തന്റെ കഥാപാത്രം മറ്റേയാളേക്കാൾ മികച്ച് നിൽക്കണം എന്ന മൽസരബുദ്ധിയോടെ അഭിനയിച്ച നടന്മാരായിരുന്നു സോമനും, സുകുമാരനും. 'അണിയാത്ത വളകള്‍' എന്ന ബാലചന്ദ്രമേനോൻ സിനിമയിൽ സോമൻ അവതരിപ്പിച്ച കഥാപാത്രം ഒരു സീനിൽ വന്നു സുകുമാരനെ കരണത്തടിക്കുന്നുണ്ട്. എന്നാൽ ഈ രംഗം അഭിനയിക്കാൻ സുകുമാരൻ വിസ്സമ്മതിച്ചു. ആദ്യത്തെ അടി താനടിയ്ക്കും എന്നാണു സുകുമാരന്റെ demand. ഒടുവിൽ സുകുമാരന്റെ വാശിയ്ക്ക് മുന്നിൽ മേനോന് വഴങ്ങേണ്ടി വന്നു. കേവലം കരണത്തടിയിൽ ഒതുങ്ങേണ്ട ആ രംഗം അവസാനം ഒരു ചെറിയ സംഘട്ടനം ഷൂട്ട് ചെയ്തുകൊണ്ടാണ് മേനോന് തീര്‍ത്തത്.
ബാലചന്ദ്രമേനോന്റെ 'ഇഷ്ടമാണ് പക്ഷെ'യിൽ ജഗതിയും സുകുമാരനും തമ്മിൽ ആദ്യ രാത്രിയെ പറ്റി സംസാരിക്കുന്ന ഒരു രംഗമുണ്ട്. ഈ രംഗം എടുക്കാന്‍ ഇരുവര്‍ക്കും എന്തോ പ്രയാസം പോലെ.. കാരണം മറ്റൊന്നുമല്ല ആയിടയ്ക്കാണ് സുകുമാരനും മല്ലികയും തമ്മിലുള്ള വിവാഹം നടന്നത്.. ആ സമയത്ത് തന്നെ ഇങ്ങനെ ഒരു രംഗത്തിൽ വരാന്‍ ജഗതിയ്ക്കും സുകുമാരനും പ്രയാസമുണ്ടാകുമെന്ന് മനസ്സിലാക്കിയ മേനോന് ഇരുവര്‍ക്കും പറയാനുള്ള ഡയലോഗ് ക്ലോസ് ഷോട്ടിലെടുത്ത് പ്രശ്നം പരിഹരിച്ചു.
ഉദയായുടെ ലോഗോ (ഭൂഗോളവും കൂവുന്ന പൂവന്‍കോഴിയും) തയാറാക്കുന്ന സമയത്ത് കോഴി യഥാര്‍ത്ഥത്തിൽ കൂവുന്നതായി ഷൂട്ട് ചെയ്തു കാണിക്കുവാനൊരു ശ്രമം നടത്തിയതായി നവോദയ അപ്പച്ചൻ പറഞ്ഞ കാര്യം ഫാസിൽ ഓര്‍ക്കുന്നു. രാത്രി മുഴുവൻ കോഴി ഒറ്റക്കാലിലിരുന്നുറങ്ങുന്നതു ക്യാമറ ടീം ക്ഷമയോടെ നോക്കിയിരുന്നു. ഒടുവിൽ വെള്ള കീറാറാകുമ്പോൾ മടക്കിവെച്ചിരുന്ന കാല് മെല്ലെ നിവര്‍ത്തി രണ്ടു കാലിൽ ഊര്‍ന്ന് നിന്ന് മൂരി നിവര്‍ത്തുന്ന ശുഭനിമിഷത്തിലായിരുന്നു കോഴി സഖാവിന്റെ കൂവൽ പ്രത്യക്ഷം. ക്യാമറ പക്ഷെ സ്റ്റാന്ഡിലുറപ്പിച്ചുള്ള ആംഗിളിൽ നിന്നും ചിത്രീകരിച്ചതിനാൽ ഷൂട്ട് ചെയ്തതിൽ കോഴിയുടെ ആകൃതിവിരിവു വീറോടെ വന്നില്ലെന്നും ഉപയോഗിക്കാനായില്ലെന്നുമാണ് കഥ! പിന്നീട് ആധുനിക സാങ്കേതികത ലഭ്യമായപ്പോൾ അതു നിവേശിച്ച് ഒടുവിൽ നാം കാണുംവിധം ലോഗോ തയ്യാറാക്കുകയായിരുന്നു!
