻ, Madonna Sebastianന്റെ Dr സാറ, Rima Rajanന്റെ നേഴ്സ് അഖില, Darshana Rajendranന്റെ സ്നേഹ, Savithri Sreedharanന്റെ ജമീല, Divya Gopinathന്റെ ഗീത, Vettukili Prakashന്റെ ആംബുലൻസ് ഡ്രൈവർ, Sajitha Madathilന്റെ ഡോക്ടർ, Unnimaya Prasad, Leona Lishoy, Zeenath, Sreekanth Murali, Binu Pappu, Sreedevi Unni, Ambika Rao, Jinu Joseph, Joju George, Nilambur Ayisha, Lukman Lukku, Dileesh Pothan, Ramya Nambessan, Sarasa Balussery, Basil Joseph, Saleem Bhaai,Etc തുടങ്ങിയവർ എല്ലാം തന്നെ തങ്ങളുടെ ഈ കഥാപാത്രങ്ങളോട് നീതി പുലർത്തി എന്നല്ല ഏറെ സ്വാഭാവികമായ പ്രകടനങ്ങളാണ് കാഴ്ച്ച വെച്ചത്.... ഓരോ സീനിൽ വന്നവർ പോലും വെറുതേ മുഖം കാണിച്ചു പോകാതെ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടാണ് കടന്നു പോയത്.

    പക്ഷേ ഇവരൊന്നുമല്ല പ്രകടനം കൊണ്ട് മനസ്സ് പിടിച്ചു കുലുക്കിയത് ഇനി പറയുന്നവരാണ്....

    Sreenath Bhasi..... Dr ആബിദ്.... ശ്രീനാഥ് ഭാസിയുടെ കരിയർ ബെസ്റ്റ് പ്രകടനം എന്ന് നിസ്സംശയം പറയാം.... അദ്ദേഹം സ്വയം മറന്ന് ജീവിച്ച കഥാപാത്രമാണ് ആബിദ്. വർണ്ണിച്ച് വഷളാക്കാനോ.... എന്നാലൊട്ട് വർണ്ണിക്കാതിരിക്കാനോ കഴിയാത്ത അവസ്ഥ.... ശ്രീനാഥ് നിങ്ങൾ തുടക്കം മുതൽ ഒടുക്കം വരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു എന്തൊരു പ്രകടനമാണ് mr. ❤️❤️

    Indrajith Sukumaran..... Dr ബാബുരാജ്..... മുരടനായ.... ഡോക്ടർ ബാബുരാജ് ആയി വന്ന ഈ മനുഷ്യൻ വീണ്ടും വീണ്ടും പറയുകയാണ് എന്നെ നേരാംവണ്ണം ഉപയോഗിക്കാൻ അറിയുന്നവർ ഉണ്ടേൽ ഞാൻ നിങ്ങളെ വിസ്മയിപ്പിക്കും എന്ന്.... ഏറ്റവും കൂടുതൽ കൈയ്യടി ലഭിച്ചത് ഇങ്ങേരുടെ സംഭാഷണങ്ങൾക്കായിരുന്നു. ഗംഭീര പ്രകടനം.❤️❤️

    Poornima Indrajith....... Dr സ്‌മൃതി..... വർഷങ്ങളക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചു വന്നത് ചുമ്മാ അങ്ങ് മുഖം കാണിച്ചു പോകാൻ ആയിരുന്നില്ല..... ഭർത്താവ് ഒരു ഭാഗത്ത്‌ തകർത്തടുക്കുമ്പോൾ മറുഭാഗത്ത് ഭാര്യയുടെ ഗംഭീര പ്രകടനം ആയിരുന്നു.... എന്ത് അനായാസമായാണ്..... എന്ത് ഭംഗിയോടെയാണ്..... Dr സ്മൃതിയായി പൂർണ്ണിമ ജീവിച്ചു തകർത്തത്..... പൂർണ്ണിമയുടെ പ്രകടനത്തെ അതിമനോഹരമെന്നേ വിശേഷിപ്പിക്കാനാകൂ...... ❤️❤️

    Soubin Shahir...... ഉണ്ണികൃഷ്ണൻ എന്ന നിപ്പ ബാധിച്ച രോഗിയായി ഇദ്ദേഹം നടത്തിയതിനെ പകർന്നാട്ടം എന്നല്ലാതെ എന്താ വിളിക്കാ.... ഈ മനുഷ്യൻ നമ്മൾ ഒന്നും വിചാരിക്കുന്ന ആളല്ല..... ഇവിടെയൊന്നും നിൽക്കത്തുമില്ല.... ശരിക്കും ഇയാൾക്ക് നിപ്പ വല്ലോം വന്നിരുന്നോ ആവോ.... അല്ലാണ്ട് എങ്ങനെയാ ഇങ്ങനൊക്കെ ചെയ്യുന്നേ..... കണ്ണിന്റെ മുന്നിൽ നിന്ന് ലൈവ് ആയി കാണുന്ന പോലെ ആയിരുന്നു ഇങ്ങേരുടെ പൂണ്ടുവിളയാട്ടം.... നമിച്ചണ്ണാ..... നമിച്ചു. ❤️❤️

