ചെന്നൈയില്‍നിന്ന് കൊച്ചിയിലേക്കുള്ള ശ്രീനിവാസന്റെ ഒരു വിമാനയാത്ര. വിമാനത്തിനകത്ത് പ്രവേശിച്ചപ്പോള്‍തന്നെ ശ്രീനിയുടെ പിറകിലെ സീറ്റിലെ ദമ്പതികള്‍ നോക്കുന്നത് ശ്രീനി കണ്ടു. നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, ചിന്താവിശിഷ്ടയായ ശ്യാമള, മറവത്തൂര്‍ കനവ് - അങ്ങനെ ഒട്ടേറെ സിനിമകളിലൂടെ നമ്മളെ പൊട്ടിച്ചിരിപ്പിച്ച വ്യക്തിയല്ലേ മുന്നില്‍ നില്‍ക്കുന്നത് എന്ന ആരാധന ആ ഭാര്യയുടെ മുഖത്തുനിന്ന് വായിച്ചെടുക്കാൻ ഒരു പ്രയാസവുമുണ്ടായില്ല. ഭര്‍ത്താവിന്, പക്ഷേ, താനിതുപോലെ എത്രപേരെ കണ്ടിരിക്കുന്നു എന്ന ഭാവം. വിമാനം പറന്നുതുടങ്ങിയപ്പോൾ ഭര്‍ത്താവ് ശ്രീനിയുടെ അടുത്തേക്ക് എത്തുന്നു. എന്നിട്ട് അലസഭാവത്തില്‍ ഒരു ചോദ്യം - ''എവിടെയോ കണ്ടതുപോലെയുണ്ടല്ലോ'' ''കാണാൻ ഒരു വഴിയുമില്ല.'' ശ്രീനി പറഞ്ഞു. ''ജീവിതത്തിൽ ആദ്യമായാണ് ഞാന്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നത്.'' ഭാര്യ കേള്‍ക്കുന്നുണ്ടല്ലോ എന്ന ചമ്മൽ മറച്ചുവെച്ചുകൊണ്ട് ഭര്‍ത്താവിന്റെ അടുത്ത ചോദ്യം, ''പേരെന്താണ്?'' ''അങ്ങനെ പേരൊന്നുമില്ല. അറിയാവുന്നവർ എന്നെ വിക്രമാദിത്യൻ നമ്പൂതിരി എന്നു വിളിക്കും.'' പിന്നിൽ ഭാര്യയുടെ പൊട്ടിച്ചിരി ഉയര്‍ന്നു. 'വിടാനും വയ്യ വിടാതിരിക്കാനും വയ്യ' എന്ന പരുവത്തില്‍ അയാള്‍ ചോദിച്ചു, ''ഷൂട്ടിങ്ങിന് പോവ്വാണോ?'' ''ഷൂട്ടിങ്ങോ? എന്ത് ഷൂട്ടിങ്? നിങ്ങള്‍ക്കിതെന്താ പറ്റിയത്?'' അയാൾ കുനിഞ്ഞ്, ശബ്ദം താഴ്ത്തി അടിയറവു പറഞ്ഞു. ''എന്നെ ഇങ്ങനെ വിയര്‍പ്പിക്കല്ലേ ശ്രീനിസാറേ...'' ശ്രീനി അയാള്‍ക്ക് ചെറിയൊരു ക്ലാസെടുത്തു, ഭാര്യയെ സാക്ഷിനിര്‍ത്തി. ഇനി ഒരിക്കലും ഇത്തിരി പേരുള്ളവരെ അപമാനിക്കാൻ അയാൾ ധൈര്യപ്പെടില്ല എന്നുറപ്പ്. സത്യൻ അന്തിക്കാടിനോട് ശ്രീനി പങ്കുവെച്ച അനുഭവം.
