എറണാകുളത്തെ മൾട്ടിപ്ലക്സിന്റെ തിരശീലയിൽ "ട്രാഫിക്കി"ന്റെ അവസാന ഫ്രെയിമും "ഫെയ്‌ഡ് ഔട്ട്" ആയപ്പോൾ രാത്രി വല്ലതെ വൈകിയിരുന്നു. എനിക്ക് സീറ്റിൽനിന്ന് എണീക്കാൻ തോന്നിയില്ല. ആ സിനിമയിൽ, മറ്റെല്ലാവണ്ടികളേയും തടഞ്ഞിട്ടുകൊണ്ട്, എല്ലാ വഴികളും, ഒരാംബുലൻസിന് ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനായി ഒഴിച്ചിടുന്നുണ്ട്. സത്യത്തിൽ, സിനിമക്കുള്ളിലെ ആ ആംബുലൻസ്, ആ സിനിമയുടെ തന്നെ രൂപകമായിരുന്നു. മലയാള സിനിമയുടെ നടപ്പുവഴികളെ ആപത്ക്കരമായി ഉപേക്ഷിച്ചുകൊണ്ട്, സ്ഥിരം റൂട്ടിലോടുന്ന ഞങ്ങളുടെയെല്ലാം വണ്ടികളെ കാതങ്ങൾ പിന്നിലാക്കി കുതിച്ച, ഒരു ജീവൻരക്ഷാ വണ്ടിയായിരുന്നു, "ട്രാഫിക്ക്." തിയറ്റർ വിട്ടിറങ്ങി കാറിൽ കയറിയ ഞാൻ, വീട്ടിലേക്കുള്ള യാത്രയിൽ, വാച്ചിൽ നേരം നോക്കി. ഒന്നര കഴിഞ്ഞിരിക്കുന്നു. സാരമില്ല, ഫോണെടുത്ത് രാജേഷിനെ വിളിച്ചു; മറുതലയ്ക്കൽ അയാളുടെ പതറിയ ശബ്ദം. ഞാനയാളോട്, ഒരുപാട് സംസാരിച്ചു. മറുപടി കുറേ 'താങ്ക് യു, ചേട്ടാ'കളിൽ ഒതുങ്ങി. തൊട്ടടുത്ത ദിവസങ്ങിളിലെപ്പോഴോ രാജേഷ് എന്നെ വിളിച്ചു: " വെറുതെ വിളിച്ചതാ, ചേട്ടാ....അത്രക്ക് നേരം വൈകി അന്ന് നിങ്ങളെന്നെ വിളിച്ചൊരുപാട് നേരം സംസാരിച്ചില്ലേ...വലിയൊരടുപ്പം തോന്നുന്നു, ചേട്ടനോട്" ആ വെറുതേവിളികൾ പിന്നെ തുടർന്നുകൊണ്ടേയിരുന്നു. ഉള്ളിൽ മുഴുവനും സിനിമയും സഹൃദവും സ്നേഹവുമായിരുന്നു, രാജേഷിന്. ചെറിയകാര്യങ്ങളോടുപോലും അയാൾ തികച്ചും വൈകാരികമായി പ്രതികരിച്ചിരുന്നു. മിലിയുടെ റിലിസിന് മുംപ്, രാജേഷ് എന്നെ വന്ന് കണ്ടിരുന്നു. അയാൾ വല്ലാത്തൊരു പിരിമുറുക്കത്തിലായിരുന്നു. കുറെനേരം സംസാരിച്ചിരുന്നിട്ട് പോയി. പോയി കുറച്ചു കഴിഞ്ഞ്, എന്നെ ഫോണിൽ വിളിച്ചു: " നേരിട്ട് ചോദിക്കാൻ കഴിഞ്ഞില്ല, എനിക്കൊരു തിരക്കഥ എഴുതി തരുമോ?" ഞാൻ അതിശയിച്ചു പോയി. ഞാൻ ചെയ്യുന്ന തരം സിനിമകളിൽനിന്ന് എത്രയോ വ്യത്യസ്തമായ സിനിമകളാണ് അയാളുടെ ഉള്ളിൽ ഉണ്ടായിരുന്നതെന്ന തികഞ്ഞ ബോധ്യം എനിക്കുണ്ടായിരുന്നു. ഉടൻതന്നെ, അയാൾ എന്നെ ഒരിക്കൽകൂടി ഞെട്ടിച്ചു; " ചേട്ടൻ എനിക്കൊരു ലവ് സ്റ്റോറി എഴുതിതരണം." അസാധാരണമായ ഒരു ഡിമാന്റ് ആയിരുന്നു, അത്. അയാൾ തുടർന്നു: " നിങ്ങൾ പതിനഞ്ചു വർഷങ്ങൾക്ക് മുമ്പ് ചെയ്ത ജലമർമ്മരം ഞാൻ കണ്ടിട്ടുണ്ട്. പിന്നെ, അമൃത റ്റിവിക്ക് വേണ്ടിചെയ്ത അന്നും മഴയായിരുന്നു എന്ന ഷോർട്ട് ഫിലിമും. അതുപോലൊരു റ്റെല്ലിംഗ്...അതുപോലെ ഇമോഷനലായ ഒരു സിനിമ..." നമ്മുക്ക് നോക്കാം എന്ന് പറഞ്ഞ് ഞാൻ ഫോൺ വെച്ചു. കുറേ ദിവസങ്ങൾക്ക് ശേഷം, ഞാൻ മുംബൈയിൽ വിരസമായൊരു വൈകുന്നേരം തള്ളിനീക്കുന്നതിനായി, ഒരു ഹിന്ദി സിനിമയ്ക്ക് ടിക്കറ്റ് എടുത്ത് തിയറ്ററിൽ കയറി. സ്ക്രീനിൽ, പരസ്യങ്ങൾ വന്നു തുടങ്ങിയപ്പോൾ, ഒരു പെൺകുട്ടി എന്റെ തൊട്ടടുത്ത സീറ്റിലെത്തി. ഒരൽപ്പം ധാർഷ്ഠ്യത്തോടെ അവൾ എന്നോട് സീറ്റൊഴിഞ്ഞു തരാൻ പറഞ്ഞു. അത് അവളുടെ ബോയ്‌ഫ്രണ്ടിന്റെ സീറ്റാണത്രെ. ഞാൻ വീണ്ടുമൊരിക്കൽക്കൂടി എന്റെ സീറ്റ് നമ്പർ നോക്കി ഉറപ്പ് വരുത്തി. അവൾ ക്ഷുഭിതയായി, എന്നോട് കയർത്തു തുടങ്ങി. നിവർത്തിയില്ലാതെ ഞാൻ ഗെയ്റ്റ് സ്റ്റാഫിനെ വിളിച്ചു. അവർ ഞങ്ങളോട് ലോബിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. എന്റെ സീറ്റ് നമ്പർ അവർ പരിശോധിച്ചു; ആ പെൺകുട്ടിയുടേയും. ഞാൻ ശരിയായ സീറ്റിലായിരുന്നു ഇരുന്നതെനും എന്റെ തൊട്ടടുത്ത സീറ്റാണ് അവളുടേതെന്നും അവർ ഉറപ്പു വരുത്തി. അവർ അവളോട് അവളുടെ കൂട്ടുകാരനെവിടെയെന്ന് അന്വേഷിച്ചു. വല്ലാത്തൊരു ഉറപ്പോടെ അവൾ പറഞ്ഞു: " he is coming and he's carrying the ticket...his seat is next to me..that's where this guy is sitting now..." അവൾ ദേഷ്യത്തോടെ എന്നെ നോക്കി പറഞ്ഞു. " എന്തോ കൺഫ്യൂഷനുണ്ട്, സാർ കയറി സിനിമ കണ്ടോളൂ" എന്ന് എന്നോട് ഗെയ്റ്റ് സ്റ്റാഫ് പറഞ്ഞു. ഞാൻ ഉള്ളിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ്, അയാൾ വന്നത്. അറുപതോടടുത്ത പ്രായം. ആകെ പരിഭ്രമിച്ചിരുന്നു, ആ മനുഷ്യൻ. വന്നപാടെ അയാൾ, ആ പെൺകുട്ടിയെ ചേർത്ത് പിടിച്ചു. പിന്നെ പറഞ്ഞു: " let's go home, betta...!" അവൾ അയാളോട് തർക്കിക്കുകയും, പോവാൻ വിസ്സമതിക്കുകയും ചെയ്തു. അവളെ ചേർത്ത് പിടിച്ചുകൊണ്ട്, ആ അച്‌ഛൻ എന്നോട് പറഞ്ഞു:" She is not well. Sorry for the trouble..." മകളേയും ചേർത്ത് പിടിച്ച് ലിഫ്റ്റിൽ കയറിപോയ ആ അച്ഛനെ ഞാൻ നോക്കി നിന്നു. പിന്നെ, തീയറ്ററിലെ ഇരുട്ടിൽ സ്ക്രീനിൽ തെളിഞ്ഞതൊന്നും ഞാൻ കണ്ടില്ല. തിരികെ വന്ന്, ഞാൻ രാജേഷിനെ കണ്ടു. തീർത്തും ക്ഷീണിതനായിരുന്നു, അയാൾ. വേട്ടയുടെ പോസ്റ്റ്പ്രൊഡക്ഷൻ നടക്കുകയായിരുന്നു, അപ്പോൾ. ആരോഗ്യം നോക്കാതെ ഉഴപ്പുന്നതിൽ ഞാൻ അയാളെ വഴക്ക് പറഞ്ഞു. ചിരിച്ചുകൊണ്ട്, എന്റെ കൈയ്യിൽ പിടിച്ചുകൊണ്ട് രാജേഷ് പറഞ്ഞു, വേട്ട തിയറ്ററിൽ എത്തിയാൽ പിന്നെ, ആരോഗ്യം വീണ്ടെടുത്തതിന് ശേഷമേ മറ്റൊരു സിനിമയെ കുറിച്ച് ചിന്തിക്കൂയെന്ന്. പിരിയാൻ സമയം ഞാൻ അയാളോട് പറഞ്ഞു, അയാൾ ആവശ്യപ്പെട്ട തിരക്കഥ ഞാൻ എഴുതാമെന്ന്. അതിൽ പ്രണയമുണ്ടാവും, ഒപ്പം ഒരച്ഛന്റെ നീറ്റലും. വല്ലാതെ excited ആയി അയാൾ. ഇപ്പോൾ, എന്റെ പ്രിയപ്പെട്ട രാജേഷ് കഥ മുഴുവനും തീരും മുമ്പേ, തിയറ്ററിന്റെ പുറം വാതിൽ തുറന്ന്, ഇരുട്ടിലേക്ക് ഇറങ്ങിപ്പോയിരിക്കുന്നു. മനോനില തെറ്റിയ ഒരു പെൺകുട്ടിയും, അവളുടെ ഒരിക്കലും വരാത്ത കാമുകനും, അവളെ നെഞ്ചോട് ചേർത്ത് പിടിച്ച് ഉള്ളം കലങ്ങി നിന്ന ഒരച്ഛനും എന്റെ മുമ്പിൽ ബാക്കിയാവുന്നു. ഇതുപോലെ എത്ര കഥാപാത്രങ്ങളും, പൂർത്തിയാവാത്ത എത്ര കഥകളും സിനിമകളും ഇവിടെ ഉപേക്ഷിച്ചുകൊണ്ടാണ് നീ യാത്രയാവുന്നത്. എനിക്കിപ്പോൾ തോന്നുന്ന നഷ്ടബോധവും, ദേഷ്യവും, ദു:ഖവും ഒരോ മലയാള സിനിമാപ്രേക്ഷകനും അനുഭവിക്കുന്നുണ്ട്. പ്രിയ രാജേഷ്, ഞങ്ങളനുഭവിക്കുന്ന ഈ നഷ്ടബോധമാണ്, നിന്റെ പ്രതിഭയുടെ ബക്കിപത്രം. അളവറ്റ സ്നേഹത്തോടെ ഞങ്ങൾ നിന്നെ യാത്രയാക്കുന്നു.
This is so sad...Traffic enna otta cinema kondu Malayalam cinema thanne ilakki marichu. He should have had the chance and health to make so many more movies. Rest in peace...