സിബിമലയിൽ സംവിധാനം ചെയ്യുന്ന 'ഇലകൾ പച്ച പൂക്കൾ മഞ്ഞ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നു. ഒരു ദിവസം കുറച്ചുപേര്‍ സിബിയെ സമീപിച്ചു. അവരുടെ കലാസമിതിയുടെ വാര്‍ഷികം ഉദ്ഘാടനം ചെയ്യാന്‍ ഒരു സിനിമാതാരത്തെ കിട്ടണം എന്നതാണ് ആവശ്യം. ആ സമയത്ത് ഭാവനയ്ക്ക് വര്‍ക്കില്ല. സംഭവം പറഞ്ഞപ്പോൾ കക്ഷി റെഡി. പെട്ടെന്ന് ഒരുങ്ങി വന്നു. അവര്‍ പോകാനിറങ്ങുമ്പോള്‍ സിബി ചോദിച്ചു: 'ഭാവനേ, എന്തു പരിപാ ടിയ്ക്കാ പോകുന്നതെന്നറിയ്വോ?' അപ്പോഴാണ് ഭാവനയും അക്കാര്യം ഓര്‍ത്തത്. 'ശ്ശൊ. അറിയില്ല സാര്‍. എന്താ പരിപാടി?' എന്താണ് പരിപാടിയെന്നു പോലുമറിയാതെ ചാടിപ്പുറപ്പെട്ടിറങ്ങിയത് കണ്ടപ്പോള്‍ ഭാവനയെ ഒന്നു വടിയാക്കാനായി സിബി പറഞ്ഞു: 'അവിടെ നവാബ് രാജേന്ദ്രന്‍ മരിച്ചതിന്റെ അനുസ്മരണച്ചടങ്ങ് നടക്കുകയാ!' 'നവാബോ? അതാരാ ആള്?' 'ഓ, അതറിയില്ലേ? നവാബ് വലിയ പാട്ടുകാരനല്ലേ?' തമാശയായി ഇതു പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ആരോ സിബിയെ അവിടെനിന്നും വിളിച്ചുകൊണ്ടുപോയി. അവിടെ കലാസമിതിയുടെ വാര്‍ഷികമാണ് നടക്കുന്നതെന്ന സത്യം പറഞ്ഞുകൊടുക്കാമെന്നു കരുതി സിബി നോക്കുമ്പോഴേക്കും ഭാവന പോയിക്കഴിഞ്ഞിരുന്നു. രണ്ടുമൂന്നു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 'അനുസ്മരണ'മൊക്കെ കഴിഞ്ഞ് ഭാവന തിരിച്ചെത്തിയിരുന്നു. പരിപാടി എങ്ങനെ ഉണ്ടായിരുന്നു എന്ന് സിബി ചോദിച്ചപ്പോള്‍ സഹജമായ ഉഷാറോടെ ഭാവന മറുപടി പറഞ്ഞു! 'പരിപാടി അടിപൊളിയായിരുന്നു സാര്‍. നവാബിന്റെ പാട്ടൊന്നും ഇതുവരെ ഞാന്‍ കേട്ടിട്ടില്ലെങ്കിലും, അങ്ങേര് ഭയങ്കര പാട്ടുകാരനായിരുന്നു എന്നൊക്കെ ഞാന്‍ വച്ചുകാച്ചി. പക്ഷേ എനിക്കൊരു സംശയം സാര്‍. ഞാന്‍ ഓരോ വാക്കു പറയുമ്പോഴും ആള്‍ക്കാര്‍ തലയറഞ്ഞ് ചിരിക്കുകയായിരുന്നു. നമ്മള് സീരിയസ്സായിട്ട് പറയുമ്പം ചിരിക്കാന്‍ അവര്‍ക്കെന്താ തലയ്ക്ക് വല്ല കുഴപ്പവുമുണ്ടോ?' കലാസമിതിയുടെ വാര്‍ഷികത്തിന് ചെന്ന് 'പാട്ടുകാരനായ നവാബി'നെക്കുറിച്ച് അനുസ്മരണ പ്രഭാഷണം നടത്തിയ ഭാവനയുടെ തകര്‍പ്പന്‍ പ്രകടനം ഭാവനയില്‍ കണ്ട സിബിമലയില്‍ മനസ്സില്‍ പറഞ്ഞു: അവര്‍ക്കാര്‍ക്കും ഒരു കുഴപ്പവുമില്ല മോളേ. അതുകൊണ്ടാണല്ലോ നീ തടി കേടാകാതെ ഇങ്ങെത്തിയത്.'