നവോദയ അപ്പച്ചന് തന്റെ ഹിറ്റായ പല സിനിമകളുടെയും ക്യാമറ സൂക്ഷിച്ചു വെക്കുന്ന ശീലം ഉണ്ടായിരുന്നു. എക്കാലത്തെയും വലിയ ഹിറ്റായിരുന്ന 'മഞ്ഞിൽ വിരിഞ്ഞ പൂക്കള്‍' ഷൂട്ട് ചെയ്ത ക്യാമറ മരിക്കുന്നതിനു ഒരു മാസം മുമ്പ് 'സ്പിരിറ്റ്' എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചു അദ്ദേഹം മോഹന്‍ലാലിന് സമ്മാനമായി കൊടുത്തു. വളരെ കാലമായി കൊണ്ട് നടന്നിരുന്ന അപ്പച്ചന്റെ വലിയ ഒരു ആഗ്രഹമായിരുന്നുവേത്രേ ആ ക്യാമറ ലാലിന് സമ്മാനിക്കണമെന്ന് , അത് അദ്ദേഹത്തിനു സാധിച്ചത് മരണത്തിനു ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ്.
കുതിരവട്ടം പപ്പുവിനെപ്പറ്റി സത്യൻ അന്തിക്കാട്... ആലുവയ്ക്കടുത്തുള്ള ഏതോ ഗ്രാമത്തില്‍ ഡോക്ടര്‍ ബാലകൃഷ്ണന്റെ 'മധുരം തിരുമധുരം' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു. ഔട്ട്ഡോര്‍ ഷൂട്ടിങ്ങുകള്‍ക്കിടയില്‍ കാഴ്ചക്കാരായി ചില ശല്യക്കാരും ഉണ്ടാകാറുണ്ട്. ഷൂട്ടിങ് കാണാന്‍ തിങ്ങിക്കൂടുന്ന നാട്ടിന്‍പുറത്തുകാരില്‍ ഷൈന്‍ചെയ്തുകൊണ്ട് ചില വിദ്വാന്മാര് നടീനടന്മാര്ക്ക് ശല്യമാവാറുണ്ട്. ഇവിടെയും അങ്ങനെ ഒരാളുണ്ട്. എല്ലാവരെയും കമന്റടിക്കുന്നു, നടന്മാരെ ആള്‍ക്കൂട്ടത്തിനിടയിലൂടെ കയ്യിട്ട് പിച്ചുന്നു, നടികളോട് ആഭാസകരമായ ആംഗ്യങ്ങള്‍ കാണിക്കുന്നു-ആര്‍ക്കും വഴങ്ങാത്ത ഒരു ശല്യക്കാരന്. പപ്പുവേട്ടന് വിനയത്തോടെയും തമാശയോടെയും ഒക്കെ അവനെ അടക്കിനിര്‍ത്താന്‍ നോക്കി, രക്ഷയില്ല. സന്ധ്യ കഴിഞ്ഞതോടെ ഷൂട്ടിങ് അവസാനിച്ചു. ഇരുട്ട് വീണ ഇടവഴിയിലൂടെ എല്ലാവരും അവരവരുടെ വണ്ടികളില്‍ തിരിച്ചുപോയിത്തുടങ്ങി. അന്ന് ഷൂട്ടിങ് കാണാന്‍ ഡോക്ടറുടെ ഭാര്യയും വന്നിട്ടുണ്ടായിരുന്നു. ബേബിയേട്ടത്തി എന്ന് ഞങ്ങളൊക്കെ വിളിക്കുന്ന, എല്ലാവരും അമ്മയെപ്പോലെ ബഹുമാനിക്കുന്ന സ്ത്രീ. ബേബിയേട്ടത്തി കയറിയ കാറിനടുത്ത് വന്ന് ശല്യക്കാരനായ ആ ചെറുപ്പക്കാരന് എന്തോ കമന്റടിച്ചു. സത്യത്തില്‍ അത് പുളിച്ചുനാറിയ തെറിയായിരുന്നു. പപ്പുവേട്ടന് അതു കേട്ടു. ചെറുപ്പക്കാരന്റെ തോളില്‍ സ്നേഹത്തോടെയെന്നപോലെ കൈയിട്ട് ഇരുട്ടിലേക്ക് മാറ്റിനിര്‍ത്തി ഒരൊറ്റ ഇടി. അപ്രതീക്ഷിതമായ ആ ഇടിയില്‍ അവന് വളഞ്ഞ് നിലത്തിരുന്നുപോയി. ആളുകള്‍ നോക്കിയപ്പോള്‍ തമാശപോലെ അവനെ പിടിച്ചുയര്‍ത്തി കൊഞ്ചിച്ചുകൊണ്ട് വീണ്ടും ശക്തിയായ പ്രഹരം. വേദനകൊണ്ട് പുളഞ്ഞുവീണ അവനെ പിടിച്ചെഴുന്നേല്പിച്ച് ''ചേട്ടന് പോട്ടേടാ പൊന്നുമോനേ'' എന്നു പറഞ്ഞ് വണ്ടിയില്‍ കയറിപ്പോകുന്ന പപ്പുവേട്ടന്റെ ചിത്രം! ചിത്രീകരിക്കപ്പെടാത്ത ഒരു യഥാര്‍ഥ അടിയായിരുന്നു അത്. പിന്നീട് ഷൂട്ടിങ് തീരുംവരെ ശല്യക്കാരന് ആ ഭാഗത്ത് വന്നതേയില്ല.
