'ഉള്‍ക്കടല്‍' എന്ന ചിത്രത്തിലെ ഗാനങ്ങൾ കടുത്ത മാനസിക സംഘര്‍ഷത്തിന്റെ നിഴലിലാണ് എം.ബി.എസ്. ചിട്ടപ്പെടുത്തിയത്. ഒ.എന്‍.വി. ഓര്‍ക്കുന്നു. എം.ബി.എസ്സ്. കോഴിക്കോട്ടുനിന്ന് വരുന്നതും കാത്ത് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിൽ നില്‍ക്കുകയാണ് ഞങ്ങള്‍- ഞാനും സംവിധായകന് കെ.ജി.ജോര്‍ജും. അപ്പോഴാണ് എം.ടി.യുടെ ഫോണ്‍. വഴിക്കെവിടെയോ വെച്ച് പോലീസും എം.ബി.എസ്സും തമ്മിൽ കശപിശ. ഇപ്പോൾ എറണാകുളത്ത് സൗത്ത് പോലീസ് സ്റ്റേഷനിൽ ഇരുത്തിയിരിക്കുകയാണദ്ദേഹത്തെ.' എം.ബി.എസ്. മദ്യപിച്ച് ട്രെയിനിൽ ബഹളമുണ്ടാക്കി എന്നായിരുന്നു പോലീസ് ഭാഷ്യം. ശരീരവേദന മാറ്റാൻ തലേന്നു രാത്രി കഴിച്ച കോര്‍ട്ടിസോൺ അടങ്ങിയ വേദനസംഹാരി വരുത്തിവെച്ച പ്രശ്നങ്ങളായിരുന്നു എല്ലാം എന്ന വിശദീകരണമൊന്നും പോലീസ് മുഖവിലയ്ക്കെടുത്തില്ല. എം.ബി.എസ്സിനെ തിരിച്ചറിയാനുള്ള പൊതുവിജ്ഞാനമൊന്നുമില്ലാത്ത പോലീസുകാർ 'ശല്യക്കാരനെ' പിടിച്ചുവലിച്ച് എഴുന്നേല്പിച്ച് എറണാകുളത്ത് ഇറക്കുന്നു. 'അയാം എ മ്യൂസിക് ഡയറക്ടര്‍; ആന്‍ഡ് എ കമ്യൂണിസ്റ്റ്' എന്ന എം.ബി.എസ്സിന്റെ ഉറക്കെയുള്ള പ്രഖ്യാപനം പോലീസിനെ കൂടുതൽ ചൊടിപ്പിച്ചതേയുള്ളൂ. വിവരമറിഞ്ഞയുടന്‍ ഒ.എന്‍.വി.യും ജോര്‍ജും അന്നത്തെ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരെയും ഡി.ജി.പി. എം.കെ. ജോസഫിനെയും ചെന്നുകണ്ട് വിവരമറിയിക്കുന്നു. ഇരുവരുടെയും ഇടപെടലാണ് എം.ബി.എസ്സിനെ പോലീസ് കസ്റ്റഡിയില്‍നിന്ന് മോചിപ്പിക്കാൻ സഹായകമായത്. ക്ഷീണിതനായി തമ്പാനൂരിൽ വന്നിറങ്ങിയ എം.ബി.എസ്സിന്റെ രൂപം ഇന്നുമുണ്ട് ഒ.എന്‍.വി.യുടെ മനസ്സില്‍. തലേന്നത്തെ അനുഭവം മാനസികമായി അദ്ദേഹത്തെ തളര്‍ത്തിയിരുന്നു. വന്നിറങ്ങിയ ഉടൻ ഒ.എന്‍.വി.യുടെ വീട്ടിലേക്കായിരുന്നു യാത്ര. കുളിച്ച് ഉന്മേഷം വീണ്ടെടുത്തശേഷം ഹാര്‍മോണിയം മുന്നിലേക്കു നീക്കിവെച്ച് പ്രിയസൃഹൃത്തിനോട് എം.ബി.എസ്. പറഞ്ഞു: 'ഒ.എന്‍.വി, ലെറ്റസ് സ്റ്റാര്‍ട്ട്. വര്‍ക്ക് ഈസ് അവർ ലൈഫ്. നത്തിങ് എല്‍സ് ഷുഡ് ബോതർ അസ്...' അന്ന് എം.ബി.എസ്സിന്റെ ഹാര്‍മോണിയത്തിൽ പിറന്നുവീണതാണ് 'ഉള്‍ക്കടലി'ലെ ഗാനങ്ങളെല്ലാം.
