"മോനേ ദിനേശാ" വന്ന വഴി കോഴിക്കോട് ക്ലബ്ബിൽ നിന്നാണ് ആ ഡയലോഗ് കിട്ടുന്നത്. കോഴിക്കോട്ട് ഉള്ളപ്പോൾ ഒഴിവുസമയങ്ങളിൽ ഷാജി കൈലാസും, രഞ്ജിത്തും അവിടെ പോകുമായിരുന്നു. അങ്ങനെ പോയപ്പോഴാണ് അവിടെ വെച്ച് ഒരാളെ പരിചയപ്പെടുന്നത്. അയാൾ എല്ലാവരെയും ദിനേശൻ എന്നാണ് വിളിക്കുന്നത്. ദിനേശാ ഇങ്ങ് വാ... അതിങ്ങെട് മോനേ ദിനേശാ... പുള്ളിക്ക് എല്ലാവരും ദിനേശന്മാരാണ്. കേട്ടപ്പോൾ അതൊന്ന് പരിഷ്കരിച്ച് സിനിമയിൽ ഉപയോഗിച്ചാൽ നന്നാവുമെന്ന് ഷാജി കൈലാസിന് തോന്നി. അങ്ങനെയാണ് ആ ഡയലോഗ് നരസിംഹത്തിലെ ഇന്ദുചൂടന്റെ ട്രേഡ് മാർക്ക് ആവുന്നത്.
'പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കൈനകരിയിൽ നടക്കുന്നു. സാബു തോട്ടപ്പള്ളി എന്ന നടൻ സിനിമയിലെ രേവമ്മ(ബിന്ദു പണിക്കർ)യുടെ വീട്ടുമുന്നിൽ വന്നു പരുങ്ങുന്നതും, രേവമ്മ വെട്ടുകത്തിയെടുക്കുമ്പോൾ അയാൾ കായലിൽ ചാടുന്നതുമാണ് രംഗം. ഷോട്ട് ഉഷാറായി. പക്ഷേ വെള്ളത്തിൽ വീണ സാബു പൊങ്ങിയപ്പോൾ വിഗ്ഗ് നഷ്ടപ്പെട്ടിരുന്നു. ഷോട്ട് ഓക്കെ ആയതുകൊണ്ട് പിന്നെ റീടേക്കില്ല. കണ്ടിന്യൂവിറ്റിക്ക് വേണ്ടി രേവമ്മയ്ക്ക് തിരക്കഥാകൃത്തായ സിന്ധുരാജ് ഒരു ഡയലോഗ് കൂടി അങ്ങ് ഇട്ടുകൊടുത്തു. 'തലയിൽ വിഗ്ഗും വച്ച് ഇറങ്ങിയിരിക്കുന്നു' എന്ന്.
'മുഖചിത്രം' എന്ന സിനിമയിൽ നാട്ടിൻപുറത്തെ 2 വീടുകൾ ആയിരുന്നു പ്രധാന ലൊക്കേഷൻ. കവുങ്ങുകൾ നിറഞ്ഞ പറമ്പിന് നടുവിലൂടെ വഴിയുള്ള ഒരു വീട് കണ്ടെത്തി. പക്ഷേ രണ്ടാമത്തെ വീടില്ല. അപ്പോൾ കലാസംവിധായകൻ പ്രേമചന്ദ്രൻ(അദ്ദേഹത്തിന്റെ ആദ്യചിത്രമായിരുന്നു ഇത്) ഒരു പോംവഴി പറഞ്ഞു. അങ്ങനെ വീടിന്റെ മുന്നിലെ തൊഴുത്ത് സിനിമയിൽ ജയറാമിന്റെ വീടായി.
മലയാള സിനിമയിലെ ആദ്യ സംഘട്ടനരംഗം 'വിശപ്പിന്റെ വിളി' എന്ന സിനിമയിൽ ആയിരുന്നു. പ്രേംനസീറും, ജോണും തമ്മിൽ. നിർമാതാവ് കുഞ്ചാക്കോയുടെ ഒരു സൂത്രപ്പണി കാരണം ക്യാമറയ്ക്ക് മുന്നിൽ ഇരുവരും യഥാർഥത്തിൽ അടികൂടുകയായിരുന്നു. ഈ ജോൺ ആണ് പിന്നീട് പ്രശസ്ത സംവിധായകനായി മാറിയ ശശിധരൻ.
ആലപ്പുഴയിലെ റെയ്ബാൻ ഹോട്ടലിൽ ഇരുന്നാണ് കലവൂർ രവികുമാർ തന്റെ ആദ്യ തിരക്കഥ എഴുതിയത് - 'ഒറ്റയാൾ പട്ടാളം'. അദ്ദേഹം ഇരുന്നെഴുതിയ അതേ മുറിയിൽ ഇരുന്നായിരുന്നു സിദ്ദിഖ് ലാൽ 'റാംജിറാവ് സ്പീക്കിംഗ്' എഴുതിയത് എന്നത് വിസ്മയകരമായ മറ്റൊരു സംഗതി.