ശങ്കരാടി പറഞ്ഞ കഥയാണിത്. മലയാളസിനിമയുടെ ആദിമകാലത്ത്, എല്ലാ സിനിമക്കാരും മദിരാശിയില്‍ സ്ഥിരം താമസിക്കുന്ന ലോഡ്ജാണ് സ്വാമീസ്. സ്വാമീസില്‍ പറവൂർ ഭരതന് വരുമ്പോള്‍ പെട്ടിയില്‍ വസ്ത്രത്തോടൊപ്പം ഒരു കടലാസ്സില്‍ പൊതിഞ്ഞ് ഒരു ചകരിയുമുണ്ടാവും. മുറിയില്‍ കയറിയ ഉടന്‍തന്നെ, പെട്ടിസാമാനങ്ങള്‍ ഒരിടത്തുവെച്ച്, മുണ്ടു മാടിക്കുത്തി ഭരതന് മുറി കഴുകാന്‍ തുടങ്ങും. തറയും ചുമരുമെല്ലാം ചകരികൊണ്ട് തുടച്ച് വൃത്തിയാക്കും. ടോയിലറ്റ് ഡെറ്റോള്‍ ഒഴിച്ച് കഴുകും. ഒരു മുറിയില്‍ ഏറ്റവും വൃത്തിയില്‍ ഇരിക്കേണ്ട സ്ഥലം ടോയിലറ്റാണ് എന്നദ്ദേഹം വിശ്വസിച്ചിരുന്നു. മുറിയും ടോയിലറ്റും വൃത്തിയാക്കി, ഒന്നുരണ്ടു ദിവസം വിശ്രമിക്കുകയേ വേണ്ടൂ, അപ്പോള്‍ സ്വാമീസ് ലോഡ്ജിന്റെ ഉടമസ്ഥന് സ്വാമിയുടെ വിളി: 'ഭരതന് സാറെ, ഒന്നു മുറി മാറണം.' 'അയ്യോ, ഞാനീ മുറി ആകെ വൃത്തിയാക്കി വിശ്രമിച്ച് തുടങ്ങിയിട്ടല്ലേ ഉള്ളൂ. ഇനി മാറില്ല.' 'അങ്ങനെ പറയല്ലെ സാര്‍. മുറി ഷിഫ്റ്റ് ചെയ്യണം. നേരത്തെതന്നെ വേറൊരാള് ആ മുറി ബുക്ക് ചെയ്തതാണ്.' നിവൃത്തിയില്ലാതെ ഭരതന് മറ്റൊരു മുറിയിലേക്ക് തന്റെ പെട്ടിയും ചകരിയുമായി ഷിഫ്റ്റ് ചെയ്യും. ആ മുറിയും ആദ്യത്തേതുപോലെ കഴുകി ഒരു പള്ളിപോലെ വൃത്തിയാക്കി വെക്കും. ഒന്നു രണ്ടു ദിവസം വിശ്രമിക്കുകയേ വേണ്ടൂ, സ്വാമിയുടെ വിളി വീണ്ടും: 'സാര്‍, ആ മുറി ഒന്ന് ഷിഫ്റ്റു ചെയ്യണം. ഒരു നടി നേരത്തെ ബുക്ക് ചെയ്തതാണ്. ആ നടിക്ക് ആ മുറിതന്നെ വേണമത്രെ. നല്ല രാശിയുള്ള മുറിയാണത്.' നിരാശയോടെ ഭരതന് ആ മുറിയും വിട്ടിറങ്ങും. ഇങ്ങനെ ഒരു മാസത്തിനകം സ്വാമീസിലെ മിക്കവാറും മുറികള്‍ ഭരതന് കഴുകി വൃത്തിയാക്കിയിരിക്കും.
