'സ്ഫടികം' സിനിമയിൽ സ്ഫടികം ജോർജ്ജ് അവതരിപ്പിച്ച ക്രൂരനായ കഥാപാത്രത്തിന്റെ പേര് തിരക്കഥയിൽ പുലിക്കോടൻ എന്നായിരുന്നു ...എന്നാൽ മുൻ പോലിസ് ഉദ്യോഗസ്ഥനായ പുലിക്കോടൻ നാരായണൻ കോടതിയെ സമീപിക്കുകയും അനുകൂലമായ വിധി ഉണ്ടാകുകയും ചെയ്തു ... അങ്ങനെ സിനിമയിൽ സ്ഫടികം ജോർജ്ജിന്റെ പേര് കുറ്റിക്കാടൻ എന്നാക്കി.
പോലീസുകാരനായ പുലിക്കോടനെ അവതരിപ്പിക്കാൻ ഒരാൾ വേണം. 'സ്ഫടിക'ത്തിന്റെ സ്ക്രിപ്റ്റ് എഴുതുമ്പോഴെല്ലാം ഭദ്രന്റെ മനസ്സ് അങ്ങനെയൊരാളെ തേടുന്നുണ്ടായിരുന്നു. ആറടി പൊക്കം, അതിനൊത്ത വണ്ണം, കലകളുള്ള മുഖം - ഇങ്ങനെ ഭയപ്പെടുത്തുന്ന ഒരു രൂപം എങ്ങും കിട്ടിയില്ല. ഒടുവിൽ തമിഴ് നടൻ നാസറിന് ആ റോൾ കൊടുക്കാമെന്ന് ഭദ്രൻ നിശ്ചയിച്ചു. ഈ സമയത്ത് ഒരു ദിവസം ഭദ്രൻ പാലായിൽ വന്നു. വെറുതെ കവലയിൽ ഇറങ്ങിയതാണ്. അഞ്ജലി ഹോട്ടലിന്റെ മുന്നിൽ നില്ക്കുകയാണ് ഭദ്രൻ. നല്ല തിരക്കുള്ള സമയം. ചുവന്ന സിഗ്നലിൽ വണ്ടികൾ നിരനിരയായി കിടക്കുന്നു. അപ്പോൾ തടിമാടനായ ഒരാൾ ഒരു ബുള്ളറ്റിലിരിക്കുന്നത് ഭദ്രൻ കണ്ടു. ആറടിപൊക്കം, അതിനൊത്ത തടി. പെട്ടെന്ന് ഭദ്രൻ അടുത്തു ചെന്നു. 'സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോ' എന്നു ചോദിച്ചു. അതിനു മറുപടി പറയും മുൻപേ സിഗ്നൽ മാറി. അയാൾ ബുള്ളറ്റ് മുന്നോട്ടെടുത്ത് ഒതുക്കിവെച്ചു. എന്നിട്ടു പറഞ്ഞു: 'എന്റെ ജീവിതാഭിലാഷംതന്നെ അതാണ്'. ജോർജ്ജ് ആന്റണി എന്നായിരുന്നു അയാളുടെ പേര്. സിനിമയിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഭദ്രൻ ജോർജിനെ കൊണ്ടുപോയി മുടിവെട്ടിച്ച് ടെറ്റ് പാന്റ്സും ടീ ഷർട്ടും ധരിപ്പിച്ചു. പിന്നെ എസ്.ഐ.യ്ക്കു വേണ്ടി എഴുതിവെച്ചിരുന്ന കുറച്ചുഭാഗങ്ങൾ പറഞ്ഞുകൊടുത്ത് അഭിനയിപ്പിച്ചു.
'മണിച്ചിത്രത്താഴി'ലെ 'പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ' എന്ന ഗാനത്തിന് 'സരസ സുന്ദരീമണീ നീ അലസമായുറങ്ങിയോ' എന്നൊരു വരി ബിച്ചു തിരുമല എഴുതിയപ്പോൾ അതുപോലെ ഒരു വരികൂടി എഴുതരുതോ എന്ന് പത്മജ(എം ജി രാധാകൃഷ്ണന്റെ ഭാര്യ) ചോദിച്ചു. അങ്ങനെയാണ് 'കനവു നെയെ്താരാത്മരാഗം മിഴികളിൽ പൊലിഞ്ഞുവോ' എന്നെഴുതിയത്. പാട്ടു കേട്ടാൽ പക്ഷേ, ഈ വരി പിന്നെ ചേർത്തതാണെന്നു തോന്നില്ല.
മണിച്ചിത്രത്താഴിന്റെ ഷൂട്ടിങ് തീരുന്നതിന് മൂന്നു ദിവസം മുൻപുവരെയും ഫാസിലിന് ചിത്രത്തിന് പറ്റിയ ഒരു പേരു കണ്ടെത്താനായില്ല. കാരണം വല്ലാതെ സങ്കീർണമായ കഥയാണ്. അതിനു യോജിക്കുന്ന ഒരു പേരുതന്നെ വേണം. ഏതോ ഒരു നിമിഷത്തിൽ പഴംതമിഴ്പാട്ട് എന്ന ഗാനത്തിലെ 'മണിച്ചിത്രത്താഴിനുള്ളിൽ വെറുതെ...' എന്ന വരി ഫാസിലിന്റെ ശ്രദ്ധയാകർഷിച്ചു. മണിച്ചിത്രത്താഴ് എന്ന വാക്കിൽ മനോരോഗി, ചിത്തരോഗി എന്നീ വാക്കുകൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഫാസിലിനു തോന്നി. എങ്കിൽപ്പിന്നെ എന്തുകൊണ്ട് മണിച്ചിത്രത്താഴ് എന്നു പേരിട്ടുകൂടായെന്ന് ഫാസിലിനു തോന്നി. മധുമുട്ടത്തിനും സിബിക്കും പ്രിയനും സിദ്ദിഖ് ലാലിനും ആ പേരിഷ്ടമായി. അങ്ങനെയാണ് സിനിമയ്ക്ക് ആ പേര് വീണത്.
