*മീശയിലെ പ്രഭ ആകാൻ ഒരു നടിയെ വേണം. പലരെയും കണ്ടെങ്കിലും ഉപനായിക എന്ന് പറഞ്ഞ് എല്ലാവരും ഒഴിഞ്ഞു. അപ്പോൾ ദിലീപാണ് ജ്യോതിർമയിയെ നിർദ്ദേശിച്ചത്. മുമ്പ് ഇഷ്ടത്തിൽ അവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അങ്ങനെ ആ വേഷം ജ്യോതിർമയിയിലെത്തി. *ചിങ്ങമാസം ഫാസ്റ്റ് നമ്പരായതിനാൽ അതിനൊപ്പം ഡാൻസ് ചെയ്യാൻ ദിലീപിനും മറ്റും പ്രയാസമാകുമോ എന്നൊരു സംശയം ലാൽജോസിനുണ്ടായിരുന്നു. ഈണം മാറ്റിയാലോ എന്ന് വിദ്യാസാഗറുമായി ആലോചിച്ചു. എന്നാൽ അദ്ദേഹം പറഞ്ഞു, 'ഇതായിരിക്കും സിനിമയിലെ ഏറ്റവും വലിയ ഹിറ്റ്. എനിക്കുവേണ്ടി ഈ ഒരീണം. ബാക്കിയെല്ലാം നിങ്ങൾക്കുവേണ്ടി'
കാൾട്ടൺ ഫിലിംസ് ആണ് ആദ്യം 'മീശമാധവൻ' നിർമ്മിക്കാൻ മുന്നോട്ട് വന്നത്. പക്ഷേ അവർ ആയിടയ്ക്ക് നിർമ്മിച്ച 'നരേന്ദ്രൻ മകൻ ജയകാന്തൻ വക' പരാജയമായിരുന്നു. അതോടെ അവർ പിന്മാറി. പിന്നെയും പലരും വന്നെങ്കിലും തിരക്കഥ രഞ്ജൻ പ്രമോദ് ആണെന്നറിഞ്ഞ് ചിലർ പിന്മാറി, വിദ്യാസാഗർ ആണ് സംഗീതം എന്നറിഞ്ഞാണ മറ്റ് ചിലർ പിന്മാറിയത് (ഇരുവരും രണ്ടാം ഭാവത്തിലും ഉണ്ടായിരുന്നു. പോരാത്തതിന് വിദ്യാസാഗറിന്റെ പ്രതിഫലവും ചിലർക്ക് പ്രശ്നമായി). ഒടുവിൽ ലാൽജോസിന്റെ സുഹൃത്തായ സുബൈറും, സുബൈറിന്റെ കൂട്ടുകാരൻ സുധീഷും ചേർന്നാണ് സിനിമ നിർമ്മിച്ചത്.
കരിമിഴിക്കുരുവി എന്ന പാട്ട് പാറമടയിൽ ചിത്രീകരിക്കുമ്പോൾ ഒരു അപകടമുണ്ടായി. നിധീഷ് എന്ന അസിസ്റ്റന്റ് ഡയറക്ടർ വെള്ളത്തിൽ വീണു. ആൾക്ക് നീന്തലറിയുകയുമില്ല. പിന്നെ യൂണിറ്റിലുള്ളവരെല്ലാം ചേർന്ന് രക്ഷിക്കുകയായിരുന്നു. സാധാരണ അവിടെ വീണവരാരും രക്ഷപെട്ടിട്ടില്ല. ഇതറിഞ്ഞ ദിലീപ് പറഞ്ഞു. ഷൂട്ടിനിടെ അപകടമുണ്ടായാൽ പടം ഹിറ്റാകുമെന്ന്. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു.
'നാണയം' എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നടന്ന ചർച്ചയാണ് മമ്മൂട്ടി, മോഹൻലാൽ, സീമ, ഐ വി ശശി, കൊച്ചുമോൻ ഇവരുടെ കൂട്ടായ്മയായ കാസിനോ എന്ന ചലച്ചിത്രനിർമാണ കമ്പനിയുടെ പിറവിയ്ക്ക് കാരണമായത്. നാണയം റിലീസ് ആയ ശേഷം ഐ വി ശശി എം ടിയോട് ഒരു കഥ ആലോചിക്കാൻ പറഞ്ഞു, 2 നായകന്മാർക്കും, നായികയ്ക്കും തുല്യപ്രാധാന്യമുള്ള സിനിമ. അവർ സംസാരിച്ചിരിക്കുമ്പോൾ മമ്മൂട്ടി വന്നു. ഷിപ്യാർഡിൽ നോക്കാൻ ആളില്ലാതെ തുരുമ്പെടുത്ത് നശിക്കുന്ന കപ്പലുകളെപ്പറ്റി പറഞ്ഞു. അതിൽ നല്ലൊരു കഥാപശ്ചാത്തലമുണ്ടെന്ന് എംടിയ്ക്കും, ശശിയ്ക്കും തോന്നി. പിന്നീട് ഒരാഴ്ചയ്ക്ക് ശേഷം എം ടി തിരിച്ചുവന്നത് ഏകദേശം പൂർത്തിയായ ഒരു തിരക്കഥയുമായാണ്. അതാണ് 'അടിയൊഴുക്കുകൾ'
കൊലപാതകം നടത്തിയ കരുണൻ ജയിലിൽ നിന്ന് വരുന്നിടത്ത് തുടങ്ങുന്ന സിനിമ വീണ്ടും ഒരു കൊലപാതകം നടത്തി കരുണൻ ജയിലിൽ പോകുന്നിടത്ത് അവസാനിക്കുന്നു. ഇതായിരുന്നു അടിയൊഴുക്കുകൾക്ക് എം ടി ആദ്യം എഴുതിയ സ്ക്രിപ്ട്. അതിൽ ഐ വി ശശി ചില മാറ്റങ്ങൾ വരുത്തി. ആദ്യ കൊലപാതകം മമ്മൂട്ടിയും, അവസാനത്തേത് മോഹൻലാലും എന്നാക്കി. സീമയുടെ കഥാപാത്രത്തിനും അല്പം മാറ്റം വരുത്തി. അതിനനുസരിച്ചാണ് എം ടി ഫൈനൽ സ്ക്രിപ്റ്റ് തയ്യാറാക്കിയത്.
