'ദൗത്യം' ഒറ്റ ഷെഡ്യൂളിൽ തീർക്കാൻ ആയിരുന്നു പ്ലാൻ ചെയ്തത്. പക്ഷേ, കാലാവസ്ഥ ചതിച്ചു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ മോഹൻലാലിന് സുഖമില്ലാതായി. അങ്ങനെ ഷെഡ്യൂൾ ബ്രേക്കായി. അസുഖം ഭേദമായപ്പോൾ കാലാവസ്ഥ മൊത്തം മാറി. അവിടെ ഷൂട്ട് ചെയ്യാൻ പറ്റാത്ത അവസ്ഥ. തുടർന്ന് ഹൊഗനക്കലിൽ ആണ് മോഹൻലാലും, ബാബു ആന്റണിയും സംഘവുമായുള്ള ഫൈറ്റ് ചിത്രീകരിച്ചത്. ക്ലൈമാക്സ് ഷൂട്ട് ചെയ്യാനിരുന്ന ദിവസത്തിന് തലേന്നാണ് പ്രേംനസീർ മരിക്കുന്നത്. അങ്ങനെ വീണ്ടും ഒരു ബ്രേക്ക് കൂടി വേണ്ടിവന്നു.
ദൗത്യം തെലുങ്കിലേയ്ക്ക് റീമേക്ക് ചെയ്തപ്പോൾ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാർഡ് (നന്ദി അവാർഡ്) ലഭിച്ചു. ശരിക്കും ഗായത്രി അശോകന്റെ സ്ക്രിപ്റ്റ് അതേപടി മൊഴിമാറ്റം ചെയ്യുകയായിരുന്നു സത്യാനന്ദ് എന്ന തിരക്കഥാകൃത്ത്.
'റാംബോ' എന്ന പടത്തിന്റെ കോപ്പിയാണ് ദൗത്യം എന്നൊരു വിവാദം അക്കാലത്തുണ്ടായി. പക്ഷേ, ദൗത്യത്തിന്റെ ഷൂട്ടിംഗ് 50% പൂർത്തിയായ ശേഷമാണ് റാംബോ റിലീസാകുന്നത്. അതിനു മുമ്പ് പോസ്റ്റർ ഡിസൈനിംഗ് വരെ കഴിഞ്ഞിരുന്നു. 'മൂന്നാം മുറ' സിനിമയുടെ കഥ കോപ്പിയടിച്ചാണ് ദൗത്യം ചെയ്തതെന്നും ആരോപണമുണ്ടായി. യഥാർത്ഥത്തിൽ ഒന്നര വർഷം മുമ്പേ ദൗത്യത്തിന്റെ സ്ക്രിപ്റ്റ് പൂർത്തിയായിരുന്നു എന്ന കാര്യം പിന്നീടാണ് എല്ലാവരും അറിയുന്നത്.
ദൗത്യത്തിൽ തകർന്നു കിടക്കുന്ന ഹെലികോപ്റ്റർ ചിത്രീകരിക്കാൻ ചാലക്കുടിയിൽ നിന്ന് പഴയൊരു കോപ്പ്റ്റർ ലോറിയിൽ കൊണ്ടുവന്നു. പൊന്മുടിയിലായിരുന്നു ഷൂട്ട്. കയർ കെട്ടി കോപ്റ്റർ കുന്നിന്മുകളിലേക്ക് കൊണ്ടുപോയ ശേഷം താഴേക്ക് തള്ളിയിടാനായിരുന്നു പ്ലാൻ. ആദ്യത്തെ തവണ താഴേക്ക് തള്ളിയപ്പോൾ കോപ്റ്റർ താഴെ വന്ന് ഇടിച്ചുനിൽക്കുകയായിരുന്നു. വീണ്ടും ഭാഗങ്ങൾ ചേർത്തുവച്ച് കൊണ്ടുവന്നപ്പോൾ കയർ പൊട്ടി കോപ്റ്റർ താഴെ വീണു. മൂന്നാം തവണയാണ് ഷോട്ട് ഓക്കെ ആയത്.
സിനിമയെക്കുറിച്ചുള്ള ചർച്ചകൾ പൂർത്തിയായപ്പോൾ 'ചതിയൻ ചന്തു' എന്ന പേരായിരുന്നത്രേ എല്ലാവരുടെയും മനസ്സിൽ. തിരക്കഥ പൂർത്തിയായപ്പോൾ 'ഒരു വടക്കൻ പാട്ട്' എന്ന് പേരു മാറ്റി. ഒടുവിൽ ഷൂട്ടിങ് പൂർത്തിയാകാറായപ്പോഴാണ് 'ഒരു വടക്കൻ വീരഗാഥ' എന്ന പേര് സ്വീകരിച്ചത്.
1989ലെ സംസ്ഥാന അവാർഡ് പ്രഖ്യാപിച്ച ദിവസം മദ്രാസിലുള്ള ഹരിഹരന്റെ ഫോൺ ശബ്ദിച്ചു. ''ഹലോ, ഹരിഹരൻ സ്പീക്കിങ്'' "ഹലോ, ഞാൻ ശശിയാണ്, ഐ വി ശശി" "ങാ.. എന്താ ശശീ, എന്തുണ്ട് വിശേഷം" "അവാർഡിനെപ്പറ്റി അറിഞ്ഞില്ലേ?" "ഇല്ല... എന്താ കാര്യം?" "തോന്ന്യാസമായിപ്പോയി.. നാണക്കേടും" "എന്താ ശശീ..കര്യം പറയൂ.." "അല്ലാ, മൽസരിക്കാൻ വടക്കൻ വീരഗാഥയും, മൃഗയയുമൊക്കെയുണ്ടായിരുന്നു. ച്ഛെ.. വടക്കൻ വീരഗാഥയ്ക്ക് മുന്നിൽ മൃഗയയ്ക്കുവേണ്ടി എനിക്ക് ഏറ്റവും നല്ല സംവിധായകനെന്ന സംസ്ഥാന അവാർഡ് പോലും... ശ്ശെ..! തോന്ന്യാസം, നാണക്കേട്..." ഐ വി ശശി പറഞ്ഞുകൊണ്ടേയിരുന്നു. പിന്നെ എപ്പോഴോ ഫോൺ വച്ചു. ഹരിഹരൻ ഫോൺ വച്ചിട്ടും ഏറെ നേരം ചിരിച്ചു.