അന്തരിച്ച നടൻ രവി മേനോനെക്കുറിച്ചോര്‍ക്കുമ്പോള്‍, ആ ചുവപ്പ് ഷര്‍ട്ടിനെക്കുറിച്ചാണ് കൊച്ചിൻ ഹനീഫയ്ക്ക് ഓര്‍മ വരിക. നിര്‍മാല്യം കഴിഞ്ഞ് തിളങ്ങിനില്‍ക്കുകയാണ് അന്ന് രവി മേനോന്‍. നടൻ സുകുമാരനും മറ്റുമൊപ്പം ഒരു വീട് വാടകയ്‌ക്കെടുത്ത് മദ്രാസില്‍ താമസിക്കുന്നു. കൊച്ചിൻ ഹനീഫ ഉമാ ലോഡ്ജിലാണ് കുടിപാര്‍പ്പ്. സമയം കിട്ടുമ്പോഴൊക്കെ ഹനീഫ രവി മേനോന്റെ വീട്ടില്‍ വരും. രവി മേനോന് അന്ന് കടുംചുവപ്പു നിറത്തില്‍ ഒരു ഷര്‍ട്ടുണ്ടായിരുന്നു. വെളുത്തു തുടുത്ത മേനോന്റെ സൗന്ദര്യം ആ ഷര്‍ട്ടിടുമ്പോള്‍ ഒന്നുകൂടി ജ്വലിക്കും. അതു കാണുമ്പോള്‍ കൂട്ടുകാര്‍ക്കെല്ലാം അദ്ദേഹത്തോട് അസൂയ. ഹനീഫയ്ക്കാകട്ടെ, എങ്ങനെയും ആ ഷര്‍ട്ട് സ്വന്തമാക്കണമെന്നാണ് ആഗ്രഹം. പക്ഷേ, ചോദിച്ചാല്‍ കിട്ടില്ലെന്നറിയാവുന്നതുകൊണ്ട് ആശ മനസ്സിലടക്കിയതേയുള്ളൂ. പൂനാ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ രവി മേനോന്റെ സഹപാഠിയും ഹിന്ദി ചലച്ചിത്രതാരവുമായ ഡാനി ഡെന്‍ഗോണ്‍സ സ്‌നേഹപൂര്‍വം സമ്മാനിച്ചതാണ് ആ കുപ്പായം. മേനോന്‍ ഇക്കാര്യം അഭിമാനത്തോടെ എല്ലാവരോടും പറയാറുമുണ്ട്. ഒരു ദിവസം, ആ ഷര്‍ട്ടെടുത്തിട്ട് കണ്ണാടിയില്‍ സ്വന്തം സൗന്ദര്യം ആസ്വദിച്ചുനിന്ന ഹനീഫയെ അമ്പരപ്പിച്ചുകൊണ്ട് മേനോന്‍ പറഞ്ഞു: 'വേണമെങ്കില്‍ ഹനീഫ അതെടുത്തോളൂ.' നിധി കിട്ടിയതുപോലെയാണ് ഹനീഫയ്ക്ക് തോന്നിയത്. അടുത്ത ദിവസങ്ങളിലെല്ലാം ആ ഷര്‍ട്ടിട്ടാണ് ഹനീഫ നടന്നത്. അതിടുമ്പോള്‍ പുതിയൊരു ആത്മവിശ്വാസം; പുതിയൊരു ആവേശം - പത്തു വയസ്സ് കുറഞ്ഞതുപോലെ. കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോഴാണ് ഒരു കാര്യം ഹനീഫ ശ്രദ്ധിച്ചത്. അതിട്ടു ചെല്ലുമ്പോള്‍ കാണാന്‍ ഉദ്ദേശിച്ചവരെ കാണില്ല, സ്‌റ്റേഷനിലെത്തിയാല്‍ വണ്ടി പോയിരിക്കും. എന്തിന് സിനിമാ ടാക്കീസില്‍ പോയാല്‍പോലും