ശ്രീകുമാരൻ തമ്പി പറഞ്ഞ മറ്റൊരു കഥ. പ്രേംനസീർ ഉള്‍പ്പെട്ട ഒരു സിനിമയുടെ ഷൂട്ടിംഗ് ഏതോ കാടിനുള്ളിലെ ഒരു ലൊക്കേഷനില്‍ നടക്കുന്ന സമയത്ത് പ്രഭാതഭക്ഷണം ഏര്‍പ്പാട് ചെയ്തത് വരാതിരിക്കുകയും, പിന്നീട് ഉച്ചഭക്ഷണം പോലും കിട്ടാതെ വരികയും ഒടുവിൽ രാവിലെ വരാനിരുന്ന ഇഡ്ഡലിയും സാമ്പാറും വൈകുന്നേരം നാല് മണിക്ക് വന്നപ്പോൾ വിശപ്പ് സഹിക്കാനാവാതെ ഓടിച്ചെന്നു രണ്ടു ഇഡ്ഡലി സാമ്പാറില്‍ മുക്കി വായിലിട്ട ഉമ്മുക്ക അതെ നിമിഷം തന്നെ ഓക്കാനിച്ചു കൊണ്ട് അത് കളഞ്ഞു ഭക്ഷണം കൊണ്ട് വന്നവന്‍റെ നേരെ തല്ലാനായി കൈയോങ്ങി. അപ്പോഴുണ്ട് സാക്ഷാൽ പ്രേംനസീർ പിന്നില്‍ നിന്നും ഒരു ആത്മഗതം.. ''അസ്സെ.. അല്പം വൈകിയാലെന്താ ഭക്ഷണം എത്തിയല്ലോ.. ഇഡ്ഡലി അല്പം തണുത്താലും എന്താ തൽക്കാലം വിശപ്പടക്കാമല്ലോ.. സാമ്പാർ പഴകി കഴിഞ്ഞാല്‍ അതിനു ഇങ്ങനെയൊരു രുചിയുണ്ട് എന്ന് ഈ കാട്ടിലിപ്പോൾ ആണ് ഞാന്‍ മനസ്സിലാക്കിയത്...'' ഇതുകേട്ട ഉമ്മുക്കയുടെ കൈകൾ യാന്ത്രികമായി താഴ്ന്നു.. തല മെല്ലെയാട്ടി പ്രേംനസീറിനെ ശരി വച്ചു. നായകനായ പ്രേം നസീറിനു ആ പുളിച്ച ഇഡ്ഡലിയും വളിച്ച സാമ്പാറും ആസ്വദിച്ചു കഴിക്കാമെങ്കിൽ വില്ലനും അത് ആയിക്കൂടെ എന്ന ഡയലോഗ് ഫുഡ് ഏര്‍പ്പാട് ചെയ്തവന്‍റെ വായിൽ നിന്നും വീഴുന്നതിനു മുമ്പ് ഉമ്മുക്ക സീന്‍ വിട്ടു.
കമലഹാസൻ ആദ്യമായി മലയാളത്തില്‍ അഭിനയിച്ച 'കണ്ണും കരളും' സിനിമയിലെയും ആദ്യമായി നായകനായ 'കന്യാകുമാരി' സിനിമയിലെയും സംവിധായകനും, ഗാനരചയിതാവും, സംഗീതസംവിധായകനും ഒരേ ആളുകള്‍ തന്നെയായിരുന്നു എന്നതൊരു കൗതുകകരമായ സത്യമാണ്. യഥാക്രമം കെ.എസ്. സേതു മാധവനും, വയലാര്‍ രാമവര്‍മ്മയും, എം.ബി. ശ്രീനിവാസനും ആയിരുന്നു ആ മൂവര്‍.
ഷീല – കമലഹാസൻ ജോഡികളുടെ ആദ്യ ചിത്രമായിരുന്നു 'വിഷ്ണു വിജയം'. പക്ഷെ ഈ സിനിമയ്ക്കും പത്തു വര്‍ഷം മുമ്പ് തമിഴില്‍ റിലീസ് ആയ 'വാനമ്പാടി' എന്ന സിനിമയില്‍ ഷീലയും കമലഹാസനും ഒന്നിച്ചഭിനയിച്ചിരുന്നു. അതിലവര്‍ അമ്മയും മകനും ആയിട്ടായിരുന്നു. പലപ്പോഴും ഒരു നടി ആദ്യം ഒരു നായകന്‍റെ കൂടെ അയാളുടെ കാമുകിയായി കരിയര്‍ തുടങ്ങി വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അതെ നായകന്‍റെ തന്നെ അമ്മയായി മാറുകയാണ് ഇപ്പോഴും പതിവ്. ഒരുപക്ഷെ ആദ്യം അമ്മ-മകന്‍ ആയിട്ടും പിന്നീട് നായിക-നായകന്മാരായി മാറിയ ജോഡികള്‍ ചിലപ്പോള്‍ കമലഹാസന്‍-ഷീല മാത്രമായിരിക്കും.