'ചെമ്പരത്തിപ്പൂവേ' ചിട്ടപ്പെടുത്തുമ്പോള്‍ അത് ഇത്രയേറെ ആരാധകരെ നേടിയെടുക്കുമെന്നു സ്വപ്നത്തില്‍പ്പോലും പ്രതീക്ഷിച്ചിരുന്നില്ല, പാട്ടെഴുതിയ ഷിബു ചക്രവര്‍ത്തിയും ഈണമിട്ട രഘുകുമാറും. ഭാഗ്യത്തിന്റെ അകമ്പടിയോടെ ആണ് ആ പാട്ട് സിനിമയിൽ ഇടം നേടിയതുപോലും. 'ജൂബിലിയുടെ ഒരു പ്രൊജക്ട് ക്യാന്സലായിപ്പോയതുകൊണ്ടുമാത്രം നിര്‍മിക്കപ്പെട്ട സിനിമയാണ് ശ്യാമ,' ഷിബു ഓര്‍ക്കുന്നു. മമ്മൂട്ടിയുടെ ഏഴു ദിവസത്തെ ഡേറ്റ് ഉണ്ട് കൈയില്‍. ചുരുങ്ങിയ സമയത്തിനുള്ളിൽ പടം തട്ടിക്കൂട്ടണം. കമ്പോസിങ്ങിനും റെക്കോഡിങ്ങിനുമായി നീക്കിവെച്ചിരുന്നത് കഷ്ടിച്ച് രണ്ടു ദിവസം മാത്രം. രഘുവേട്ടന് കൊച്ചിയിലെ പഴയ കല്പക ഹോട്ടലില്‍വെച്ചു മൂന്നു പാട്ടിന്റെ ട്യൂൺ തയ്യാറാക്കിയ ശേഷം ചെന്നൈയിലേക്ക് തിരിച്ചുപോകുന്നു. ട്യൂൺ കേട്ടെഴുതിയ പാട്ടുകളുമായി പിറ്റേന്നു കാലത്തു ചെന്നൈയിൽ ഹാജരാകാനാണ് എനിക്കു കിട്ടിയ നിര്‍ദേശം. വൈകുന്നേരത്തെ മദ്രാസ് മെയിൽ പിടിക്കാന്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ ചെന്നപ്പോള്‍ അവിടെ രഘുവേട്ടന് പാടിവെച്ച ട്യൂണുകളുടെ കാസറ്റുമായി ജൂബിലി ജോയിയുടെ സഹോദരന് ജിമ്മി എന്നെ കാത്തുനില്പുണ്ട്. സാമാന്യം വലിപ്പമുള്ള പഴയ ഒരു കാസറ്റ് പ്ലെയറും ജിമ്മി എന്നെ ഏല്പിച്ചു. ഈണങ്ങള്‍ കേട്ടുവേണമല്ലോ എഴുതാന്‍... 'മദ്രാസ് മെയിലിന്റെ ഒന്നാം ക്ലാസ് കമ്പാര്‍ട്ട്മെന്റിലെ ബഹളത്തിൽ വലിയ ടേപ്പ്റെക്കോഡര്‍ കാതോടു ചേര്‍ത്തുവെച്ച് ട്യൂൺ കേള്‍ക്കുന്നത് സാഹസമായിരുന്നു. ഹെഡ്ഫോണില്ലാത്ത കാലമല്ലേ. ആദ്യത്തെ ട്യൂണിന്റെ പല്ലവി ആവര്‍ത്തിച്ചു കേട്ടപ്പോള്‍ 'ചെമ്പരത്തിപ്പൂവേ' എന്നൊരു വാക്ക് മാത്രം മനസ്സില്‍ തടഞ്ഞു. പാട്ടിന്റെ പല്ലവിയും ആദ്യത്തെ ചരണവും എഴുതിത്തീരുമ്പോഴേക്കും വണ്ടി കേരളത്തിന്റെ അതിര്‍ത്തി കടന്നു തമിഴ്നാട്ടിൽ എത്തിയിരുന്നു. അവശേഷിച്ച രണ്ടു ട്യൂണുമായിട്ടായി പിന്നത്തെ മല്‍പ്പിടുത്തം. വണ്ടി സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തുമ്പോഴേക്കും മൂന്നു പാട്ടിന്റെയും രണ്ടാമത്തെ ചരണങ്ങള്‍ എഴുതിത്തീരാന്‍ ബാക്കി; ഒരു രാത്രിയിലെ ഉറക്കവും.' ജമിനി സ്റ്റുഡിയോയിലാണ് പൂജയും റെക്കോഡിങ്ങും. ഉത്സവത്തിനുള്ള ആളുണ്ടവിടെ. മിക്കവരും സിനിമയിലെ പ്രമുഖര്‍. ഒന്നുരണ്ടു സിനിമയ്ക്ക് മാത്രം പാട്ടെഴുതിയ പരിചയവുമായി സ്റ്റുഡിയോയുടെ മൂലയ്ക്ക് ചടഞ്ഞിരുന്ന എം.