'വടക്കുനോക്കിയന്ത്രം' റിലീസ് ചെയ്തപ്പോൾ ശ്രീനിവാസനെപ്പോലും ചിലര്‍ കണ്‍ഫ്യൂഷനിലാക്കി. തളത്തിൽ ദിനേശന്റെ 'വട്ട്' മാറി അയാൾ വീട്ടിൽ വന്ന് തന്റെ ഭാര്യയെ സ്നേഹപൂര്‍വം ആലിംഗനം ചെയ്യുന്നുണ്ട്. അതു കഴിഞ്ഞിട്ടാണ് രാത്രി ഭാര്യയോടൊപ്പം ഉറങ്ങാൻ കിടക്കുമ്പോൾ എന്തോ ശബ്ദം കേട്ട് ദിനേശൻ ഉണരുന്നതും ഒരു ടോര്‍ച്ചെടുത്ത് പതുങ്ങിവന്ന് പ്രേക്ഷകന്റെ കണ്ണിലേക്ക് ആ വെളിച്ചമടിക്കുന്നതും. അതാണ് ആ സിനിമയുടെ ഹൈലൈറ്റ്. പക്ഷേ, ക്ലൈമാക്സ് രംഗം സന്തോഷസൂചകമായി അവസാനിപ്പിച്ചില്ലെങ്കിൽ കളക്ഷൻ കുറയുമെന്ന് പറഞ്ഞ് പേടിപ്പിച്ച് ആ രംഗം കട്ട് ചെയ്ത് മാറ്റാൻ ശ്രീനിക്ക് സമ്മതിക്കേണ്ടിവന്നു. കുറച്ചു ദിവസം തിയേറ്ററുകളിൽ ശ്രീനിവാസൻ പാര്‍വതിയെ ആലിംഗനം ചെയ്യുന്നതോടെ പടം അവസാനിപ്പിച്ചിരുന്നു. പിന്നീട് വീണ്ടും അവസാനഭാഗം കൂട്ടിച്ചേര്‍ത്തപ്പോഴേ അതിന് പൂര്‍ണത കൈവന്നുള്ളൂ.
'തന്മാത്ര' എന്ന സിനിമയുടെ ഷൂട്ടിങ് ഒറ്റപ്പാലത്തിനടുത്ത് ഒളപ്പമണ്ണ മനയിൽ നടക്കുന്നു. വി.കെ. ശ്രീരാമനും പി.ടി. കുഞ്ഞുമുഹമ്മദിനും മോഹൻലാലിനെയൊന്ന് കാണണം. ലൊക്കേഷനിലേക്കുള്ള വഴി കൃത്യമായി അറിയില്ല. എങ്കിലും നാട്ടിൻപുറമല്ലേ, കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. ഷൂട്ടിങ് നടക്കുന്നതിന്റെ ചുറ്റുപാടും ആളുകൾ തിങ്ങിക്കൂടിയിരിക്കും. കാറുകളും യൂണിറ്റ് വണ്ടികളുമുണ്ടാവും. ആ വിശ്വാസത്തിൽ ആരോടും ചോദിക്കാതെതന്നെ ശ്രീരാമൻ കാറോടിച്ചു. വിചാരിച്ചതുപോലെതന്നെ ആൾക്കൂട്ടം ദൂരെനിന്നേ കണ്ടു. നിറയെ വണ്ടികളും. ഒരു ടെമ്പോ വാനിനരികിൽ കാർ നിർത്തി രണ്ടുപേരും ഇറങ്ങി. റോഡരികിൽനിന്ന് വളരെ താഴോട്ടുള്ള പടികൾ ഇറങ്ങിവേണം ഷൂട്ടിങ് നടക്കുന്ന വീട്ടിലെത്താൻ എന്ന് കേട്ടിരുന്നു. നോക്കുമ്പോൾ, സത്യമാണ്. വിചാരിച്ചതിലും താഴെയാണ് വീട്. രണ്ടുപേരും ഇറങ്ങിനടന്ന് മുറ്റത്തെത്തിയപ്പോൾ ചെറിയൊരു