വിന്ധ്യൻ നിർമ്മിച്ച 'ഒരു സ്വകാര്യം' എന്ന സിനിമയുടെ സെറ്റിൽ വച്ച് ശ്രീനിവാസൻ പറഞ്ഞ ഒരു കഥയിൽ നിന്നാണ് 'വടക്കുനോക്കിയന്ത്ര'ത്തിന്റെ തുടക്കം. കുഞ്ഞിരാമന്റെ പൊടിക്കൈ എന്ന കഥയാണ് ശ്രീനി പറഞ്ഞത്. സാധാരണക്കാരനായ ഒരു അധ്യാപകൻ അതിസുന്ദരിയായ ഒരു പെൺകുട്ടിയെ വിവാഹം ചെയ്യുന്നതായിരുന്നു കഥ. ഇത് സിനിമയാക്കിയാൽ നന്നാകുമെന്ന് വിന്ധ്യന് തോന്നി. പക്ഷേ, അന്ന് ആ പ്രോജക്ട് നടന്നില്ല. പിന്നീട് 7 വർഷങ്ങൾക്ക് ശേഷമാണ് സിനിമ പുറത്തുവരുന്നത്.
1987ൽ പുതിയൊരു സിനിമയെപ്പറ്റി ചിന്തിച്ചപ്പോൾ വിന്ധ്യന് ഓർമ്മ വന്നത് ശ്രീനീയുടെ മുഖമാണ്. ശ്രീനിയെത്തേടി മദ്രാസിൽ എത്തിയപ്പോൾ അവിടെ പ്രിയനും, മറ്റ് പലരും ഉണ്ടായിരുന്നു. ശ്രീനി പറഞ്ഞു, 'തന്റെ കാര്യം ഞാൻ ഇവരോടെല്ലാം പറഞ്ഞു. പക്ഷേ എല്ലാവരും തിരക്കിലാണ്. പോരാത്തതിന് നല്ലൊരു കഥയുമില്ല. വിന്ധ്യന് അടുത്ത വണ്ടിക്ക് തിരിച്ചുപോകാം.' വിന്ധ്യൻ ആശയക്കുഴപ്പത്തിലായി. പ്രിയനും, മറ്റും പോയിക്കഴിഞ്ഞപ്പോഴാണ് കുഞ്ഞിരാമന്റെ പൊടിക്കൈ വിന്ധ്യന് ഓർമ്മ വന്നത്. അക്കാര്യം ശ്രീനിയോട് പറഞ്ഞു. ശ്രീനിക്കും ഇഷ്ടപ്പെട്ടു. സംവിധാനം ഏറ്റു, അഡ്വാൻസും വാങ്ങി. പക്ഷേ വീണ്ടും പല തടസ്സവും പറഞ്ഞ് 2 വർഷം ഉന്തിത്തള്ളി നീക്കിയ ശേഷമാണ് ശ്രീനി പടം ചെയ്യുന്നത്. ശ്രീനിയുടെ വീടുപണി നടക്കുന്ന സമയമായതിനാൽ കാശിന് ആവശ്യമുണ്ടായിരുന്നതുകൊണ്ടാണ് ശ്രീനി താല്പര്യത്തോടെ അഡ്വാൻസ് വാങ്ങിയതെന്ന് പിന്നീടാണ് വിന്ധ്യന് മനസ്സിലായത്.
വടക്കുനോക്കിയുടെ ഷൂട്ട് തുടങ്ങാൻ ഒരു ദിവസം മാത്രം ശേഷിക്കേ പോലും ശ്രീനി തിരക്കഥ ഒന്നും എഴുതിയിട്ടുണ്ടായിരുന്നില്ല. മുറിയിലെത്തിയ വിന്ധ്യനോട് ശ്രീനി പറഞ്ഞത്, ഒരു തുടക്കം കിട്ടുന്നില്ല. അതുകൊണ്ട് എല്ലാവരെയും തിരിച്ചയയ്ക്കാൻ ആണ്. ഇതുകേട്ട് വിന്ധ്യൻ ആകെ തകർന്നു. അപ്പോൾ ശ്രീനി കണ്ണാടിയിൽ നോക്കി മുഖക്കുരു ഞെക്കുന്നത് ശ്രദ്ധിച്ച വിന്ധ്യൻ പറഞ്ഞു, ഇതു തന്നെ ഫസ്റ്റ് ഷോട്ട്. സ്വന്തം കുറവിനെയോർത്ത് ആകുലപ്പെടുന്ന കഥാനായകൻ.. ശ്രീനിക്കും ഒരു വെട്ടം വീണത് അപ്പോഴാണ്. ആ രാത്രിയും, പിറ്റേന്നുമായി കുറച്ച് സീനുകൾ എഴുതി. പറഞ്ഞിരുന്നതുപോലെ അടുത്ത ദിവസം ഷൂട്ട് തുടങ്ങി.
