'വീണ്ടും ചില വീട്ടുകാര്യങ്ങളു'ടെ പാട്ടുകൾ കമ്പോസ് ചെയ്തത് ഷൊർണൂരുവെച്ചായിരുന്നു. ലോഹിതദാസാണ് തിരക്കഥാകൃത്ത്. എഴുത്തു തുടങ്ങിയിട്ടേയുള്ളൂ. മനസ്സിൽ കഥ രൂപപ്പെട്ടുകഴിഞ്ഞാൽ എഴുതിത്തീരുന്നതിനിടയിൽ ലോഹി ഏറ്റവും ആസ്വദിക്കുന്ന സമയമാണ് പാട്ടുകളുടെ കമ്പോസിങ്. സംഗീതസംവിധായകനോടൊപ്പം ഉറക്കെപാടും, താളമടിക്കും, ഹരം മൂത്താൽ ചിലപ്പോൾ സിറ്റ്വേഷൻതന്നെ മാറ്റിക്കളയും. അതുകൊണ്ടാണ് ജോൺസണെ ലോഹിയുടെ ഇഷ്ടസ്ഥലമായ ഷൊർണൂരിലേക്കു കൊണ്ടുവന്നത്. രണ്ടുമൂന്നു ദിവസം കഴിഞ്ഞിട്ടും പാട്ടെഴുതാൻ കൈതപ്രം എത്തിയിട്ടില്ല. കൈതപ്രംകൂടി വന്നിട്ടു മതി ജോലികൾ എന്നു സത്യൻ അന്തിക്കാട് പറഞ്ഞു. ജോൺസണും കൈതപ്രത്തിന്റെ സാന്നിധ്യം ഒരു പ്രചോദനമാണ്. ഒരുമിച്ചു പാടിനോക്കിയാണ് അവർ ഒരു ഗാനത്തിന്റെ ഈണം തീരുമാനിക്കുക. 'കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി'യും 'ചന്ദനച്ചോലയിൽ മുങ്ങിനീരാടിയു'മൊക്കെ വരികൾ എഴുതി ഈണമിട്ടതാണെന്ന തോന്നലുണ്ടാകുന്നത് അതുകൊണ്ടാണ്. ഉത്സവകാലമായതുകൊണ്ട് കൈതപ്രത്തിന് സംഗീതക്കച്ചേരികളുടെ തിരക്കായിരുന്നു. വിളിക്കുമ്പോഴൊക്കെ തിരുമേനി പറയും: 'ജോൺസണോട് ട്യൂൺ ഇട്ടുവെക്കാൻ പറയൂ. ഞാൻ വന്നിട്ട് എഴുതിക്കൊള്ളാം.' അതു വേണ്ട എന്ന് സത്യനും ലോഹിയും തീരുമാനിച്ചു. അല്പം വൈകിയാലും കൈതപ്രം വന്നിട്ടു മതി. പക്ഷേ, ജോൺസണ് ബോറടിക്കാനും പാടില്ല. 'വീട്ടുകാര്യങ്ങളി'ൽ അനിയത്തിയുടെ കല്യാണത്തിനു പള്ളിയിൽവെച്ച് ജയറാം പാടുന്ന പാട്ടിന്റെ സിറ്റ്വേഷൻ രൂപപ്പെട്ട ദിവസമാണ്. ജോൺസണ് ജോലി കൊടുക്കാൻവേണ്ടി സത്യൻ അന്തിക്കാട് ഒരു ഡമ്മിപാട്ടെഴുതി. 'വിശ്വം കാക്കുന്ന നാഥാ വിശ്വൈകനായകാ ആത്മാവിലെരിയുന്ന തീയണയ്ക്കൂ, നിൻ ആത്മചൈതന്യം നിറയ്ക്കൂ...' അതു കൊടുത്തിട്ടു പറഞ്ഞു: 'ഏകദേശം ഇതുപോലെയുള്ള വരികളാകും ഉണ്ടാകുക. ഒന്നു പിടിച്ചുനോക്കൂ.' ജോൺസൺ അതിമനോഹരമായി അതു പാടിക്കേൾപ്പിച്ചതും കൈതപ്രം വന്നതും ഒരുമിച്ചായിരുന്നു. ഉടനെ സത്യൻ കടലാസ് തിരിച്ചുവാങ്ങി പറഞ്ഞു: 'ഇനി തിരുമേനി ആയിക്കോളും.' പക്ഷേ, കൈതപ്രം സമ്മതിച്ചില്ല. 'ഈ സന്ദർഭത്തിന് ഏറ്റവും നന്നായി ചേരുന്ന വരികളാണിത്. വരികളെക്കാളുപരി ജോൺസൺ അതിനു നല്കിയ ജീവൻ. ഇത് ഇങ്ങനെത്തന്നെ മതി. ബാക്കി പാട്ടുകളേ ഞാനെഴുതൂ.' അങ്ങനെ വർഷങ്ങളായി പാട്ടെഴുതാതിരുന്ന സത്യൻ അന്തിക്കാട് ജോൺസൺ കാരണം വീണ്ടും ഗാനരചയിതാവായി.
