വൈശാലിയിൽ യാഗം നടക്കുന്ന രംഗം ചിത്രീകരിച്ചത് മൈസൂറിൽ വെച്ചായിരുന്നു. ആ രംഗത്ത് അഭിനയിച്ചിരിക്കുന്നതെല്ലാം അവിടത്തെ സംസ്‌കൃതപണ്ഡിതന്മാരായിരുന്നു. അവര്‍ ചൊല്ലിയ ശ്ലോകങ്ങൾ ശുദ്ധമായ സംസ്‌കൃതത്തിലായപ്പോൾ അതിന്റെ ഭംഗി പതിന്മടങ്ങ് വര്‍ധിച്ചു. വൈശാലിയുടെ അവസാനഭാഗം ചിത്രീകരിക്കുമ്പോൾ നല്ലൊരു നിമിത്തം ഉണ്ടായത് ഭരതൻ ഓർക്കുന്നു: മൈസൂറിലായിരുന്നു ചിത്രീകരണം. ഹോമകുണ്ഠത്തില്‍നിന്ന് പുക മുകളിലേക്കുപോയാൽ മഴ പെയ്യുമെന്നാണ് സങ്കല്പം. നല്ല വെയിലുള്ള സമയമായിരുന്നു അത്. ഭരതന്റെ ഭാവനയിൽ മേഘം ക്രമേണ കറുത്തുവരുന്നതു കാണണം. ആകാശമാണെങ്കിൽ നല്ല തെളിഞ്ഞ നിറം. എന്തായാലും ഷൂട്ടിങ് തുടങ്ങി. രണ്ടു റിഹേഴ്‌സലുകളും നോക്കി. ടേക്കായി. ആകാംക്ഷയോടെ എം.ടി. ഭരതനൊപ്പമുണ്ട്. അപ്പോഴേക്കും മാനം മേഘം മൂടിത്തുടങ്ങി. കാമറ മുകളിലേക്കു ചെല്ലുന്നതനുസരിച്ച് ഭരതന്റെ മനസ്സിലെ രംഗം പ്രകൃതി ഒരുക്കിക്കൊണ്ടിരുന്നു. പിന്നെ തുള്ളിതുള്ളിയായി മഴ വീണു തുടങ്ങി. ഭരതൻ മെല്ലെ തിരിഞ്ഞുനോക്കി. തൊട്ടുപിന്നിൽ എം.ടി. നില്പുണ്ട്. ഭരതന്റെ കണ്ണുനിറഞ്ഞിരുന്നതുകൊണ്ട് എം.ടിയുടെ വികാരം എന്താണെന്ന് ഭരതന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, അടുത്ത നിമിഷത്തിൽ എം.ടിയുടെ കൈകൾ ഭരതനെ പുണര്‍ന്നു. ആ നിമിഷം ഇരുവരുടെയും തോളുകൾ നനഞ്ഞു.
വൈശാലി ഷൂട്ടിനിടെ ഉണ്ടായ അപകടത്തെപ്പറ്റി ഭരതൻ... ഒരു രാത്രി, 'ഇന്ദുപുഷ്പം ചൂടിനില്ക്കും രാത്രി' എന്ന ഗാനം ചിത്രീകരിക്കുന്ന ദിവസമാണ്. ബോട്ട് കരയിലേക്കു ചേര്‍ത്തു കുറ്റിയടിച്ച് മൂന്നു കയറുകൾ കൊണ്ട് ബന്ധിച്ചിട്ടുണ്ട്. നല്ല നൈലോൺ കയറുകളാണ്. രാത്രി ഗാനരംഗത്തിന്റെ ഷൂട്ടിങ് തുടങ്ങി. എല്ലാവരും ബോട്ടിനകത്താണ്. പെട്ടെന്ന് ബോട്ടങ്ങു ചെരിഞ്ഞു. കുറേപ്പേർ വെള്ളത്തിലേക്കു വീണു. ചിലർ ബോട്ടില്‍ത്തന്നെ മറിഞ്ഞു വീണു. സുപര്‍ണയ്ക്കാണെങ്കിൽ ബോധം നശിക്കുകയും ചെയ്തു. ബോട്ടില്‍നിന്ന് നിലവിളി ഉയര്‍ന്നു. സ്വിച്ച് ബോര്‍ഡില്‍നിന്ന് പ്ലഗ്ഗ് ആരോ വലിച്ചൂരിയത് രക്ഷയായി.' ബോട്ടുകെട്ടിയിരുന്ന നൈലോൺ കയറിൽ രണ്ടെണ്ണം പൊട്ടിയതാണ് അപകട കാരണം.