അനുഗൃഹീതനായ സംഗീതസംവിധായകൻ രവീന്ദ്രൻ ഒരു അനുഭവം പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ഗീത് ഹോട്ടലിൽ ഒരു സിനിമയുടെ പാട്ടുകൾ കമ്പോസ്‌ചെയ്യാൻ രവീന്ദ്രന്‍ മുറിയെടുത്തു. രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് അദ്ദേഹം ശ്രദ്ധിച്ചത്. തൊട്ടടുത്ത മുറിയില്‍നിന്ന് ടേപ് റെക്കോഡറിലൂടെ വലിയ ശബ്ദത്തിൽ രവീന്ദ്രൻ സംഗീതം നല്‍കിയ പാട്ടുകൾ കേള്‍ക്കുന്നു. രാവിലെയും ഉച്ചയ്ക്കും വൈകീട്ടുമെല്ലാം രവീന്ദ്രസംഗീതം മാത്രം. ചായ കൊണ്ടുവന്ന റൂംബോയിയോട് രവീന്ദ്രൻ ചോദിച്ചു, ''ആരാ അടുത്ത മുറിയില്‍?'' ''വടക്കെങ്ങാണ്ടോ ഉള്ളവരാ. വിസ ശരിയാക്കാന്‍വേണ്ടി വന്ന് താമസിക്കുന്നതാ.'' രവീന്ദ്രന് സന്തോഷം തോന്നി. തന്റെ പാട്ടുകൾ ഇത്രയേറെ ആസ്വദിക്കുന്നവരല്ലേ. അവര്‍ക്കൊരു സര്‍പ്രൈസ് ആയിക്കൊള്ളട്ടെ എന്നു കരുതി കതകിൽ മുട്ടി. ഒരു ചെറുപ്പക്കാരന്‍ കതക് തുറന്നു. വേറെയും രണ്ടുപേരുണ്ട് മുറിയില്‍. ടേപ് റെക്കോഡറിൽ യേശുദാസ് അപ്പോഴും 'ഹരിമുരളീരവം' പാടുന്നുണ്ട്. വാതില്‍ക്കല്‍തന്നെ നിന്ന് ഒരു ചിരിയോടെ രവീന്ദ്രൻ പറഞ്ഞു. ''ഞാൻ മ്യൂസിക് ഡയറക്ടർ രവീന്ദ്രന്‍. തൊട്ടടുത്ത മുറിയിൽ താമസിക്കുന്നു. വന്നപ്പോള്‍മുതല്‍ ഈ മുറിയില്‍നിന്ന് എന്റെ പാട്ടുകൾ മാത്രം കേട്ടപ്പോൾ വല്ലാത്ത സന്തോഷം. മറ്റുള്ളവര്‍ ഇഷ്ടപ്പെടുന്നു എന്നറിയുമ്പോഴാണല്ലോ ഒരു കലാകാരന്റെ മനസ്സു നിറയുക. താങ്ക്‌യു മക്കളേ. താങ്ക് യു വെരിമച്ച്.'' പെട്ടെന്ന് ടേപ്പ് റെക്കോഡർ ഓഫായി. അതിനുശേഷം രവീന്ദ്രൻ സംഗീതം നല്‍കിയ ഒരൊറ്റ പാട്ടുപോലും ആ മുറിയില്‍നിന്ന് കേട്ടിട്ടില്ല. ഒന്നുകിൽ ഹിന്ദി. അല്ലെങ്കിൽ തമിഴ്. ''അങ്ങനെ നീ സുഖിക്കണ്ടടാ'' എന്ന് അവർ പറയാതെ പറഞ്ഞു എന്നാണ് രവീന്ദ്രൻ പറഞ്ഞത്.