ടിക്കറ്റ് കിട്ടില്ല. പല ഓഫറുകളും യാതൊരു കാരണവുമില്ലാതെ മുടങ്ങുകകൂടിയായപ്പോള്‍, അത് 'രാശിദോഷ'മുള്ള ഷര്‍ട്ടാണെന്ന് ഹനീഫയ്ക്കു മനസ്സിലായി. പിന്നെ അമാന്തിച്ചില്ല, ഷര്‍ട്ട് അലക്കി ഇസ്തിരിയിട്ട് മേനോന് തിരിച്ചുകൊടുത്തിട്ട് പറഞ്ഞു: 'ഡാനി സ്‌നേഹപൂര്‍വം സമ്മാനിച്ചതല്ലേ, ഇത് മേനോന്‍ തന്നെ എടുത്തോളൂ. എനിക്ക് രണ്ടു ദിവസം ഇടണമെന്നേയുണ്ടായിരുന്നുള്ളൂ. ആ കൊതി മാറി...' രവി മേനോന്‍ ഉദാരനായി: 'ഞാന്‍ ഒരാള്‍ക്ക് ഇഷ്ടപ്പെട്ടെന്തെങ്കിലും കൊടുത്താല്‍ തിരിച്ചെടുക്കാറില്ല. ഹനീഫതന്നെ അതെടുത്തോളൂ...' മേനോന്റെ നിര്‍ബന്ധത്തിനു വഴങ്ങി ആ ഷര്‍ട്ടുമായി ഹനീഫയ്ക്ക് തിരിച്ചുപോരേണ്ടിവന്നു. മുറിയിലെത്തിയ ഉടനെ അദ്ദേഹം അതെടുത്ത് ചുരുട്ടിക്കൂട്ടി ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു. ഒരു തെരുവുപട്ടിയുടെ മുന്നിലാണത് ചെന്നുവീണത്. കടുംചുവപ്പു നിറം കണ്ടിട്ടോ എന്തോ, പട്ടി ഷര്‍ട്ട് കടിച്ചെടുത്ത് തിരിച്ചും മറിച്ചും കുടഞ്ഞ് കീറാന്‍ തുടങ്ങി. തനിക്ക് നിര്‍ഭാഗ്യങ്ങള്‍ മാത്രം സമ്മാനിച്ച ഷര്‍ട്ടിന്റെ 'ദാരുണമായ അന്ത്യം' നോക്കി ഹനീഫ രസിച്ചങ്ങനെ നില്ക്കവേ പെട്ടെന്നതാ ഒരു പട്ടിപിടിത്തക്കാരന്‍ പതുങ്ങിപ്പതുങ്ങി വരുന്നു. അയാളുടെ കൈയിലുള്ള കുടുക്ക് മിന്നല്‍വേഗത്തില്‍ പട്ടിയുടെ കഴുത്തില്‍ മുറുകി. ഒരു നിലവിളിയോടെ പട്ടി മയ്യത്തായി. അതിന്റെ വായിലപ്പോഴും ചുവന്ന ഷര്‍ട്ടിന്റെ ഒരു കഷണം ഉണ്ടായിരുന്നു. ഹനീഫ അതു കണ്ട് പൊട്ടിച്ചിരിച്ചു. പിന്നെ, ഇത്രയും ദുര്‍ഗതി തനിക്കു വന്നില്ലല്ലോ എന്നോര്‍ത്ത് ആശ്വസിച്ചു. ഈ സംഭവം പിന്നീടൊരിക്കൽ രവി മേനോനോട് ഹനീഫ പറഞ്ഞപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'വെറുതെയാണോ ഞാന്‍ നിനക്കത് തന്നത്. ഇത്രയും നിര്‍ഭാഗ്യമുള്ളൊരു ഷര്‍ട്ട് ജീവിതത്തില്‍ ഞാനിട്ടിട്ടില്ല...'