സത്യൻ അന്തിക്കാടിന്റെ 'വരവേല്പി'ന് ശ്രീനി നിർദ്ദേശിച്ചത് 'വടക്കുനോക്കിയന്ത്രം' എന്ന പേരായിരുന്നു. പക്ഷേ, ക്യാമറമാൻ വിപിൻ മോഹനാണ് പറഞ്ഞത് ശ്രീനിയുടെ പടത്തിനാണ് ഈ പേര് ചേരുകയെന്ന്. അങ്ങനെ 2 പടത്തിനും ചേർന്ന പേരുകൾ തന്നെ കിട്ടി.
'ചിന്താവിഷ്ടയായ ശ്യാമള'യ്ക്ക് ശ്രീനി ആദ്യം കരുതിയ പേര് '2 കുട്ടികളുടെ അമ്മ' എന്നായിരുന്നു. എന്നാൽ അതിന്റെ വർക്ക് തുടങ്ങും മുമ്പ് തന്നെ 'ഇരട്ടക്കുട്ടികളുടെ അച്ഛൻ' പുറത്തുവന്നതുകൊണ്ട് ശ്രീനി പേര് മാറ്റുകയായിരുന്നു.
മഞ്ഞിലാസ് 'അരനാഴികനേരം' എന്ന ചിത്രത്തിന്‍റെ പണിപുരയിലേക്ക് നീങ്ങിയപ്പോള്‍ സ്വാഭാവികമായും മഞ്ഞിലാസിന്‍റെ പ്രിയ നായകന്‍ സത്യനെ കേന്ദ്രകഥാപാത്രമാക്കാന്‍ നിശ്ചയിച്ചു. എന്നാല്‍ കുഞ്ഞെനാച്ചന്‍ എന്ന റോള്‍ സത്യന്‍ ചെയ്‌താല്‍ ശരിയാവുമോയെന്ന് നിര്‍മ്മാതാവായ എം.ഓ. ജോസഫിനും സംവിധായകന്‍ സേതുമാധവനും സംശയമുണ്ടായിരുന്നു. എങ്കിലും അവര്‍ സ്ക്രിപ്റ്റ് സത്യന് കൊടുത്തു. തിരക്കഥ വായിച്ച സത്യന്‍ ഇതിലേതു വേഷമാണ് തനിക്കു വച്ചിട്ടുള്ളതെന്നു ചോദിച്ചു. അല്പം മടിയോടെയാണെങ്കിലും കുഞ്ഞെനാച്ചന്‍റെ റോള്‍ ആണ് സത്യന് എന്ന് ജോസഫ് സാര്‍ പറഞ്ഞു. സത്യന്‍ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു.. ” ശ്രീധരന്‍ നായര്‍ ഇവിടെയുള്ളപ്പോള്‍ ഞാന്‍ കുഞ്ഞെനാച്ചനാവണോ?” ഈ മറുപടി കേട്ട സംവിധായകനും നിര്‍മ്മാതാവും ഒരേസമയം സന്തോഷിച്ചു.. കാരണം അവരുടെ മനസ്സിലും കൊട്ടാരക്കരയായിരുന്നു.
കൊട്ടാരക്കര ശ്രീധരൻ നായർ നന്നായി കൂർക്കം വലിച്ച് ഉറങ്ങുന്ന മനുഷ്യനായിരുന്നു. അതിനിടയിൽ ആരും വിളിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. ഉറക്കത്തിൽ നിന്ന് ആരെങ്കിലും വിളിച്ചെഴുന്നേൽപ്പിച്ചാൽ മുട്ടൻ തെറി പറഞ്ഞുകൊണ്ടാവും അദ്ദേഹം കണ്ണു തുറക്കുക. കൈയകലത്തിൽ ആളുണ്ടെങ്കിൽ കൈവീശി ഒന്ന് പൊട്ടിക്കുകയും ചെയ്യും. നല്ല കൈക്കരുത്തുള്ള ആളായിരുന്നു അദ്ദേഹം. അതിനാൽത്തന്നെ ഉറക്കത്തിനിടയിൽ അദ്ദേഹത്തെ വിളിക്കാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല.