മാസ്റ്റർ കൈദി എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് നായകനും വിജയ് സേതുപതി പ്രതിനായകനായും വരുന്ന സിനിമ. മാനഗരം എന്ന ആദ്യ ചിത്രം അത്ര ഇഷ്ടപ്പെട്ടില്ല എങ്കിലും കൈദി എന്ന ചിത്രം ഒരു നല്ല ക്രാഫ്റ്റ് ഉള്ള സംവിധായകൻ എന്ന് തെളിയിച്ചത് പ്രതീക്ഷകൾ ഉയർത്തി. റിലീസിന് മുൻപ് ലോകേഷ് പറഞ്ഞ കാര്യം ചിത്രം 50% ലോകേഷ് സിനിമയും 50% വിജയ് സിനിമയും ആണെന്നാണ്. അതിൽ ശരിയും തെറ്റുമുണ്ട് എന്റെ കാഴ്ചപ്പാടിൽ. അതിൽ 50% ലോകേഷ് സിനിമ എന്ന രീതിയിൽ നോക്കിയാൽ ഒന്നാന്തരം തുടക്കം ആണ് ചിത്രത്തിന്. കൈദിയിൽ വാക്കുകളിൽ മാത്രം ഫ്ലാഷ്ബാക്ക് പറഞ്ഞ ലോകേഷ് ടൈറ്റിൽ വരെ ഭവാനി എന്ന പ്രതിനായകന്റെ 17 വർഷം നന്നായി കാണിച്ചിട്ടുണ്ട്. അവിടെയും കൈദിയിലെ 'spot payment' സ്റ്റൈൽ കടന്നു വരുന്നുണ്ട് വിജയ് സേതുപതി intro സീനിൽ എങ്കിലും നന്നായി വന്നിട്ടുണ്ട്. തുടർന്ന് വിജയ് എന്ന മാസ്സ് ഹീറോയെ അവതരിപ്പിക്കാൻ എന്നോണം കഷ്ടപ്പെട്ട് സിറ്റുവേഷൻ ഉണ്ടാക്കി ഫൈറ്റ് പാട്ട് എന്നീ ചേരുവകൾ ചേർത്തപ്പോൾ പോലും തികഞ്ഞ മദ്യപാനിയായ, പതിവ് വിജയ് നമ്പറുകൾ ഇല്ലാത്ത, വിജയ് സ്വയം ട്രോളുന്ന സീനുകൾ ഉൾപ്പടെ ഇന്റർവെൽ വരെ ജെ ഡി മാത്രമേയുള്ളൂ, വിജയ് എന്ന നടൻ മാത്രം, താരം ഇല്ല. രണ്ടാം പകുതി ആണ് ലോകേഷ് 50% വിജയ് സിനിമ എന്നുദ്ദേശിച്ചത് എങ്കിൽ അവിടെ ഞാൻ ലോകേഷിനോട് വിയോജിക്കുന്നു. ഇത്ര നല്ലൊരു കഥാപാത്രത്തെ വെച്ച് നിങ്ങൾക്ക് എന്തൊക്കെ ചെയ്യാമായിരുന്നു, ഈ കഥാപാത്രത്തെ കൊണ്ടിടാൻ നിങ്ങൾക്ക് ഈ ജുവനൈൽ ഹോം മാത്രമേ കിട്ടിയുള്ളോ, എങ്കിൽ തന്നെ എന്തിന് ആ കഥാപാത്രത്തെ മറ്റൊരു സാധാരണ വിജയ് കഥാപാത്രവും തിരക്കഥയും ആക്കി. ലോകേഷിന്റെ തിരക്കഥ മാത്രമാണ് പൂർണ ഉത്തരവാദി. വിജയ് ചിത്രം എന്ന് ലോകേഷ് ധരിച്ചു വച്ചത് മാറ്റുക. നിങ്ങൾക്ക് ഒരുപാട് ചെയ്യാൻ സാധിക്കുമായിരുന്നു. ഫാൻസിനെ തൃപ്തിപ്പെടുത്തുക എന്നതായിരുന്നു നിങ്ങളുടെ അജണ്ട എങ്കിൽ പോലും അതിന് എന്തിന് തുപ്പാക്കി ഉൾപ്പടെ ഉള്ള ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന സീനുകൾ ഒരുക്കി? ജെ ഡി എന്ന ജോൺ ദുരൈരാജ് എന്ന അസ്സൽ കഥാപാത്രവും വിജയ് എന്ന നടന്റെ വിളയാട്ടം നിറഞ്ഞ ആദ്യ പകുതി. അവസാനമൊക്കെ ഒപ്പിക്കൽ ലൈൻ ആയിപ്പോയി എങ്കിലും ഭവാനി വിജയ് സേതുപതി കോമഡി ചേർത്ത് ഉഷാറാക്കി. മാളവിക ചുമ്മ. ചെന്നൈയിൽ വൈകിട്ട് വണ്ടി ഇടിച്ച് ഭർത്താവ് കൊല്ലപ്പെട്ടു എങ്കിലും അന്ന് രാത്രി തന്നെ അമ്പും വില്ലുമായി ഇറങ്ങിയ ആൻഡ്രിയ ആണ് ചിത്രത്തിൽ വടിവേലു വിവേക് സന്താനം യോഗി ബാബു എന്നിവരുടെ അഭാവം നികത്തിയത്. Watch FIRST HALF, for Vijay as JD, Vijay Sethupathy and Anirudh Second half is tedious on the whole. ജെ ഡി, ഭവാനി എന്നീ കഥാപാത്രങ്ങൾ വെച്ച് 2 സിനിമ എടുക്കാമായിരുന്നു. ജെ ഡിയെ വെച്ച് ഒന്നാന്തരം ഫൺ സിനിമയും ഭവാനിയെ വെച്ച് ഗ്യാങ്സ്റ്റർ ചിത്രവും
ദി പ്രീസ്റ്റ് മമ്മൂട്ടി മഞ്ജു വാര്യർ നിഖില വിമൽ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം. ആദ്യ ദിനം ആദ്യ ഷോ കാണാൻ പ്രേരിപ്പിച്ചത് ഒരുപാട് നാളുകൾക്ക് ശേഷം തിയറ്ററിൽ വരുന്ന ഒരു വലിയ താരചിത്രമെന്ന നിലയിലും ഹൊറർ പശ്ചാത്തലം വെളിവാക്കുന്ന ടീസറുകളും ആയിരുന്നു. ഉള്ളി തൊലിച്ച പോലെ ആയിപ്പോയി പടം കണ്ടു കഴിഞ്ഞപ്പോൾ. ഒന്നേകാൽ മണിക്കൂർ ഉള്ള ആദ്യ പകുതിയുടെ ആദ്യ 49 മിനിറ്റ് ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തെ പ്രധാന കഥയിലേക്കും ആ കഥാപാത്രത്തിലേയ്ക്കും കൊണ്ട് വരാൻ വേണ്ടി ഒരു സസ്പെൻസും മലയാള സിനിമ സ്ഥിരമായി കാണാവുന്ന ആർക്കും പിടികിട്ടുന്ന ലൈനിൽ പോയത് പിന്നോട്ട് വലിച്ചു എങ്കിലും പിന്നെ ഇന്റർവെൽ വരെ ചിത്രം വളരെ നന്നായി പോയി. ഒരുപാട് പ്രതീക്ഷകൾ നൽകി തുടങ്ങിയ രണ്ടാം പകുതി പക്ഷെ വലിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇത്തരം ഒരു പ്രമേയം അവതരിപ്പിച്ചു ഫലിപ്പിക്കുന്നതിൽ സംവിധായകൻ അമ്പേ പരാജയപ്പെടുന്ന കാഴ്ച്ച. സ്‌ക്രിപ്റ്റിൽ ഉണ്ടെന്ന് തോന്നുന്ന നല്ല എലമെന്റുകൾ പോലും അത്രത്തോളം വെടിപ്പായി സ്‌ക്രീനിൽ വരാതിരുന്നതും ഒപ്പം ഒരു ദുരന്തം ക്ലൈമാക്സ് കൂടി ആയപ്പോൾ ചിത്രം നേരത്തെ പറഞ്ഞ പോലെ ഒന്നുമൊന്നും അല്ലാതാകുന്ന കാഴ്ച്ച ആയി മാറി പാട്ടുകൾ ചിത്രത്തിന് അനുയോജ്യമായി നല്ല വിഷ്വൽ ഒക്കെ ആയി ആ ഫ്ലോയിൽ പോയി. നല്ല സൗണ്ട് മിക്സിങ്ങ് ആണ് പലയിടത്തും ചിത്രത്തെ പിടിച്ചിരുത്തുന്നതും ചില സ്ഥലങ്ങളിൽ അരോചകം ആയതും ഫോറൻസിക് എന്ന ചിത്രത്തിലെ ആ ലാ ലാ ബിജിഎം ഇതിൽ വേറൊരു സ്റ്റൈലിൽ ഇട്ടിട്ടുണ്ട്. അഭിനേതാക്കളിൽ കൈതി എന്ന ചിത്രത്തിൽ കാർത്തിയുടെ മകളായി അഭിനയിച്ച കുട്ടി കിടിലം എന്ന് തന്നെ പറയാവുന്ന പെർഫോമൻസ് ആയിരുന്നു. മമ്മൂട്ടി എന്ന നടനിൽ ഇത് പോലൊരു കഥാപാത്രം നൽകുമ്പോൾ ഉണ്ടാകേണ്ട സീരിയസ്നെസ് ഒരു അന്വേഷണ ഉദ്യോഗസ്ഥൻ എന്ന ലെവലിന് മുകളിലേക്ക് ഉയരുന്നില്ല എന്നത് എഴുത്തുകാരുടെയും സംവിധായകന്റെയും പൂർണ പരാജയമാണ്. നിഖില വിമൽ നന്നായിട്ടുണ്ട്, മഞ്ജു ഗസ്റ്റ് റോളും ആമസോൺ പ്രൈമിൽ കഴിഞ്ഞ വർഷം റിലീസ് ആയ കീർത്തി സുരേഷ് അഭിനയിച്ച പെൻഗ്വിൻ എന്ന തമിഴ് ചിത്രം കണ്ടതിന് സമാനമായ അവസ്ഥയാണ് ഈ ചിത്രം കണ്ടപ്പോഴും. ഒരുപാട് പ്രതീക്ഷ നൽകി അവസാനം ഒന്നുമല്ലാതാകുന്ന പടം
മോഹൻകുമാർ ഫാൻസ് കുഞ്ചാക്കോ ബോബൻ ജിസ് ജോയ് ബോബി സഞ്ജയ് എന്നീ പേരുകൾ, ഒപ്പം നല്ലൊരു താരനിരയും. ചിത്രത്തിന് പക്ഷെ അനുയോജ്യമായ ടൈറ്റിൽ അലുവയും മത്തിക്കറിയും എന്നായിരുന്നു. ബോബി സഞ്ജയ് ടീമിന്റെ കഥ ഒരു കഥ എന്ന നിലയ്ക്ക് ഓക്കേ ആണ്, അതിൽ പക്ഷെ ഒരു ഷോർട്ട് ഫിലിം സാധ്യത എന്നതിനപ്പുറം ഒന്നും തോന്നിയില്ല. ജിസ് ജോയ് ആ കഥ പറയാൻ ഫീൽ ഗുഡ് എന്ന തന്റെ കളിതട്ടിൽ പറിച്ചു നട്ടപ്പോൾ ഇല്ലാതെ പോയത് ഈ കഥയ്ക്ക് വേണ്ട സീരിയസ്നെസ്, താരബാഹുല്യത്തിനപ്പുറം വ്യക്തിത്വമില്ലാത്ത താരനിരയും ഒരു സിനിമക്കാരൻ അല്ലാത്ത 150 രൂപ മുടക്കി സിനിമയ്ക്ക് കേറുന്ന പ്രേക്ഷകന് ഒരു ഫിലും തോന്നിക്കാത്ത മോഹൻകുമാറിന്റെ ലോകത്തിലേക്ക് ചുരുങ്ങിയ ഇടത്താണ്. പ്രേക്ഷകനെ ചിരിപ്പിക്കാൻ എന്നോണം കുത്തിതിരുകിയ വിനയ് ഫോർട്ടിന്റെ കാരിക്കേച്ചർ ചിലയിടത്ത് ചിരിപ്പിച്ചു എങ്കിലും തന്റെ ആദ്യ മൂന്ന് ചിത്രങ്ങളിലെ നായകനെ ബൂസ്റ്റ് ചെയ്യാൻ എന്നോണം തട്ടിക്കൂട്ടിയ സീനുകൾ വലിയ ഏച്ചുകെട്ടൽ ആയി. മൊത്തത്തിൽ ബോബി സഞ്ജയ് ഒരു സീരിയസ് ഷോർട്ട് ഫിലിം സ്ക്രിപ്റ്റ് ആക്കേണ്ട സാധനത്തിൽ പാതി ആക്കി വെച്ച ഒരു സ്‌ക്രിപ്റ്റിലെ ചാക്കോച്ചൻ & ഫാമിലി കുത്തിതിരുകി ആരുടേയും എവിടെയും ഒന്നും എത്താതെ പോയ മോഹൻകുമാർ ഫാൻസ്. സിദ്ധിഖ് എന്ന നടനെ വ്യക്തമായി ഉപയോഗിച്ചത് ഹോസ്പിറ്റലിൽ ഉള്ള ഒരു രംഗത്തിൽ മാത്രം, അത് വരെ സിദ്ധിഖ് പോലും ഗംഭീരമായി തോന്നിയില്ല. ചാക്കോച്ചനിൽ ആദ്യ പള്ളിപ്പാട്ടിലും ആദ്യമായി സിദ്ധിഖിന്റെ വീട്ടിൽ വരുമ്പോൾ ഉള്ള സീനിലും മുകേഷ് പറഞ്ഞു വിടുന്ന സീനുകൾ ഒക്കെയായി ആദ്യ പകുതിയിൽ നന്നായപ്പോൾ രണ്ടാം പകുതിയിൽ എനിക്ക് ഇഷ്ടമല്ലാത്ത ആ പഴയ ചില ചാക്കോച്ചൻ ഭാവങ്ങൾ + കൂറ സ്ക്രിപ്റ്റ് കൈകോർക്കുന്ന കാഴ്ച്ച. മുകേഷ് ആണ് ഈ ചിത്രത്തിൽ ഏറ്റവും നന്നായത്. കൃഷ്ണ ശങ്കർ, രമേഷ് പിഷാരടി, കെ പി എ സി ലളിത, സൈജു കുറുപ്പ്, അലൻസിയർ, സുധീർ കരമന എന്നിവർ കോളം തികയ്ക്കാൻ എന്നോണം. ശ്രീനിവാസന്റെ പോൾ കുട്ടി ബ്രദർ ഒരു അസാധ്യ കഥാപാത്രമാണ്, കിടു ഡയലോഗുകളും, പക്ഷെ പറഞ്ഞിട്ട് കാര്യമില്ല, ഈ പടത്തിൽ ആയിപ്പോയി. അനാർക്കലി പുതുമുഖ പതർച്ചകൾ ഇല്ലാതെ നന്നായിട്ടുണ്ട്. പാട്ടുകൾ ഒക്കെ കേട്ട് വിടുന്നു. തിരക്കഥ എന്ന വില്ലന്റെ ഉത്തരവാദിത്വം ജിസ് ജോയ് സ്വയം ഏറ്റെടുക്കട്ടെ. Wait for Online Release
നായാട്ട് കണ്ടു ചിത്രം ബോക്‌സ് ഓഫീസ് ദുരന്തം ആകും കൊറോണ കാലത്ത് 150 രൂപ മുടക്കി പ്രേക്ഷകൻ തിയറ്ററിൽ വരുന്നത് റിലാക്സ് ചെയ്യാനാണ്. അവന്റെ മുന്നിൽ റിയലിസം റിയലിസ്റ്റിക് underlying politics എന്നൊക്കെ ഓൺലൈനിൽ റിവ്യൂ ഇടുന്ന ബുദ്ധിജീവികൾ എത്രയൊക്കെ അക്കമിട്ട് നിരത്തിയാലും സാധാരണ പ്രേക്ഷകന്റെ പൾസ് ചിത്രം അവരെ ആസ്വദിപ്പിച്ചില്ല എങ്കിൽ സിനിമ എല്ലാ അർത്ഥത്തിലും പരാജയം തന്നെയാണ് നായാട്ട് സമ്പൂർണ പരാജയം നേരിടുന്നത് രണ്ടാം പകുതിയിൽ ആണ്. ഒട്ടും ത്രിൽ അടിപ്പിക്കാത്ത ഇപ്പോഴത്തെ രഞ്ജിത് ചിത്രങ്ങൾ പോലുള്ള തിരക്കഥ മാർട്ടിൻ പ്രകാട്ടിന്റെ തട്ടകം entertainers ആണ് ഈ ചിത്രം OTT stuff മാത്രം
ചതുർമുഖം ഒരല്പം നീണ്ട ഒരു കുറിപ്പ് ആണ്, ക്ഷമയോടെ വായിക്കുക, അഭിപ്രായം പറയാം. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമാകുന്ന ഈ ചിത്രം കാണാൻ പ്രേരിപ്പിച്ചത് techno horror എന്ന ലേബലിൽ വന്ന നല്ല ഒരു ട്രെയ്‌ലർ ആണ്. ചിത്രത്തിന്റെ കഥയിലേക്ക് കടക്കുന്നില്ല. നിങ്ങൾ തിയറ്ററിൽ തന്നെ കണ്ട്, ക്ഷമിക്കണം അനുഭവിച്ചറിയുക കാരണം വളരെ നല്ല ടെക്നിക്കൽ വർക്ക് ആണ് ചിത്രം, ക്യാമറ വർക്ക് ആയാലും എഡിറ്റിംഗ് ആയാലും ശബ്ദലേഖനം ആയാലും. ചിത്രത്തിന്റെ ആദ്യ പകുതി ഒന്നും പറയാനില്ല. സൈഡ് ട്രാക്കുകളോ കോമെഡിക്ക് വേണ്ടി കഷ്ടപ്പെട്ട് ഉണ്ടാക്കിയ സീനുകളോ അനാവശ്യ ഗാനങ്ങളോ ഓവർ സെന്റിമെന്റ്‌സോ ഒന്നും ഇല്ല, എല്ലാം പാകത്തിന് ചേർത്ത ഉഗ്രൻ സദ്യയിൽ ഇന്റർവെൽ എന്ന സദ്യയുടെ ഭാഗം അതി ഗംഭീരം എന്ന് തന്നെ പറയാം. പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്നതിൽ അഭയകുമാർ കെ-അനിൽകുര്യൻ എന്നിവർ ഒരുക്കിവെച്ച തിരക്കഥ രഞ്ജിത് കമല ശങ്കർ-സലിൽ വി കൂട്ടുകെട്ട് സ്‌ക്രീനിൽ അത്ര മനോഹരമായി, ത്രിൽ എന്ന വാക്കിന്റെ അർത്ഥം ഉൾക്കൊണ്ട് സ്‌ക്രീനിൽ കൊണ്ട് വന്നിട്ടുണ്ട്. ഇനിയെന്താകും എന്ന ചോദ്യത്തിനുത്തരം തേടുന്ന ഇന്റർവെൽ വേണ്ടായിരുന്നു, പെട്ടെന്ന് തുടങ്ങൂ എന്ന ആകാംക്ഷ ജനിപ്പിക്കുന്നതിൽ 100% വിജയിച്ചിട്ടുണ്ട്. രണ്ടാം പകുതിയിലേക്ക് വരുമ്പോൾ മേല്പറഞ്ഞ സദ്യ ഇന്റർവെൽ ബ്രേക്ക് സമയത്ത് ചെറുതായി പുളിച്ചു തുടങ്ങിയ 1~2 കൂട്ടാനുകൾ വിളമ്പിയോ എന്ന് പ്രേക്ഷകന് തോന്നുന്നത് രണ്ടാം പകുതിയിലെ _ആ_ പ്രധാന കഥാപാത്രം ഒരല്പം കൂടി അറിയുന്ന മുഖം ആയിരുന്നുവെങ്കിൽ നന്നാകുമായിരുന്നു എന്ന ചിന്തയിൽ നിന്ന് മാത്രമാണ്. ഏറ്റവും സന്തോഷം തോന്നിയത് മലയാള സിനിമയുടെ സ്‌ക്രിപ്റ്റിങ്ങിൽ അല്പം റിസർച്ച് നടന്നിരിക്കുന്നു എന്ന കാര്യത്തിൽ ആണ്. ചുമ്മ കുറെ കംപ്യുട്ടറുകളും സി സി ടി വി ദൃശ്യങ്ങളും ഒരിക്കലും നടക്കാത്ത കുറെ സോഫ്റ്റ്‌വെയറും വെച്ച് പ്രേക്ഷകന്റെ കണ്ണിൽ പൊടിയിടുന്ന വിഡ്ഢിത്തരം അല്ല, മറിച്ച് ഒരു സാധാരണ പ്രേക്ഷകന് മനസ്സിലാക്കാൻ പാകത്തിൽ, ഇങ്ങനെ നടന്നാൽ ഇങ്ങനെ എന്ന ശാസ്ത്രത്തിന്റെ അങ്ങേയറ്റം സാധാരണ അവതരണത്തിൽ 100 അല്ല 200% ആണ് എഴുത്തുകാരുടെയും, ഒപ്പം അത് ലളിതമായി ശക്തമായി സ്‌ക്രീനിൽ എത്തിച്ച സംവിധായകരുടെയും വിജയം ആണ് മഞ്ജു വാര്യർ തകർത്തിട്ടുണ്ട്. ഷാജുവിനോട് നാളെ കാണാം sure എന്ന സൂപ്പർസ്റ്റാർ മാസ്സ് മൊമെന്റ് ഒക്കെ മലയാളത്തിൽ മറ്റൊരു നടിക്കും ചെയ്തു ഫലിപ്പിച്ചു കയ്യടി വാങ്ങിക്കാൻ പറ്റുന്നതല്ല. സണ്ണി വെയ്ൻ പതിവ് പോലെ. ഇത്തരം സബ്ജെക്റ്റുകളിൽ സിദ്ധിഖ് ഒക്കെ ചെയ്യുന്ന റോൾ അലൻസിയർ അതിമനോഹരമാക്കി. കുറച്ചേ ഉള്ളൂ എങ്കിലും ശ്യാമപ്രസാദും കൊള്ളാം. ഇനി പ്രേക്ഷകരോട് - തമിഴ് തെലുങ്ക് സിനിമകൾ കണ്ടു അത് പോലെ വെറൈറ്റി ഇവിടില്ലല്ലോ എന്ന് അലമുറയിടുന്നവർക്ക്, ദാ ഒന്നാന്തരം വെറൈറ്റി സാധനം. ഇത് തിയറ്ററിൽ തന്നെ പോയിക്കണ്ട് വിജയിപ്പിച്ചാൽ അതൊരുപാട് പേർക്ക് ഒരുപാട് നല്ല പരീക്ഷണങ്ങൾ മലയാളത്തിൽ ചെയ്യാനും നിർമ്മിക്കാനും ധൈര്യം നൽകും. ഇല്ലെങ്കിൽ ഇനിയും തമിഴ് തെലുങ്ക് ചിത്രങ്ങൾക്ക് മുന്നിൽ പഴമയുടെ പെരുമ പറഞ്ഞ് നടക്കാം. പിസ്സ, മായ, ഗെയിം ഓവർ ഒക്കെ കണ്ട നിങ്ങൾ മനസ്സിലാക്കേണ്ട കാര്യം. നിങ്ങൾ വിജയ ചിത്രങ്ങൾ മാത്രമേ കാണുന്നുള്ളൂ. പരാജയപ്പെട്ട ഒത്തിരി നല്ല ചിത്രങ്ങൾ അവിടെയുണ്ട്. അതിലെ തെറ്റുകൾ തിരുത്തി തിരുത്തി തന്നെയാണ് അവർ മുന്നോട്ട് വരുന്നത്. മുളയിലേ നുള്ളാതെ ആ വിത്ത് അതൊരു ഇലയായി ചെടിയായി കായായി പൂവായ് പഴമായ് ഒക്കെ മാറുന്ന വരെ കാത്തിരിക്കാൻ നമ്മൾ പ്രേക്ഷകർ ഇന്ന് ഇവിടെ ചതുർമുഖം എന്ന വിത്ത് വിജയിപ്പിക്കുക തന്നെ ചെയ്യണം. ഒരു പക്ഷെ ഇതിന്റെ ചുവട് പിടിച്ചു ഇനിയും വന്നേക്കാം അനുകരണങ്ങൾ. ഇലയായി ചെടിയായി പൂവായ് കായായ് പഴമായ് ഒക്കെ, എല്ലാം അതിമനോഹരമാകണം പെർഫെക്റ്റ് ആകണം എന്ന് നമുക്ക് വാശി പിടിക്കാൻ പറ്റില്ല പ്രകൃതിയോട്. നല്ലത് സ്വീകരിക്കാം, മറ്റുള്ളവയെ തെറ്റ് ചൂണ്ടിക്കാണിച്ചു കൊണ്ട് പ്രോൽസാഹിപ്പിക്കാം, ഭാവിയിൽ തെറ്റ് തിരുത്തട്ടെ. ഇനി നിർമ്മാതാവിന് ഒരു സല്യൂട്ട്. നിങ്ങൾ ഇവിടത്തെ സി വി കുമാർ ആകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഇനി മഞ്ജു വാര്യരോട് - ഈ ചിത്രത്തിൽ അഭിനയിച്ചതിനേക്കാൾ ഇതിന്റെ തുടക്കത്തിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസ് എന്ന് കണ്ടപ്പോൾ ആണ് കൂടുതൽ സന്തോഷമായത്. ഇത് പോലൊരു സബ്ജെക്റ്റിൽ നിർമ്മാണ പങ്കാളി ആയതിൽ എക്കാലവും അഭിമാനിക്കാം. ഇവിടത്തെ പല നടന്മാരും പതിവ് സംഭവങ്ങൾ, ഫീൽ ഗുഡ്, പരീക്ഷണം എന്ന പേരിൽ വികലമായ അനുകരണങ്ങൾ എന്ന ബിസിനസ് സേഫ്റ്റി ലൈനിൽ പോകുമ്പോൾ മഞ്ജുവിന്റെ ആ ധൈര്യത്തിന് എന്റെ അഭിവാദ്യങ്ങൾ ലോക്ക്ഡൌൺ കാലത്ത് ഒരുമാതിരി എല്ലാ ഭാഷാ ത്രില്ലറുകളും കണ്ടു കഴിഞ്ഞ മലയാളിയെ തൃപ്തിപ്പെടുത്തുക എന്ന ശ്രമകരമായ ജോലിയാണ് കഠിനാധ്വാനത്തിലൂടെ പൂ പറിക്കുന്ന പോലെ സിംപിൾ ആയി തോന്നിച്ച ടീമിന് അഭിനന്ദനം എത്ര കൊടുത്താലും മതിയാവില്ല ഇത്രയേയുള്ളൂ വായ്നോക്കി നിൽക്കാതെ പോയി ടിക്കറ്റ് എടുക്കടെ, പിന്നെ കിട്ടീല, ഫുൾ ആയിപ്പോയി എന്ന് പരാതി പറയരുത്
നിഴൽ അപ്പു എൻ ഭട്ടതിരി എന്ന എഡിറ്റർ സംവിധായകനാകുന്ന സഞ്ജീവ് സ്ക്രിപ്റ്റ് ഒരുക്കി കുഞ്ചാക്കോ ബോബൻ നയൻതാര എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന ചിത്രം ഒരു മിസ്റ്ററി മൂഡ് നിലനിർത്തിയ ട്രെയ്‌ലർ തന്നെയാണ് ഇതിന്റെം calling card. അത് 100% നിലനിർത്തിയ ആദ്യ പകുതി. ആദ്യ 10 മിനിറ്റിൽ തന്നെ ഒരു ഗംഭീര ട്വിസ്റ്റ് ഉണ്ട്. പടം ഇനി എന്താണോ എന്ന് പ്രേക്ഷകനെ പിടിച്ചിരുത്താൻ പാകത്തിൽ ഉള്ളത്. പോകെ പോകെ ആ ട്വിസ്റ്റിന് വലിയ പ്രാധാന്യം വരുന്നില്ല എങ്കിലും ആദ്യ പകുതി വളരെ നന്നായി ഇന്റർവെൽ പഞ്ചിൽ നിർത്തി. പക്ഷെ രണ്ടാം പകുതി പോകെ പോകെ ഒരു വട്ടത്തിൽ കിടന്ന് കറങ്ങുന്ന പോലെ തോന്നി എങ്കിലും വീണ്ടും വന്ന ട്വിസ്റ്റ് ചെറിയ ആശ്വാസമായപ്പോൾ അവസാന 15 മിനിറ്റ്, ഒരു ത്രില്ലർ ചിത്രത്തിന് കിടുക്കേണ്ട അവസാന 15 മിനിറ്റ് വളരെ ലളിതവും ഒട്ടും effect ഇല്ലാതെ, കഥയിൽ ലിങ്ക് ഉണ്ടായേക്കും എന്ന് നമ്മളെ തെറ്റിദ്ധരിപ്പിച്ച അല്ലെങ്കിൽ അങ്ങനെ ആഗ്രഹിച്ച ഒന്നും ഇല്ലാതെ കോവിഡ് കാലത്ത് മിനിമം ആളുകൾ മിനിമം ബഡ്ജറ്റിൽ തീർത്ത ഒന്നായി ചിത്രത്തെ പരാജയപ്പെടുത്തുന്ന കാഴ്ച്ച ആയിപ്പോയി. കുഞ്ചാക്കോ ബോബൻ എന്ന നടൻ ശരിക്കും ഞെട്ടിച്ചത് എന്റെ അഭിപ്രായത്തിൽ ഈ അടുത്ത കാലത്ത് ഈ ചിത്രത്തിൽ ആണ്. Elegant, Smart, Stylish, Fit, excellent costumes & overall superb performance. ഒരു നോട്ടം, ഒരു ചിരി പോലും ഇത്ര നന്നായി ജോൺ ബേബി എന്ന കഥാപാത്രമായി ചാക്കോച്ചൻ കസറി. നയൻതാരയെ ഈ ചിത്രം ആവശ്യപ്പെടുന്നില്ല, അവരുടെ സ്റ്റാർഡവും. ദിവ്യപ്രഭ, റോണി എന്നിവർ നന്നായിരുന്നു. ചെറിയ റോളിൽ വന്നവരും വളരെ നന്നായിട്ടുണ്ട്. Technical സൈഡ് പടം മികച്ച ക്യാമറ വർക്ക്, നല്ല സൗണ്ട് വർക്ക് ഒപ്പം സംവിധായകൻ എഡിറ്റർ കൂടി ആയിരുന്നത് കൊണ്ടുള്ള ഗുണമാകാം, നല്ല cuts. മൊത്തത്തിൽ ഉഗ്രൻ ആദ്യ പകുതി, ഇടയ്ക്ക് വലിഞ്ഞു തുടങ്ങിയ രണ്ടാം പകുതിയേ തിരിച്ചു പിടിച്ചോ എന്ന് തോന്നിപ്പിച്ച് ഒന്നുമല്ലാണ്ടാക്കിയ മോശം ക്ലൈമാക്സ് നിഴൽ - ഒരു മോശം സിനിമ അല്ല, ഒന്ന് കാണാം, പക്ഷെ ത്രില്ലർ പടത്തിൽ ക്ലൈമാക്സ് മോശം എന്ന് പറയുമ്പോൾ... നിഴൽ, നായാട്ട് രണ്ട് ചിത്രങ്ങളുടെയും സംവിധായകരോടും എഴുത്തുകാരോടും ഒരു ചോദ്യം ചോദിച്ചോട്ടെ, ആദ്യ കാലങ്ങളിൽ കുഞ്ചാക്കോ ബോബൻ എന്ന നടന് ഒരു ബൈക്ക് നായിക പാട്ട് ലൈൻ ആയിരുന്നെങ്കിൽ ഇപ്പോൾ പ്രേമം പൊട്ടി അവിവാഹിതനായി കഴിയുന്ന, വീട്ടുകാർ കല്യാണം ആലോചിച്ച് നടക്കുന്ന ആളായി അവതരിപ്പിക്കാം എന്ന് വല്ല നേർച്ചയുമുണ്ടോ? രണ്ട് ചിത്രങ്ങളും കണ്ടവർക്ക് കത്തും ഇനി പറയുന്നത്, രണ്ടും പറഞ്ഞത് ഒരേ രാഷ്ട്രീയത്തിന്റെ രണ്ട് കാഴ്ചകൾ തന്നെയാണ്