    Parvathy Thiruvothu...... Dr അന്നു..... കഥാപാത്രത്തിന്റെ ഇൻട്രോക്ക് ശേഷം കുറച്ച് സമയം കഴിഞ്ഞപ്പോൾ ഇവർക്ക് ഇതിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലല്ലോ എന്നിങ്ങനെ മനസ്സിൽ പറഞ്ഞ് ഇരുന്നതേ ഓർമ്മയുള്ളൂ പിന്നീട് ഒരു തേരോട്ടം ആയിരുന്നു..... നമുക്ക് മാരകം എന്ന് തോന്നുന്ന സീനുകൾ ഒക്കെ പൂ പറിക്കുന്ന ലാഘവത്തോടെയാണ് അവര് ചെയ്യുന്നത്..... ഇങ്ങനേം അനായാസമായൊക്കെ അഭിനയിക്കാം എന്നൊക്കെ ഇവരെപ്പോലുള്ളവരുടെ പ്രകടനം കാണുമ്പോൾ ആണ് മനസ്സിലാകുന്നത്..... സ്വാഭാവികാഭിനയത്തിന്റെ ഒരു എക്സ്ട്രീം വേർഷൻ..... ❤️❤️

    അഭിനയിച്ചവരെല്ലാം ഒന്നിനൊന്ന് മികച്ചു നിന്നപ്പോൾ അവർക്ക് ഒരു അപവാദമായി നിന്നത് Revathyയുടെ പ്രകടനം മാത്രമായിരുന്നു..... ക്ലൈമാക്സ്‌ സീനിലെ പ്രസംഗം ഒക്കെ മഹാ ബോർ ആയിരുന്നു..... കാണുന്ന ചിലർക്ക് എങ്കിലും ക്ലൈമാക്സ്സിലെ ആ ഒരു പഞ്ച് നഷ്ട്ടപ്പെടുന്നതിന് കാരണമാകും അവരുടെ അഭിനയം.

    ഞങ്ങള് കണ്ടതിനപ്പുറമായിരുന്നു ആഷിക് ഈ കാര്യത്തെ നോക്കി കണ്ടത് കാരണം ഭയവും പോരാട്ടവും അതിജീവനവും മാത്രമല്ല ആഷിക് ലോകത്തിന് മുന്നിൽ തുറന്ന് വെച്ചത്..... ഇതിനൊക്കെ ഇരയായവരുടെ അവർക്ക് തുണയായവരുടെ ജീവിതം കൂടെയാണ്..... നിപ്പയ്ക്ക് മുൻപും പിൻപും ഉള്ള ജീവിതം..... ആരോഗ്യ രംഗത്ത് നടക്കുന്ന പാവപ്പെട്ട ജീവനക്കാരുടെ പോരാട്ടങ്ങളും മറ്റും അവരുടെയൊക്കെ ജീവിതവും തുറന്ന് കാട്ടുന്നുണ്ട് അത് കണ്ടെങ്കിലും മാറി മാറി വരുന്ന സർക്കാരുകൾ അതിനൊക്കെ ഒരു പരിഹാരം കാണട്ടെ ജോജുവിന്റെ കഥാപാത്രത്തിന്റെ ഇൻട്രോ സീൻ.... അറ്റൻഡർമാരുടെ സമരം.... സ്ഥിര നിയമനം ഇല്ലാതെ തോന്നുമ്പോൾ പറഞ്ഞു വിടുന്ന എന്തേലും ആവശ്യം വന്നാൽ വാഗ്ദാനങ്ങൾ നൽകി വീണ്ടും വിളിച്ചു വരുത്തി ആവശ്യം കഴിഞ്ഞാൽ കറിവേപ്പില കണക്ക് പുറന്തള്ളുന്ന പ്രവണത.... സർക്കാർ ആവശ്യങ്ങൾക്ക് ഓടിയാൽ കാശ് കിട്ടില്ല എന്ന മുൻ അനുഭവത്തിൽ മടിച്ചു നിൽക്കുന്ന വെട്ടുകിളി പ്രകാശിന്റെ ഡ്രൈവർ കഥാപാത്രം..... കാശ് സ്പോട്ടിൽ കിട്ടണം എനിക്ക് എന്തേലും പറ്റിയാൽ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണം.... വാക്കാൽ ഉള്ള ഉറപ്പ് വിശ്വാസം പോരാഞ്ഞിട്ട് പേപ്പറിൽ എഴുതി ഒപ്പിട്ട് തരണം എന്ന് പറയുന്നു.... അത്രയേറെ ഉണ്ട് മുൻ അനുഭവങ്ങൾ എന്ന് സാരം. കൂടാതെ ഇത്തരം ദുരിതങ്ങൾ വേട്ടയാടുന്ന സാധാരണക്കാരന്റെ മുൻപോട്ടുള്ള ജീവിതം തുടങ്ങി ഒരുപാട് കാര്യങ്ങൾ ആഷിക് തുറന്നു കാട്ടിയിട്ടുണ്ട്.

