രാജേഷ് പിള്ളയും, സഞ്ജയ് ബോബിയും സിനിമയ്ക്ക് വേണ്ടി ഒന്നിക്കാൻ തീരുമാനിച്ച സമയം. ആ സിനിമ എന്തായാലും ഇതുവരെ കാണാത്ത ഘടനയിലുള്ളതാവണമെന്ന് അവർക്ക് നിർബന്ധമായിരുന്നു. പക്ഷേ, അത് എന്തായിരിക്കണമെന്നോ, എങ്ങനെ ആയിരിക്കണമെന്നോ അവർക്ക് ഒരു രൂപവുമുണ്ടായിരുന്നില്ല. ആ സമയത്ത് ഒരു പത്രത്തിന്റെ സണ്‍ഡേ സപ്ലിമെന്റിൽ വന്ന ഒരു റിപ്പോർട്ട് സഞ്ജയ് ബോബി ശ്രദ്ധിച്ചു. ചെന്നൈയിൽ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊന്നിലേക്ക് തിരക്കേറിയ സമയത്ത് മാറ്റിവയ്ക്കാൻ ഒരു അവയവം എത്തിച്ചതായിരുന്നു വാർത്ത. അത് ശ്രദ്ധിച്ചപ്പോൾ ഒരു സാമൂഹികപ്രതിബദ്ധതയുള്ള സിനിമ അതിലുണ്ടെന്ന് അവർക്ക് തോന്നി. അവർ ഇത് ഒരു കഥാരൂപത്തിൽ രാജേഷിനോട് പറഞ്ഞു. രാജേഷിനും അതിഷ്ടമായി. അങ്ങനെയാണ് 'ട്രാഫിക്' ജനിക്കുന്നത്.
‘നിങ്ങൾ നോ പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല. ഏതൊരു ദിവസത്തെയും പോലെ ഈ ദിവസവും കടന്നുപോകും. മറക്കപ്പെടും. പക്ഷേ നിങ്ങളുടെയൊരു ഒറ്റ യെസ് ചിലപ്പോൾ ചരിത്രമാകും. വരാനിരിക്കുന്ന ഒരുപാടുപേർക്ക് യെസ് പറയാൻ ധൈര്യം പകരുന്ന ചരിത്രം.’ ട്രാഫിക്കിലെ ഏറെ സ്വീകാര്യത നേടിയ ഈ ഡയലോഗ് പക്ഷേ ഒറ്റയടിക്ക് രൂപപ്പെട്ടതല്ല. 15 വട്ടമാണ് രാജേഷ് പിള്ള ബോബി സഞ്ജയിനെക്കൊണ്ട് ഈ ഡയലോഗ് തിരുത്തിച്ചത്. അഞ്ചെട്ടുതവണ തൃപ്തി പോരാഞ്ഞ് തിരുത്തിച്ചപ്പോൾ അവർ ഒരു വഴക്കിലേക്ക് നീങ്ങിയതും, ഇനി എഴുതില്ലെന്ന് വാശി പിടിക്കുകയുമൊക്കെ ചെയ്തതാണ്. പക്ഷേ, ബോബി സഞ്ജയിൽ നിന്ന് താൻ പ്രതീക്ഷിക്കുന്ന മികവിൽ ഒരു ഡയലോഗ് കിട്ടിയേ പറ്റൂ എന്നുള്ള രാജേഷിന്റെ നിർബന്ധത്തിന് മുന്നിൽ അവർക്ക് കീഴടങ്ങേണ്ടി വന്നു. ഒടുവിൽ പതിനഞ്ചാം വട്ടമാണ് ഈ ഡയലോഗിൽ എത്തിയത്.
Ithinte third version il engaandaanu Chackochan-Remya Nambeeshan plot keri varunnath. Nalla pole work chaiytha script aanu Traffic. Athinte output um undaayi.
'ഹരികൃഷ്ണന്‍സ്' സിനിമയ്ക്കും വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ഇരട്ട ക്ലൈമാക്സ് എന്ന ആശയം മലയാള സിനിമയില്‍ പ്രാവര്‍ത്തികമാക്കിയിരുന്നു. 1953 മാര്‍ച്ച് 21ന് പുറത്തിറങ്ങിയ 'തിരമാല' എന്ന ചിത്രത്തിലൂടെ. രണ്ടു ക്ലൈമാക്സായിരുന്നു ഈ പടത്തിനുണ്ടായിരുന്നത്. ഒന്നില്‍ നായകന് കടല്‍ത്തിരയില്‍ പെട്ടു മരിക്കുന്ന ദുരന്തപര്യവസായിയും മറ്റൊന്നില്‍ അദ്ദേഹം കാമുകിയെ വിവാഹം ചെയ്യുന്ന ശുഭപര്യവസായിയും. തിരുവിതാംകൂര്‍ ഭാഗങ്ങളില്‍ ആണു ആദ്യത്തെ ക്ലൈമാക്സുള്ള പടം റിലീസ് ചെയ്തത്. കൊച്ചി, മലബാര്‍ ഭാഗങ്ങളില്‍ രണ്ടാമത്തെ ക്ലൈമാക്സും. ഈ പടത്തിന്റെ വിതരണക്കാരുടെ ആവശ്യപ്രകാരം ആണ് ഇങ്ങനെ ഇരട്ട ക്ലൈമാക്സ് ഉണ്ടാക്കിയത്.
ജഗതി ശ്രീകുമാറിനെപ്പറ്റി കല്പന പങ്കുവയ്ക്കുന്ന ഓർമ്മ. 'ആര്‍ദ്രം' എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. മീൻ വെട്ടിക്കൊണ്ടിരിക്കുന്ന എന്റടുത്തേക്ക് 'മാലിനിയുടെ തീരങ്ങൾ തഴുകിവരും പനിനീര്‍ക്കാറ്റേ....' എന്ന പാട്ടുംപാടി ജഗതിച്ചേട്ടന്റെ ദുഷ്യന്തൻ എന്ന കഥാപാത്രം വരുന്നു. മീൻ കഴുകിയ വെള്ളം ചേട്ടന്റെ മുഖത്തേക്കൊഴിച്ചശേഷം 'ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം...' എന്നു തിരിച്ചുപാടുന്നതാണ് സീന്‍. മത്തി കഴുകിയ വെള്ളമാണ് സെറ്റിൽ ഒരുക്കിവച്ചത്. തൊട്ടുനോക്കിയപ്പേഴേ വെള്ളത്തിന് നല്ല നാറ്റം. ഈ വെള്ളം ചേട്ടന്റെ മുഖത്തേക്കൊഴിക്കാന്‍ എനിക്കൊരു മടി. ഞാനിക്കാര്യം സംവിധായകൻ സുരേഷ് ഉണ്ണിത്താനോടു പറഞ്ഞു. ''നമുക്കാ സീൻ കട്ട് ചെയ്ത് എടുക്കാം. മുഖത്തൊഴിക്കുന്നത് കളർ ചേര്‍ത്ത വെള്ളമാക്കാം.'' സുരേഷ് ഉണ്ണിത്താൻ നിര്‍ദ്ദേശിച്ചിട്ടും ജഗതിച്ചേട്ടൻ സമ്മതിച്ചില്ല. ''മത്തി കഴുകിയ വെള്ളം തന്നെ മതി. കല്പന ധൈര്യത്തോടെ മുഖത്തേക്കൊഴിച്ചോളൂ. ഞാൻ സോപ്പിട്ട് കഴുകിക്കോളാം.'' അങ്ങനെ ആ വെള്ളം ഉപയോഗിച്ച് തന്നെ ഷൂട്ട് ചെയ്തു.
'ആലിബാബയും ആറരക്കള്ളന്മാരും' എന്ന സിനിമയുടെ സ്ക്രിപ്റ്റിൽ എഴുതിവച്ചത് ജഗതിയും, കല്പനയും ഭിക്ഷ യാചിക്കുന്നു എന്ന് മാത്രമാണ്. അതിൽ നര്‍മ്മത്തിന്റെ അംശം കൊണ്ടുവന്നത് ജഗതിയാണ്. ''വൈഷ്ണവ് ജനതോ തേരേ.... എന്ന പാട്ട് പാടാം. ലോ ക്ലാസ് ശബ്ദത്തിൽ പാടിയാലേ പിച്ചക്കാരനാവൂ. കേള്‍ക്കുന്നവര്‍ക്ക് പത്തുപൈസ തരാൻ തോന്നരുത്. പോ പോ എന്ന് പറയിക്കണം'' ആ സീൻ നന്നായതും ഈ പാട്ട് ഉള്‍പ്പെടുത്തിയതുകൊണ്ടാണ്. പാട്ടിന്റെ ട്യൂൺ പറഞ്ഞുതന്നതും ജഗതിയാണ്. ''വെള്ളപ്പൊക്കത്തിൽ വീട് ഒലിച്ചുപോയി ഹെ''. ഹിന്ദിയിലുള്ള 'ഹെ' ചേര്‍ത്തത് ഡയലോഗ് പൊലിപ്പിച്ചതും അദ്ദേഹം തന്നെ. ആ സീൻ ചെയ്തുകഴിഞ്ഞപ്പോൾ എല്ലാവരും ഓടിവന്ന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു..
വി.എം.വിനു സംവിധാനം ചെയ്യുന്ന 'മയിലാട്ടം' എന്ന സിനിമയുടെ ലൊക്കേഷന്‍. ജഗതിയും, പൊന്നമ്മ ബാബുവും ഭാര്യാഭർത്താക്കന്മാരായാണ് അഭിനയിക്കുന്നത്. ഒരു വലിയ സീൻ ഒറ്റഷോട്ടിൽ എടുക്കാൻ പോവുകയാണെന്ന് സംവിധായകന്. സമയം രാത്രി എട്ടുമണി. ജഗതി വാഴക്കുലയും കട്ടുകൊണ്ട് വീട്ടിലേക്ക് വരുന്നതാണ് സീന്‍. ജഗതിയും, പൊന്നമ്മ ബാബുവും വഴക്കുകൂടുമ്പോൾ മകൻ വന്ന് 'ദേ തന്തേ, മര്യാദയ്ക്ക് വന്ന് കിടക്ക്' എന്ന ഡയലോഗ് പറയണം. അപ്പോൾ ജഗതി - കണ്ടോടീ ഇതെന്റെ മോനല്ല, ചെട്ട്യാരുടേതാ എന്നു പറയുന്നതും പൊന്നമ്മ ജഗതിയുടെ ചെകിട്ടത്തൊന്നു പൊട്ടിക്കുന്നതുമാണ് സീന്‍. റിഹേഴ്സലിൽ പൊന്നമ്മ പതുക്കെ ജഗതിയുടെ മുഖത്തടിച്ചു. ''ടേക്കെടുക്കുമ്പോൾ കുറച്ചുകൂടി ശക്തി ആവാം.'' ജഗതി പറഞ്ഞു. ശരിയാക്കാമെന്ന് പൊന്നമ്മ . കോമ്പിനേഷൻ സീനായതിനാൽ പൊന്നമ്മയ്ക്ക് ടെന്‍ഷനുണ്ട്. ഡയലോഗ് തെറ്റിച്ചാല്‍ ജഗതി വഴക്കുപറയും. ഷോട്ട് റെഡി. അഞ്ചുമിനുട്ട് തുരുതുരാ ഡയലോഗുകൾ പറഞ്ഞപ്പോൾ പൊന്നമ്മയ്ക്ക് ആവേശം ഇരട്ടിച്ചു. സ്ക്രിപ്റ്റിൽ ഇല്ലാത്ത ഡയലോഗുകൾ ജഗതി പറഞ്ഞപ്പോൾ പൊന്നമ്മയും മനസ്സില്‍ തോന്നിയത് വച്ചുകാച്ചി. 'എന്നെയങ്ങ് കൊല്ല്' എന്നു പറഞ്ഞുകൊണ്ട് പൊന്നമ്മ സര്‍വശക്തിയും സംഭരിച്ച് ജഗതിയുടെ മുഖത്ത് ഒറ്റയടി. 'ഡിം' ചക്ക വെട്ടിയിട്ടപോലെ പുള്ളി താഴെ വീണു. സംവിധായകൻ കട്ട് പറഞ്ഞു. യൂണിറ്റംഗങ്ങൾ മുഴുവൻ കൈയടിച്ചു. ഒറ്റഷോട്ടിൽ സംഭവം ഓകെ. അടി കൊണ്ട് ജഗതിയുടെ മുഖം ചുവന്നുതുടുത്തു. അദ്ദേഹം എഴുന്നേറ്റുവന്നപ്പോൾ പൊന്നമ്മ സോറി പറഞ്ഞു. ''സോറിയൊന്നും പറയേണ്ട. ഇങ്ങനെ വേണം അഭിനയിക്കാന്‍.'' ജഗതി പൊന്നമ്മയെ അഭിനന്ദിച്ചു. അതിനുശേഷം യൂണിറ്റിലെ എല്ലാവരോടുമായി പറഞ്ഞു. ''ഈ സീൻ എന്നില്‍നിന്ന് കൈവിട്ടുപോയി. പൊന്നമ്മയാണ് കസറിയത്. അതുകൊണ്ടുതന്നെ കൈയടി വേണ്ടത് പൊന്നമ്മയ്ക്കാണ്.''
രവി വള്ളത്തോൾ പങ്കുവയ്ക്കുന്ന ഓർമ്മ. ജഗതി സംവിധാനം ചെയ്ത 'കല്യാണഉണ്ണികള്‍' എന്ന സിനിമയിൽ രവി വള്ളത്തോളും, ശാന്തികൃഷ്ണയും കാമുകീകാമുകന്മാരായാണ് അഭിനയിക്കുന്നത്. അതിന്റെ പാട്ടുസീൻ ചിത്രാഞ്ജലിയിൽ ചിത്രീകരിക്കുകയാണ്. ''രണ്ടുപേരുടെയും മുഖം ടൈറ്റ് ക്ലോസിൽ വരണം.'' ക്യാമറയ്ക്കു പിറകിലിരുന്ന് ജഗതി ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. പക്ഷേ സീനെടുക്കുമ്പോൾ ശാന്തികൃഷ്ണ ബലംപിടിച്ചു. ഇതുകണ്ടപ്പോൾ ജഗതിക്ക് ദേഷ്യം വന്നു. ജഗതി ശാന്തിയെ വിളിച്ചു. ''എന്റെ കൊച്ചേ, ഇവന് സുന്ദരിയായ ഒരു ഭാര്യയുണ്ട്. ഉത്തമരിൽ ഉത്തമമായ സ്വഭാവമാണ്. ഇങ്ങനെ അഭിനയിക്കാൻ അവനാണ് മടി കാണിക്കേണ്ടത്. മര്യാദയ്ക്ക് പോയി ചെയ്യ്.'' അതോടെ ശാന്തി ബലംപിടുത്തം ഒഴിവാക്കി.
പുതുമുഖ സംവിധായകരുടെ സിനിമയാണെങ്കിൽ തനിക്ക് കിട്ടുന്ന പ്രതിഫലത്തിന്റെ ഒരു പങ്ക് സിനിമയുടെ നിർമാതാവിന് നൽകുന്ന പതിവുണ്ടായിരുന്നു ജഗതി ശ്രീകുമാറിന്. ഒരു പുതുമുഖനിർമാതാവിന്റെ സിനിമ നിർമ്മിക്കുന്നതിനുള്ള പ്രോൽസാഹനമായാണ് അദ്ദേഹം ഇങ്ങനെ ചെയ്തിരുന്നത്.