Beast (ബീസ്റ്റ്) കോലമാവ് കോകില, ഡോക്ടർ എന്നീ ചിത്രങ്ങൾക്ക് ശേഷം നെൽസൺ ഒരുക്കുന്ന വിജയ് ചിത്രം, അനിരുദ്ധ് സംഗീതവും പ്രതീക്ഷകളോടെ ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകൻ ആദ്യ ഗാനം മുതൽ വഞ്ചിക്കപ്പെടുന്ന കാഴ്ച്ച ആണ് യാതൊരു താരബഹളങ്ങളും ഇല്ലാത്ത ഒരു സാധാരണ ഇൻട്രോ സീൻ കണ്ടപ്പോൾ മുതൽ ആദ്യ ഫൈറ്റ് പകുതി വരെ നൽകിയ പ്രതീക്ഷ പിന്നെയും ഒരു 10 മിനിറ്റ് അറബിക് കുത്ത് ഗാനം വരെ പിടിച്ചു നിർത്തി പിന്നെയങ്ങോട്ട് ലോകത്തുള്ള സകല തീവ്രവാദ സംഘടനകളെയും വിനയൻ ചിത്രത്തിലെ തീവ്രവാദികളെയും നാണിപ്പിക്കുന്ന രീതിയിൽ ആയിരുന്നു ട്രെയിലറിൽ കാണിച്ച മാൾ ഹൈജാക്ക് ചെയ്യുന്ന _തീവ്രവാദി_ ഗ്രൂപ്പിന്റെ ഓരോ നീക്കങ്ങളും. ഇത്രയും ദാരിദ്ര്യം പിടിച്ച പ്ലാനിങ് ഹൈജാക്ക് & തീവ്രവാദി ഗ്രൂപ്പ് ലോക സിനിമയിൽ ഇന്ന് വരെ വന്നിട്ടില്ല, ഇനി വരികയുമില്ല വിജയ് എന്ന സൂപ്പർതാരത്തിന്റെ ആരാധകരെ രസിപ്പിക്കാൻ എന്ന വണ്ണം ചെയ്തത് എല്ലാം ഏച്ചുകെട്ടൽ ആവുകയും അനിരുദ്ധ് മിക്ക സമയവും സൈലന്റ് ആയതും അപ്പപ്പോൾ എൽക്കാത്ത കോമഡി ഒക്കെയായി ചളകൊളം. നല്ല ആരംഭം, നല്ല കഥാപാത്ര സൃഷ്ടി, നായിക കഥാപാത്രവും നല്ല എഴുത്ത്, പൂജ ഹെഗ്‌ഡെ കിട്ടിയ റോൾ നന്നായി ചെയ്തിട്ടുമുണ്ട്. നല്ലൊരു വില്ലൻ ഇല്ലാത്തതും, മിക്ക സമയവും ഒരേ തെങ്ങിൽ കെട്ടിയ പശുവിനെ പോലെ 2 ഇടത്തായി ഇഴയുന്ന ഭാവന തീരെ ഇല്ലാത്ത, എന്നാൽ ഉള്ളത് എന്നു നമുക്ക് തോന്നുന്നത് വൃത്തിക്ക് അവതരിപ്പിക്കാത്ത സംവിധാനവും. ഡോക്ടർ എന്ന ചിത്രത്തിൽ പയറ്റിയ പോലെ അവസാനം ഗാനം വെച്ചപ്പോ ചെല്ലമ്മ സോങിന് മുൻപ് അത് വരെ പ്രേക്ഷകനെ പിടിച്ചിരുത്താൻ പറ്റിയ തിരക്കഥ ഇല്ല എന്നത് നെൽസൺ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു. കുറഞ്ഞ പക്ഷം ആ വിനയ് എങ്കിലും വില്ലൻ ആയിരുന്നു എങ്കിൽ ഒരു നല്ല ഫൈറ്റ് എങ്കിലും കാണാമായിരുന്നു. അവസാന 15 മിനിറ്റ് സമ്പൂർണ തട്ടിക്കൂട്ട് ലെവലിൽ പോയത് സംവിധായകന്റെ മേൽപറഞ്ഞ ഭവനയില്ലായ്‌മ കൊണ്ടാണ്. കുറഞ്ഞ പക്ഷം ആ ഡൈ ഹാർഡ് കോപ്പി എങ്കിലും അടിച്ചിരുന്നു എങ്കിൽ നല്ല ചിത്രം ആയേനെ. ശിവകാർത്തികേയൻ പോലും തിരിഞ്ഞ് നോക്കാത്ത, വല്ല സിബിരാജ് ചെയ്യേണ്ട സ്ക്രിപ്റ്റ് വിജയ്നെ വച്ച് ചെയ്ത നെൽസൺ & കാശിറക്കിയ സൺ പിക്ചേഴ്‌സ് ആണ് ബോധരഹിതർ, പക്ഷെ ബോധം പോയത് പ്രേക്ഷകന്റെ ആണ്, ടിക്കറ്റ് കാശ് ഓർത്ത് സുറ,പുലി കഴിഞ്ഞ് വിജയ്ടെ ഒട്ടും interesting അല്ലാത്ത രണ്ടാമത് ഒന്ന് കാണാൻ പോലും തോന്നാത്ത സിനിമ, എന്നാൽ മേൽപറഞ്ഞ ചിത്രങ്ങളിലെ പോലെ വിജയ് എന്ന നടൻ ഇതിൽ ബോർ അല്ല, മറിച്ച് വളരെ നന്നായിട്ടുമുണ്ട് എന്നതാണ് വിരോധാഭാസം ഇനിഷ്യൽ കഴിഞ്ഞ് മൂക്ക് കുത്തി വീണിരിക്കും ബോക്‌സ് ഓഫീസിൽ