എ. വിദ്യാര്‍ഥിയെ ആരും ശ്രദ്ധിച്ചുപോലുമില്ല. 'എന്റെ വേവലാതി മുഴുവന്‍ എഴുതിത്തീരാത്ത പാട്ടിനെക്കുറിച്ചായിരുന്നു. അവസാനവരികള്‍ എത്ര ആലോചിച്ചിട്ടും ഒത്തുകിട്ടുന്നില്ല. ചിത്ര റെക്കോഡിങ്ങിന് എത്താന്‍ ഏതാനും മിനിട്ടുകള്‍ മാത്രം. പാട്ടു പൂര്‍ത്തിയായില്ല എന്ന കാരണംകൊണ്ട് റെക്കോഡിങ് മുടങ്ങിപ്പോയാൽ എന്തായിരിക്കും എന്റെ അവസ്ഥ? ആ ഇരുപ്പില്‍ സകല ദൈവങ്ങളെയും പ്രാര്‍ഥിച്ചു തിടുക്കത്തിൽ എഴുതിത്തീര്‍ത്തതാണ് 'ചെമ്പരത്തിപ്പൂവേ' എന്ന പാട്ടിലെ 'താഴ്വരയാറ്റിന്‍ തീരേ' എന്നു തുടങ്ങുന്ന ചരണം,' ഷിബു. റെക്കോഡിസ്റ്റുകള്ക്കിടയിലെ ലജന്‍ഡായ കോടീശ്വര റാവു ആണ് പാട്ടുകള്‍ ആലേഖനം ചെയ്തത്. ശ്യാമയില്‍ ക്ലൈമാക്സിനു തൊട്ടുമുന്‍പാണ് 'ചെമ്പരത്തിപ്പൂവേ' എന്ന ഗാനം കടന്നുവരേണ്ടിയിരുന്നത്. സിനിമയുടെ ഒഴുക്കിനെ അത് ബാധിക്കുമോ എന്ന് ജോഷിക്കും ഡെന്നിസിനും ആശങ്ക. പടത്തില്‍നിന്ന് പാട്ട് ഒഴിവാക്കാന്‍ തീരുമാനിക്കുന്നത് അക്കാരണത്താലാണ്. പക്ഷേ, കഥ അവിടെ തീര്‍ന്നില്ല. പടത്തിന്റെ റിലീസിനു മുന്‍പ് കോരച്ചേട്ടനെ പോയി കാണുന്ന പതിവുണ്ട് അന്ന് ചെന്നൈയിലെ സിനിമാക്കാര്‍ക്ക്. കോടമ്പാക്കത്തിന്റെ പ്രിയ ജ്യോതിഷിയാണ് കോര. കോരച്ചേട്ടന്റെ ചീട്ടാണ് പല സിനിമകളുടെയും ഭാഗധേയം നിര്‍ണയിച്ചിരുന്നത്. ചീട്ടിട്ട് കോരച്ചേട്ടന്‍ ജോഷിയോട് പറഞ്ഞു: 'എന്തോ ഒരു കുഴപ്പം കാണുന്നു. നിങ്ങളുടെ സിനിമയില്‍ വല്ലതും ഷൂട്ട് ചെയ്യാതെ വിട്ടിട്ടുണ്ടോ?' പാട്ട് ഒഴിവാക്കിയ കാര്യം അറിയിച്ചപ്പോള്‍ കോരച്ചേട്ടന്‍ നിസ്സംശയംപറഞ്ഞു: 'എങ്കില്‍ സമയം കളയാതെ അത് ഷൂട്ട് ചെയ്തു ചേര്‍ത്തുകൊള്ളുക. പടത്തിന് ഈ പാട്ടുകൊണ്ട് ഗുണമുണ്ടാകും.' വേറെ വഴിയില്ലായിരുന്നതുകൊണ്ട് പിറ്റേന്നുതന്നെ മൂന്നാറില്‍ പോയി ജോഷി 'ചെമ്പരത്തിപ്പൂവേ' ഷൂട്ട് ചെയ്യുന്നു. എന്തായാലും കോരച്ചേട്ടന്റെ പ്രവചനം പാഴായില്ല.
ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത 'തുടര്‍ക്കഥ'യുടെ സംഗീതസംവിധായകൻ എസ് പി വെങ്കിടേഷ് ആയിരുന്നു. ഗാനരചയിതാവ് ഒ.എന്‍.വി.യും. പടത്തിലെ നാലു ഗാനങ്ങളും (ആതിര വരവായി, അളകാപുരിയില്‍, മഴവില്ലാടും, ശരറാന്തല്‍ പൊന്നും പൂവും) എഴുതിത്തീര്‍ത്ത ശേഷം നാട്ടിലേക്ക് തിരിച്ചുപോകാൻ ഒരുങ്ങുകയാണദ്ദേഹം. കമ്പോസിങ് കഴിഞ്ഞ് എല്ലാവരും എ.വി.എം. സ്റ്റുഡിയോയിലെ ഡൈനിങ് റൂമിൽ വന്നിരുന്നപ്പോള്‍ വെങ്കിടേഷിനോട് ഡെന്നീസ് ഒരാഗ്രഹം പറഞ്ഞു: 'ഗിറ്റാറിൽ എന്തെങ്കിലും ഒരു പീസ് വായിച്ചുകേള്‍പ്പിക്കണം.' ഡെന്നീസ് പറഞ്ഞതുപോലെ വെങ്കിടേഷ് ഗിറ്റാറിൽ ഒരു പീസ് വായിക്കുന്നു. ഒരു ചെറിയ മ്യൂസിക്കൽ ബിറ്റ്. വെറുതെ ഒരു രസത്തിനു വേണ്ടി വായിച്ചതാണെങ്കിലും ആ ഈണം ഡെന്നീസിന്റെ മനസ്സിനെ തൊട്ടു. ഇതൊരു പാട്ടാക്കി മാറ്റി സിനിമയിൽ ഉപയോഗിക്കണമെന്ന് തീരുമാനിച്ചുകഴിഞ്ഞിരുന്നു അദ്ദേഹം. എയര്‍പോര്‍ട്ടിലേക്ക് തിടുക്കത്തിൽ പോകാൻ ഒരുങ്ങിനിന്ന ഒ.എന്‍.വി.യെ അനുനയിപ്പിച്ച് ഒരു പല്ലവി എഴുതി വാങ്ങുകയായിരുന്നു അടുത്ത ദൗത്യം. നിന്ന നില്പില്തന്നെ ട്യൂണിനൊത്ത് രണ്ടുവരികൾ പറഞ്ഞുകൊടുത്തു ഒ.എന്‍.വി.; ബാക്കിഭാഗം നാട്ടിലെത്തി ഫോണിൽ വിളിച്ചുപറയാമെന്ന് വാക്കുനല്കി ഉടൻ സ്ഥലം വിടുകയും ചെയ്തു. വെങ്കിടേഷിന്റെ ഇന്‍സ്റ്റന്റ് ഈണത്തിനൊത്ത് ഒ.എന്‍.വി. രചിച്ച വരികൾ ഇവയായിരുന്നു: 'മാണിക്യക്കുയിലേ നീ കാണാത്ത കാടുണ്ടോ, കാണാത്ത കാട്ടിലേതോ നീലക്കടമ്പുണ്ടോ...' 1991 ലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളിലൊന്ന്.
രണ്ടു പാട്ടെഴുതിത്തരണമെന്ന അപേക്ഷയുമായി ഒരു സുപ്രഭാതത്തിൽ വാതിലിൽ വന്നുമുട്ടിയ രവീന്ദ്രനെക്കുറിച്ച് പൂവച്ചൽ ഖാദർ പറഞ്ഞിട്ടുണ്ട്. മലയാളസിനിമ അന്ന് രവീന്ദ്രനിലെ സംഗീതസംവിധായകനെ സ്വീകരിച്ചു തുടങ്ങിയിരുന്നില്ല. ഖാദർ എഴുതിക്കൊടുത്ത പാട്ടുകൾ ചിട്ടപ്പെടുത്തി അവ സ്വയം പാടി കാസറ്റിലാക്കി സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും വീടുകൾ കയറിയിറങ്ങി നടന്നു രവീന്ദ്രന്. പുച്ഛവും സഹതാപം കലര്‍ന്ന നോട്ടവുമൊക്കെയാണ് അന്നു ലഭിച്ച പ്രതികരണങ്ങള്‍. പിന്നീടൊരിക്കൽ വര്‍ഷങ്ങള്‍ക്കുശേഷം മലയാള സിനിമാസംഗീതം രവീന്ദ്രനു ചുറ്റും കറങ്ങുന്ന കാലം വന്നു.
അമ്മ സംഘടന നിർമ്മിക്കുന്ന സിനിമ എന്ന ആശയം ആദ്യം മുന്നോട്ട് വച്ചത് നടൻ തിലകൻ ആയിരുന്നു. സംഘടനയുടെ ഫണ്ട് രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചയിലാണ് തിലകൻ ഈ ആശയം മുന്നോട്ട് വച്ചത്. മമ്മൂട്ടിയും, മോഹൻലാലും മുഖ്യവേഷം ചെയ്യണമെന്നും, പറ്റിയ കഥ തന്റെ കയ്യിലുണ്ടെന്നും തിലകൻ അന്ന് പറഞ്ഞിരുന്നു. 90കളുടെ അവസാനത്തിലായിരുന്നു അത്. പക്ഷേ അന്ന് മിക്കവരും അതിനെ എതിർക്കുകയായിരുന്നു.
ഭാര്യാഭർത്താക്കന്മാർ നായികാനായകന്മാരായി അഭിനയിച്ച ഏക മലയാള സിനിമയാണ് 'നിർമല'. ജോസഫ് ചെറിയാനും, ബേബിയുമാണ് ഇതിലെ നായകനും, നായികയും. ഇവർ യഥാർത്ഥജീവിതത്തിൽ ഭാര്യാഭർത്താക്കന്മാരായിരുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ ഇതൊരു അപൂർവ്വതയാണ്.
ലോഹിതദാസിന്റെ നാട്ടിൽ ഒരുപാട് റൗഡികൾ ഉണ്ടായിരുന്നു. ഒരിക്കൽ ഒരു റൗഡിയെ ഷേവ് ചെയ്തുകൊണ്ടിരിക്കേ ബാർബറുടെ കത്തി അയാളുടെ കഴുത്തിലെ കുറ്റിരോമങ്ങളിലൂടെ നീങ്ങിയതും റൗഡി കയ്യിൽ കയറിപ്പിടിച്ചു പറഞ്ഞു, ''മതി''. റൗഡിയുടെ മുഖത്ത് ഒരു ദയനീയമായ ഗൗരവം നിറഞ്ഞു. ഏതൊരു ആയുധത്തിന്റെയും വായ്ത്തലയെ സംശയിച്ച് ഏത് നിമിഷവും മരണത്തെ പ്രതീക്ഷിച്ചുകൊണ്ടുള്ള ഒരു മനുഷ്യന്റെ ജീവിതം ലോഹിയെ സ്പർശിച്ചു. അതാണ് 'ചെങ്കോൽ' എന്ന സിനിമയുടെ ചിന്തകളിലേയ്ക്ക് നയിച്ചത്.