കമലഹാസന്റെ അടുത്ത സുഹൃത്തായിരുന്നു നടൻ സോമൻ. കമൽ മലയാളത്തിൽ നിന്ന് പതിയെ പിൻവാങ്ങിത്തുടങ്ങിയ കാലത്ത് ഐ.വി.ശശിയും സോമനും തമ്മിലുണ്ടായ ചില സൗന്ദര്യപിണക്കങ്ങൾ പരിഹരിക്കാൻ മുന്‍കൈ എടുത്ത കമലഹാസൻ അവരോടൊന്നിച്ചു 'വ്രതം' എന്നൊരു സിനിമയും അഭിനയിച്ചു. ഗംഭീര തിരക്കഥ എന്നൊക്കെ പറഞ്ഞു തുടങ്ങിയ സിനിമ പക്ഷെ പ്രതീക്ഷിച്ച വിജയം നേടിയില്ല. മാത്രമല്ല ഐ.വി.ശശിയോട് കമലഹാസന് അല്പം നീരസവും അതോടെ ഉണ്ടായിരുന്നു. പിന്നീട് സോമൻ ആണ് അത് പരിഹരിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷം സോമന്‍റെ മരണം കഴിഞ്ഞ സമയത്ത് പുറത്തിറങ്ങിയ 'തെനാലി' എന്ന തമിഴ് സിനിമയില്‍ തന്‍റെ പ്രിയ മിത്രം സോമനോടുള്ള ആദര സൂചകമായാണ് തെനാലി സോമൻ എന്ന പേരിൽ കമലഹാസന്‍ അഭിനയിച്ചത്.
സത്യൻ അന്തിക്കാടിന്റെ ആദ്യചിത്രത്തിൽ കമലഹാസൻ നായകൻ ആവേണ്ടതായിരുന്നു. തന്‍റെ ആദ്യ ചിത്രമായി 'ചമയം' എന്ന സിനിമ സത്യൻ പ്ലാൻ ചെയ്തപ്പോൾ കമലഹാസനായിരുന്നു നായക വേഷത്തില്‍. എന്നാൽ ആ സിനിമയുടെ നിര്‍മാതാവ് വെടിയേറ്റ് കൊല്ലപ്പെട്ടതോടെ പ്രൊജക്റ്റ് നീണ്ടു പോയി. വേറെ ആരും ആ സിനിമ ഏറ്റെടുക്കാന്‍ ധൈര്യത്തോടെ വരാതായപ്പോൾ ചമയം ഉപേക്ഷിക്കാൻ സത്യൻ നിര്‍ബന്ധിതനായി.
ബാലചന്ദ്ര മേനോന്‍റെ 'മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള' എന്ന സിനിമയിലേക്ക് കമലഹാസനെ നായകനായി ബുക്ക് ചെയ്തതായിരുന്നു. അതിനുശേഷമാണ് മേനോൻ തന്‍റെ പഴയ സുഹൃത്തായ രാജു എന്ന സുധീര്‍കുമാറിന്‍റെ ദയനീയ സ്ഥിതിയെ പറ്റി അറിയുന്നതും ഒടുവിൽ കമലഹാസന് വച്ച വേഷത്തിൽ രാജുവിനെ കാസ്റ്റ് ചെയ്തു മണിയന്‍പിള്ള സിനിമ എടുത്തതും. (പിന്നീട് മേനോന്‍റെ സൂപ്പര്‍ഹിറ്റ് സിനിമയായ 'അമ്മയാണെ സത്യം' തമിഴിൽ കണ്ടേന്‍ സീതയെ എന്ന പേരില്‍ REMAKE ചെയ്യാനായി കമലഹാസനെ വച്ച് പ്ലാന്‍ ചെയ്യുകയും കുറച്ചു ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് അത് ഉപേക്ഷിക്കേണ്ടിവരുകയും ചെയ്തിട്ടുണ്ട്.. മലയാളത്തിൽ മുകേഷ് ചെയ്ത വേഷമായിരുന്നു തമിഴിൽ കമലഹാസന്.)
