2007 ല്‍ പുറത്തിറങ്ങിയ പ്രണയകാലം എന്ന സിനിമയും കേരള കഫയിലെ മൃത്യുഞ്ജയമെന്ന സിനിമയും സംവിധാനം ചെയ്ത ഉദയാനന്ദന്റെ മൂന്നാമത്തെ സിനിമയാണു മമ്മൂട്ടി നായകനായ വൈറ്റ്. ബോളിവുഡ് നായിക ഹിമ ഖുറേഷിയാണു ചിത്രത്ത്തില്‍ മമ്മൂട്ടിയോടൊപ്പം എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍, കെപി എസി ലളിത, സിദിക്ക് എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. കഥ ഇന്ത്യയില്‍ നിന്ന് ഐടി ജീവനക്കാരിയായ റോഷ്ണി ലണ്ടനിലേക്ക് ഓണ്‍സൈറ്റ് പ്രൊജക്ടിനായി എത്തുകുയും അവിടെ വെച്ച് പ്രകാശ് റോയ് എന്ന മദ്ധ്യവയസ്ക്കനായ കോടീശ്വരനെ പരിചയപ്പെടുകയും ആദ്യം അവര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടാകുകയും പിന്നീട് അവര്‍ പ്രണയത്തിലാവുകയും ചെയ്യുന്നു. ചിലര്‍ അങ്ങനെയാണു അവരുടെ കടന്നു വരവോടെ നമ്മുടെ ജീവിതം രണ്ടായി മാറുകയാണു. അവര്‍ക്ക് മുന്‍പും അവര്‍ക്ക് ശേഷവും. പ്രകാശ് റോയുടെ കടന്നു വരവ് റോഷ്ണിയുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണു കഥാ തന്തു. വിശകലനം രണ്ടായിരത്തി ഏഴില്‍ ഏറെ പ്രതീക്ഷയോടെ കണ്ട ഒരു സിനിമ ആയിരുന്നു പ്രണയകാലം. ബോക്സോഫീസില്‍ അകേ പരാജയപ്പെട്ടെങ്കിലും പ്രണയിക്കുന്നവരുടെ മനസ്സില്‍ ചെറിയൊരു തണുപ്പ് സമ്മാനിക്കാന്‍ ആ സിനിമക്ക് സാധിച്ചു. പിന്നീട് മൃത്യുജ്ഞയം എന്ന സിനിമയുമായി വന്ന് ഉദയ് ആനന്ദ് എന്ന സംവിധായകന്‍ പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തു. പക്ഷെ അതിനു ശേഷം വളരെ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണു അദ്ദേഹത്തിന്റെ വൈറ്റ് ഒരുങ്ങുന്നത്. സ്വഭാവികമായും പ്രേക്ഷകരില്‍ പ്രതീക്ഷകളുടെ അമിതഭാരം ഉണ്ടാവുക തന്നെ ചെയ്യും. അതുകൊണ്ട് തന്നെ വൈറ്റ് എന്ന സിനിമയെ രണ്ട് രീതിയില്‍ വീക്ഷിക്കാം. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ വൈറ്റ് എന്ന സിനിമ പ്രതീക്ഷകള്‍ക്കൊത്ത് എവിടെയും ഉയരുന്നില്ല എന്നതാണു ദുഃഖകരമായ വസ്തുത. പ്രവീണ്‍, നന്ദിനി ,ഉദയ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ തിരകഥ വ്യത്യസ്ഥമായിരുന്നെങ്കിലും അത് പ്രേക്ഷകനിലേക്കെത്തിക്കാന്‍ കഴിയാതെ പോയി. സംവിധായകന്‍ എന്ന നിലയില്‍ കാണിക്കേണ്ടിയിരുന്ന സൂക്ഷമത സിനിമയിലെവിടെയൊ വെച്ച് നഷ്ട്ടപ്പെട്ട് പോയത് വൈറ്റിനെ ബ്ലാക്കാക്കുന്നു. ഇഴഞ്ഞ് നീങ്ങുന്ന സിനിമയെ ന്യായീകരിക്കാന്‍ തക്കതൊന്നും സംവിധായകന്‍ സിനിമയില്‍ നിരത്തുന്നുമില്ല. സാധാരണ മമ്മൂട്ടി സിനിമകളില്‍ കഥ മോശമാണെങ്കിലും മമ്മൂട്ടി ഗംഭീര പെര്‍ഫോമന്‍സ് ആയിരിക്കും എന്നതിനു വൈറ്റ് ഒരു അപവാദമായി മാറും. മദ്ധ്യവയസ്ക്കാനായ പ്രണയ നായകനായി കത്തിക്കായറുന്ന മമ്മൂട്ടിയെ സ്വീകരിക്കാന്‍ സാധാരണ പ്രേക്ഷകന്‍ വിമുഖത കാണിക്കും. ഹിമ ഖുറേഷിയുടെ മലയാളത്തിലേക്കുള്ള വരവ് ആഘോഷമായതുമില്ല. ലണ്ടന്‍ കാഴ്ച്ചകള്‍ മനോഹരമായി ചിത്രീകരിച്ചു എന്നത് ചിത്രത്തിന്റെ ഒരു പോസിറ്റീവ് വശമാണു. സസ്പ്ന്‍സോ ട്വിസ്റ്റുകളോ ഇല്ലാത്ത സിനിമകളോട് വലിയ താല്പര്യം കാണിക്കാത്ത പ്രേക്ഷകര്‍ വൈറ്റിനെ 3 ദിവസം കൊണ്ട് വൈറ്റ് വാഷ് ആക്കുമെന്നതില്‍ സംശയമില്ല. എന്തു കൊണ്ട് 2007 നു ശേഷം 2016 വരെ ഉദയ് ആനന്തിനു കാത്തിരിക്കേണ്ടി വന്നു അടുത്ത സിനിമ ചെയ്യാന്‍ എന്നതിനു ഉത്തരം അറിയാന്‍ വൈറ്റിന്റെ ഡിവിഡി കണ്ടാല്‍ മതി. ഇനി സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ വീക്ഷണ കോണിലൂടെ കണ്ടാല്‍ ഇതൊരു അസാധ്യ സിനിമയാണു. ഹോളിവുഡില്‍ മാത്രം കണ്ട് പരിചയമുള്ള പ്രണയം മലയാളികള്‍ക്കായി അവതരിപ്പിച്ചപ്പോള്‍ അതിന്റെ മേന്മ മനസ്സിലാക്കാതെ കുറ്റം പറയുന്ന പുവര്‍ കണ്ട്രി ഫെല്ലോസിനോട് ഇതിന്റെ പിന്നണിക്കാര്‍ക്ക് സഹതാപം മാത്രമേ ഉണ്ടാകാന്‍ വഴിയുള്ളു. പ്രേക്ഷക പ്രതികരണം വൈറ്റിലെ നായകനായ പ്രകാശ് റോയ് പറയുന്നതു പോലെ ഒന്നും ചാന്‍സ് അല്ല എല്ലാം ചോയ്സ് ആണു. മമ്മൂട്ടിയുടെ പടം എന്ന ചോയ്സ് തിരഞ്ഞെടുത്ത പ്രേക്ഷകര്‍ അതിനനുഭവിക്കുക തന്നെ ചെയ്തു. ബോക്സോഫീസ് സാധ്യത ഒരു ദുരന്തം റേറ്റിംഗ്: 1.5/5 അടിക്കുറിപ്പ്: വൈറ്റ് എന്ന പേരിനു സിനിമയുമായുള്ള ബന്ധം സിനിമ തീര്‍ന്നപ്പോഴാണു മനസ്സിലായത്. നിര്‍മ്മാതാവിന്റെ കുടുബം വെളുപ്പിക്കുക എന്നതാണു കവി ഉദ്ദേശിച്ചിരിക്കുന്നത്..!!