'വൈശാലി' ചിന്തിച്ചപ്പോൾ മൈസൂർ വനമായിരുന്നു ഭരതന്റെ മനസ്സില്‍ ആദ്യമെത്തിയ ലൊക്കേഷന്‍. എന്നാല്‍, ഇടുക്കി കൂടുതൽ സൗകര്യപ്രദമാണെന്നു കണ്ടപ്പോൾ ലൊക്കേഷൻ മാറ്റി. പക്ഷേ, ഇടുക്കിയിൽ താമസസൗകര്യമില്ല. കുളമാവില്‍ ഒരു ടിബിയുണ്ട്. അവിടെ പരമാവധി പത്തുപേര്‍ക്കു താമസിക്കാം. ബാക്കിയുള്ളവരെ എവിടെ താമസിപ്പിക്കും? അന്വേഷണത്തിലറിഞ്ഞു അടുത്ത് ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സുണ്ട്. വര്‍ഷങ്ങളായി ആള്‍ത്താമസമില്ലാതെ വൃത്തികേടായി ഇടിഞ്ഞുപൊളിഞ്ഞു കിടക്കുകയാണ്. അനുവാദം വാങ്ങി ഒന്നു വൃത്തിയാക്കിയാൽ മതി. യൂണിറ്റിനു മൊത്തം താമസിക്കാം. അങ്ങനെ താമസം ഏകദേശം ഓക്കെയായി. വൈശാലിയിൽ കാണുന്ന ഗുഹയും ഗര്‍ജിക്കുന്ന മലനിരകളും സ്റ്റുഡിയോ ഫ്‌ളോറിൽ സെറ്റിട്ട് എടുക്കാനാണ് ഭരതൻ പ്ലാന്‍ ചെയ്തത്. പക്ഷേ, ഇടുക്കിയിലെത്തി ലൊക്കേഷൻ കണ്ടപ്പോൾ ഭരതന്റെ ഹൃദയം തുള്ളിച്ചാടി - മനസ്സിൽ കണ്ട മലകളും ഗുഹയും ഇടുക്കിയിൽ ഭരതന്റെ കണ്‍മുന്നില്‍. കുറവന്‍ പാറയെന്നും കുറത്തിപ്പാറയെന്നും പേരുള്ള വന്‍മലകള്‍. ഇതിനിടയിലൂടെ ഡാമിനുവേണ്ടി പണിത ടണലും. ഈ ടണലാണ് സിനിമയിലെ ഗുഹ. 40 അടി ഉയരമുള്ള ഈ ഗുഹ നിറയെ പാറയാണ്. ചിലന്തിവലയും വാവലും തുടങ്ങി ആള്‍പ്പെരുമാറ്റം കേട്ടിട്ട് കാലങ്ങളായ സ്ഥലം. അങ്ങനെ ഭരതൻ മനസ്സിൽക്കണ്ട എല്ലാം ഒത്തുവന്നു.
വൈശാലിയുടെ കഥ കേട്ട് പലരും ഇതൊരു വൻ ബജറ്റ് പടമാണെന്നു ധരിച്ചു. അതുകൊണ്ടുതന്നെ പടം ചെയ്യാൻ നിര്‍മാതാക്കളാരും തയ്യാറായില്ല. ഭരതൻ ഈ വിവരം എം.ടിയെ ധരിപ്പിച്ചു. എം.ടിയുടെ പരിചയക്കാരൻ ഒരു രാമചന്ദ്രനുണ്ട്. അദ്ദേഹം ഗള്‍ഫിൽ സ്വര്‍ണവ്യാപാരിയാണ്. മലയാള സിനിമയിൽ താത്പര്യമുണ്ട് രാമചന്ദ്രന്. എം.ടി. രാമചന്ദ്രനുമായി സംസാരിച്ചു. പടം എടുക്കാമെന്ന് രാമചന്ദ്രൻ സമ്മതിച്ചു. അങ്ങനെയാണ് ശ്രീമാൻ അറ്റ്ലസ് രാമചന്ദ്രന്റെ സിനിമാരംഗത്തേയ്ക്കുള്ള പ്രവേശം.
