യേശുദാസ് സിനിമാരംഗത്ത് സജീവമായിത്തുടങ്ങിയ കാലത്ത് ഒരു വിമാനാപകടത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപെട്ടിട്ടുണ്ട്. 1971ലാണ്. അന്ന് കൊച്ചിയിൽ നാവികസേനാ ആസ്ഥാനത്തോട് ചേർന്നുള്ള പഴയ വിമാനത്താവളമേയുള്ളൂ. ഒരു പാട്ട് റെക്കോഡിങ്ങിന് മദ്രാസിലേക്ക് പോകാനായി യേശുദാസ് വിമാനത്താവളത്തിലെത്തിയെങ്കിലും മിനിറ്റുകളുടെ വ്യത്യാസത്തിൽ അത് പുറപ്പെട്ടിരുന്നു. പക്ഷേ, യാത്ര പൂർത്തിയാക്കാതെ മധുരയ്ക്കടുത്ത് ആ വിമാനം തകർന്നുവീഴുകയായിരുന്നു. 20 പേരാണ് അന്ന് ആ അപകടത്തിൽ മരിച്ചത്.
നടൻ പി.ജെ. ആന്റണി മരിക്കുന്നത് തമിഴ്നാട്ടിലെ വിജയ ആശുപത്രിയിൽ വച്ചാണ്. ആ സമയത്ത് രജനീകാന്തും അവിടെ അഡ്മിറ്റായിരുന്നു. പുറത്ത് ആരോ പറഞ്ഞുപരത്തിയത് രജനീകാന്ത് മരിച്ചു എന്നായിരുന്നു. ഇതറിഞ്ഞ് ആശുപത്രിക്ക് മുന്നിൽ ജനസമുദ്രമായി. ഒടുവിൽ രജനീകാന്ത് തന്നെ വീൽചെയറിൽ വന്ന് കണ്ടപ്പോഴാണ് ജനം പിരിഞ്ഞുപോയത്.
ശിവാജി ഗണേശനും, മോഹൻലാലും ഒന്നിച്ച 'ഒരു യാത്രാമൊഴി' ഷൂട്ടിങ് തുടങ്ങിയത് മറ്റൊരു സംവിധായകന്റെ മേൽനോട്ടത്തിലായിരുന്നു. ഇടയ്ക്കുവച്ച് പ്രതാപ് പോത്തൻ സംവിധാനം ഏറ്റെടുക്കുകയായിരുന്നു.
സിനിമയുടെ സീനുകളെല്ലാം ആദ്യം ഡമ്മിയായി ഷൂട്ട് ചെയ്ത്, 6 വർഷങ്ങൾക്കു ശേഷം ഫൈനൽ ഷൂട്ട് നടത്തിയ ചിത്രമാണ് 'കുന്താപുര'.
*ഡിജിറ്റൽ ഫോർമാറ്റിൽ നിർമ്മിച്ച് ഡിജിറ്റലായി സ്ക്രീൻ ചെയ്ത ആദ്യ മലയാള സിനിമയാണ് 'മൂന്നാമതൊരാൾ'. * 70 അടി ഉയരമുള്ള അകേല ക്രെയിൻ ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ ദക്ഷിണേന്ത്യൻ സിനിമയാണ് 'കണ്ണെഴുതി പൊട്ടും തൊട്ട്'.
ബോളിവുഡ് സിനിമകളിൽ വ്യാപകമായിരുന്ന ടൈറ്റിൽ സ്പോൺസറിങ് എന്ന മാർക്കറ്റിങ് രീതി മലയാളത്തിൽ ആദ്യമായി പരീക്ഷിച്ചത് 'ഡയമണ്ട് നെക്ലേസ്' എന്ന ചിത്രത്തിലാണ്. ജോയ് ആലുക്കാസ് ആയിരുന്നു സ്പോൺസർ.
*മധ്യപ്രദേശിലെ പ്രസിദ്ധമായ സോൺപൂർ മേള മലയാളസിനിമയിൽ ആദ്യമായി ചിത്രീകരിച്ചത് 'തിരുവമ്പാടി തമ്പാൻ' എന്ന ചിത്രത്തിനു വേണ്ടിയാണ്. *എ കെ 47 തോക്ക് മലയാളികൾക്ക് പരിചയപ്പെടുത്തിയ സിനിമയാണ് 'ഇന്ദ്രജാലം'.