*'സുകൃതം' സിനിമയിലെ ദുർഗ്ഗയായി ആദ്യം തീരുമാനിച്ചത് ശോഭനയെയായിരുന്നു, ഡേറ്റ് പ്രശ്നം ആയപ്പോൾ ഗീതയെയും,രേവതിയെയും ആലോചിച്ചു . പിന്നീടാണ് ശാന്തികൃഷ്ണയെ ആ റോളിനു വേണ്ടി തീരുമാനിച്ചത്. *ഡോ രാമനുണ്ണിയായി ഒരുപാട് പേരെ ആലോചിച്ചു. നെടുമുടി, ബാലചന്ദ്രമേനോൻ, ലാലു അലക്സ് തുടങ്ങി പലരെയും. അവസാനമാണ് നരേന്ദ്രപ്രസാദിലേക്കു എത്തിയത്. *തറവാട് വീടായി ചിത്രീകരിച്ചത് 'വാത്സല്യ'ത്തിലെ രാഘവൻ നായരുടെ അതേ വീട് തന്നെയാണ്. മമ്മൂട്ടിയാണ് ആ വീട് നിർദേശിച്ചത്. ആ വീട് ഒരു ഭാഗ്യ ലൊക്കേഷൻ ആണ് എന്ന് മമ്മൂട്ടി വിശ്വസിച്ചിരുന്നു.
'സുകൃതം' സിനിമയ്ക്ക് ആദ്യം എം. ടി തീരുമാനിച്ച ക്ലൈമാക്സ് രവി കടലിൽ ചാടി മരിക്കുന്നതാണ്. പക്ഷേ, അത് ചിത്രീകരിക്കാൻ കടലിൽ നിന്ന് ഉയരത്തിൽ നില്ക്കുന്ന ഒരു സ്ഥലം വേണം. പലയിടത്തും അന്വേഷിച്ചെങ്കിലും അങ്ങിനെയൊരു സ്ഥലം കണ്ടെത്താൻ സാധിച്ചില്ല. ലൊക്കേഷൻ ശരിയാവാത്തതു കൊണ്ട് കടലിലേക്ക് ഇറങ്ങി പോവുന്നതായി ചിത്രീകരിക്കാം എന്ന് തീരുമാനിച്ചു, അപ്പോഴാണ് 'മൂന്നാം പക്ക'ത്തിലെ ക്ലൈമാക്സ് അങ്ങിനെയാണ് എന്ന് അവർക്ക് ഓർമ്മ വന്നത്. ട്രെയിന് മുന്നിൽ ചാടുന്നതും ആലോചിച്ചു. പക്ഷേ, നഖക്ഷതങ്ങളുടെ അവസാനം അങ്ങിനെയായിരുന്നു. അപ്പോഴാണ് ഹരികുമാറിനു പണ്ട് വായിച്ച ഒരു ലേഖനം ഓർമ്മ വന്നത്. മരിച്ചിട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന ഒരാളുടെ ലേഖനം. മരണം എങ്ങിനെയായിരുന്നു എന്ന ചോദ്യത്തിന് അയാൾ പറഞ്ഞത് ഒരു ഇരുണ്ട ഗുഹയിലേക്ക് നടന്നു നടന്നു പോകുന്നത് പോലെയാണ് മരണത്തിലേക്കുള്ള യാത്ര എന്നാണ്. ഈ വിഷയം ഹരികുമാർ എം ടി യോട് പറഞ്ഞു. അങ്ങിനെ എം ടി ക്ലൈമാക്സ് മാറ്റി. ഒരു ഇരുണ്ട ഗുഹയിലേക്ക് രവി പാളത്തിലൂടെ നടന്നു പോവുന്നതും ട്രെയിൻ വരുന്നതും ഒപ്പം രവിശങ്കർ മരിച്ചു എന്ന് പ്രിന്റ് ചെയ്യുന്നതും മാറി മാറി കാണിച്ചു.
'അപ്പുണ്ണി' എന്ന ചിത്രം വി കെ എന്നിന്റെ 'പ്രേമവും, വിവാഹവും' എന്ന കഥയെ ആസ്പദമാക്കി എടുത്തതാണ്. സിനിമക്ക് വേണ്ടി വി കെ എൻ ഒരുക്കിയ തിരക്കഥയ്ക്ക് ഒരു സിനിമയ്ക്ക് വേണ്ട ദൈർഘ്യം ഇല്ലായിരുന്നുവത്രേ. അത് കൊണ്ട് തന്നെ സത്യൻ അന്തിക്കാടിന്റെ നിർദ്ദേശ പ്രകാരം വി കെ എന്നിന്റെ തന്നെ മറ്റു ചില കഥകളിലെ കഥാപാത്രങ്ങളെക്കൂടി ചേർത്ത് തിരക്കഥ ഒന്നുകൂടി വികസിപ്പിച്ചു. ബഹദൂർ ചെയ്‌ത ഹാജ്യാരൊക്കെ അങ്ങനെ അപ്പുണ്ണിയിൽ വന്നതാണ്.
കഥയുടെ കോപ്പികൾ വീട്ടിൽ സൂക്ഷിക്കുന്ന സ്വഭാവം വി കെ എന്നിന് ഒരിക്കലും ഉണ്ടായിരുന്നില്ല.. എഴുതിയ കഥകളുടെ ഒരു കോപ്പി പോലും സൂക്ഷിക്കാതെ പത്രാധിപർക്ക് അയച്ചു കൊടുക്കും. 'അപ്പുണ്ണി' എന്ന തിരക്കഥ പുസ്തകമാക്കേണ്ടിവന്നപ്പോഴും അത് തന്നെ അവസ്ഥ. ഈ തിരക്കഥയുടെ കോപ്പി ആരുടെ കൈവശവും ഇല്ല. അങ്ങിനെ സിനിമ കണ്ട് അതിൽ എന്ന് പകർത്തി എഴുതിയാണ് ഡി സി ഈ സിനിമയുടെ തിരക്കഥ പുസ്തകമായി പ്രസദ്ധീകരിച്ചത്.