യേശുദാസിനെ എയര്‍പോര്‍ട്ടില്‍വെച്ചു കണ്ട ഒരു അമേരിക്കൻ മലയാളിയെക്കുറിച്ച് ഇന്നസെന്റ് പങ്കുവെച്ച അനുഭവം. കോട്ടും സൂട്ടുമൊക്കെയിട്ട് അല്പത്തരത്തിന് കൈയും കാലും വെച്ചതുപോലെ ഒരു പരിഷ്‌കാരി. കണ്ട ഉടനെ ''ഹലോ മിസ്റ്റർ യേശുദാസ്'' എന്നു പറഞ്ഞ് ദാസേട്ടന് കൈകൊടുത്തുവത്രെ. ''എങ്ങോട്ടാ യാത്ര?'' ''മദ്രാസിലേക്കാണ്'' എന്ന് വിനയപൂര്‍വം ദാസേട്ടന്‍. ''റെക്കോഡിങ്ങിനാണോ?'' ''അതെ'' എന്നു പറഞ്ഞ് ദാസേട്ടൻ നടന്നു. അയാൾ നേരെ ഇന്നസെന്റിനടുത്ത് വന്നു പറഞ്ഞു, ''ഇരുപതുകൊല്ലം മുന്‍പ് ഞാൻ ആദ്യമായി അമേരിക്കയിലേക്ക് പോകുമ്പോൾ എയര്‍പോര്‍ട്ടില്‍വെച്ച് ഇതുപോലെതന്നെ മിസ്റ്റർ യേശുദാസിനെ കണ്ടിരുന്നു. അന്നും മിസ്റ്റർ ദാസ് പാട്ടുപാടാനാണ് പോയിരുന്നത്. ഞാൻ അമേരിക്കയിൽ പോയി ബിസിനസ് ചെയ്തു. ഇപ്പൊ സ്വന്തമായി രണ്ട് ഗ്യാസ് സ്റ്റേഷനുണ്ട്. റെസ്റ്റോറന്റുണ്ട്. അങ്ങനെ ഒരുപാടൊരുപാട് വളര്‍ന്നു. പാവം, യേശുദാസിന് ഇപ്പോഴും പാട്ടുതന്നെ അല്ലേ? അതില്‍നിന്നൊരു മേല്‍ഗതി ഉണ്ടായില്ലല്ലേ?'' അജ്ഞതയുടെ ആ ആള്‍രൂപത്തിനു മുന്നിൽ ഇന്നസെന്റ് കൈകൂപ്പി നമിച്ചു എന്നാണ് കഥ.
കോഴിക്കോട് ഒരു ഷൂട്ടിങ്ങിന്റെ ഇടവേള. കണ്ടാൽ മാന്യനായ ഒരു മനുഷ്യൻ മമ്മൂട്ടിയെ കാണാൻ വന്നു. ഒപ്പം ചില കൂട്ടുകാരുമുണ്ട്. ആരാധകനാണ്. പക്ഷേ, വെറും ഒരു ആരാധകനാണെന്ന് തോന്നിപ്പിക്കാൻ ഇഷ്ടമല്ല. ആ ഭാവം മമ്മൂട്ടിക്കും മനസ്സിലാകുന്നുണ്ട്. കൂട്ടുകാരുടെ മുന്നിൽ ആളാവുക എന്നതാണ് പ്രധാന ഉദ്ദേശ്യം. അപ്രതീക്ഷിതമായി അയാൾ മമ്മൂട്ടിയോടൊരു ചോദ്യം: ''അല്ല മമ്മൂട്ടിസാറെ, ഇപ്പൊ കുറെ കൊല്ലമായില്ലേ അഭിനയിക്കാൻ തുടങ്ങിയിട്ട്? പ്രതിഫലം ലക്ഷങ്ങളും, കോടികളുമൊക്കെയാണെന്ന് കേള്‍ക്കുന്നു. ഈ കാശൊക്കെ എന്തു ചെയ്യുന്നു?'' മമ്മൂട്ടി പതിയെ തിരിഞ്ഞ് സെറ്റിലുള്ളവരെയൊക്കെ ഒന്നു നോക്കി. സകലരും കാതു കൂര്‍പ്പിച്ചു. ''അല്ല, അറിയാനുള്ള താത്പര്യംകൊണ്ട് ചോദിക്കുകയാ. ഈ കാശൊക്കെ എന്താ ചെയ്യുന്നത്?'' മമ്മൂട്ടിയുടെ മറുപടി: ''കോടികളും ലക്ഷങ്ങളുമൊക്കെ എണ്ണി അടുക്കടുക്കായി അലമാരയിൽ വെക്കും. അലമാര നിറയുമ്പോൾ പഴയ കടലാസ് വാങ്ങാന്‍വരുന്ന ആളുകള്‍ക്ക് തൂക്കിവില്‍ക്കും. അങ്ങനെ വിറ്റുകിട്ടുന്ന കാശുകൊണ്ടാണ് അരി മേടിക്കുന്നത്.''