'പൊന്മുട്ടയിടുന്ന താറാവി'ന്റെ പാട്ടുകളൊരുക്കുന്ന സമയമാണ്. ഒ.എൻ.വി. യോട് കഥയും സന്ദർഭവുമൊക്കെ നേരത്തേ പറഞ്ഞിരുന്നു. ട്യൂൺ ചെയ്യുമ്പോൾ വല്ല മാറ്റങ്ങളും വേണ്ടിവന്നാലോ എന്നു വിചാരിച്ച് തിരുവനന്തപുരത്തേക്ക് ജോൺസണേയും കൂട്ടി. വന്നതിന്റെ പിറ്റേന്ന് രണ്ടു പാട്ടുകൾ ഒ.എൻ.വി. എഴുതി. 'തീയിലുരുക്കി തൃത്തകിടാക്കി' എന്ന പാട്ട് വളരെ പെട്ടെന്ന് രൂപം കൊണ്ടു. ട്യൂണിനനുസരിച്ച് ഇടയ്ക്ക് രണ്ടു വരികൾ ഒ.എൻ.വി. മാറ്റിക്കൊടുക്കുകയും ചെയ്തു. അദ്ദേഹം പോയതിനുശേഷമാണ് രണ്ടാമത്തെ ഗാനം നോക്കിയത്. സിനിമയിൽ ശാരി അവതരിപ്പിച്ച നൃത്താധ്യാപിക കുട്ടികളെ നൃത്തം പഠിപ്പിക്കുന്ന പാട്ടാണ്. അതിൽ കഥാപാത്രങ്ങളുടെ ജീവിതവും പ്രതിഫലിക്കണം. ഒരു നൃത്തത്തിനു പറ്റിയ അതിമനോഹരമായ വരികളാണ് ഒ.എൻ.വി. എഴുതിയത്. അതുകൊണ്ടുതന്നെ അല്പം കട്ടിയുള്ള സാഹിത്യവും അതിൽ വന്നുകയറി. വളരെ ലളിതമായ ഒരു പാട്ടായിരുന്നു സത്യന്റെ മനസ്സിൽ. ഒ.എൻ.വിയെപ്പോലെ മികവു തെളിയിച്ച ഒരു കവിയോട് വരികൾ മാറ്റിയെഴുതാൻ എങ്ങനെ പറയും? ജോൺസൺ പറഞ്ഞു: 'നമുക്കിതുതന്നെ ശരിയാക്കിയെടുക്കാം.' തൃപ്തിയായില്ലെങ്കിൽ അതു തുറന്നു പറയുന്നതാണ് നല്ലതെന്നായി ശ്രീനിവാസൻ. സത്യൻ പറഞ്ഞു, 'ഞാനൊരു ചതിചെയ്യാൻ പോകുന്നു.' ജോൺസന്റെ മുന്നിലിരുന്നുതന്നെ ഒ.എൻ.വി യെ വിളിച്ചു: 'ആ പാട്ട് ജോൺസൺ സംഗീതം കൊടുത്തിട്ട് നന്നാകുന്നില്ല. പലവട്ടം ശ്രമിച്ചുനോക്കി. അതിലെ വരികൾ ജോൺസണ് വഴങ്ങുന്നില്ല.' ജോൺസൺ അമ്പരന്ന് സത്യനെ നോക്കി. 'അതിന്റെ താളം പിടികിട്ടാത്തതുകൊണ്ടാവും. ഞാനങ്ങോട്ടു വരാം' എന്ന് ഒ.എൻ.വി. 'വേണ്ട സാർ. നമുക്ക് കുറച്ചുകൂടി സിമ്പിളായ ഒരു പാട്ടാക്കി മാറ്റിയാലോ? നൃത്തം പഠിപ്പിക്കലൊക്കെ ഒരു പേരിനു മതി.' 'എങ്ങനെ?' ഒ.എൻ.വി.സാറിന്റെതന്നെ പഴയ ഗാനം ഓർമിപ്പിച്ചുകൊണ്ട് സത്യൻ പറഞ്ഞു: 'പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേപോലെ ലളിതമായ വരികൾ?' ഒ.എൻ.വി.അല്പനേരം നിശ്ശബ്ദനായി. 'സമയമെടുത്ത് എഴുതിക്കോളൂ സാർ. എനിക്ക് മദ്രാസിലേക്ക് അയച്ചുതന്നാലും മതി.' 'നിങ്ങളെപ്പോഴാ പോകുന്നത്?' 'നാളെ രാവിലെ ഒമ്പതരയ്ക്കുള്ള ഫ്ളൈറ്റിൽ.' പിറ്റേന്ന് രാവിലെ ഏഴു മണിക്ക് ഒ.എൻ.വി. ഹോട്ടലിൽ വന്നു. ഒരു കടലാസ് സത്യന്റെ കൈയിൽ കൊടുത്തിട്ടുപറഞ്ഞു: 'സത്യൻ പറഞ്ഞ മീറ്ററിൽത്തന്നെയാണ് എഴുതിയത്. ഇത് മതിയോ എന്നു നോക്കൂ.' സത്യൻ അദ്ഭുതപ്പെട്ടുപോയി. 'പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളേ' എന്ന വരികളുടെ അതേ താളത്തിൽ. 'കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം' മഹാനായ കവിയെ മനസ്സിൽ നമിച്ചുകൊണ്ട് സത്യൻ പറഞ്ഞു: 'ഇത് മനോഹരമായിട്ടുണ്ട്.' എയർപോർട്ടിലേക്കു പോകാനുള്ള തിരക്കിലായതുകൊണ്ട് ജോൺസൺ അപ്പോഴത് വായിച്ചില്ല. മദ്രാസിൽ എയർപോർട്ടിൽനിന്ന് നേരേ ന്യൂ വുഡ്ലാന്റ്സ് ഹോട്ടലിലേക്കാണ് ജോൺസണും, സത്യനും പോയത്. മുറിയെടുത്ത് സത്യനൊന്ന് കുളിക്കാൻ കയറി. ജോൺസൺ ഹാർമോണിയമെടുത്തുവെച്ച് പാട്ടിലെ വരികൾ നോക്കുകയായിരുന്നു. തലയിൽ വെള്ളമൊഴിച്ച് കുളി തുടങ്ങിയപ്പോൾ ജോൺസൺ ആ പാട്ട് മൂളിനോക്കുന്ന ശബ്ദം കേട്ടു. നാടൻസൗന്ദര്യമുള്ള, സിനിമയിലെ സന്ദർഭത്തിന് ഏറ്റവും അനുയോജ്യമായ ഈണം. പിന്നെ വരികൾ ആ ഈണത്തിൽ ഇമ്പമുള്ള ശബ്ദത്തിൽ ജോൺസൺ പാടാൻ തുടങ്ങി. തല തുവർത്താൻ ക്ഷമയില്ലാതെ കതകു തുറന്ന് ആവേശത്തോടെ സത്യൻ പറഞ്ഞു: 'ഇതു മതി മാഷേ, ഇതാണ് നമുക്കു വേണ്ട പാട്ട്.' ഇന്നു നമ്മൾ കേൾക്കുന്ന 'കുന്നിമണിച്ചെപ്പി' ന്റെ ജനനം അങ്ങനെയായിരുന്നു.
