'ചിത്രം' സിനിമയിൽ കാളപ്പോരു ചിത്രീകരിക്കാൻ സംവിധായകൻ പ്രിയദർശൻ പ്ലാൻ ചെയ്തിരുന്നു. അതിനുവേണ്ടി മദ്രാസിൽനിന്നു ഫൈറ്റ് അറിയാവുന്ന ഒരു കാളയെ ലോറിയിൽ കൊണ്ടുവന്നു. കാളയെ കയറ്റിയ ലോറി മസനഗുഡിയിലെ വനം അതിർത്തിയിലെത്തിയപ്പോൾ അധികൃതർ പറഞ്ഞു, ഇതിനെ കടത്തിവിടാൻ പറ്റില്ല. നാട്ടിലെ മൃഗത്തെ കാട്ടിലേക്കു കൊണ്ടുവരുമ്പോൾ അതിനെന്തെങ്കിലും അസുഖമുണ്ടോ എന്നു പരിശോധിക്കാതെ വിടുകയില്ല. കാരണം എന്തെങ്കിലും രോഗമുണ്ടെങ്കിൽ അതു കാട്ടിലെ മൃഗങ്ങളെ ബാധിക്കും. അന്ന് ആ വണ്ടി നിർത്തിയിട്ടു. കാള വണ്ടിയിൽ കിടന്നു. പിറ്റേന്നു മൃഗഡോക്ടർ വന്നു രക്തവും മൂത്രവും ചാണകവും പരിശോധിച്ചു. സർട്ടിഫിക്കറ്റ് കിട്ടിയപ്പോൾ ആറു മണി കഴിഞ്ഞു. ആറു മണിക്കു ശേഷം കടത്തിവിടുകയില്ല. അന്നും കാള അവിടെക്കിടന്നു. പിറ്റേന്നു രാവിലെ കാളയെ കടത്തിവിട്ടു. എല്ലാവരും രണ്ടു ദിവസമായി കാളയെ കാത്തിരിക്കുകയാണ്. ഒടുവിൽ കാത്തുകാത്തിരുന്ന കാള ലൊക്കേഷനിൽ എത്തി. മോഹൻലാൽ കാളയുമായി പോരു നടത്തുന്ന രംഗമാണ് ഷൂട്ടു ചെയ്യേണ്ടത്. കാളയുടെ കൊമ്പിൽ ലാൽ പിടിക്കുമ്പോൾ കുത്താനെന്നതുപോലെ കാള മുന്നോട്ടാഞ്ഞു വരണം. സ്റ്റാർട്ട്, ആക്ഷൻ പറഞ്ഞു. ലാൽ കാളയുടെ കൊമ്പിൽ പിടിച്ചു. പക്ഷേ, കാള കല്ലുപോലെ നില്ക്കുകയാണ്. ഇതു പല തവണയായി. കുറെ ഫിലിം പാഴായി. പ്രിയദർശൻ കാളക്കാരനോടു ചോദിച്ചു, 'വല്ലതും നടക്കുമോ?' കാളക്കാരൻ പറഞ്ഞു, 'ഇപ്പോൾ പണ്ണലാം സാർ.' വീണ്ടും സീൻ ഷൂട്ട് ചെയ്യാൻ തുടങ്ങി. അപ്പോൾ കാളക്കാരൻ കാളയുടെ പിന്നിൽ ചെന്ന് രണ്ടടി കൊടുത്തു. എന്നിട്ടും കാളയ്ക്ക് അനക്കമില്ല. ഫിലിം പിന്നെയും വേസ്റ്റ്. പ്രിയൻ വീണ്ടും അയാളോടു ചോദിച്ചു, 'വല്ലതും നടക്കുമോ?' 'ഒരു ചാൻസ് കൂടെ സാർ, ഇപ്പോ പണ്ണലാം' എന്നു പറഞ്ഞ് അയാൾ പിന്നിൽ ചെന്ന് കാളയുടെ വാലെടുത്ത് ഒറ്റക്കടി. കുറച്ചു ചാണകംകൂടിയിട്ടതല്ലാതെ കാളയ്ക്ക് അനക്കമുണ്ടോ? പ്രിയൻ ആകെ ക്ഷുഭിതനായി. മൂന്നു ദിവസമായി അതിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. പൈസ ഒരുപാടു വേസ്റ്റായി, ഇപ്പോ പറഞ്ഞുവിടും എന്നൊക്കെ അയാളോടു പറഞ്ഞപ്പോൾ അയാൾ ഒരു പേപ്പർ കത്തിച്ച് കാളയുടെ അടിവയറ്റിലേക്കു നീട്ടി. കാള പൊള്ളലേറ്റ് ഒരൊറ്റ ചാട്ടം. അങ്ങനെ സീനെടുത്തു. പക്ഷേ, ആ സീൻ മൊത്തം സിനിമയ്ക്കു ചേരാത്തതിനാൽ സിനിമയിൽ ഉപയോഗിക്കാൻ പറ്റിയില്ല. അത്രയും ദിവസത്തെ അധ്വാനവും കാത്തിരിപ്പും പാടേ പാഴായി.
