അജിത്ത്കുമാറിന്റെ അഭിനയജീവിതത്തിലെ 25-ാം വര്‍ഷം പുറത്തെത്തുന്ന 'വിവേക'ത്തിന് ലോകമെമ്പാടുമുള്ള ആരാധകരില്‍ കാത്തിരിപ്പുണ്ട്. കേരളത്തിലും വമ്പന്‍ ഇനിഷ്യല്‍ ലക്ഷ്യംവച്ച് റെക്കോര്‍ഡ് റിലീസാണ് ചിത്രത്തിന്. മുളകുപാടം കേരളത്തിലെത്തിക്കുന്ന ചിത്രത്തിന് ഇവിടെ മുന്നൂറില്‍പ്പരം തീയേറ്ററുകളിലാണ് റിലീസ്. 24ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന് മിക്ക കേന്ദ്രങ്ങളിലും ഇന്നുമുതല്‍ അഡ്വാന്‍സ് ബുക്കിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഓണത്തിന് മുന്‍പുള്ള ഒരാഴ്ചയാണ് കേരളത്തില്‍ മറ്റ് താരചിത്രങ്ങളില്ലാതെ 'വിവേക'ത്തിന് മാത്രമായി ലഭിക്കുന്നത് എന്നതിനാല്‍ ആദ്യയാഴ്ച ലഭിക്കുന്ന ഇനിഷ്യലിലാണ് വിതരണക്കാരന്റെ കണ്ണ്. കേരളത്തില്‍ ആദ്യദിനത്തിലെ റെക്കോര്‍ഡ് കളക്ഷന്‍ ഇപ്പോള്‍ മമ്മൂട്ടിയുടെ പേരിലാണ്. ഇരുനൂറിലേറെ തീയേറ്ററുകളില്‍ റിലീസിനെത്തിയ ഹനീഫ് അദേനി ചിത്രം 'ദി ഗ്രേറ്റ് ഫാദര്‍' ആദ്യദിനം നേടിയത് 4.31 കോടിയായിരുന്നു. മറുഭാഷാചിത്രങ്ങളുടെ കേരളാ കളക്ഷനില്‍ ഇപ്പോള്‍ ഒന്നാമതുള്ളത് വമ്പന്‍ ഹൈപ്പുമായെത്തിയ രജനീകാന്തിന്റെ പാ.രഞ്ജിത്ത് ചിത്രം 'കബാലി'യാണ്. മുന്നൂറോളം തീയേറ്ററുകളില്‍ റിലീസ് ചെയ്ത 'കബാലി' ആദ്യദിനം കേരളത്തില്‍നിന്ന് നേടിയത് 4.27 കോടി ഗ്രോസ് ആണ്. വിജയ്‌യുടെ 'തെരി' കേരളത്തില്‍നിന്ന് ആദ്യദിനം നേടിയത് 3.16 കോടിയായിരുന്നു. കേരളത്തിലും ഏറെ ആരാധകരുള്ള അജിത്ത്കുമാറിന്റെ പുതിയ ചിത്രം ഈ റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ എന്നറിയാന്‍ കാത്തിരിക്കണം. ഒരു ഇന്റര്‍പോള്‍ ഓഫീസറായി അജിത്ത് എത്തുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. വേതാളത്തിന് ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം നിര്‍വഹിക്കുന്നു. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍ റോളില്‍. അജിത്തിന്റെ മുന്‍ചിത്രങ്ങളായ വേതാളവും യെന്നൈ അറിന്താലും നിര്‍മ്മിച്ചിരുന്നത് എ എം രത്നമായിരുന്നു. ഈ ചിത്രം നിര്‍മ്മിക്കുന്നത് സത്യജ്യോതി ഫിലിംസാണ്. ശിവ സംവിധാനം ചെയ്യുന്നതായതിനാല്‍ അജിത്തിന്റെ കരിയറിലെ 57ാം ചിത്രം കഴിഞ്ഞ ചിത്രങ്ങളേക്കാള്‍ മേലെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അജിത്ത് തുടര്‍ച്ചയായി ഒരു സംവിധായകന് ഡേറ്റ് നല്‍കിയെന്ന കൗതുകവും വിവേഗത്തിനൊപ്പം ഉണ്ട്. വേതാളം എന്ന സൂപ്പര്‍ഹിറ്റിന് പിന്നാലെയാണ് അടുത്ത ചിത്രത്തിനായി അജിത്തും ശിവയും കൈകോര്‍ത്തത്. ബള്‍ഗേറിയയിലെ ബൈക്ക് സ്റ്റണ്ട് രംഗങ്ങള്‍ അജിത്ത് ഡ്യൂപ്പിന്റെ സഹായമില്ലാതെ ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.