'തൂവൽക്കൊട്ടാര'ത്തിന്റെ നൂറ്റി ഇരുപത്തഞ്ചാം ദിനാഘോഷം കോഴിക്കോട്ടുവെച്ച് നടത്തിയിരുന്നു. ചടങ്ങുകളൊക്കെ കഴിഞ്ഞ് ഡിന്നർ ആരംഭിക്കും മുൻപ് ഏതോ കോഴിക്കോടൻസുഹൃത്തിനൊപ്പം ജോൺസൺ മുങ്ങി. തിരിച്ചുവന്നപ്പോൾ സത്യൻ അന്തിക്കാടിന് മനസ്സിലായി, സാമാന്യം നന്നായി സത്കരിക്കപ്പെട്ടിട്ടുണ്ട്. മഹാറാണി ഹോട്ടലിൽ സത്യന്റെ മുറിയുടെ തൊട്ടടുത്തായിരുന്നു ജോൺസന്റെ മുറി. ഗുഡ്നൈറ്റ് പറഞ്ഞ് ഉറങ്ങാൻ പോയി. അല്പം കഴിഞ്ഞപ്പോൾ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. സത്യൻ നോക്കി. റൂം പുറത്തുനിന്ന് പൂട്ടി എങ്ങോട്ടോ പോകാൻ തുടങ്ങുകയാണ് ജോൺസൺ. മണി പന്ത്രണ്ടൊക്കെ കഴിഞ്ഞിരുന്നു. 'എങ്ങോട്ടാ തനിച്ച് ഈ പാതിരാത്രിയിൽ?' 'താൻ കിടന്നോളൂ. ഞാനൊന്ന് പുറത്തിറങ്ങിയിട്ടു വരാം.' രാവിലെ ഒമ്പതു മണിക്കുള്ള മദ്രാസ് ഫ്ളൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. എട്ടു മണിക്ക് റിപ്പോർട്ട് ചെയ്യണമെങ്കിൽ ഏഴു മണിക്കു മുൻപെങ്കിലും എയർപോർട്ടിലേക്ക് പുറപ്പെടണം. ഈ രാത്രി പുറത്തു പോയാൽ പുലർച്ചയ്ക്കു മുൻപ് തിരിച്ചെത്തില്ലെന്നും ഉറപ്പ്. 'താനിപ്പോൾ ഒരിടത്തേക്കും പോകണ്ട. കിടന്നുറങ്ങ്.' സത്യൻ ബലമായി ജോൺസണെ മുറിക്ക് അകത്താക്കി. 'രാവിലത്തെ ഫ്ളൈറ്റിൽ പോയില്ലെങ്കിലും പ്രശ്നമില്ല' എന്നായി ജോൺസൺ. സത്യനെ തള്ളിപ്പുറത്താക്കാൻ ജോൺസണും ജോൺസണെ മുറിക്കുള്ളിലാക്കാൻ സത്യനും ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ സത്യൻതന്നെ വിജയിച്ചു. ജോൺസണെ ബലമായി കട്ടിലിൽ കിടത്തി അനങ്ങാനാവാത്തപോലെ കെട്ടിപ്പിടിച്ചു കിടന്നു. ഉറങ്ങുന്നതുവരെ സത്യൻ കാത്തിരുന്നു. ഒരുപാടു നേരം കഴിഞ്ഞുകാണും. ഉറങ്ങി എന്നു ബോധ്യമായപ്പോൾ ശബ്ദമുണ്ടാക്കാതെ വാതിൽ ചാരി സത്യൻ തന്റെ മുറിയിലേക്കു വന്നു. രാവിലെ ആറരയ്ക്ക് കുളിച്ചു മിടുക്കനായി ബാഗും തോളിൽ തൂക്കി ജോൺസൺ സത്യന്റെ മുറിയിലെത്തി. എയർപോർട്ടിലേക്കുള്ള പുറപ്പാടാണ്. 'ഇന്നലെ ഞാൻ പിടിച്ചുകിടത്തി ഉറക്കിയില്ലായിരുന്നുവെങ്കിൽ ഇന്നിത്ര സ്മാർട്ടായി പോകാൻ പറ്റുമോ?' 'ഞാൻ ഉറങ്ങി എന്നാണോ താൻ കരുതിയത്?' സത്യൻ സംശയത്തോടെ നോക്കി. 'മനപ്പൂർവം ഉറക്കം നടിച്ചു കിടന്നതാ. താൻ എഴുന്നേല്ക്കുന്നതും ലൈറ്റ് ഓഫ് ചെയ്ത് കതകു ചാരി പോകുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു, പിന്നെ പുറത്തു പോകുന്നില്ലെന്ന് സ്വയം തീരുമാനിച്ചതാ. അതിനെക്കാൾ വലിയ ലഹരിയുണ്ടായിരുന്നെടോ തന്റെ സ്നേഹത്തിന്.' സത്യൻ അതിശയിച്ചുപോയി.
എഴുപതുകളുടെ അവസാനകാലം.പ്രേംനസീറാണ് അന്നത്തെ ഏറ്റവും തിരക്കുള്ള താരം. സത്യൻ അന്തിക്കാട് അന്ന് ചന്ദ്രകുമാറിന്റെ അസിസ്റ്റന്റ് ആണ്. വളരെ ചിട്ടയോടെ പറഞ്ഞ സമയത്തേക്കാള്‍ മുമ്പ് സിനിമകള്‍ പൂര്‍ത്തിയാക്കുന്ന സംവിധായകനാണ് ചന്ദ്രകുമാര്‍. പക്ഷേ, 'എയര്‍ ഹോസ്റ്റസ്' എന്ന സിനിമയുടെ ജോലികള്‍ മാത്രം വിചാരിച്ച സമയത്തു തീര്‍ന്നില്ല. ഇല്ലാത്ത സമയമുണ്ടാക്കി ഷൂട്ടിങ് പൂര്‍ത്തിയാക്കാനുള്ള കഠിന ശ്രമത്തിലാണ് എല്ലാവരും. പ്രേംനസീറിന്റെ ഡേറ്റുകളൊക്കെ വേറെ സിനിമകള്‍ക്കുവേണ്ടി വീതിച്ചുനല്‍കിയിരുന്നു. അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം അഡ്ജസ്റ്റ്‌മെന്റുകള്‍ നടത്തിയാണ് ഷൂട്ടിങ് മുന്നോട്ടുപോകുന്നത്. സാധാരണയായി രാത്രി പത്തുമണിക്കു ശേഷം പ്രേംനസീര്‍ ഷൂട്ടിങ്ങിന് നില്‍ക്കാറില്ല. അദ്ദേഹം ആ പതിവൊക്കെ തെറ്റിച്ചിട്ടാണ് സഹകരിക്കുന്നത്. ഒരു ദിവസം പതിവിലും വൈകി. രാത്രി പന്ത്രണ്ടു മണി കഴിഞ്ഞപ്പോള്‍ ചന്ദ്രന്‍ നസീറിനോടു ചോദിച്ചു. ''ഒരു മണിക്കൂര്‍ കൂടി നിന്നാല്‍ നമുക്ക് ഒരു സീന്‍ കൂടി തീര്‍ക്കാം.'' ''വേണോ?'' നസീര്‍ ഒന്നു മടിച്ചു. ''രാവിലെ ഏഴു മണിക്ക് വീണ്ടും തുടങ്ങേണ്ടതല്ലേ?'' പക്ഷേ, ചന്ദ്രന്റെ നിര്‍ബന്ധത്തിനു മുന്നില്‍ അദ്ദേഹം വഴങ്ങി. ഷൂട്ടിങ് തീരുമ്പോള്‍ സമയം രണ്ടുമണി. മേക്കപ്പ് അഴിക്കുമ്പോള്‍ നസീര്‍ ചോദിച്ചു. ''ഇനി രാവിലെ ഒമ്പതുമണിക്ക് തുടങ്ങിയാല്‍ മതി, അല്ലേ ചന്ദ്രാ?' ''അയ്യോ, പറ്റില്ല സാര്‍. നാളെ ഏഴുമണിക്ക് തുടങ്ങിയാലേ ഈ സെറ്റ് തീരൂ.'' ''ഇപ്പോള്‍ തന്നെ മണി രണ്ടു കഴിഞ്ഞു. ഇനി ബാക്കിയുള്ള ഷോട്ടുകളൊക്കെ എടുത്ത് പാക്കപ്പ് ചെയ്ത് നിങ്ങള്‍ ചെന്നു കിടന്നുറങ്ങുമ്പോള്‍ നാലു മണിയെങ്കിലുമാകും. ആറു മണിക്ക് എഴുന്നേറ്റ് പോരാന്‍ പറ്റുമോ?'' ''ഞങ്ങള്‍ക്കൊരു പ്രശ്‌നവുമില്ല. നസീര്‍സാര്‍ ഏഴുമണിക്കെത്തിയാല്‍ മാത്രം മതി.'' വീണ്ടും ഒന്നു സംശയിച്ചെങ്കിലും ചിരിച്ചുകൊണ്ടദ്ദേഹം പറഞ്ഞു- ''ഓക്കെ. നിങ്ങളൊക്കെ യുവരക്തമല്ലേ? നടക്കട്ടെ. ഞാന്‍ വരാം. അപ്പൊ ഏഴുമണിക്കു കാണാം.'' സത്യനും ചന്ദ്രകുമാറും സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ മോമിയുമൊക്കെ അന്ന് ടി. നഗറിലെ ഒരു ലോഡ്ജിലാണ് താമസം. പിറ്റേന്ന് സത്യനുണര്‍ന്നതുതന്നെ ഒരു ഞെട്ടലോടെയായിരുന്നു. മുറി മുഴുവന്‍ നിറഞ്ഞ പകല്‍ വെളിച്ചം, ചുമരിലെ ക്ലോക്കില്‍ മണി എട്ട്. ചന്ദ്രകുമാര്‍ അപ്പോഴും മൂടിപ്പുതച്ച് ഉറക്കമാണ്. സത്യന്‍ നിലവിളിയോടെ ചന്ദ്രനെ കുലുക്കി വിളിച്ചു. പിന്നെ ആകെ ഒരു ബഹളമായിരുന്നു. അഞ്ചുമിനിറ്റുകൊണ്ട് കുളിയും പല്ലുതേപ്പുമൊക്കെ കഴിച്ചു ലൊക്കേഷനില്‍ ചെന്നിറങ്ങുമ്പോള്‍ സമയം എട്ടര കഴിയുന്നു. ദൂരെ-യൂണിറ്റ് വണ്ടിക്കപ്പുറത്ത് തന്റെ സ്വന്തം കസാരയില്‍ മുണ്ടും ബനിയനും മാത്രം ധരിച്ച്, ഒരു ടര്‍ക്കി ടവ്വല്‍ നെഞ്ചില്‍ വിരിച്ചിട്ട് പത്രം വായിച്ചിരിക്കുന്നു പ്രേംനസീര്‍! അടുത്തുകണ്ട ലൈറ്റ് ബോയിയോട് വിറയ്ക്കുന്ന ശബ്ദത്തില്‍ ചന്ദ്രന്‍ ചോദിച്ചു. ''നസീര്‍ സാര്‍ എപ്പോ എത്തി?''. 'ആറ് അമ്പത്തഞ്ചിന് എത്തി. വിത്ത് മേയ്ക്കപ്പ്.' ആരും കോപംകൊണ്ട് ജ്വലിച്ചുപോകാവുന്ന സന്ദര്‍ഭം. വിഗ്ഗ് വലിച്ചെറിഞ്ഞ് അട്ടഹസിച്ചു ''ഷൂട്ടിങ് നിങ്ങള്‍ക്ക് സൗകര്യമുള്ളപ്പോള്‍ തീര്‍ക്ക്'' എന്നും പറഞ്ഞ് കാറില്‍ കയറി പോയാലും ഒരക്ഷരം കുറ്റം പറയാന്‍ പറ്റാത്ത അവസ്ഥ. എന്തു പറയും എന്ന് പേടിച്ച് നസീറിന്റെ അടുത്തേക്ക് ചെന്നപ്പോള്‍, നിറഞ്ഞ ചിരിയോടെ സൗമ്യമായ ഒരു ചോദ്യം ''ഉറങ്ങിപ്പോയി അല്ലേ?'' വാക്കുകള്‍ കിട്ടാതെ ചന്ദ്രന്‍ വിഷമിച്ചു. ''ഞാന്‍ പറഞ്ഞില്ലേ, രാത്രി ഒരുപാടു വൈകിയാല്‍ രാവിലെ എത്താന്‍ ബുദ്ധിമുട്ടാകുമെന്ന്? സാരമില്ല. വേഗം റെഡിയായിക്കോ. നമുക്ക് തുടങ്ങാം.'' അല്പംപോലും അസ്വസ്ഥതയില്ലാതെ അദ്ദേഹം അഭിനയിച്ചു.
പണ്ട് മാള അരവിന്ദൻ പുതിയൊരു കാർ വാങ്ങി. വെട്ടിത്തിളങ്ങുന്ന നിറമുള്ള ഒരു അംബാസഡര്‍. ജീവിതത്തില്‍ ആദ്യമായി വാങ്ങിയ കാറാണ്. അന്ന് മാള ഒരു തരംഗമാണ്. എവിടെ ചെന്നാലും ആരാധകർ പൊതിയും. ആ പുത്തൻ കാർ ആദ്യമായി ലൊക്കേഷനിലേക്കു കൊണ്ടുപോയ കഥ അദ്ദേഹം പറയാറുണ്ട്. ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ നേരത്ത് കാറിലേക്ക് നോക്കിയപ്പോള്‍ കരഞ്ഞുപോയത്രെ! കാറിന്റെ ഒരുഭാഗം മുഴുവൻ നിറയുന്ന വിധത്തിൽ മൂര്‍ച്ചയുള്ള ഇരുമ്പാണികൊണ്ട് 'മാള' എന്ന് ആരോ എഴുതി വെച്ചിരിക്കുന്നു. സ്വന്തം പേര് കണ്ട് പൊട്ടിക്കരഞ്ഞ ഏകനടൻ ഒരുപക്ഷേ, മാള അരവിന്ദനായിരിക്കും
