ഒരു ദിവസം എം.ടി. മുറിയിൽ വന്ന് തിലകനോടു ചോദിച്ചു. 'പെരുന്തച്ചന്റെ രൂപത്തെക്കുറിച്ച് ഐഡിയ എന്തെങ്കിലുമുണ്ടോ?' 'മൊട്ടയടിക്കണോ?' തിലകന്‍ ചോദിച്ചു. 'വേണ്ട.' 'എന്നാൽ തോളറ്റംവരെ മുടി നീട്ടിവളര്‍ത്തിയാലോ?' 'അതു മതി. പിന്നെ ഒറ്റമുണ്ടും കൗപീനവും തോര്‍ത്തും ഭാണ്ഡവും.' എം.ടി. പറഞ്ഞു. ഈ രൂപത്തിൽ ഒരു ദിവസം ചിത്രീകരിച്ചു. അതിരാവിലെ കുളിക്കുന്ന രംഗം. പക്ഷേ, ഇതിന്റെ റഷസ് കണ്ടപ്പോൾ ആര്‍ക്കും ഇഷ്ടമായില്ല. 'തല മൊട്ടയടിച്ച് ചൈനീസ് കുടുമ വെക്കാം,' എം.ടി. പറഞ്ഞു. അങ്ങനെ ചെയ്ത് വീണ്ടും അതേ രംഗം ചിത്രീകരിച്ചു. എല്ലാവര്‍ക്കും ഇഷ്ടമായി. ആ രൂപത്തിൽ തന്നെ തുടർന്ന് ചിത്രീകരിച്ചു.
ചിത്രത്തിൽ 'പെരുന്തച്ചന്‍' ഒരു രഥം പണിയുന്ന രംഗമുണ്ട്. പകുതിയോളം പണിതുകഴിഞ്ഞ രഥമാണ്. സീനെടുക്കാൻ അങ്ങനെയൊരു രഥത്തിനരികിൽ ചെന്നിരുന്നു. ആ രഥത്തിൽ പെയിന്റടിച്ചിരിക്കുന്നത് തിലകൻ കണ്ടു. 'പുരാതനകാലത്തുള്ള രഥമായാണ് ഇതുപയോഗിക്കേണ്ടത്. അന്ന് പെയിന്റടിച്ച രഥമെവിടെ? ഈ രഥം ഉപയോഗിക്കാൻ പറ്റില്ല.' തിലകൻ പറഞ്ഞു. 'ഇതേ ലഭിക്കൂ' എന്ന് സംവിധായകന്‍. ഉടൻ തിലകൻ പറഞ്ഞു: 'ഈ രഥംവെച്ച് ഞാൻ അഭിനയിക്കില്ല.' അജയൻ പിന്നാലെ ചെന്നു. 'പോയി അന്വേഷിക്ക്. ഇവിടെ എവിടെയെങ്കിലും രഥമുണ്ടാക്കുന്നവരുണ്ടാകും,'തിലകന്‍ പറഞ്ഞു. അന്വേഷിച്ചപ്പോൾ ലൊക്കേഷന്റെ നാലഞ്ചു കിലോമീറ്ററിനുള്ളിൽ രഥമുണ്ടാക്കുന്ന ഒരു സ്ഥലമുണ്ട്. അവിടെ ഒരു തച്ചൻ രഥമുണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. പകുതി തീര്‍ന്ന ആ രഥം ഷൂട്ടിങ്ങിനുവേണ്ടി വാങ്ങി. അതു പണിതുകൊണ്ടിരുന്ന തച്ചനോട് തിലകൻ ചോദിച്ചു: 'ഈ രഥത്തിൽ ഞാനൊരു കരവേല ചെയ്താൽ പിന്നെ അതുപയോഗിക്കാൻ പ്രയാസമാകുമോ?' 'കുഴപ്പമില്ല. ശരിയായില്ലെങ്കിൽ വേണ്ടെന്നുവെക്കാം.' എന്തായാലും ചിത്രീകരണസമയത്ത് ആ തടിയിൽ തിലകൻ ഒരു രൂപമൊരുക്കി. തച്ചന് അതിഷ്ടമായി.
