'നിർമാല്യ'ത്തിലെ വെളിച്ചപ്പാടിന്റെ വേഷത്തിലേക്കു എം. ടി ആദ്യം നിശ്ചയിച്ചത് ശങ്കരാടിയെ ആണ്. എന്നാൽ, തന്റെ ശരീരഭാഷ അതിനു വഴങ്ങില്ലെന്നു പറഞ്ഞു കൊണ്ടു ശങ്കരാടി തന്നെയാണ് നാടക നടനും തന്റെ സുഹൃത്തുമായ പി ജെ ആന്റണിയെ വെളിച്ചപ്പാടാക്കാൻ എം. ടി യോട് നിർദ്ദേശിച്ചത്.
'നിർമാല്യം' ഷൂട്ടിനെപ്പറ്റി ക്യാമറമാൻ രാമചന്ദ്രബാബു ഓർക്കുന്നു. മലപ്പുറം ജില്ലയിലെ എടപ്പാളിലെ മുക്കുതല എന്ന സ്ഥലത്തായിരുന്നു ഷൂട്ടിങ്ങ്. ലോഡ്ജോ ഹോട്ടലോ ഒന്നുമില്ലാതിരുന്ന ഒരു തനിനാടൻ ഗ്രാമം. സ്ത്രീ കഥാപാത്രങ്ങളൊക്കെ നടൻ സുകുമാരന്റെ അമ്മാവന്റെ വീട്ടിലും, ബാക്കിയുള്ള കലാകാരന്മാർ എടപ്പാളിൽ തന്നെയുള്ള, 2 മുറിയും ഒരു ചെറിയ ഹാളും മാത്രമുള്ള അരിമില്ലിലുമായിരുന്നു . ഒരു മുറിയിൽ എം ടി യും മറ്റേതിൽ പി ജെ ആന്റണിയും. ബാക്കിയുള്ള കലാകാരന്മാർ ഒരുമിച്ച് ആ അരിമില്ലിന്റെ ഹാളിൽ പുല്ലുപാ വിരിച്ചു കിടന്നു.
'പാലേരി മാണിക്യ'ത്തിൽ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയുടെ അതേ ജീനാണ് തന്റേതെന്ന് സിനിമയുടെ അവസാനം സ്വതന്ത്രകുറ്റാന്വേഷകനായ ഹരിദാസ് പറയുന്നുണ്ട്. പക്ഷേ, നോവലിസ്റ്റ് ടി പി രാജീവൻ യഥാർത്ഥ കഥയിൽ അങ്ങിനെ പറഞ്ഞിട്ടില്ല, അഹമ്മദ് ഹാജിക്കും ഹരിദാസിനും നോവലിൽ രക്തബന്ധമൊന്നും ഇല്ല. എന്നാൽ സിനിമയിൽ സംവിധായകൻ രഞ്ജിത്ത് അങ്ങിനെയൊരു ബന്ധം ആ രണ്ടു കഥാപാത്രങ്ങൾക്കും ഉണ്ടാക്കുകയായിരുന്നു.
'ചെമ്മീൻ' സിനിമ മലയാളത്തിൽ വലിയ ഹിറ്റായപ്പോൾ ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യാൻ ഒരിക്കൽ ആലോചനയുണ്ടായി. മലയാളത്തിലെ അഭിനയ കുലപതികളായ സത്യനും, കൊട്ടാരക്കരയും അഭിനയിച്ച വേഷങ്ങൾ ആരെക്കൊണ്ടു ചെയ്യിക്കുമെന്ന് അണിയറ പ്രവർത്തകർ ദിവസങ്ങളോളം കൂടിയിരുന്ന് ആലോചിച്ചു. ഒടുവിൽ ഹിന്ദിയിലെ അന്നത്തെ മികച്ച നടന്മാരായ ദിലീപ് കുമാറിനെയും അശോക് കുമാറിനെയും അണിയറക്കാർ സമീപിച്ചു. അവർക്ക് മലയാളത്തിലെ 'ചെമ്മീൻ' കാണിച്ചു കൊടുത്ത് അഭിനയിക്കാമോ എന്ന് അഭിപ്രായമാരാഞ്ഞു. മലയാളി നടന്മാരുടെ അഭിനയം കണ്ടു സ്തബ്ധരായ അവർ പറഞ്ഞത് ചെമ്പൻകുഞ്ഞിനെ അവതരിപ്പിയ്ക്കാൻ കൊട്ടാരക്കരയും, പളനിയെ അവതരിപ്പിയ്ക്കാൻ സത്യനുമല്ലാതെ ഇന്ത്യൻ സിനിമയിൽ ആരുമില്ല, ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല. അതോടെ റീമേക്കിനുള്ള ശ്രമം വേണ്ടെന്നു വയ്ക്കുകയാണുണ്ടായത്.
മലയാളത്തിലെ ആദ്യ റോഡ് മൂവി എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് 'ലോറി'. അച്ചൻ കുഞ്ഞ് എന്ന നവാഗത നടന്റെ മികച്ച അഭിനയം കൊണ്ട് ശ്രദ്ധ നേടിയ സിനിമ. ആദ്യ ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ അപൂർവപ്രതിഭയായ അദ്ദേഹം കോട്ടയം ബോട്ട് ജെട്ടിയിലെ ഒരു ചുമട്ട് തൊഴിലാളി ആയിരുന്നു.
'ക്ലാസ്‌മേറ്റ്‌സ്' സിനിമയിലെ മുരളിയുടെ കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് കുഞ്ചാക്കോ ബോബനെയായിരുന്നു. പക്ഷേ, കഥ കേട്ട ചാക്കോച്ചൻ സിനിമയുടെ കഥയിലും, സിനിമയിൽ കാണിക്കുന്ന പൃഥ്വി-ജയസൂര്യ ഗ്രൂപ്പ് കളിയിലും വിശ്വാസമില്ലാതെ അഭിനയിക്കാൻ വിസമ്മതിക്കുകയായിരുന്നു.
1991-ല്‍ കേരളത്തിലെ ഒരു കോളജ് ഹോസ്റ്റലില്‍ ജനറേറ്റര്‍ റൂം വരുന്നതെങ്ങനെ എന്നുള്ള ലോജിക് പ്രശ്നം മറികടക്കാൻ വേണ്ടിയാണ് 'ക്ലാസ്മേറ്റ്സി'ൽ ജഗതിയുടെ കഥാപാത്രത്തെ കൊണ്ട് ഇങ്ങനെയൊരു ഡയലോഗ് പറയിപ്പിച്ചത് : ‘ജര്‍മന്‍കാര്‍ വന്നപ്പോള്‍ കൊണ്ടുവന്ന ജനറേറ്ററാ’ എന്ന്.
‘ഓളങ്ങളു’ടെ നിർമാതാവായ ജോസഫ് എബ്രഹാം ഒരു മലയാളസിനിമ ചെയ്യണമെന്ന ആവശ്യവുമായി ബാലു മഹേന്ദ്രയെ സമീപിച്ചു. അദ്ദേഹം അപ്പോള്‍ത്തന്നെ സമ്മതിച്ചു. കഥയും തിരക്കഥയും കേട്ടെഴുതാന്‍ മലയാളവും തമിഴും ഇംഗ്ളീഷുമൊക്കെ വശമുള്ള ഒരാളെ പരിചയപ്പെടുത്തിത്തരണമെന്ന് പറഞ്ഞതനുസരിച്ച് ജോണ്‍പോള്‍ എന്ന ചെറുപ്പക്കാരനെ ബാലു മഹേന്ദ്രയ്ക്ക് പരിചയപ്പെടുത്തി. താൻ വായിച്ച ഒരു കവിത ‘The Yellow Ribbon’നെപ്പറ്റി ആദ്യഘട്ട ചര്‍ച്ചയില്‍ ജോണ്‍പോള്‍ ബാലു മഹേന്ദ്രയോട് പറഞ്ഞു. കേട്ടപ്പോള്‍ നല്ല രസം തോന്നിയ അദ്ദേഹം അതിനെ ഡെവലപ്ചെയ്യാന്‍ പറഞ്ഞു. അതനുസരിച്ച് ആ കഥ പുരോഗമിച്ചു. പിന്നെയാണ് ആ കഥ ആരോട് പറയണം എന്ന സംശയം ഉണ്ടാകുന്നത്. അങ്ങനെ സ്കൂള്‍ വിനോദയാത്ര കഴിഞ്ഞുവരുന്ന കുട്ടികളോട് പറയാമെന്ന് തീരുമാനിച്ചു. ഒരു ബസും കുറെ കുട്ടികളും ജീവിതത്തിന്‍െറ വേദനകളുമൊക്കെയായി 'യാത്ര' എന്ന സിനിമ രൂപപ്പെടുന്നത് അങ്ങനെയാണ്.. ബാലു മഹേന്ദ്രയുടെ അവസാന മലയാളം വർക്കും ഇതു തന്നെയാണ്.
ദേശാടനം എന്ന ചിത്രത്തിൽ ആദ്യം ജയറാമിനെയാണ് തീരുമാനിച്ചിരുന്നത് (വിജയരാഘവൻ ചെയ്ത വേഷം). എന്നാൽ മീശയെടുക്കാൻ പറ്റില്ല എന്ന കാരണത്താൽ ജയറാം ആ വേഷം വേണ്ടെന്നു വയ്ക്കുകയായിരുന്നു.