'മനസ്സിനക്കരെ' എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ്. ഗൗരി എന്ന കഥാപാത്രത്തിന് ആളെ കിട്ടിയിട്ടില്ല. ഷീല മുഖ്യ ആകർഷണമായതുകൊണ്ട് ചെറുപ്പക്കാരിയായ നായിക പുതുമുഖം മതിയെന്ന് തീരുമാനിച്ചു. രണ്ടുംകല്പിച്ച് ഷൂട്ടിങ് തുടങ്ങി. കൊച്ചുത്രേസ്യയുടെ വീടാണ് പ്രധാന ലൊക്കേഷൻ. അവിടേക്ക് ഗൗരി അധികം വരുന്നില്ല. ആ രംഗങ്ങൾ ചിത്രീകരിച്ചുകഴിയുമ്പോഴേക്കും നല്ലൊരു കുട്ടിയെ കിട്ടും എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. പലരെയും കണ്ടു. ശരിയാവുന്നില്ല. ജയറാമിന്റെ സുഹൃത്ത് തമിഴ്‌നാട്ടുകാരനായ എഡിറ്റർ മോഹനൻ എന്ന നിർമാതാവ് ജയറാമിനെ വിളിച്ചുപറഞ്ഞു, ''നല്ലൊരു കുട്ടിയുണ്ട്. എന്റെ തെലുങ്ക് സിനിമയിൽ അഭിനയിച്ചു. വളരെ ഹോംലി ആയ പെൺകുട്ടി. അപാരമായ ടാലന്റാണ്. മലയാളിയായതുകൊണ്ട് ഭാഷയും പ്രശ്‌നമല്ല. സിനിമയുടെ സി.ഡി. കൊറിയർചെയ്യാം. കണ്ടുനോക്കി ഇഷ്ടപ്പെട്ടാൽ നിങ്ങൾക്കുവേണ്ടി അവരോട് ഞാൻ സംസാരിക്കാം.'' ഇതുവരെ സിനിമയിൽ മുഖംകാണിക്കാത്ത ആളാകണം എന്നായിരുന്നു ആഗ്രഹം. സാരമില്ല. തെലുങ്കിലല്ലേ അഭിനയിച്ചത്. മലയാളികൾ കണ്ടിട്ടില്ലല്ലോ. സി.ഡി. അയപ്പിക്കാനൊന്നും നേരമില്ല. പ്രൊഡക്ഷൻ കൺട്രോളർ സേതു മണ്ണാർക്കാട് പറഞ്ഞു. ''മദ്രാസിൽനിന്ന് സി.ഡി.യുമായി ഇന്നത്തെ ട്രെയിനിൽതന്നെ പുറപ്പെടാൻ എന്റെ സുഹൃത്ത് അഗസ്റ്റിനോട് പറയാം.'' അഗസ്റ്റിൻ കൊണ്ടുവന്ന സി.ഡി. കാണാൻ മുറിയിൽ 'പ്രേമ'ത്തിന് ടിക്കറ്റ് വാങ്ങാൻ നിൽക്കുന്നവരെപ്പോലുള്ള തിരക്ക്. നായികയെ തിരഞ്ഞെടുക്കുകയല്ലേ. യൂണിറ്റ് മുഴുവൻ ഹാജരുണ്ട്. ശരിയാവണേ എന്ന പ്രാർഥനയോടെ തെലുങ്കു സിനിമയുടെ സി.ഡി. ഇട്ടു. നായിക രംഗപ്രവേശംചെയ്തതോടെ മുറിയിലാകെ കൂട്ടച്ചിരി. അത് നമ്മുടെ അസിൻ ആയിരുന്നു. ഏകദേശം ഇതുപോലൊരു സാഹചര്യത്തിൽ എറണാകുളത്തുനിന്ന് സത്യൻ അന്തിക്കാട് നിർബന്ധിച്ച് പിടിച്ചുകൊണ്ടുവന്ന് ക്യാമറയ്ക്കു മുന്നിൽ നിർത്തിയ അസിൻ. ജയറാം എഡിറ്റർ മോഹനനെ വിളിച്ചുപറഞ്ഞു. ''അസിനെ അവതരിപ്പിച്ച സംവിധായകനുവേണ്ടിയാണ് പുതുമുഖത്തെ അന്വേഷിക്കുന്നത്.''