ശങ്ക. കൂടിനിൽക്കുന്നവരിൽ അധികംപേരും മുസ്ലിം സമുദായത്തിൽപെട്ടവർ. അങ്ങനെവല്ല രംഗവുമാകും ചിത്രീകരിക്കുന്നതെന്ന് സമാധാനിച്ചു. ഷൂട്ടിങ്ങിന്റെ പതിവ് കോലാഹലങ്ങളൊന്നും കേൾക്കാനില്ല. മൊത്തത്തിൽ ഒരു മൂകത. ''ബ്ലെസ്സിയുടെ സെറ്റ് എന്നു പറഞ്ഞാലിങ്ങനെയാ. ഒരു ബഹളവുമുണ്ടാവില്ല.'' ശ്രീരാമൻ പറഞ്ഞു. അകത്തേക്ക് കയറുംമുൻപേ പി.ടി. കുഞ്ഞുമുഹമ്മദിനെ അറിയാവുന്ന ഒരു ഹാജിയാരെത്തി. ''എം.എൽ.എ. അല്ലാത്തപ്പോഴും മരണത്തിനൊക്കെ പോകും അല്ലേ?'' പി.ടി. ഒന്ന് ചിന്താവിഷ്ടനായി. അതൊരു സ്ഥായീഭാവമായതുകൊണ്ട് മറ്റാരും ശ്രദ്ധിച്ചുമില്ല. ഹാജിയാർ സങ്കടത്തോടെ പഞ്ഞു- ''വലിയ മനുഷ്യനായിരുന്നു ബീരാൻകുട്ടിക്ക. മരക്കച്ചോടക്കാരനായാലെന്താ, കലയോടും കലാകാരന്മാരോടും വല്യ സ്നേഹമായിരുന്നു. ഇന്നാട്ടില് നാടകക്കാരോ മിമിക്രിക്കാരോ ആരുവന്നാലും ഊണ് ബീരാൻകുട്ടിക്കയുടെ വകയായിരുന്നു...'' ആ കച്ചിത്തുരുമ്പിൽ പിടിച്ച് ശ്രീരാമൻ കയറി- ''വാസ്തവം. കഴിഞ്ഞതവണ കണ്ടപ്പോഴും പറഞ്ഞതാ- ശ്രീരാമാ, ഇതുവഴി വരുമ്പൊ വീട്ടിലൊന്ന് കേറണം എന്ന്'' ''മയ്യത്ത് കാണണ്ടേ?'' ''വേണ്ട'' ശ്രീരാമൻ പറഞ്ഞു. ''ജീവനുള്ള ബീരാൻകുട്ടിക്കയുടെ മുഖം മനസ്സിലുണ്ട്. അതു മതി.'' പിന്നെ ഒരുനിമിഷംപോലും നിൽക്കാതെ കണ്ണും മുഖവും കൈകൊണ്ടൊന്നു തുടച്ച് ശ്രീരാമൻ നടന്നു. പിറകെ പി.ടി.യും. പാർക്ക്ചെയ്ത കാറിനടുത്ത് കണ്ട ടെമ്പോവാൻ ആംബുലൻസായിരുന്നുവെന്ന് അപ്പോഴാണ് ശ്രദ്ധിക്കുന്നത്. കാറിൽ കയറാൻതുടങ്ങുമ്പോൾ അടുത്ത് കണ്ട ഒരു പയ്യനോട് അലസമായി ശ്രീരാമൻ ചോദിച്ചു. ''ഇവിടെ എവിടെയോ ഒരു മന ഇല്ലേ മോനേ?'' ''ഉവ്വ്. ഒളപ്പമണ്ണ മന. അത് ഈ ഇടവഴിയുടെ അറ്റത്താ. പക്ഷേ, അകത്ത് കേറാൻ പറ്റൂലാ. അവിടെ സിനിമാഷൂട്ടിങ്ങാ.'' ശ്രീരാമൻ കാർ പതുക്കെ സ്റ്റാർട്ടാക്കി. പിന്നെ പെട്ടെന്ന് ഇടവഴിയുടെ അറ്റം ലക്ഷ്യമാക്കി ആക്സിലറേറ്റർ ചവിട്ടി.