    വൈറസ് നടന്ന ഒരു സംഭവത്തിന്റെ പച്ചയായ ഒരു പുനരാവിഷ്കാരം.... ദൃശ്യാവിഷ്ക്കാരം മാത്രമല്ല..... ഒരുപാട് ചോദ്യങ്ങളും മറ്റും അവശേഷിപ്പിക്കുന്ന... അല്ലേൽ സമൂഹത്തോട്....ഭരണകൂടത്തോട്.... ഉറക്കെ വിളിച്ചു ചോദിക്കുന്ന സാധാരണക്കാരന്റെ ശബ്ദം കൂടെയാണ്.

    രേവതിയുടെ കഥാപാത്രത്തിന്റെ പ്രകടനം അല്ലാതെ പ്രത്യേകിച്ച് മറ്റൊന്നും അങ്ങനെ നെഗറ്റീവ് ആയി തോന്നിയില്ല.

    രണ്ട് മാസത്തോളം ഞങ്ങൾ അനുഭവിച്ച ഭീതി എന്തായിരുന്നോ അത് അതേപോലെ രണ്ടര മണിക്കൂർ കൊണ്ട് ഈ ദൃശ്യവിസ്മയത്തിന് തരാനായി. മിക്ക രംഗങ്ങളും നേരിട്ട് നോക്കി കാണുന്ന ഫീൽ ആയിരുന്നു.... ഭയമായിരുന്നു.... എന്തിന് തിയ്യേറ്ററിൽ ഒരു ചുമ കേട്ടപ്പോൾ പോലും പേടിച്ച അവസ്ഥ. അത്രെയേറെ യാഥാർത്യവുമായി അടുത്ത് നിന്നിട്ടുണ്ട് ചിത്രം.

    മേക്കപ്പ്മാൻ Ronex Xavier,Costume ഡിസൈനർ Sameera Saneesh, Ajayan Adatന്റെ നേതൃത്വത്തിലുള്ള സൗണ്ട് ഡിപ്പാർട്ട്മെന്റ്,etc തുടങ്ങി സമസ്ത മേഖലകളും ഒന്നിനൊന്ന് മികച്ചു നിന്നു.

    ഞങ്ങളുടെ അതിജീവനത്തെ ഇത്ര മനോഹരമായി..... ഗംഭീരമായി.... ലോകത്തിന് മുൻപിൽ തുറന്ന് കാണിച്ചതിന് നന്ദി.... നന്ദി..... ഹൃദയം നിറഞ്ഞ നന്ദി.....

    വൈറസ്..... കോഴിക്കോട്ടുകാരുടെ ഭയത്തിന്റെ.... പോരാട്ടത്തിന്റെ..... അതിജീവനത്തിന്റെ പച്ചയായ ദൃശ്യാവിഷ്‌കാരം.

    മറ്റുള്ളവർക്ക് ഇത് എങ്ങനുള്ള അനുഭവം ആയിരിക്കും എന്ന് അറിയില്ല പക്ഷേ ഇതൊക്കെ നേരിട്ട് അനുഭവിച്ച ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതം തന്നെയാണ് വെള്ളിത്തിരയിൽ ഇഷ്ട താരങ്ങളുടെ രൂപങ്ങളിലൂടെ കാണാനായത്.

    ഒത്തൊരുമയും സ്നേഹവും കണ്ടിട്ട് ടോവിനോയുടെ കഥാപാത്രം ഡ്രൈവർമാരോട് പറയുന്ന ഡയലോഗ് ഉണ്ട് "ചിലപ്പോൾ നിങ്ങൾക്ക് ഇത് വലിയ അത്ഭുതം തോന്നുന്ന കാര്യം അല്ലായിരിക്കാം കാരണം നിങ്ങൾ ഇവിടെ ഉള്ളവരാണ്.... പക്ഷേ ഞാൻ പുറത്ത് നിന്നുള്ള ആളാണ്.... ഈ നാട് എന്നെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്"

    അതാണ് ഞങ്ങടെ കോഴിക്കോട് ❤️❤️

    (അഭിപ്രായം തികച്ചും വ്യക്തിപരം)
     
    Mayavi 369 and IMax like this.
  2. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
    Adhipan likes this.
  3. Jeev

    Jeev Established

    Joined:
    Oct 15, 2018
    Messages:
    810
    Likes Received:
    392
    Liked:
    190
    Trophy Points:
    8
    Kollam kidu review...
     

Share This Page