'സന്മനസ്സുള്ളവര്ക്ക് സമാധാന'ത്തിന്റെ ഷൂട്ട്. ബസ്സില്‍വെച്ച് കാര്‍ത്തികയുമായി തര്‍ക്കിച്ച മോഹന്‍ലാലിനെ അന്നത്തെ സദാചാര പോലീസുകളായ കുറെ ചെറുപ്പക്കാര്‍ കൈകാര്യം ചെയ്ത് ബസ്സിനു പുറത്തേക്കു വലിച്ചിടും. റോഡിനപ്പുറത്തെ ചതുപ്പിലെ ചളിയില്‍ അവരോടൊപ്പം ഉരുണ്ടുമറിയുമ്പോഴാണ് ശ്രീനിവാസന്റെ വരവ്. ഇതാണ് ഷൂട്ട് ചെയ്യേണ്ടത്. ''നമുക്കിത് മറ്റെവിടെയെങ്കിലും വെച്ചെടുക്കാം ലാലേ.'' സത്യൻ അന്തിക്കാട് പറഞ്ഞു. ''ഇവിടെ എന്താ കുഴപ്പം?'' ''അഴുക്കുചാലിലെ വെള്ളം കയറി ഈ ചതുപ്പും ചളിയും ആകെ ദുര്‍ഗന്ധം നിറഞ്ഞിരിക്കുന്നു. അല്പംകൂടി വൃത്തിയുള്ള ഏതെങ്കിലും സ്ഥലം കണ്ടുപിടിക്കാം.'' ലാല്‍ സമ്മതിച്ചില്ല. സ്വാഭാവികമായും ഇത്തരം വഴിയില്‍ ഇതുപോലുള്ള സ്ഥലങ്ങളാണുണ്ടാവുക. ''സാരമില്ല. ഞാന്‍ റെഡിയാണ്.'' സ്വാഭാവികമായിത്തന്നെ ആ രംഗങ്ങള്‍ ചിത്രീകരിച്ചു. ഓരോ ഷോട്ടു കഴിയുമ്പോഴും അഴുക്കുവെള്ളം നിറഞ്ഞ വസ്ത്രങ്ങളുമായി യൂണിറ്റിലുള്ളവരെ കെട്ടിപ്പിടിക്കാന്‍ ലാല്‍ സമീപിക്കും. എല്ലാവരും ഓടും. അതുകണ്ട് ലാല്‍ ചിരിക്കും. ഇതിന്റെ തുടര്‍ച്ചയായ രംഗം ശ്രീനിവാസന്റെ വീട്ടില്‍വെച്ചു ചിത്രീകരിക്കുമ്പോള്‍ ഷര്‍ട്ടിലും മുണ്ടിലും പറ്റിയ അഴുക്കിന്റെ അടയാളങ്ങള്‍ മാറിപ്പോകരുതെന്ന് സഹസംവിധായകന്‍ രാജന്‍ ബാലകൃഷ്ണനെ ഓര്‍മിപ്പിച്ച് സത്യനും, കൂട്ടരുംഅടുത്ത ലൊക്കേഷനിലേക്ക് നീങ്ങി. ശ്രീനിവാസന്റെ വീട്ടിലുള്ള രംഗം ചിത്രീകരിച്ചത് പിന്നെയും നാലഞ്ചു ദിവസങ്ങള്‍ കഴിഞ്ഞാണ്. ലൈറ്റപ്പ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ രാജന്‍ ഓടിവന്നു പറഞ്ഞു. ''ഒരു ചെറിയ പ്രശ്‌നം'' സംഗതി ഇതാണ്. കണ്ടിന്യൂവിറ്റി തെറ്റരുതെന്ന് പറഞ്ഞതുകൊണ്ട് വസ്ത്രാലങ്കാര സഹായി ആ മുണ്ടും ഷര്‍ട്ടും കഴുകാതെ വെച്ചു. അഞ്ചു ദിവസം കഴിഞ്ഞു പുറത്തെടുത്തപ്പോള്‍ ആ തുണികള്‍ക്കടുത്തു നില്‍ക്കാന്‍ വയ്യ. അത്രയ്ക്കു നാറ്റം. ആ സീന്‍ പിന്നെയെടുക്കാം എന്നുപറഞ്ഞ് ലൊക്കേഷന്‍ ഷിഫ്റ്റ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ മേക്കപ്പ് ചെയ്തുകൊണ്ടിരുന്ന ലാല്‍ ഓടിയെത്തി. 'അതിനുവേണ്ടി ഇപ്പോള്‍ ഷൂട്ടിങ് മുടക്കണ്ട. കുറച്ചു സമയത്തേക്കല്ലേ-ആ മുണ്ടും ഷര്‍ട്ടുമിങ്ങു തന്നേക്ക്. പ്രേക്ഷകര്‍ക്ക് ദുര്‍ഗന്ധമൊന്നും മനസ്സിലാവില്ലല്ലോ.' സത്യൻ മറുപടി പറയാതെ നില്‍ക്കുമ്പോഴേക്കും ലാല്‍ ആ വസ്ത്രങ്ങള്‍ ധരിച്ച് റെഡിയായി. വളരെ വേഗത്തില്‍ രംഗങ്ങള്‍ ചിത്രീകരിച്ചു. അവസാനം, ഡ്രെസ്സ് മാറുമ്പോള്‍ ലാല്‍ വന്നു പറഞ്ഞു. 'നിങ്ങള്‍ അടുത്ത ലൊക്കേഷനില്‍ എത്തുമ്പോഴേക്കും ഞാന്‍ മുറിയിലൊന്നുപോയി കുളിച്ചിട്ടുവരാം. ദേഹം മുഴുവന്‍ ചൊറിയുന്നു.'