പ്രണവം ആർട്സിനു വേണ്ടിയുള്ള മൂന്നാമത്തെ ചിത്രത്തിന്‍െറ ചര്‍ച്ചകൾ പുരോഗമിക്കുന്ന സമയം. ചിത്രത്തിന്‍െറ കഥയെക്കുറിച്ച് ഒരു തീരുമാനവും ആയിട്ടില്ല. ആ ദിവസങ്ങളിലൊന്നിൽ ലോഹിതദാസ് മയക്കത്തിനിടെ ഒരു സ്വപ്‌നം കണ്ടു. കലാമണ്ഡലത്തിലെ വള്ളത്തോൾ പ്രതിമയ്ക്കു മുന്നില്‍വന്നുനിന്ന് ഒരു മദ്യപാനി വെറുതേ തെറിവിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നു. അലസമായ മുടിയും താടിയും മുഷിഞ്ഞുനാറിയ വേഷവും. പെട്ടെന്ന് മയക്കംവിട്ടുണര്‍ന്ന ലോഹിതദാസ് ആ സ്വപ്‌നത്തെക്കുറിച്ചു ചിന്തിച്ചു. എന്തിനായിരിക്കാം അയാൾ അപ്രകാരം പെരുമാറിയത്. ആ ചിന്ത അദ്ദേഹത്തെക്കൊണ്ടെത്തിച്ചത് 'കമലദളം' എന്ന സുന്ദരമായ ചിത്രത്തിലേക്കും, നന്ദഗോപൻ എന്ന കഥാപാത്രത്തിലേക്കുമാണ്.
ഹംഗേറിയന്‍ സിംഫണിക് ഓര്‍ക്കെസ്ട്രയുടെ സഹായത്തോടെയാണ് ഇളയരാജ ‘ഗുരു’ സിനിമയ്ക്ക് പശ്ചാത്തലസംഗീതം ഒരുക്കിയത്. അതുവഴി ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് ഒരുക്കിയ സംഗീതം എന്ന സവിശേഷത ‘ഗുരു’വിന് നേടിക്കൊടുത്തു.
'അമൃതം ഗമയ:' സിനിമയിൽ ശ്രീദേവിയായി ആദ്യം തീരുമാനിച്ചത് സിതാരയെ ആയിരുന്നു . അവർ കുറച്ച് സീനുകൾ അഭിനയിക്കുകയും ചെയ്തു. എന്നാൽ അവസാന രംഗങ്ങളിൽ ശ്രീദേവിക്ക് വരുന്ന പക്വത, പ്രായക്കുറവുള്ള സിതാരയിൽ കാണാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ എം ടിയും,ഹരിഹരനും സിതാരയെ മാറ്റി പകരം പാര്‍വ്വതിയെ കാസ്റ്റ് ചെയ്ത് ആ രംഗങ്ങളെല്ലാം റീ ഷൂട്ട് ചെയ്യുകയായിരുന്നു.
*'അമൃതം ഗമയ:'യെപ്പറ്റി ആലോചിച്ചപ്പോൾ പല കഥകളും ആലോചിച്ച കൂട്ടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൃദ്രോഗിയായ ഒരു വിദ്യാര്‍ഥി റാഗിങ്ങിനിടെ മരിച്ച ഒരു സംഭവം എം ടിയുടെ ശ്രദ്ധയിൽ വരികയും അത് ഈ സിനിമയ്ക്ക് പ്രേരണയാവുകയുമായിരുന്നു. *സിനിമയ്ക്ക് എം ടി ആദ്യം കൊടുത്ത പേര് ദീപശിഖ എന്നായിരുന്നു. പക്ഷേ പേരിന് കഥയുമായി ഒരു പൊരുത്തമില്ല എന്ന് തോന്നിയപ്പോൾ എം ടി തന്നെ 'അമൃതം ഗമയ:' എന്ന് മാറ്റി പേരിട്ടു.