സിനിമയില്‍ പ്രശസ്തനാവുന്നതിന് മുന്‍പ് അവസരങ്ങള്‍ തേടി ഒരുപാട് അലഞ്ഞിട്ടുള്ള നടനാണ് ജയസൂര്യ. സിനിമയുമായി ബന്ധമുള്ള ആരെക്കണ്ടാലും സ്വയം പരിചയപ്പെടുത്തി ചാന്‍സ് ചോദിക്കലായിരുന്നു, അക്കാലത്ത് ജയസൂര്യയുടെ പ്രധാന പരിപാടി. ഒരിക്കല്‍, ഒരു റസ്റ്റോറന്റില്‍ വെച്ച് കുറച്ച് സിനിമക്കാരെ ജയസൂര്യ കണ്ടുമുട്ടി. പതിവുപോലെ എന്തെങ്കിലും ചെറിയ വേഷം തരണമെന്ന് അഭ്യര്‍ഥിച്ചു. ജയസൂര്യയെ സൂക്ഷിച്ചുനോക്കിയ സംവിധായകന്‍ പറഞ്ഞു: 'എന്റെ അടുത്ത പടം ഉടനെ തുടങ്ങുകയാണ്. അതില്‍ നിനക്ക് ആന്റിഹീറോയുടെ വേഷം തരാം.' ബന്ധപ്പെടാൻ വീട്ടിലെ ഫോണ്‍നമ്പർ കൊടുത്ത്(അന്ന് മൊബൈൽ ഫോണുകൾ ഇത്ര സാധാരണമായിരുന്നില്ല) തിരിച്ചുപോകുമ്പോള്‍ ജയസൂര്യ സന്തോഷംകൊണ്ട് തുള്ളിച്ചാടുകയായിരുന്നു. ചെറിയൊരു വേഷമാണ് ചോദിച്ചത്. കിട്ടിയതോ ആന്റിഹീറോയുടേതും. മിമിക്രി പരിപാടിക്കൊന്നും പോകാതെ ജയസൂര്യ കുറേദിവസം കാത്തിരുന്നെങ്കിലും സിനിമക്കാരുടെ വിളി വന്നില്ല. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ഒരു പ്രോഗ്രാമിനുപോയ ജയസൂര്യ നാലഞ്ചു ദിവസങ്ങള്‍ക്കുശേഷം തിരിച്ചു വീട്ടിലെത്തിയപ്പോള്‍ കേട്ടത് നടുക്കുന്ന വാര്‍ത്തയായിരുന്നു: ഷൂട്ടിങ്ങിനു ചെല്ലാന്‍ പറഞ്ഞ് നാലുദിവസം മുന്‍പ് അവര്‍ വിളിച്ചിരുന്നു. തകര്‍ന്ന മനസ്സോടെ ജയസൂര്യ പടത്തിന്റെ ലൊക്കേഷനിലെത്തി. സംവിധായകന്‍ ദേഷ്യത്തോടെ ജയസൂര്യയോടു പറഞ്ഞു: 'താനെന്തു പണിയാടോ കാണിച്ചത്? താന്‍ വരാത്തതുകൊണ്ട് രണ്ടു ദിവസം ഷൂട്ടിങ് മുടങ്ങിയില്ലേ? തനിക്കു പകരം ഈ പയ്യനെ തപ്പിയെടുക്കാന്‍ ഞാനെത്ര കഷ്ടപ്പെട്ടെന്നോ?' 'പക്ഷേ, സാറെനിക്ക് തരാമെന്നു പറഞ്ഞത് ആന്റിഹീറോയുടെ വേഷമല്ലേ?' ജയസൂര്യ സംശയിച്ചു. 'ങ്ങാ, ആന്റിഹീറോയുടെ വേഷംതന്നെ. എന്നു വെച്ചാല്‍ ഷക്കീലാന്റിയുടെ ഹീറോ.' സംവിധായകന്‍ വിശദീകരിച്ചു. അപ്പോഴാണ് ജയസൂര്യയ്ക്ക് ശ്വാസം വീണത്. ഷക്കീലയുമൊത്തുള്ള ആ വേഷം ചെയ്തിരുന്നെങ്കില്‍...!