പനമ്പിള്ളി നഗറിനടുത്തെവിടെയോ ഉള്ള ചെറിയൊരു ചായക്കടയില്‍വെച്ചാണ് 'കനല്‍ക്കാറ്റ്' എന്ന സിനിമയിലെ ഒരു രംഗം ചിത്രീകരിച്ചത്. തികച്ചും സാധാരണക്കാരായ ജനങ്ങള്‍-പ്രത്യേകിച്ചും തൊഴിലാളികള്‍ ഭക്ഷണം കഴിക്കാനെത്തുന്ന കട. ഓട്ടോറിക്ഷക്കാരും പോര്‍ട്ടര്‍മാരും വഴിക്കച്ചവടക്കാരുമൊക്കെയായി എപ്പോഴും തിരക്കാണവിടെ. ലോഹിതദാസാണ് പറഞ്ഞത്, ഇതാണ് നത്തു നാരായണന് വന്നിരിക്കാവുന്ന കട എന്ന്. മമ്മൂട്ടി എന്ന വന്‍ താരത്തെ ഈ ചെറിയ തെരുവിലെത്തിച്ച് ഷൂട്ട് ചെയ്യുക എന്നത് ശരിക്കും ശ്രമകരമായ ഒരു ജോലിതന്നെ എന്നു പറഞ്ഞ് പലരും പേടിപ്പിച്ചു. ആളുകള്‍ ഉച്ചഭക്ഷണത്തിനെത്തുന്നതിനുമുന്‍പ് ഷൂട്ടിങ് തീര്‍ക്കണം എന്നാണ് കടക്കാരന്റെ കണ്ടീഷന്‍. മമ്മൂട്ടി അവതരിപ്പിച്ച നത്തുനാരായണന്‍ ബീഫും പുട്ടും കഴിക്കുമ്പോള്‍ ഭാര്യയായി അഭിനയിക്കുന്ന കെ.പി.എ.സി. ലളിത അന്വേഷിച്ചെത്തുന്നതും നത്തുനാരായണന്‍ ജീവനുംകൊണ്ട് ഓടുന്നതുമൊക്കെയാണ് രംഗം. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് കെ.ആര്‍. ഷണ്‍മുഖമാണ്. അദ്ദേഹത്തോട് സത്യൻ അന്തിക്കാട് നേരത്തെ പറഞ്ഞു. 'ഈ കടയിലുണ്ടാക്കുന്ന ബീഫുകറി മമ്മൂട്ടിക്ക് കൊടുക്കണ്ട. ഏതെങ്കിലും സ്റ്റാര്‍ ഹോട്ടലില്‍നിന്ന് മമ്മൂട്ടിക്കു മാത്രമുള്ള കറി വാങ്ങിവെച്ചേക്കൂ.' ഷൂട്ടിങ് തുടങ്ങി. മമ്മൂട്ടിയുടെ മുന്നിലെ പ്ലേറ്റില്‍മാത്രം സ്റ്റാര്‍ ഹോട്ടലിലെ കറി വിളമ്പി. 'ഈ ഷോട്ടിലെ മറ്റുള്ളവരെല്ലാം കഴിക്കുന്ന കറി ഇവിടെയുണ്ടാക്കിയതല്ലേ, അതുതന്നെ മതി എനിക്കും.' 'സീന്‍ കഴിയുമ്പോഴേക്കും കുറേ പ്രാവശ്യം ആഹാരം കഴിക്കേണ്ടിവരും. മമ്മൂട്ടി ആഹാരകാര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കുന്ന ആളല്ലേ?' പക്ഷേ, മമ്മൂട്ടി സമ്മതിച്ചില്ല. ചെമ്പിലും ഇടക്കൊച്ചിയിലുമൊക്കെയുള്ള ചെറിയ കടകളില്‍ നിന്ന് ഒരുപാടുതവണ ഇറച്ചിയും പൊറോട്ടയും കഴിച്ചിട്ടുണ്ടെന്നു പറഞ്ഞു അദ്ദേഹം. അതൊക്കെ സിനിമയിലെത്തുന്നതിനു മുമ്പായിരുന്നുവെന്നുമാത്രം. 'ഇമേജല്ലേ മാറിയുള്ളൂ. ഞാന്‍ ഞാന്‍ തന്നെയല്ലേ'. ആ കടയിലെ കറിയും പൊറോട്ടയുമൊക്കെ മമ്മൂട്ടി ആസ്വദിച്ചു കഴിച്ചു.
'ഇന്ത്യൻ പ്രണയകഥ' ചിത്രീകരിക്കാൻ ജയ്സാല്മീറിൽ എത്തിയപ്പോൾ താമസിക്കാൻ ഏർപ്പാട് ചെയ്തിരുന്ന ഹോട്ടൽ പഴയൊരു പാലസ് ആയിരുന്നു. പഴയ രാജാക്കന്മാരുടെ എണ്ണച്ചായാചിത്രങ്ങൾ ചുവരുകളെ അലങ്കരിച്ചിരുന്നു. മാത്രമല്ല, അവരുടെ വാളും, തലപ്പാവുകളും. വിശാലമായ മുറികൾ കണ്ട് അമലാ പോൾ പേടിച്ചു, 'അയ്യോ, ഈ മുറികളിൽ ഉറങ്ങാൻ പേടിയാകുന്നു.' ഫഹദ് പറഞ്ഞു, 'പേടിക്കേണ്ട. രാജാക്കന്മാരുടെ ആത്മാവുകൾ ഒരിക്കലും കൊട്ടാരം വിട്ടുപോവില്ല. ഇതിന്റെ സംരക്ഷണത്തിനായി അവരെപ്പോഴും ഇവിടെ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും.' അമല നിലവിളിച്ചു, 'സേതുവേട്ടാ, എനിക്ക് വേറെ ഏതെങ്കിലും ഹോട്ടൽ മതി'. സേതു മണ്ണാർക്കാട് ആണ് പ്രോഡക്ഷൻ കണ്ട്രോളർ. സേതു പറഞ്ഞു, 'വേണമെങ്കിൽ മറ്റ് ഹോട്ടലുകൾ കാണിച്ചുതരാം, പക്ഷേ ഞങ്ങളൊക്കെ ഇവിടെയേ താമസിക്കൂ'. സേതുവിന്റെ മറുപടിയിൽ അമല നിശ്ശബ്ദയായി. പിന്നെ പതുക്കെ പറഞ്ഞു, 'നിങ്ങളൊക്കെ എവിടെയാണോ അവിടെത്തന്നെ മതി എനിക്കും.'