പ്രേംനസീറിനോട് ഒരു മുതിർന്ന ജ്യേഷ്ഠനോട് എന്ന പോലുള്ള സ്നേഹമായിരുന്നു ജയന് ഉണ്ടായിരുന്നത്. നസീറിന് എതിരായി ആരും മോശമായി സംസാരിക്കുന്നത് ജയന് സഹിക്കുമായിരുന്നില്ല. 'ഉള്‍ക്കടല്‍' സിനിമ ഹിറ്റ് ആയ സമയത്ത് അതിലെ നായകന്‍ വേണു നാഗവള്ളിയും, പിന്നെ പ്രേം നസീറും ഒരു ചടങ്ങിൽ വച്ച് പ്രസംഗിച്ചപ്പോള്‍ നസീർ ഉള്‍ക്കടൽ സിനിമയെ പുകഴ്ത്തി സംസാരിച്ചു. ''ചെറുപ്പക്കാർ സിനിമയില്‍ വരുന്നതും ഉള്‍ക്കടൽ പോലെയുള്ള സിനിമകള്‍ വിജയിക്കുന്നതും സിനിമക്ക് നല്ലതാണ്. പക്ഷെ ഇതെല്ലം കണ്ടിട്ട് എന്നോട് ചിലർ ആവശ്യപ്പെട്ട പോലെ selective ആകാൻ ഞാൻ തീരുമാനിച്ചാൽ ഞാൻ ചൊറിയും കുത്തി വീട്ടിലിരിക്കുകയെ ഉള്ളു..'' എന്ന് നസീര്‍ പറഞ്ഞു. മറുപടി പ്രസംഗത്തിൽ നസീറിനെ ഒന്ന് താങ്ങി കൊണ്ട് വേണു നാഗവള്ളി ഇങ്ങനെ പ്രസ്താവിച്ചു.. ''ചൊറി കുത്തി ഇരിക്കേണ്ടി വന്നാലും ഞാൻ നല്ല പടങ്ങളിലെ അഭിനയിക്കൂ..'' തൊട്ടടുത്ത ദിവസം പത്രങ്ങളിൽ ഇതിനെ കുറിച്ചുള്ള ജയന്‍റെ പരാമര്‍ശമായിരുന്നു സംസാര വിഷയം.. ''ഞാൻ ആ സ്റ്റേജിൽ ഇല്ലാതിരുന്നത് വേണു നാഗവള്ളിയുടെ നല്ല കാലം..'' എന്നായിരുന്നു ജയൻ അന്ന് പ്രതികരിച്ചത്.
1976ൽ ഇറങ്ങിയ സിനിമയായിരുന്നു 'സെക്സില്ല, സ്റ്റണ്ടില്ല'. യഥാർത്ഥത്തിൽ ഇത് രണ്ടും സിനിമയിലുണ്ട്. കാണിക്കാന്‍ പാടില്ലാത്തതു ആദ്യം തന്നെ വിശദമായി കാണിച്ചുകൊണ്ട് തൊട്ടുപിന്നാലെ ആ പ്രവൃത്തിയെ എതിര്‍ക്കുക!! ഈ ഒരു ആശയത്തില്‍ നിന്നാണ് ഈ സിനിമയുടെ മൂലകഥ ജനിയ്ക്കുന്നത്. നിർമ്മാതാവായ ടി. ഇ. വാസുദേവന് ഈ ആശയം കിട്ടിയത് നടൻ ആലുംമൂടനിൽ നിന്നാണ്. ആ കഥ ഇങ്ങനെ. 1970കളുടെ മധ്യത്തിൽ സിനിമയിലെ തിരക്കൊഴിയുന്ന സമയത്ത് കഥാപ്രസംഗം നടത്തുന്ന പതിവുണ്ട് ആലുംമൂടന്. അങ്ങനെ ഒരു നാൾ കോട്ടയത്ത് പഴയ മാമൻ മാപ്പിള ഹാളിൽ അദ്ദേഹത്തിന്‍റെ ഒരു കഥാപ്രസംഗം വച്ചു. കഥയുടെ പേര് മൂട്ട. സിനിമാതാരം അവതരിപ്പിക്കുന്ന പരിപാടിയായതിനാൽ ഹാളും പരിസരവും ജനസമുദ്രമായിരുന്നു. കുടുംബങ്ങളും കുട്ടികളും നേരത്തെ തന്നെ മുന്‍നിരയിൽ സ്ഥാനം പിടിച്ചു. അവരുടെ ഇടയിലേക്ക് പെട്ടെന്ന് കാണാൻ വൃത്തിയോ ഭംഗിയോ ഇല്ലാത്ത ഒരു സ്ത്രീ കടന്നുവന്നു അര്‍ദ്ധനഗ്ന മേനി കാണിച്ചുക്കൊണ്ട് നൃത്തം ചെയ്യാൻ തുടങ്ങി. ആളുകൾ അന്തംവിട്ടു പരസ്പരം നോക്കി. പെട്ടെന്ന് ആലുമൂടൻ വേദിയിൽ എത്തി ആ സ്ത്രീയെ ശകാരിച്ചു.. "നിനക്ക്.. നാണവും മാനവും ഇല്ലേ ഇങ്ങനെ തുണിയില്ലാതെ വന്നു തുള്ളാന്‍!! കുടുംബങ്ങളും കുട്ടികളും ഇരിക്കുന്ന ഇങ്ങനെയൊരു സ്ഥലത്ത് വച്ച് മേനിയിളക്കി ആടാന്‍ ഇതെന്താ മലയാള സിനിമയാണ് എന്ന് കരുതിയോ നീ??" അന്നത്തെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായ കാബറ ഡാന്‍സിനെയാണ് ആലുംമൂടൻ അവിടെ പരോക്ഷമായി വിമര്‍ശിച്ചത് എന്ന് തിരിച്ചറിഞ്ഞപ്പോൾ സദസ്സിൽ കരഘോഷം മുഴങ്ങി. ഈ സംഭവം വാസു സാര്‍ അറിഞ്ഞു. അദ്ദേഹത്തിന് ഈ ആശയം ഇഷ്ടമായി. അങ്ങനെയാണ് ഈ സിനിമ ജനിക്കുന്നത്.