'ഗാന്ധിനഗര്‍ സെക്കന്‍ഡ്‌സ്ട്രീറ്റ്' എന്ന പടത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ഒരു ദിവസം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും കാറില്‍ കൊച്ചിയിലേക്ക് പോവുകയായിരുന്നു. സമയം രാത്രി. വഴിയിലൊരിടത്ത്, കാറിന് കൈകാണിച്ച ഒരു വൃദ്ധനെ മോഹന്‍ലാല്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. ആള്‍ ലാലിന്റെ അച്ഛന്റെ സുഹൃത്താണ്. പ്രായംചെന്ന മനുഷ്യനല്ലേ, ഈ അസമയത്ത് വണ്ടിയൊന്നും കിട്ടിയില്ലെങ്കിലോ എന്ന ചിന്തയില്‍ കാര്‍ റിവേഴ്‌സെടുപ്പിച്ച് ലാല്‍ വൃദ്ധനെക്കൂടി കയറ്റി. സ്വയം പരിചയപ്പെടുത്തിയശേഷം വൃദ്ധന്‍ ചോദിച്ചു: 'നിങ്ങളെ മനസ്സിലായില്ല...?' 'ഞാന്‍ സത്യന്‍ അന്തിക്കാട്.' വൃദ്ധന് ആളെ പിടികിട്ടിയില്ല. സത്യനെയൊക്കെ ആരറിയാന്‍ എന്നമട്ടില്‍ മോഹന്‍ലാല്‍ ഒന്നമര്‍ത്തിച്ചിരിച്ചു. 'അപ്പോ ഇയാളോ?', ചോദ്യം ലാലിനോട്. 'ഞാന്‍ മോഹന്‍ലാല്‍...' 'എവിടാ മോഹന്‍ലാലിന്റെ വീട്?' 'തിരുവനന്തപുരത്ത്.' 'തിരുവനന്തപുരത്തെവിടെ?' 'മുടവന്‍മുകളില്‍.' 'അവിടാരുടെ മോനാ?' 'സെക്രട്ടേറിയറ്റില്‍ ജോലിയുള്ള വിശ്വനാഥന്‍ നായരുടെ...' ലാല്‍ പറഞ്ഞവസാനിച്ചപ്പോഴേക്കും വൃദ്ധന്‍ ഇടപെട്ടു. 'ഓ, മനസ്സിലായി. നിന്റെ ചേട്ടനല്ലേ പ്യാരി. അവനിപ്പം എവിടാ?' 'ഓസ്‌ട്രേലിയയില്‍.' മോഹന്‍ലാലിന്റെ മറുപടി. (അന്ന് പ്യാരിലാല്‍ മരിച്ചിരുന്നില്ല.) വൃദ്ധന്‍ വിടുന്നില്ല. 'അപ്പോ നിനക്കെന്താ ജോലി?' കക്ഷിയുടെ ചോദ്യം കേട്ടപ്പോള്‍ മോഹന്‍ലാലിനെക്കാളും ഞെട്ടിയത് സത്യനും ഡ്രൈവറുമാണ്. 'സ്ഥിരം ജോലിയൊന്നുമായില്ല.' മോഹന്‍ലാലിന്റെ നിഷ്‌കളങ്കമായ മറുപടി വന്നു. ഇത്രയുമായ സ്ഥിതിക്ക് വൃദ്ധനെ ഒന്ന് ഞെട്ടിച്ചേക്കാമെന്ന് കരുതി സത്യന്‍ വണ്ടിയിലെ ലൈറ്റിടുവിച്ചു. കാറിനകത്ത് ഇരുട്ടായതിനാല്‍ ഇത് സാക്ഷാല്‍ മോഹന്‍ലാലാണെന്ന് വൃദ്ധന് മനസ്സിലായിട്ടുണ്ടാവില്ല. ഇപ്പോക്കാണാം കക്ഷിയുടെ ചമ്മല്‍. പക്ഷേ, ലൈറ്റിട്ടിട്ടും വൃദ്ധന് ഭാവമാറ്റമൊന്നുമില്ല. അനുകമ്പയോടെ അയാള്‍ തുടര്‍ന്നു: 'ഇതുവരെ ജോലിയൊന്നുമാവാത്തത് കഷ്ടംതന്നെ. വിശ്വനാഥന്‍നായര്‍ സെക്രട്ടേറിയറ്റിലെ വലിയ ഉദ്യോഗസ്ഥനായിട്ടും മകനൊരു ജോലി തരാക്കാന്‍ പറ്റീല്യാച്ചാല്‍...' കൊച്ചിയില്‍ വൃദ്ധന്‍ ഇറങ്ങിയശേഷം സത്യന്‍ അന്തിക്കാട് മോഹന്‍ലാലിനോട് പറഞ്ഞു: 'വലിയ സ്റ്റാറായിട്ടെന്താ കാര്യം? നാലാള് അറിയില്ലാച്ചാല്‍...'
അടൂർ ഭാസിയുടെ കൈയില്‍ ഒരുപാടു കുസൃതികളുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അദ്ദേഹം കൂടെ അഭിനയിക്കുന്നവരെ വെട്ടിലാക്കും. പല തവണ റിഹേഴ്‌സല്‍ എടുക്കുമ്പോഴും അഭിനയിക്കാത്ത ഒരു സാധനം കൊണ്ടുവന്ന് ടേക്കില്‍ തട്ടും. കൂടെ അഭിനയിക്കുന്നവര്‍ വിഷമിക്കും. ഈ പരിപാടി സമ്മതിച്ചുകൊടുക്കാതിരുന്ന ഒരേ ഒരു നടന്‍ സത്യന്‍മാഷ് ആയിരുന്നുവത്രേ. ഭാസിസാര്‍ ഇങ്ങനെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ സത്യന്‍മാഷ് പറയും, 'കട്ട്, ഭാസിസാറേ, റിഹേഴ്‌സലിനു കാണിച്ചതുതന്നെ മതി.
പ്രിയദർശനെപ്പറ്റി മണിയൻപിള്ള രാജു: പ്രിയദര്‍ശന്‍ രാവിലെ എഴുന്നേല്ക്കുന്നത് ഭൂമിയില്‍ തൊട്ട് കണ്ണില്‍ വെച്ചുകൊണ്ടാണ്. ക്ഷമയുടെ ദേവിയാണല്ലോ ഭൂമീദേവി. 'ധീം തരികിട തോം' ചെയ്യുന്ന സമയത്ത് പ്രിയന്‍ എഴുന്നേല്ക്കാന്‍ വൈകുമ്പോള്‍ പ്രൊഡ്യൂസര്‍ ആനന്ദേട്ടന്‍ ബുദ്ധിപൂര്‍വം ഒരു കാര്യം ചെയ്യും - കൈ പിടിച്ച് ബലാത്കാരമായി തറയില്‍ തൊടുവിക്കും. പിന്നെ പ്രിയന്‍ നിവൃത്തിയില്ലാതെ എഴുന്നേല്ക്കും.