'പെരുന്തച്ചന്റെ' ക്ലൈമാക്‌സ് ചിത്രീകരിക്കുമ്പോൾ കൂടം പിടിക്കാതെ വരുന്നതും പെരുന്തച്ചനെ മകൻ കണ്ണൻ വിളിക്കുന്നതുമായ ഒരു രംഗമുണ്ട്. കൂടം പിടിക്കുന്നതിന് മണ്ഡപത്തിനു മുകളിൽ ജോലിയിലായിരുന്ന പുറത്തുനിന്നുള്ള പണിക്കാരുമുണ്ടായിരുന്നു. അവര്‍ക്ക് കുടിക്കാൻ വെള്ളം കൊണ്ടുവന്നപ്പോൾ എല്ലാവരും ആ ഭാഗത്തേക്കു പോയി. ഒന്നരമുറി പൊക്കമുള്ള മണ്ഡപത്തിന്റെ ഏറ്റവും മുകളിലായിരുന്നു അപ്പോൾ തിലകന്‍. എല്ലാവരും ഒരുവശത്തേക്കു പോയപ്പോൾ മറുവശംകൊണ്ട് കൂടം ചരിഞ്ഞു. ഒപ്പം തിലകനും. താഴെ വീണാൽ പൊടിപോലും കിട്ടില്ല. മഹാഭാഗ്യത്തിന് ഒരു ഈറയിൽ പിടികിട്ടി. തിലകൻ രക്ഷപ്പെട്ടു.
പത്മരാജന്റെ ഭാര്യ പങ്കുവയ്ക്കുന്ന ഒരു ഓർമ്മ. 'നവംബറിന്റെ നഷ്ടം' ഷൂട്ട് നടക്കുന്ന സമയം. ഒരു വെളുത്ത ഫിയറ്റ് കാറിൽ മാധവിയും സുരേഖയും വര്‍ത്തമാനം പറഞ്ഞുകൊണ്ട് ഡ്രൈവ് ചെയ്തു വരുന്ന സീനാണ് എടുക്കുന്നത്. സുരേഖയ്ക്ക് ഡ്രൈവിങ് ശരിക്ക് നിശ്ചയമില്ലായിരുന്നു. ഓടിക്കൊണ്ടിരുന്ന കാറിന്റെ ഷോട്ട് എടുക്കണം. ആളെ കാണിക്കാതെ ചീറ്റ് ചെയ്ത് എടുക്കാൻ തീരുമാനിച്ചു. രണ്ടു നടികളെയും കാറില്‍നിന്നിറക്കി പത്മരാജൻ തന്നെ കാറെടുത്ത് ഓടിച്ചുതുടങ്ങി. കുറച്ചങ്ങു നീങ്ങിയതും പെട്രോൾ ടാങ്ക് പെട്ടെന്ന് പൊട്ടിത്തെറിച്ച് കാറിന് തീ പിടിച്ചു. പുറത്തു നിന്നവരാകെ പരിഭ്രമിച്ച് എന്തു ചെയ്യണമെന്നറിയാതെ ബഹളംവെച്ചു. കത്തുന്ന കാറിനകത്ത് പത്മരാജൻ തനിച്ച്. പിന്നെ എങ്ങനെയാണ് കാറിന്റെ ഡോർ തുറന്ന് അദ്ദേഹം പുറത്തേക്ക് ഇറങ്ങിയതെന്ന് അറിയില്ല. നിമിഷങ്ങൾ കൊണ്ട് കാറു മുഴുവൻ തീയായി. പുറത്തു നിന്നവരൊക്കെ ഭയന്ന് ജീവച്ഛവങ്ങളെപ്പോലെയായി. പത്മരാജൻ വല്ലാതെ പരിഭ്രമിച്ചിരുന്നു. എന്റെയും മക്കളുടെയും ഭാഗ്യം എന്നു തന്നെ പറയട്ടെ, ചെറിയൊരു പൊള്ളലുപോലും ഏല്ക്കാതെ അദ്ദേഹം രക്ഷപ്പെട്ടു.
ഒരു സ്വപ്നസീനോടു കൂടിയാണ് 'നവംബറിന്റെ നഷ്ടം' തുടങ്ങുന്നത്. പ്രതാപ് പോത്തനും മാധവിയും വധൂവരന്‍മാരുടെ വേഷത്തിൽ ഒരു രഥത്തിൽ യാത്രചെയ്യുന്നു. ഒരു രാജാവിന്റെ വേഷത്തിൽ കൈയിൽ ഒരു കുന്തവുമായി കുതിരപ്പുറത്തിരുന്ന് പുറകേ വരുന്ന ഗോപിയില്‍നിന്നും ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് അവര്‍. ഈ സീനാണ് ചിത്രീകരിക്കേണ്ടത്. ചിത്രത്തിന്റെ ഈ ഭാഗം മദ്രാസില്‍വെച്ചാണ് ഷൂട്ട് ചെയ്തത്. അഭിനേതാക്കളും രഥവും കുതിരയുമെല്ലാം റെഡിയായപ്പോഴാണ് ഗോപി പറയുന്നത് താനിതുവരെ ഒരു കുതിരയെ അടുത്തുനിന്നു കാണുകയോ കുതിരപ്പുറത്തു കയറുകയോ ചെയ്തിട്ടില്ലെന്ന്. അതുകൊണ്ടുതന്നെ കുതിരപ്പുറത്തു കയറാന്‍ ഗോപിക്ക് വല്ലാത്ത ഭയവുമുണ്ട്. പേടിക്കാനൊന്നുമില്ലെന്നും സാധാരണയായി പ്രേംനസീര്‍ ഓടിക്കുന്ന ഒരു പാവം കുതിരയെയാണ് ഷൂട്ടിങ്ങിനു കൊണ്ടുവന്നിരിക്കുന്നതെന്നുമൊക്കെ പറഞ്ഞ് പത്മരാജന്‍ ഗോപിക്ക് ധൈര്യം കൊടുത്തു. കുതിരക്കാരനും മറ്റൊരു കുതിരയും കൂടെ അവിടെയുണ്ടായിരുന്നു. ചിത്രീകരണവേളയിൽ മറ്റേ കുതിരപ്പുറത്ത് കുതിരക്കാരന്‍ ഗോപിയോടൊപ്പംതന്നെ കാണുമെന്നുംകൂടി അദ്ദേഹം പറഞ്ഞു. ഏതായാലും ഷോട്ട് റെഡിയായപ്പോൾ ഒരു സ്റ്റൂൾ എടുത്തുവെച്ച് ഗോപി കുതിരപ്പുറത്തു കയറി. തൊട്ടടുത്തുതന്നെ മറ്റേ കുതിരയുടെ പുറത്തായി കുതിരക്കാരനും കയറി. രണ്ടു കുതിരകളുടെയും കഴുത്തിലെ കയര്‍ കുതിരക്കാരന്റെ കൈയിലായിരുന്നു. കുതിര സാവധാനം നീങ്ങിത്തുടങ്ങി. രണ്ടു കുതിരകളും വളരെ അടുത്തടുത്തായി ഓടുന്നതുകൊണ്ട്, ഗോപിയുടെ കാൽ രണ്ടു കുതിരകളുടെയും കാലുകള്‍ക്കിടയില്‍പ്പെട്ട് വേദനിക്കുന്നുണ്ടായിരുന്നു. വേദന കൂടിക്കൂടി വരികയും, കുതിരസവാരി അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല എന്നു തോന്നിത്തുടങ്ങുകയും ചെയ്തപ്പോള്‍, ഗോപി കുതിരക്കാരന്റെ കൈയില്‍നിന്ന് താനിരിക്കുന്ന കുതിരയുടെ കയറങ്ങു വാങ്ങിച്ചു. കുതിരക്കാരന്‍ കയറില്‍നിന്നും പിടിവിട്ടതും ഒട്ടും പ്രതീക്ഷിക്കാതെ, കുതിര ഭയങ്കര വേഗത്തിൽ ഓടാന്‍ തുടങ്ങി. എന്തു ചെയ്യണമെന്നറിയാതെ, ഗോപി കുതിരപ്പുറത്തിരുന്ന് ഭയന്നു വിറയ്ക്കാനും തുടങ്ങി. കുതിര ഭയങ്കര സ്പീഡിൽ മൂന്നു കിലോമീറ്ററോളം ഓടി. കുതിരയെ എങ്ങനെയാണ് നിറുത്തേണ്ടതെന്ന് ഗോപിക്കറിഞ്ഞുകൂടാ. ഈ സ്പീഡിൽ പോയാല്‍, എവിടെയെങ്കിലും ചെന്നു വീഴും എന്നുറപ്പായപ്പോള്‍, ഗോപി രണ്ടുംകല്പിച്ച് കഴുത്തിലെ കയര്‍ ആഞ്ഞുവലിച്ചു. അതോടെ കുതിര മുന്‍വശത്തെ രണ്ടു കാലും മുകളിലേക്കു പൊക്കി ഒന്ന് മുക്രയിട്ടു. കയറില്‍നിന്ന് കൈയൊന്നു തെന്നിയാൽ ഗോപി തെറിച്ച് ദൂരെ ചെന്നു വീഴുമായിരുന്നു. അതുകൊണ്ടു തന്നെ കയറിലെ പിടി ഒന്നുകൂടി മുറുക്കി. ഭാഗ്യമെന്നു പറയട്ടെ, പിന്നീട് ഒറ്റയടി മുന്നോട്ട് വെക്കാന്‍ കഴിയാതെ കുതിര പെട്ടെന്നവിടെ നിന്നു. ഗോപി ജീവനുംകൊണ്ട്, എങ്ങനെയൊക്കെയോ കുതിരപ്പുറത്തുനിന്ന് ചാടി ഇറങ്ങി. അപ്പോഴേക്കും കുതിരക്കാരനും അങ്ങെത്തി. ഇത്രയും നേരം പത്മരാജനും ക്യാമറാമാന്‍ അശോക് കുമാറും ഒരു കാറിൽ ഗോപിയെ പിന്‍തുടര്‍ന്ന് ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. ഗോപി കുതിരപ്പുറത്തുനിന്നിറങ്ങിയതും കാറു നിര്‍ത്തി പത്മരാജന്‍ പുറത്തിറങ്ങി അടുത്തേക്കു ചെന്ന്, കുതിരപ്പുറത്ത് ഒരിക്കല്‍പ്പോലും കയറിയിട്ടില്ലെന്നു പറഞ്ഞ നിങ്ങൾ എത്ര മനോഹരമായിട്ടാണ് ഇപ്പോള്‍ കുതിരയെ ഓടിച്ചത് എന്ന് അഭിനന്ദിച്ചുകൊണ്ട് കൈപിടിച്ചു കുലുക്കി. കണ്ടുനിന്നവര്‍ക്കാര്‍ക്കുംതന്നെ ഗോപിയുടെ മരണവെപ്രാളം മനസ്സിലായിരുന്നില്ല. താമസിച്ചാൽ കുതിരപ്പുറത്തുനിന്ന് തെറിച്ചുവീണ് അപകടം പറ്റും എന്നു തോന്നിയപ്പോൾ രണ്ടുംകല്പിച്ച് കുതിരയുടെ കയറുപിടിച്ചു വലിക്കുകയായിരുന്നു എന്ന സത്യം ആരും മനസ്സിലാക്കിയിരുന്നില്ല.
'ഒരിടത്തൊരു ഫയൽവാൻ' സിനിമയിൽ ടിക്കറ്റ് വെച്ചുള്ള മത്സരമായിട്ടാണ് ഗുസ്തി ഷൂട്ട് ചെയ്തിരുന്നത്. ശരിക്കും ടിക്കറ്റു വാങ്ങി ഗുസ്തി കാണണമെന്നാണ് പാവപ്പെട്ട കുമരകത്തുകാർ ധരിച്ചിരുന്നത്. 'ഒരു രൂപ രണ്ടു രൂപ നിരക്കിൽ ടിക്കറ്റുകൾ വില്ക്കപ്പെടും' എന്ന മേസ്തിരിയായി വേഷമിട്ട നെടുമുടി വേണുവിന്റെ അനൗണ്‍സ്‌മെന്റ് കേട്ട് നാട്ടുകാർ ഗുസ്തി കാണാനായി പൈസയും കൊണ്ടാണ് ഗോദയ്ക്കടുത്തേക്ക് വന്നത്. ഇത് വെറും ഷൂട്ടിങ് മാത്രമാണെന്ന് നാട്ടുകാരെ പറഞ്ഞു മനസ്സിലാക്കുവാൻ ആരും മെനക്കെട്ടതുമില്ല. ആ നാട്ടിന്‍പുറത്തുള്ള മിക്ക ആളുകളും കുടുംബസമേതം ഗുസ്തി കാണാനെത്തി. മത്സരം കഴിഞ്ഞ് ഫയല്‍വാൻ ജയിച്ചുകഴിഞ്ഞപ്പോൾ നാട്ടുകാരെല്ലാവരും ആഘോഷമായി പാട്ടും, കൊട്ടും ഒക്കെയായി ഗ്രാമവീഥിയിലേക്ക് ഫയല്‍വാനെ ആനയിക്കുന്ന സീനിൽ തലയിലൊരു കെട്ടുകെട്ടി ലുങ്കിയും ഉടുത്തു തപ്പുകൊട്ടി ചുവടുവെച്ചു നീങ്ങുന്ന പത്മരാജനെയും കാണാം.
'ഒരിടത്തൊരു ഫയൽവാൻ' ഷൂട്ടിങ്ങിനിടയ്ക്ക് നടന്ന രസകരമായ മറ്റൊരു സംഭവം പത്മരാജൻ പങ്കുവയ്ക്കുന്നു. കുമരകത്ത് ഏതോ അമ്പലത്തിൽ ഉത്സവം നടക്കുന്നു. കാറ്റിലൂടെ അമ്പലത്തില്‍നിന്നും പാട്ടുകൾ ഷൂട്ടിംഗ് സംഘം താമസിക്കുന്ന 'സായിപ്പിന്റെ ബംഗ്ലാവി'ലും ഒഴുകി എത്തുന്നുണ്ടായിരുന്നു. അക്കൂട്ടത്തില്‍, 'ആനകളില്ലാതെ അമ്പാരിയില്ലാതെ ആറാട്ടു നടക്കാറുണ്ടിവിടെ' എന്ന പാട്ടു കേട്ടുതുടങ്ങിയപ്പോൾ മുതൽ ക്യാമറാമാൻ വിപിന്‍ദാസിനും സ്റ്റിൽ ഫോട്ടോഗ്രാഫര്‍ എന്‍. എല്‍. ബാലകൃഷ്ണനും വല്ലാത്തൊരു സംശയം - ആനയും അമ്പാരിയുമില്ലാതെ ആറാട്ടു നടത്തുകയോ ? അതു ശരിയല്ല. അതുകൊണ്ട് ആ പാട്ടും ശരിയല്ല. ഉടനെ ആ പാട്ട് നിര്‍ത്തിവെച്ചേ പറ്റൂ എന്നായി വിപിന്‍ദാസ്. രണ്ടു പേരും കൂടെ ഉത്സവസ്ഥലത്തു ചെന്നു ബഹളം വെച്ച് ആ പാട്ട് നിര്‍ത്തിവെച്ചത് ഒരുപാടു നാളുകളിൽ ഓര്‍ത്തോര്‍ത്തു ചിരിക്കാനുള്ള ഒരു സംഭവമായി മാറി.
ഫയൽവാൻ സിനിമയിൽ തവളക്കാലുകൾ വാങ്ങുവാൻ വരുന്ന ജോബ് എന്ന കഥാപാത്രം സ്ഥിരമായി ഉപയോഗിക്കുന്ന ഒരു പെട്ടി ഓട്ടോ ഉണ്ട്. ഓട്ടോ കൊണ്ടുവന്നപ്പോൾ അതൊന്ന് ഓടിച്ചുനോക്കാൻ പത്മരാജനു മോഹം. പക്ഷേ, ഓടിക്കുന്നതിനിടയ്ക്ക് ഓട്ടോ തല കീഴായി മറിഞ്ഞു. അദ്ദേഹം ഓട്ടോയുടെ അടിയില്‍പ്പെട്ടുപോയി. പിന്നെ ഫയല്‍വാനായ റഷീദും കൂട്ടരും ചേര്‍ന്ന് ഓട്ടോ പൊക്കി അദ്ദേഹത്തെ അതിനടിയില്‍നിന്ന് എടുത്തു മാറ്റുകയായിരുന്നു.
ഗായകൻ ജയചന്ദ്രന്റെ സിനിമാപ്രവേശത്തിന് നിമിത്തമായത് എം.ബി.ശ്രീനിവാസനാണ്. പ്യാരി ആന്റ് കമ്പനിയിൽ ഉദ്യോഗസ്ഥനായി ചെന്നൈയിൽ ഒതുങ്ങിക്കഴിയുന്ന കാലത്ത് ഡിഫന്‍സ് ഫണ്ടിനുവേണ്ടി നടന്ന ഗാനമേളയിൽ പാടാൻ ജയചന്ദ്രന് അവസരം നല്കിയത് എം.ബി.എസ്സാണ്. റിഹേഴ്‌സൽ കാണാനെത്തിയതായിരുന്നു ജയചന്ദ്രന്‍. ഗാനമേളയിൽ ചൊട്ടമുതൽ ചുടലവരെ എന്ന ഗാനം പാടേണ്ടിയിരുന്ന യേശുദാസിന് അസൗകര്യംമൂലം വരാൻ കഴിയാതെ പോയപ്പോൾ പകരം പാടാൻ സന്നദ്ധത പ്രകടിപ്പിച്ച ഇരിങ്ങാലക്കുടക്കാരൻ പയ്യനെ ധൈര്യംകൊടുത്ത് സ്റ്റേജിലേക്കയച്ചത് എം.ബി. എസ്സാണ്. അന്ന് ജയചന്ദ്രൻ പാടുന്നതു കേട്ട ശോഭനാ പരമേശ്വരൻ നായരും ആര്‍.എസ്. പ്രഭുവും ആര്‍.കെ. ശേഖറും 'കുഞ്ഞാലിമരയ്ക്കാര്‍' എന്ന ചിത്രത്തിലേക്ക് പുതിയ ഗായകനെ ശുപാര്‍ശ ചെയ്തത് ഇന്ന് ചരിത്രം.