'അനിയത്തിപ്രാവ്' ഷൂട്ട് തുടങ്ങാറായിട്ടും പടത്തിന് പറ്റിയ പേരൊന്നും കിട്ടിയില്ല. ഈ സമയത്താണ് രമേശൻ നായർ മദ്രാസിലിരുന്ന് പാട്ടെഴുതുന്നത് - 'അനിയത്തിപ്രാവിന് പ്രിയരിവർ നൽകും...' എന്ന പാട്ട്. ഇത് വായിച്ച നിർമാതാവ് അപ്പച്ചൻ ഫാസിലിനോട് അനിയത്തിപ്രാവ് എന്ന പേര് സൂചിപ്പിച്ചു. ഫാസിലിനും ഇഷ്ടമായി. പിന്നെ പാട്ട് കേൾക്കാനിരുന്നവരോട് ചോദിച്ചു, 'അനിയത്തിപ്രാവ് എങ്ങനെയുണ്ട്?'. 'അനിയത്തിക്കോഴി' എന്ന പേരിൽ വി ഡി രാജപ്പന്റെ ഒരാൽബമുണ്ട്, അതിന്റെ പാരഡിയായി തോന്നുമെന്ന് ആരോ പറഞ്ഞു. അവിടെയിരുന്ന ആർക്കും തന്നെ ആ പേര് ഇഷ്ടപ്പെട്ടില്ല. പക്ഷേ, ഫാസിൽ ആ പേര് തന്നെ ഫിക്സ് ചെയ്തു.
'അനിയത്തിപ്രാവി'ൽ കുഞ്ചാക്കോ ബോബൻ തന്നെ ഡബ് ചെയ്യണമെന്നായിരുന്നു ഫാസിലിന്റെ ആഗ്രഹം. ഇതിനായി 7 ദിവസം നോക്കിയെങ്കിലും ശരിയായില്ല. ഒടുവിൽ കൃഷ്ണചന്ദ്രനാണ് ചാക്കോച്ചനു വേണ്ടി ഡബ് ചെയ്തത്. ശാലിനിക്ക് വേണ്ടി ശ്രീജയും.
തരംഗിണി ശശി ആദ്യമായി നിർമ്മിച്ച സിനിമയായിരുന്നു 'ജനുവരി ഒരു ഓർമ്മ'. കഥയും അദ്ദേഹത്തിന്റേതായിരുന്നു. മമ്മൂട്ടിയെ നായകനാക്കണമെന്നായിരുന്നു ശശിയുടെ ആഗ്രഹം. പക്ഷേ, കഥ കേട്ട കലൂർ ഡെന്നീസ് ആണ് മമ്മൂട്ടിക്ക് ഈ വേഷം ചേരില്ലെന്ന് പറഞ്ഞ് മോഹൻലാലിനെ നിർദ്ദേശിച്ചത്. ജോഷിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി അഭിനയിച്ച ആദ്യ ചിത്രവുമാണ് ഇത്.
*ചിത്രത്തിൽ നിമ്മിയും, കുടുംബവും വിനോദത്തിനെത്തുന്നത് ജനുവരിയിൽ, രാജുവിന്റെ ജനനവും ജനുവരിയിൽ. സിനിമ റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തിരുന്നതും ജനുവരിയിൽ ആയിരുന്നു. അതുകൊണ്ട് കലൂർ ഡെന്നീസ് 'ജനുവരിയിൽ ഒരു ഓർമ്മ' എന്ന് പേരിട്ടു. ജോഷിയാണ് അത് അല്പം മാറ്റി 'ജനുവരി ഒരു ഓർമ്മ' എന്നാക്കിയത്. *ഷൂട്ടിംഗ് തുടങ്ങുമ്പോൾ വെറും 5 സീനേ എഴുതിയിരുന്നുള്ളൂ. ബാക്കി സീനുകൾ ലൊക്കേഷനിൽ ഇരുന്നാണ് എഴുതിത്തീർത്തത്.