രസകരമായ ഒരു നിരീക്ഷണം 'കിരീടം' സിനിമയുമായി ബന്ധപ്പെട്ട് ലോഹിതദാസ് പങ്കുവച്ചിട്ടുണ്ട്. അവസാനഭാഗത്ത് കാളവണ്ടിയിൽ ചാരിയിരിക്കുമ്പോൾ മോഹൻലാൽ ‘ചവയ്ക്കുന്ന’ ഒരു രംഗമുണ്ട്. അങ്ങനെ ഒരു കാര്യം തിരക്കഥയിലോ, ആ സീൻ ചിത്രീകരണത്തിനു മുൻപോ ഒന്നും സൂചിപ്പിച്ചിരുന്നില്ലത്രേ! ഇതുമായി ബന്ധപ്പെട്ട് മോഹൻലാൽ പറഞ്ഞത് താനും അതിനുമുൻപ് അങ്ങനെ ചിന്തിച്ചിരുന്നില്ലെന്നാണ്, അപ്പോൾ ആരോ തോന്നിച്ചു, അങ്ങനെ സംഭവിച്ചു!
'നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളി'ലെ ഗാനങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. രണ്ടു പാട്ടുകളിലും നായകന് ലിപ് മൂവ്മെന്റ് ഇല്ല. പടം പൂര്‍ണമായും ചിത്രീകരിച്ച ശേഷമാണത്രേ രണ്ടു ഗാനങ്ങളും എഴുതുകയും റെക്കോര്‍ഡ് ചെയ്യുകയും ചെയ്തത്. ഷൂട്ടിംഗ് സമയത്ത് ഗാനങ്ങള്‍ക്ക് ചേരുന്നത് പോലെയുള്ള സോളമന്റെയും സോഫിയയുടെയും പ്രണയ സീനുകള്‍ ഷൂട്ട് ചെയ്തു. പിന്നീടു ഗാനങ്ങള്‍ ഉണ്ടാക്കി ആ ഈണത്തിനനുസരിച്ച് ഷൂട്ട് ചെയ്ത സീനുകള്‍ ചേര്‍ത്തു. ഗാനങ്ങളില്ലാതെ ഗാന ചിത്രീകരണം നടത്തിയ ആദ്യത്തെ സിനിമയും മുന്തിരിത്തോപ്പു തന്നെ.
മുന്തിരിത്തോപ്പുകൾ ചെയ്യുമ്പോൾ പദ്മരാജനും നിര്‍മ്മിതാവിനും ഇങ്ങനെയൊരു ക്ലൈമാക്സ് എങ്ങിനെ പ്രേക്ഷകര്‍ സ്വീകരിക്കും എന്ന് വലിയ പേടിയായിരുന്നു. ഒരു ഘട്ടത്തില്‍ പദ്മരാജന്‍ ക്ലൈമാക്സ് പൊളിച്ചെഴുതി , സോഫിയ ആത്മഹത്യ ചെയ്യുകയും സോളമന്‍ വന്ന് പൈലോകാരനെ കുത്തി മലര്‍ത്തുകയും ചെയ്യുന്നു. പക്ഷെ ക്യാമറമാൻ വേണു ഒട്ടേറെ വാദ പ്രദിവാദങ്ങളിലൂടെ ഈ ചിത്രം ഇങ്ങനെ അവസാനിക്കണമെന്ന് ശഠിക്കുകയും ഇല്ലെങ്കില്‍ താനീ പടം ഇട്ടെറിഞ്ഞു പോകുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. വേണുവിന്റെ ഒരു ആത്മവിശ്വാസത്തില്‍ ഊന്നിയാണ് പല്‍മരാജന്‍ വീണ്ടും ധീരമായ ആ ക്ലൈമാക്സ് ചിത്രീകരിച്ചത്.