നെടുമുടി വേണു പങ്കുവെക്കുന്ന അനുഭവം. 'മണ്ടന്മാർ ലണ്ടനിൽ' എന്ന സിനിമയുടെ പ്രമേയം സാധാരണക്കാരായ കുറെ നാടന്‍കലാകാരന്മാരെ സ്പോണ്‍സർ ചെയ്ത് പ്രോഗ്രാമിനായി ലണ്ടനിൽ എത്തിക്കുന്നതും അവിടെ അവർ വഴിതെറ്റി ഒപ്പിക്കുന്ന തമാശകളുമായിരുന്നു. ലണ്ടൻ എയര്‍പോര്‍ട്ടിലെത്തിയ മണ്ടന്മാർ അലഞ്ഞുതിരിഞ്ഞ് അവസാനം വിശന്നിട്ട് വേറെ വഴിയില്ലാതെ റോഡരുകിൽ അടുപ്പുവച്ച് കഞ്ഞിതിളപ്പിക്കാൻ ശ്രമിക്കുമ്പോൾ ലണ്ടൻ പോലിസ്(സ്കോട് ലന്റ് യാർഡ്) വന്ന് അവരുടെ കലം ചവുട്ടിത്തെറുപ്പിച്ച് അവരെ അടിച്ചോടിക്കുന്നതാണ് രംഗം. ഒറിജിനാലിറ്റിക്കുവേണ്ടി അവർ അവിടെ കണ്ട ലണ്ടന്‍പോലിസുകാരെ സമീപിച്ച് ഇപ്രകാരം അഭിനയിക്കോമോയെന്ന് ചോദിച്ചു. എന്നാൽ കലം ചവുട്ടിത്തെറുപ്പിക, അസഭ്യം പറയുക, അടിച്ചോടിക്കുക തുടങ്ങിയ ക്രൂരകൃത്യങ്ങൾ ചെയ്യാൻ അവർ തയ്യാറായില്ല. അഭിനയത്തിനാണെങ്കിൽ പോലും അത് ഞങ്ങളുടെ രീതി അല്ല എന്നാണ് അവർ പറഞ്ഞത്. പകരം കുറ്റം ചെയ്യുന്നവരെ പറഞ്ഞു മനസ്സിലാക്കി അവരെ പിന്തിരിപ്പിക്കും അവര്‍ക്കു വേണ്ട നിയമപരമായ സഹായങ്ങൾ ചെയ്തു കൊടുക്കും അത്രയേ പറ്റൂ എന്ന് പറഞ്ഞു. കേരളത്തിൽ കാണിക്കാനുള്ള സിനിമയിൽ ഇതുനടക്കില്ലല്ലോ ! പോലിസ് അങ്ങനെ ചെയ്തില്ലെങ്കിൽ ഇതെന്തോന്ന് പോലിസെടാ എന്ന് ചോദിച്ച് കൂവും ! ഒടുക്കം കലം ചവിട്ടിത്തെറിപ്പിക്കാൻ ഡ്യൂപ്പിനെവച്ചു അഡ്ജസ്റ്റു ചെയ്തു.
Ith sathyan anthikkad paranjath vaayichathaanu.. sreeni aanu ithram number okkeyidaan viruthan. pinneed aarenkilum vere nadanmarude peril ittathaavum.