രാമനാഥനായി വിനീതിനെയാണ് ഫാസിൽ ആദ്യം നോക്കിയത്. പക്ഷേ, ഷൂട്ടിങ് സമയത്ത് എന്തോ കാരണത്താൽ വിനീതിന് വരാൻ കഴിഞ്ഞില്ല. അപ്പോൾ ശോഭനയാണ് കന്നടയിലെ ശ്രീധറിന്റെ കാര്യം പറഞ്ഞത്. അദ്ദേഹം രാമനാഥനാവുകയും ചെയ്തു.
സത്യൻ മാഷിന്റെ കയ്യുടെ ചൂട് ഷൂട്ടിംഗ് കാണാൻ വന്ന ചിലർ അനുഭവിച്ച കാര്യം ഉദ്യോഗസ്ഥ വേണു('ഉദ്യോഗസ്ഥ' സിനിമയുടെ സംവിധായകൻ) പറയുന്നു. അദ്ദേഹത്തിന്‍റെ ഒരു സിനിമയുടെ സെറ്റിൽ എന്നും രാത്രിയിൽ ചില സാമൂഹ്യ വിരുദ്ധർ മദ്യലഹരിയിൽ വന്നു നടിമാരെ നോക്കി വളരെയുറക്കെ അനാവശ്യമായ comments പറയുമായിരുന്നു. സത്യൻ ആ സെറ്റിൽ ജോയിൻ ചെയ്ത രാത്രിയിലും ഈ പതിവ് പരിപാടി അരങ്ങേറി. നിമിഷ നേരത്തിനുള്ളിൽ കേട്ടത് അവരുടെ നിലവിളികളാണ്. അതുകേട്ടു അങ്ങോട്ട് ചെന്ന് നോക്കിയ വേണു കണ്ടത് ഒരു ബനിയനും, മടക്കി കുത്തിയ കൈലിയും ഉടുത്ത സത്യൻ മാഷ് അവന്മാരെ തല്ലിയോടിക്കുന്നതാണ്.. വേണുവിനെ കണ്ടപ്പോൾ ഉടനെ സത്യന്‍റെ ഒരു ചോദ്യം.. "തന്‍റെ സെറ്റിൽ ആണുങ്ങളാരും ഷൂട്ടിങ്ങിന് വന്ന കൂട്ടത്തിൽ ഇല്ലേടോ??"
'നമ്പർ 20 മദ്രാസ് മെയിൽ'ലെ ടോണിയെ കണ്ടെത്തിയത് നടൻ വിജയരാഘവനിൽ നിന്നാണ്. അന്ന് മലയാളസിനിമക്കാരെ സംബന്ധിച്ചിടത്തോളം ജീവിതം മദ്രാസ് മെയിലിലാണ്. ആ ട്രെയിൻ യാത്രയിൽ നിന്ന് കിട്ടിയതാണ് സിനിമയിലെ സംഭവങ്ങൾ ഏറെയും. ഒരു ദിവസം തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് ഒരു കൂപ്പെയിൽ യാത്ര ചെയ്യുന്നു. അപ്പുറത്ത് സിനിമയിലെ ടോണിയെപ്പോലെ അടിച്ചുപൊളിച്ച് വിജയരാഘവനും, കൂട്ടുകാരുമുണ്ട്. ഇടയ്ക്കെപ്പോഴോ കക്ഷി ഡെന്നീസിന്റെ കൂപ്പെയുടെ മുന്നിലൂടെ പോകുമ്പോൾ ഡെന്നീസിനെ കാണുന്നു. നാനയിലോ മറ്റോ ഫോട്ടോ കണ്ട പരിചയത്തിൽ ഡെന്നീസ് ജോസഫ് അല്ലേയെന്ന് ചോദിക്കുന്നു. പരിചയപ്പെടുന്നു. അവിടെയിരുന്ന് മദ്യപിക്കാൻ അനുവാദം മേടിക്കുന്നു. പിന്നീട് സംസാരവും, ആഘോഷവും തുടരുന്നു. ട്രെയിൻ ഇളകുമ്പോഴെല്ലാം വിജയരാഘവൻ ഡെന്നീസിന്റെ മേലേയ്ക്ക് വീഴുന്നു. അപ്പോൾ വിജയരാഘവൻ പറയുന്ന - ഡിഷ്ടർബൻസായില്ലല്ലോ (ഈ ചോദ്യം പലവട്ടം ആവർത്തിച്ചു) എന്ന ആ ചോദ്യവും, അന്നത്തെ ആശാന്റെ ആ ഭാവങ്ങളുമാണ് മോഹൻലാലിന്റെ ടോണിയ്ക്ക് ഡെന്നീസ് നൽകിയത്.