സൂപ്പർഹിറ്റായ 'സമ്മർ ഇൻ ബെത് ലഹേം' എന്ന പടത്തിന്റെ ഗാനം ട്യൂണിടുന്ന സമയം. ഗാനം ട്യൂണുമായി ഒരുവിധത്തിലും ചേരുന്നില്ല. ഗാനരചയിതാവായ ഗിരീഷ് പുത്തഞ്ചേരി ഏറെനേരം തല പുകച്ചു. സംഗീതസംവിധായകൻ വിദ്യാസാഗറാണ്. കറകളഞ്ഞ ശിവഭക്തൻ. അദ്ദേഹം ഉച്ചത്തിൽ ശിവനെ മനസ്സറിഞ്ഞു വിളിച്ചു. ശംഭോ.... ഗീരീഷിനു ആ വാക്കുമാത്രം മതിയായിരുന്നു. ഗിരീഷിന്റെ സർഗ്ഗവൈഭവം പീലിനിവർത്തി. നിമിഷങ്ങൾ കൊണ്ട് ട്യൂണൊപ്പിച്ച് മറ്റൊരു ഗാനം പിറന്നു. അതാണ് പ്രസിദ്ധമായ 'കൺഫ്യൂഷൻ തീർക്കണമേ ...... ശംഭോ ...ശിവശംഭോ' എന്ന ഗാനം.
മലയാളത്തിൽ ഏറ്റവുമധികം സിനിമാഗാനങ്ങൾ രചിച്ചത് ഗിരീഷ് പുത്തഞ്ചേരിയാണ്. 1500ലധികം ഗാനങ്ങൾ. പി. ഭാസ്കരനും, വയലാറുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.. 1997ൽ 151 ഗാനങ്ങളാണ് ഗിരീഷിന്റേതായി പുറത്തുവന്നത്. ഇതും സർവകാല റെക്കോർഡാണ്.
*ശ്രീരാമനെ രാക്ഷസനാക്കിയെന്ന ഹിന്ദുസംഘടനകളുടെ പരാതിയെ തുടർന്നാണ് മമ്മൂട്ടി-വിനയൻ ചിത്രം രാക്ഷസരാമനിൽ നിന്ന് 'രാക്ഷസരാജാവ്' എന്നാക്കിയത്. *സുല്ല് സുല്ല് എന്ന് ആദ്യം തന്നെ പറയുന്നത് അറം പറ്റുമെന്ന് പലരും പറഞ്ഞതുകൊണ്ടാണ് സിദ്ദിഖ് ലാലിന്റെ ആദ്യചിത്രം 'നൊമ്പരങ്ങളേ സുല്ല് സുല്ല്' എന്നതു മാറ്റി 'റാംജിറാവ് സ്പീക്കിംഗ്' ആക്കിയത്. *ബുദ്ധമതവിശ്വാസികളുടെ എതിർപ്പ് ഉണ്ടാകുമെന്ന് കരുതി 'ബുദ്ധ' എന്ന പേര് 'യോദ്ധ'യാവുകയായിരുന്നു. *'ഓലക്കുടയും കുങ്ഫു പാണ്ടയു'മാണ് പേരു മാറി 'ഓം ശാന്തി ഓശാന' ആയത്. *'ഇതാണോ വല്യ കാര്യം' എന്ന പേര് സിനിമയ്ക്ക് തിരിച്ചടിയാകുമെന്ന് അഭിപ്രായമുയർന്നതിനെ തുടർന്നാണ് 'വെള്ളരിപ്രാവിന്റെ ചങ്ങാതി' എന്ന പേര് പിറക്കുന്നത്.